|
മൂന്നാം ലോകരാജ്യങ്ങളുടെ ഭാവിയെപ്പറ്റി ശുഭപ്രതീക്ഷയുണര്ത്തും വിധം വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്തതയോടെ കേരളം ഉയര്‍ന്നു നില്ക്കുന്നതായി നാഷണല്‍ ജോഗ്രാഫിക് ട്രാവലറിന്റെ ഒക്ടോബര്‍ ലക്കത്തില്‍ ബില്‍ മകിബൈന് എഴുതുന്നു. നെല്‍വയലുകള്‍ നിറഞ്ഞ ഈ പ്രദേശം സ്ഥിതി വിവര കണക്കുകള്‍ പരിശോധിച്ചാല്‍ 'സാമൂഹ്യ വികസനത്തിന്റെ എവറസ്റ്റ് കൊടുമുടിയാണെന്നാണ്' അദ്ദേഹം വ്യക്തമാക്കിയത്.
സാമൂഹ്യക്ഷേമം ജീവിതനിലവാരം എന്നിവ കണക്കിലെടുത്താല്‍ ഇന്ത്യയിലെ ഏറ്റവും പുരോഗതിനേടിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം. സാക്ഷരതാ നിരക്കിലും ആയുര്‍ദൈര്‍ഘ്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ള കേരളം ശിശുമരണനിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനമാണ്.
സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനങ്ങളും അവസരങ്ങളും ലഭ്യമാണ്. ഇവയ്ക്കൊപ്പം ഭരണപങ്കാളിത്തവും സാധ്യമാണെന്നതുമാണ് മറ്റൊരു നേട്ടം. നഗരവല്‍ക്കരണ നിരക്കില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാന നിലയിലുള്ള സംസ്ഥാനം കൂടിയാണ്.
|