Trade Media
     

ആലപ്പുഴയിലെ കനാലിലൂടെ ഹൗസ്‌ബോട്ട് യ


ഒരു ജലാശയത്തിന്റെ ശബ്ദങ്ങളിലും കാഴ്ചകളിലും മുഴുകി അല്‍പം നല്ല നിമിഷങ്ങള്‍ ചെലവഴിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഒരു ചെറു നാടന്‍ വള്ളത്തില്‍ കയറി ആലപ്പുഴയിലെ കെട്ടുപിണഞ്ഞു കിടക്കുന്ന കനാലുകളിലൂടെ സഞ്ചരിക്കാം. ഈ അല്പസമയ ജലസഞ്ചാരത്തിനിടെ കരയിലെയും വെള്ളത്തിലെയും ദൈനംദിന ജീവിതം അടുത്തറിയുകയും ചെയ്യാം.

ചെറിയ നാടന്‍ വഞ്ചികള്‍ മുതല്‍ ആഡംബരസമൃദ്ധമായ ഹൗസ്‌ബോട്ടുകള്‍ വരെ, ചെറിയ സ്പീഡ് ബോട്ടുകള്‍ മുതല്‍ വലിയ യാത്രാ ബോട്ടുകള്‍ വരെ വ്യത്യസ്തമായ ഇനം ബോട്ടുകള്‍ ഇവിടെ ലഭ്യമാണ്. കനാലുകളിലൂടെയുള്ള സഞ്ചാരത്തിന് ചെറിയ നാടന്‍ വള്ളങ്ങളാണ് ഉത്തമം.

വേമ്പനാട്ടു കായലിന്റെ ഏതു ഭാഗവുമായി ബന്ധപ്പെടുന്ന കനാലായാലും പ്രിയങ്കരമായ കാഴ്ചകള്‍ സമ്മാനിക്കുന്നവയാകും. നെല്‍ വയലുകള്‍, തെങ്ങിന്‍ തോപ്പുകള്‍, ജലത്തിനു മീതെ പറന്നു വരുന്ന പൊന്മാനുകള്‍ എന്നിങ്ങനെ പോകും ആ കാഴ്ചകള്‍. ഒറ്റപ്പെട്ട ചെറു ദ്വീപുകളും കാണാം. മീന്‍ പിടുത്തക്കാര്‍, താറാവു കൂട്ടം, വള്ളങ്ങളില്‍ സ്‌കൂളിലേക്കു പോകുന്ന കുട്ടികള്‍, അരിചാക്കുകള്‍ വഹിച്ച കെട്ടുവള്ളങ്ങള്‍ എന്നിവ കനാലുകളിലെയും കായലിലെയും പതിവു ദൃശ്യങ്ങള്‍ മാത്രം.

ഗ്രാമങ്ങളിലെ കയറുല്‍പ്പാദന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. വഴിയോരത്തെ നാടന്‍ ഭക്ഷണ ശാലകളില്‍ നിന്ന് തനി കേരളീയ മത്സ്യ വിഭവങ്ങളും തെങ്ങിന്‍ കള്ളും രുചിക്കുകയുമാവാം.

അങ്ങനെ ആലപ്പുഴയിലെ ജലയാത്രകള്‍ അവിസ്മരണീയമാകും. ആലപ്പുഴ KSRTC ബസ് സ്റ്റേഷനു സമീപമുള്ള ജെട്ടിയില്‍ ബോട്ടുകള്‍ വാടകയ്ക്കു ലഭിക്കും.

യാത്രാസൗകര്യം
  • സമീപ റെയില്‍വേ സ്റ്റേഷന്‍ : ആലപ്പുഴ, ഏതാനും കിലോമീറ്ററുകള്‍ അകലെ
  • സമീപ വിമാനത്താവളം : കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നെടുമ്പാശ്ശേരി, ആലപ്പുഴ നിന്ന് ഏകദേശം 85 കി. മീ.