Trade Media
     

മങ്കയം


തിരുവനന്തപുരത്ത് നെടുമങ്ങാട് താലൂക്കില്‍ പാലോടിനു സമീപമാണ് ഹൃദയഹാരിയായ മങ്കയം വെള്ളച്ചാട്ടം. വര്‍ഷം മുഴുവന്‍ ഇവിടെ സഞ്ചാരികളെത്തുന്നു. സംസ്ഥാന വനം വകുപ്പ് ഇവിടം ഒരു ഇക്കോ ടൂറിസം കേന്ദ്രമായി അടുത്ത കാലത്ത് പ്രഖ്യാപിക്കുകയുണ്ടായി.

മങ്കയം ഇക്കോ ടൂറിസം മേഖലയില്‍ സന്ദര്‍ശകര്‍ക്ക് ഗൈഡുകളുടെ സേവനം ലഭ്യമാണ്. വനം വകുപ്പിന്റെ കീഴിലുള്ള വനസംരക്ഷണ സമിതിയാണ് മങ്കയത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ചേറുഞ്ചിയില്‍ നിന്നുത്ഭവിച്ച് ബ്രൈമൂര്‍ വന മേഖലയിലൂടെ ഒഴുകി വരുന്ന നദിയാണ് ചിറ്റാര്‍. ഈ നദിയുടെ കൈവഴിയാണ് മങ്കയം.മങ്കയം തോട്ടില്‍ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്. - കല്‍ക്കയവും കുരിശ്ശടിയും. ഇവ കാണാന്‍ വ്യൂ പോയിന്റുകള്‍ അധികൃതര്‍ സജ്ജീകരിച്ചിട്ടുണ്ട്.

സമൃദ്ധമായ വനഭൂമിയുടെ ഇടയിലാണ് വെള്ളച്ചാട്ടം. അതിനാല്‍ ഇതിനുചുറ്റും മനോഹരമായ ഹരിതഭംഗിയാണ്. കുറ്റിച്ചെടികള്‍ മുതല്‍ ഭീമാകാരമായ വൃക്ഷങ്ങള്‍ വരെ നിറഞ്ഞ ഈ പ്രദേശത്ത് പുല്‍മേടുകളുണ്ട്

മങ്കയത്തു നിന്ന് സമീപത്തെ കുന്നിന്‍ പ്രദേശത്ത് ട്രക്കിംഗ് നടത്താവുന്നതാണ്. ഇരുതല മൂല - അയ്യമ്പന്‍പാറ ട്രക്കിംഗ് അരദിവസം നീളും. അയ്യമ്പാറയില്‍ മറ്റൊരു വെള്ളച്ചാട്ടവും കാണാം. അല്‍പം സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് അയ്യമ്പന്‍പാറ - വരയാട്ടിന്‍ മൊട്ട ട്രക്കിംഗ് നടത്താം. വംശനാശ ഭീക്ഷണിയുള്ള വരയാടുകളെ ഇവിടെ കാണാനാവും. ട്രക്കിംഗിനും താമസത്തിനും പരിശീലനം സിദ്ധിച്ച ഗൈഡുകളുടെ സേവനം സ്വീകരിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടേണ്ട വിലാസം : ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസ്, തിരുവനന്തപുരം, ഫോണ്‍ - + 91 471 2320637.

ജില്ലാ ടൂറിസം, പ്രമോഷന്‍ കൗണ്‍സില്‍ ഓഫിസ്, തിരുവനന്തപുരം. ഫോണ്‍ + 91 471 2315397.

യാത്രാ സൗകര്യം
  • സമീപത്തെ റെയില്‍വേ സ്റ്റേഷന്‍ : തിരുവനന്തപുരം സെന്‍ട്രല്‍. 45. കിലോമീറ്റര്‍.
  • സമീപ വിമാനത്താവളം : തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 55 കിലോമീറ്റര്‍.