Trade Media
     

പാപനാശം ബീച്ച്

വെള്ളമണല്‍ വിരിച്ച ശാന്തമായ കടലോരമാണ് വര്‍ക്കലയെ ടൂറിസം കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധേയമാക്കുന്നത്. പാപനാശം എന്ന മുഖ്യ ബീച്ച് മതപരമായും പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടുത്തെ കടലില്‍ മുങ്ങിനിവരുമ്പോള്‍ പാപങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. പാപങ്ങളെ നശിപ്പിക്കുന്നതിനാല്‍ ഇവിടം 'പാപനാശം' എന്നറിയപ്പെടുന്നു. ഹിന്ദുമത വിശ്വാസികള്‍ മരിച്ചു പോയ ബന്ധുക്കളുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന സ്ഥലം കൂടിയാണിവിടം. ഇതിലൂടെ മരണമടഞ്ഞവരുടെ ആത്മാവിന് മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ബീച്ചിന്റെ പരിസരം
കടലിനെ സംരക്ഷിക്കാനെന്ന പോലെ വെള്ളമണ്‍ വിരിച്ച തീരത്തിനു സമാന്തരമായ ചെങ്കല്ലിന്റെ നീണ്ട കുന്നു കാണാം. നഗര ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് അല്‍പനേരം രക്ഷപ്പെടാന്‍ കൊതിക്കുന്നവര്‍ക്ക് ഏറ്റവും ഉത്തമമായ ഒരിടമാണിത്. കേരവൃക്ഷങ്ങള്‍ അതിരിടുന്ന പ്രശാന്തമായ ഈ അന്തരീക്ഷം യാത്രക്കാരില്‍ നവോന്‍മേഷം നിറയ്ക്കും. തീരത്തു നിന്ന് കക്കകളും ചിപ്പികളും പെറുക്കിയെടുക്കാം. മണല്‍തിട്ടയില്‍ ഇള വെയില്‍ കൊണ്ട് കിടക്കാം. വൈകുന്നേരം അസ്തമയ സൂര്യനെ പൂര്‍ണമായി കാണാം. അസ്തമയത്തിന് ഇവിടുത്തെ ആകാശത്ത് തെളിയുന്ന തിളങ്ങുന്ന ചുവപ്പു രാശി കണ്ടാല്‍ ആരും പ്രകൃതിയെന്ന മഹാകലാകാരനെ അറിയാതെ നമിച്ചു പോകും. ഈ സമയം ചക്രവാള രേഖയില്‍ ഏതാനും മത്സ്യബന്ധന ബോട്ടുകള്‍ കൂടി തെളിഞ്ഞു വരുമ്പോള്‍ നിങ്ങളിലെ കലാകാരനും ഉണരുമെന്ന് തീര്‍ച്ച.

കുന്നുകള്‍
ദക്ഷിണ കേരളത്തില്‍ വര്‍ക്കലയില്‍ മാത്രമാണ് കടലിന് കാവലായി ഇങ്ങനെ കുന്നുകളുള്ളത്. ഭൗമശാസ്ത്രഞ്ജര്‍ ഇതിന് ഒട്ടേറെ സവിശേഷതകള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കുന്നുകള്‍ 'വര്‍ക്കല ഫോര്‍മേഷന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഭൗമ സ്മാരകങ്ങളാണവര്‍ക്ക്. ഇതില്‍ നിന്നും പുറപ്പെടുന്ന പ്രകൃതിദത്ത നീരുറവകളിലെ ജലത്തില്‍ അനേകം ലവണങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അതിന് ഔഷധ ഗുണമുണ്ടെന്ന് കരുതപ്പെടുന്നു. ഈ ജലത്തില്‍ മുങ്ങി രോഗശാന്തി വരുത്താന്‍ നിരവധി പേര്‍ വര്‍ക്കല സന്ദര്‍ശിക്കുന്നു.

കുന്നിന്റെ മുകള്‍ഭാഗത്ത് സഞ്ചാരികള്‍ക്ക് നടക്കാനുള്ള നടപ്പാതയും അതിനോട് ചേര്‍ന്ന് ഹോട്ടലുകളും കൗതുക വസ്തുക്കള്‍ വില്‍ക്കുന്ന കടകളുമുണ്ട്. ഉയര്‍ന്ന കുന്നില്‍ നിന്ന് നോക്കിയാല്‍ ഈ പ്രദേശത്തിന്റെ പൂര്‍ണദൃശ്യം കാണാവുന്നതാണ്.

കുന്നിന്റെ മുകളില്‍ കയറിയാല്‍ ഒരു ഗ്രാമീണ ഉല്‍സവത്തിനിടയില്‍ പെട്ടതുപോലെയുള്ള പ്രതീതിയാണുണ്ടാവുക. ചിപ്പികളും കക്കയും കൊണ്ടുള്ള കൗതുകവസ്തുക്കള്‍, പുസ്തകങ്ങള്‍, രാജസ്ഥാനി വസ്ത്രങ്ങള്‍ തുടങ്ങിയവ നിരത്തിയ അനേകം വില്‍പന ശാലകള്‍ ഇവിടെ കാണാം. കടലിലേക്ക് നോക്കി യിരുന്ന് റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിക്കാം. വേണമെങ്കില്‍ തൊട്ടടുത്ത് മുളകൊണ്ട് കോട്ടേജുകളും മറ്റും കെട്ടിയ ഗ്രാമത്തിലേക്ക് പോകാം. അതുമല്ലെങ്കില്‍ കുന്നിന്‍ മുകളില്‍ നിന്ന് അലസമായി തീരത്തിന്റെ ഭംഗി ആസ്വദിക്കാം.

സാഹസിക കായിക വിനോദങ്ങളും ഷോപ്പിംഗും
നിങ്ങള്‍ സാഹസികത ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരിയാണെങ്കില്‍ ഇവിടെ അതിനും അവസരമുണ്ട്. പാരാസെയ്‌ലിങ്ങ്, സ്‌കൂബാ ഡൈവിംഗ്, പാരാഗ്ലൈഡിംഗ് തുടങ്ങി നിരവധി സാഹസിക കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിന്റെ അനുഭവം തേടാം. അല്ലെങ്കില്‍ കൗതുകവസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ കയറിയിറങ്ങി സുവനീറുകള്‍ വാങ്ങാം. റസ്റ്ററന്റുകളില്‍ വ്യത്യസ്ത തരത്തിലുള്ള മത്സ്യവിഭവങ്ങള്‍ ലഭ്യമാണ്. അവ തീര്‍ച്ചയായും നിങ്ങളുടെ ഭക്ഷണ അഭിരുചികളെ തൃപ്തിപ്പെടുത്തുക തന്നെ ചെയ്യും.