അന്താരാഷ്ട്ര ബാലചിത്രരചനാ മത്സരം 2018
ക്ലിന്റിന്റെ സ്മരണയ്ക്ക്‌
Picture of Edmund Thomas Clint

എഡ്‌മണ്ട്‌ തോമസ്‌ ക്ലിന്റ്‌


കേരളത്തിലെ കൊച്ചി നഗരത്തില്‍ ശ്രീമതി. ചിന്നമ്മ ജോസഫിന്റെയും, ശ്രീ.എം.ടി. ജോസഫിന്റെയും മകനായി ക്ലിന്റ്‌ ജനിച്ചു. വൃക്കയെ ബാധിച്ച രോഗം മൂലം 2522 ദിവസം മാത്രമേ ആ കുട്ടി ജീവിച്ചിരുന്നുള്ളൂ. പക്ഷെ ചിത്രരചനയില്‍ വളരെ ചെറുപ്പം മുതല്‍ തന്നെ ആ കുട്ടി അപൂര്‍വ്വമായ കഴിവുകള്‍ കാണിച്ചിരുന്നു.

ക്ലിന്റ്‌ ചിത്രരചനയ്‌ക്ക്‌ എല്ലാ മാധ്യമങ്ങളും ഉപയോഗിച്ചിരുന്നു. ചോക്ക്‌, ക്രയോണ്‍സ്‌, എണ്ണച്ചായം, ജലച്ചായം ഇവയെല്ലാം കൊണ്ട്‌ താന്‍ കണ്ട ലോകം ആ കുട്ടി പുന: സൃഷ്ടിച്ചു. തന്റെ പ്രതിഭ കൊണ്ടും ഉള്‍ക്കാഴ്‌ച കൊണ്ടും ആ കുട്ടി കലാസ്വാദകരെയും, കലാ നിരൂപകരെയും ഒരുപോലെ അമ്പരപ്പിച്ചു.

ഏഴു വയസ്സു തികയുന്നതിന്‌ ഒരു മാസം മുന്‍പ്‌ ഒരു വലിയ ചിത്രകലാശേഖരം ബാക്കിയാക്കി ക്ലിന്റ്‌ നമ്മെ വിട്ടു പോയി. ആളുകളുടെ വികാര വിക്ഷോഭങ്ങള്‍ മനസ്സിലാക്കുവാനും അതുള്‍ക്കൊണ്ടു കൊണ്ട്‌ ചിത്രങ്ങള്‍ വരയ്‌ക്കുവാനും ക്ലിന്റിനു കഴിയുമായിരുന്നു. കുട്ടിയായിരുന്നു എങ്കില്‍ പോലും മരണം, ഏകാന്തത, പ്രേമം ഇവയൊക്കെ ക്ലിന്റ്‌ തന്റെ ചിത്രങ്ങളിലേക്കാവാഹിച്ചു. ചിത്രരചനയ്‌ക്കു പുറമേ, ക്ലിന്റ്‌ ഒരു വലിയ വായനക്കാരനുമായിരുന്നു. മഹാഭാരതവും, രാമായണവും പോലെയുള്ള ഇതിഹാസങ്ങള്‍ക്ക്‌ തൊട്ട്‌ റോബിന്‍സണ്‍ ക്രൂസോ പോലെയുള്ള സാഹസിക കഥകള്‍ വരെ ക്ലിന്റ്‌ ഉള്‍ക്കൊണ്ടു. ഇവയുടെയൊക്കെ സൂക്ഷ്‌മാംശങ്ങള്‍ വരെ സ്വാംശീകരിച്ച ക്ലിന്റ്‌ അവ തന്റെ ചിത്രങ്ങളിലേക്കു പകര്‍ത്തി.

Girls picking flowers
Kathakali
Raavanan
Pooram
Snake Boat
Theyyam
Sunset
Kavadi Festival
Village Temple Festival

ഹോളിവുഡ്‌ നടനായ ക്ലിന്റ്‌ ഈസ്‌റ്റ്‌വുഡിന്റെ ആരാധകനായിരുന്നു ക്ലിന്റിന്റെ അച്ഛന്‍ ജോസഫ്‌. അങ്ങിനെ അദ്ദേഹം മകന്‌ ആ പേരു നല്‍കി. പ്രശസ്‌ത ഡോക്യുമെന്ററി സംവിധായകന്‍ ശിവകുമാര്‍ നിര്‍മ്മിച്ച ക്ലിന്റിനെക്കുറിച്ചുള്ള ഡോക്യുമെന്ററി ഫിലിം പല വിദേശ മേളകളിലും പ്രദര്‍ശിപ്പിച്ചു. ക്ലിന്റ്‌ ഈസ്റ്റ്‌വുഡ്‌ ഈ ചിത്രം ബ്രസീലില്‍ വച്ചു കാണാനിടയായി. ക്ലിന്റിന്റെ കഥ അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ സ്‌പര്‍ശിച്ചു. ക്ലിന്റിന്റെ മാതാപിതാക്കളെ അദ്ദേഹം തന്റെ അനുശോചനമറിയിച്ചു.