Trade Media
     

പടന്നക്കായല്‍


കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കായലുകളെല്ലാം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ്. എന്നാല്‍ ഉത്തരകേരളത്തിലെ കായലുകള്‍ക്കും അപൂര്‍വ്വമായ ദൃശ്യഭംഗിയുണ്ടെന്ന് നാമിപ്പോള്‍ തിരിച്ചറിയുന്നു. വലിയപറമ്പ കായലിനോടു ചേര്‍ന്ന് കിടക്കുന്ന തെക്കേക്കാട് എന്ന മനോഹരമായ കായലോര ഗ്രാമം നമുക്ക് സന്ദര്‍ശിക്കാം. താല്‍പര്യമുണര്‍ത്തുന്ന ഒരു കഥ ഈ ചെറു ഗ്രാമത്തിന് പറയാനുണ്ട്. പടന്നയില്‍ ഒയിസ്റ്റര്‍ ഓപ്പറ എന്ന റിസോര്‍ട്ട് നടത്തുന്ന ശ്രീ. ഗുല്‍മുഹമ്മദിന്റെ കഥയാണത്.

കാസര്‍കോഡ് ജില്ലയില്‍ ചെറുവത്തൂരിനടുത്തുള്ള പടന്നയിലാണ് ഓയിസ്റ്റര്‍ ഓപ്പറ. തെങ്ങിന്‍ തോപ്പുകള്‍ക്കും കനാലുകള്‍ക്കും കായലുകള്‍ക്കുമിടയില്‍ സ്ഥാപിച്ചിട്ടുള്ള ഇവിടെ എല്ലാം പ്രകൃതി ദത്തമാണ്.

തന്റെ ഗ്രാമീണ ജനതയുടെ ജീവിത നിലവാരമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഒരു മനുഷ്യന്‍ നടത്തിയ പരിശ്രമങ്ങള്‍ കേരളത്തിന്റെ പ്രഥമ 'തീം വില്ലേജി'ന്റെ രൂപീകരണത്തില്‍ ചെന്നെത്തുകയായിരുന്നു. മുത്തുച്ചിപ്പി കൃഷി എന്ന പ്രവ്യത്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒയിസ്റ്റര്‍ ഓപ്പറയാണത്. നിരവധി പേര്‍ക്ക് ഒരു വരുമാന സ്രോതസ്സായി ഇത് ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു.

തദ്ദേശീയരുടെ സാംസ്‌കാരിക പാരമ്പര്യ സവിശേഷതകളാണ് ഓയിസ്റ്റര്‍ ഓപ്പറയില്‍ പ്രതിഫലിക്കുന്നത്. ഇവിടെ താമസിക്കുമ്പോള്‍ ഗ്രാമീണര്‍ നിങ്ങളുടെ ആതിഥേയരാകുന്നു. സാധാരണ റിസോര്‍ട്ടുകളുടെ ആഡംബരങ്ങളൊന്നും ഇവിടെ പ്രതീക്ഷിക്കേണ്ട. പക്ഷെ ഇവിടെയെത്തുന്നതു മുതല്‍ വിടപറയും വരെ പ്രകൃതി ദത്തവും സ്വാഭാവികവുമായ എല്ലാത്തിനെയും നിങ്ങള്‍ അംഗീകരിക്കേണ്ടതുണ്ട്. പക്ഷെ പടന്നയോട് യാത്ര പറയുക അത്ര എളുപ്പമല്ല. കാരണം ഈ പ്രകൃതിദത്ത സൗന്ദര്യവും അനുഭവവും അത്രമേല്‍ സംതൃപ്തിയും സന്തോഷവും പകരുന്നതാണ്.

