Trade Media
     

കവായി കായല്‍


കണ്ണൂരിലെ കവായി കായലാകട്ടെ നിങ്ങളുടെ അടുത്ത യാത്രയുടെ ലക്ഷ്യസ്ഥാനം. തെക്കന്‍ കേരളത്തിലെ ആലപ്പുഴ - കൊല്ലം കായലുകളെ പോലെ കവായി കായലിനുമുണ്ട് നിങ്ങളെ ആരാധകരാക്കി മാറ്റുന്ന തനതു പ്രത്യേകതകള്‍.

കായലോരത്തു കൂടി ഇളം കാറ്റേറ്റു നടക്കാം. അല്ലെങ്കില്‍ ഒരു ചെറു നാടന്‍ വള്ളത്തില്‍ കയറി ചുറ്റുമുള്ള പച്ചപ്പു കണ്ട് മനസു കുളിര്‍പ്പിച്ച് യാത്ര ചെയ്യാം. ഒരു നിമിഷം പോലും മടുപ്പിക്കാത്ത കാഴ്ചകളാണിവിടെയുള്ളത്. അഞ്ചു നദികള്‍ ചേര്‍ന്നാണ് ഈ കായല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. കവായി നദിയും അതിന്റെ പോഷകനദികളായ കങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ നദികളാണ് കവായി കായലിലെ ജലസമൃദ്ധിക്ക് നിദാനം.

പാരിസ്ഥിതിക പ്രാധാന്യമുള്ള ജലാശയമാണ് കവായി കായല്‍. കായലും സമീപത്തെ ചതുപ്പു നിലവും വ്യത്യസ്തമായ നിരവധി ജീവിവര്‍ഗങ്ങളുടെ ആവാസകേന്ദ്രമാണ്.

അരഡസനോളം ചെറുതും വലുതുമായ ദ്വീപുകളാണ് കവായി കായലിന്റെ മറ്റൊരു ആകര്‍ഷണം. ഏകദേശം 37 സ്‌ക്വയര്‍ കി.മീ. വിസ്തൃതിയുള്ള കായലിന്റെ പരിസര പ്രദേശമാണ് ഉത്തര കേരളത്തിലെ ഏറ്റവും വലിയ തണ്ണീര്‍തടം.

കൊട്ടി-കോട്ടപ്പുറം ബോട്ട് യാത്രയില്‍ ടൂറിസ്റ്റുകള്‍ക്ക് ഇവിടുത്തെ മനോഹര പ്രകൃതി ആസ്വദിക്കാം.

യാത്രാസൗകര്യം
  • സമീപ റെയില്‍വേ സ്റ്റേഷന്‍ : പയ്യന്നൂര്‍ 4 കി. മീ.
  • സമീപ വിമാനത്താവളം : കരിപ്പൂര്‍, കണ്ണൂരില്‍ നിന്ന് ഏകദേശം 93 കി. മീ.