English  |  Font  |  Site Map  |  Search
                 മണിപ്രവാളം
                 സാഹിത്യം / മണിപ്രവാളം

പതിമൂന്നാം നൂറ്റാണ്ടില്‍ പാട്ടിന്‌ സമാന്തരമായിത്തന്നെ ആവിര്‍ഭവിച്ച കാവ്യരീതിയാണ്‌ മണിപ്രവാളം. സംസ്‌കൃതവും മലയാളവും പരസ്‌പരം വേറിട്ടറിയാന്‍ കഴിയാത്ത വിധം കലര്‍ത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ്‌ ഇത്‌. പതിനാലാം നൂറ്റാണ്ടില്‍ സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ്‌ മണിപ്രവാളത്തിന്റെയും പാട്ടിന്റെയും ലക്ഷണങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്‌. കേരളത്തില്‍ കുടിയേറിയ ബ്രാഹ്മണരും അന്നത്തെ കേരളത്തിലെ മേല്‍ക്കോയ്‌മ വിഭാഗങ്ങളും തമ്മിലുള്ള സമ്പര്‍ക്കത്തിന്റെ സാംസ്‌കാരിക ഫലം കൂടിയായിരുന്നു മണിപ്രവാ ളസാഹിത്യം. കൂത്ത്‌, കൂടിയാട്ടം എന്നീ കലാരൂപങ്ങള്‍ മണിപ്രവാളത്തിന്റെ വളര്‍ച്ചയെ സഹായിച്ചു. കൂടിയാട്ടത്തിലെ വിദൂഷകനു വേണ്ടി നിര്‍മ്മിച്ച ശ്ലോകങ്ങള്‍ മണിപ്രവാളത്തിലാണ്‌. ചമ്പു, സന്ദേശകാവ്യം തുടങ്ങിയ ജനുസ്സുകള്‍ മണിപ്രവാള സാഹിത്യത്തില്‍ ഉണ്ടായി. സുന്ദരികളായ ഗണികകളെ വര്‍ണിക്കുന്ന ശൃംഗാര കൃതികളായിരുന്നു മണിപ്രവാളത്തില്‍ ഏറെയും ഉണ്ടായത്‌. ദേവതാസ്‌തുതി, രാജസ്‌തുതി, ദേശവര്‍ണന എന്നിവയ്‌ക്കു വേണ്ടിയുള്ള കൃതികളും രചിക്കപ്പെട്ടു. 'വൈശികതന്ത്രം', 'ഉണ്ണിയച്ചീ ചരിതം', 'ഉണ്ണിച്ചിരുതേവീചരിതം', 'ഉണ്ണിയാടീ ചരിതം', 'ഉണ്ണുനീലി സന്ദേശം', 'കോകസന്ദേശം', അനന്തപുരവര്‍ണ്ണനം', 'ചന്ദ്രോത്സവം', 'രാമായണം ചമ്പു', നൈഷധം ചമ്പു', 'ഭാരതം ചമ്പു' തുടങ്ങിയ ഒട്ടേറെ പ്രശസ്‌ത കൃതികള്‍ മണിപ്രവാളസാഹിത്യത്തിലുണ്ടായി. ചമ്പു കാവ്യങ്ങളുടെ സുവര്‍ണ്ണകാലമായിരുന്നു 15 - 16 നൂറ്റാണ്ടുകള്‍.

                 


വിനോദസഞ്ചാര വകുപ്പ്‌, കേരള സര്‍ക്കാര്‍
പാര്‍ക്ക്‌ വ്യൂ, തിരുവനന്തപുരം, കേരളം, ഇന്ത്യ - 695 033
ഫോണ്‍ - ++ 91 471 2321132 ഫാക്‌സ്‌ - ++ 91 471 2322279
ടോള്‍ ഫ്രീ നമ്പര്‍ - 1-800-425-4747
ഇ-മെയില്‍ - info@keralatourism.org, deptour@keralatourism.org
കേരള ടൂറിസം 2007
ആശയവും ആവിഷ്‌കാരവും : ഇന്‍വിസ്‌ മള്‍ട്ടിമീഡിയ