നേരത്തെ സൂചിപ്പിച്ചതു പോലെ ഈ റിസോര്‍ട്ടില്‍ അതിഥികള്‍ക്കു നല്‍കുന്ന എല്ലാ സൗകര്യങ്ങളിലും പ്രകൃതിയുടെ സ്പര്‍ശമുണ്ടായിരിക്കും. അത് കല്ലുമ്മേക്കായ അടക്കമുള്ള സ്വദേറും വിഭവങ്ങള്‍ കിട്ടുന്ന ഭക്ഷണ ശാലകളിലും, താമസ സ്ഥലത്തെ ടോയ്‌ലറ്റുകളിലും കിടപ്പുമുറികളിലുമെല്ലാം നിങ്ങള്‍ക്ക് അനുഭവിക്കാനാവും. ഇപ്പോള്‍ ഓയിസ്റ്റര്‍ ഓപ്പറയില്‍ കരയിലെ കോട്ടേജുകളിലും വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഫ്‌ളോട്ടിംഗ് കോട്ടേജിലും താമസിക്കാന്‍ സൗകര്യമുണ്ട്.

പടന്നയിലെത്തിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഈ ഗ്രാമം നിങ്ങളുടേതു കൂടിയായിത്തീരും. പടന്നയിലെ കായലും ചുറ്റുപാടും പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമാണ്. തെങ്ങിന്‍ തോപ്പുകളും മാന്തോപ്പുകളും കൊണ്ട് സമൃദ്ധമാണിവിടം. ഗ്രാമീണര്‍ ആതി രാവിലെ തന്നെ മുത്തുച്ചിപ്പി കല്ലുമ്മേക്കായ കൃഷിയിലും വിളവെടുപ്പില്ല മേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ കാണാം. അറബിക്കടലിലേക്ക് ചെന്നു ചേരുന്ന അഞ്ചു നദികളാണ് പടന്ന കായലിലെ ജലസമൃദ്ധിയുടെ സ്രോതസ്.

പടന്ന ഓയിസ്റ്റര്‍ ഓപ്പറയിലെത്തുന്ന സഞ്ചാരികള്‍ക്ക് ഹൗസ്‌ബോട്ടുകളിലും നാടന്‍ വള്ളങ്ങളിലും ജലയാത്ര നടത്താനുള്ള സൗകര്യവുമുണ്ട്. വലിയ പറമ്പ് ബീച്ചിലെ സൂര്യസ്‌നാനം, തേജസ്വിനി നദിയിലൂടെ ഒരു ബോട്ടു യാത്ര, പരമ്പരാഗത ആയുര്‍വേദ ചികിത്സ, ചൂണ്ടയിടല്‍, വലയിട്ടുള്ള മീന്‍പിടുത്തം തുടങ്ങി എണ്ണമറ്റ ഗ്രാമീണാനുഭവങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ചരിത്ര പ്രസിദ്ധമായ ബേക്കല്‍ കോട്ട, പറശ്ശിനിക്കടവ് ക്ഷേത്രം, ഒരു പ്രകൃതി സ്‌നേഹികൃതൃമമായി ഉണ്ടാക്കിയെടുത്ത്് സംരക്ഷിക്കുന്ന കരിംകാട്, തെയ്യങ്ങള്‍, തുടങ്ങി സഞ്ചാരികള്‍ക്ക് താല്‍പര്യമുള്ള നിരവധി കാര്യങ്ങള്‍ ഇവിടെയും സമീപത്തുമായുണ്ട്. വിശദവിവരങ്ങള്‍ക്ക് www.oysteroperapadanna.com സന്ദര്‍ശിക്കുക. ഇ-മെയില്‍ : oystergul@rediffmail.com, ഫോണ്‍ : + 91 467 2278101

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : ചെറുവത്തൂര്‍ 8 കി. മീ.
  • സമീപ വിമാനത്താവളം : മംഗലാപുരം 120 കി.മീ. , കോഴിക്കോട് കരിപ്പൂര്‍ 180 കി. മീ.
  • സമീപ ബസ് സ്റ്റേഷന്‍ : ചെറുവത്തൂര്‍ 9 കി. മീ.