Trade Media
     

ആലപ്പുഴ - കൊച്ചി ജലയാത്ര


ദൈവത്തിന്റെ സ്വന്തം നാട്ടിലൂടെയുള്ള നടത്തം നിങ്ങളെ ക്ഷീണിപ്പിച്ചുവോ ? എങ്കില്‍ അല്‍പം വ്യത്യസ്തവും ക്ഷീണിപ്പിക്കാത്തതുമായ മറ്റൊരു കാര്യം ചെയ്താലോ. ആഡംബരപൂര്‍ണമായ ഹൗസ്‌ബോട്ടില്‍ ഒരു കായല്‍ യാത്രയെക്കുറിച്ചെന്തു പറയുന്നു ? ആലപ്പുഴയില്‍ നിന്ന് ഹൗസ് ബോട്ട് വാടകയ്‌ക്കെടുക്കാം. പിന്നീട് കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടിന്റെ ദൃശ്യചാരുതയില്‍ മയങ്ങി ആദ്യം അലസമായി, പിന്നെ വികാരവായ്‌പോടെ ഒരു സഞ്ചാരം.

നേരെ കുമരകത്തേക്ക് യാത്രാമധ്യേ കായലോരത്തെ ഗ്രാമജീവിതത്തിന്റെയും കായലില്‍ ഗ്രാമീണര്‍ നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചകള്‍. പച്ചപ്പു നിറഞ്ഞ പരിശുദ്ധമായ കായലോരം നിങ്ങളെ മുഷിപ്പിക്കുകയില്ല. സൂര്യപ്രകാശം കൊച്ചോളങ്ങളില്‍ വന്നു പതിക്കുമ്പോള്‍ ഇരു തീരങ്ങളിലെയും തെങ്ങോലകള്‍ തഴുകി വരുന്ന ഇളം കാറ്റ് നിങ്ങള്‍ക്ക് സ്വാഗതം പറയും. നിങ്ങളുടെ മനസ് നിങ്ങളോടു പറയും, ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ശാന്തത പകരാന്‍ ഈ ദൃശ്യം ഒരിക്കലും മായാതെ തങ്ങി നില്‍ക്കും എന്ന്.

ഹൗസ്‌ബോട്ട് ക്യൂ.എസ്.ടി., ആര്‍. ബ്ലോക്ക് കായലുകളിലേക്ക് പ്രവേശിക്കുമ്പോള്‍ മറ്റൊരു അനുഭവമാണ് ലഭിക്കുക. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലാണിത്. പച്ച വിരിച്ച കണ്ണെത്താത്ത നെല്‍പാടങ്ങളുടെ ഭംഗി ആസ്വദിച്ചാവാം ഇവിടെ യാത്ര.

കുമരകത്ത് നിങ്ങളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ ഒരു ലോകമാണ്. ചെറിയ ചെറിയ ദ്വീപുകളുടെ കൂട്ടമായ ഈ കായല്‍ ഗ്രാമത്തിന് അതിന്റേതായ ഒരു ജീവിത താളമുണ്ട്. ഇവിടുത്തെ കാഴ്ചകള്‍, ശബ്ദങ്ങള്‍, ഗന്ധങ്ങള്‍ എല്ലാം നിങ്ങളുടെ മനസ്സിനെ വല്ലാതെ പിടിച്ചെടുക്കുക തന്നെ ചെയ്യും.

കുമരകത്ത് തെല്ലിട വിശ്രമിച്ച ശേഷം വൈക്കത്തേക്ക് നീങ്ങാം, വീണ്ടും വേമ്പനാട്ടു കായലിന്റെ വിശാല സൗന്ദര്യത്തിലേക്ക്. യാത്രാമധ്യെ നമുക്ക് ഒരു ചെറു ദ്വീപു കാണാം, പാതിരാമണല്‍. ഒരുപാട് കഥകളുള്ള ഈ ദ്വീപ് ഒരു ബയോപാര്‍ക്കാണിപ്പോള്‍.

വൈക്കത്തെത്തുമുമ്പുള്ള അടുത്ത ഇടത്താവളം തണ്ണീര്‍മുക്കമാണ്. ഉപ്പുവെള്ളം തടുത്തു നിര്‍ത്താനായി നിര്‍മ്മിച്ച തണ്ണീര്‍മുക്കം ബണ്ടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഇത്തരത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മിതിയാണ് ഈ ബണ്ട്. രുചികരമായ ചില നാടന്‍ ലഘുഭക്ഷണങ്ങള്‍ ആസ്വദിക്കാം.

ചരിത്രത്തിന്റേയും പാരമ്പര്യത്തിന്റേയും അവശേഷിപ്പുകളുള്ള വൈക്കത്തേക്കുള്ള യാത്ര തുടരാം. ഈ ചെറു പട്ടണത്തിലെ ഏറ്റവും പ്രധാന കാഴ്ച പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ്. കൂടാതെ ഈ നാടിന്റെ ഹരിതഭംഗി കണ്ടാസ്വദിക്കുകയുമാവാം.

വൈക്കത്ത് സമൃദ്ധമായ ഉച്ചഭക്ഷണത്തിനു ശേഷം കുമ്പളങ്ങിക്ക് യാത്രയാകാം, തെങ്ങിന്‍ തോപ്പുകളും പച്ചപ്പട്ടു വിരിച്ച പാടശേഖരങ്ങളും നിറഞ്ഞ തൈക്കാട്ടുശ്ശേരി വഴി. കുമ്പളങ്ങിയില്‍ ആദ്യം ശ്രദ്ധയില്‍ പെടുക, കായലില്‍ നിരന്നു കാണുന്ന വലിയ ചീനവലകളായിരിക്കും. നെല്‍കൃഷി വിളവെടുത്താല്‍ പാടശേഖരങ്ങളില്‍ ചെമ്മീന്‍ വളര്‍ത്തുന്ന പൊക്കാളി കൃഷിയെപ്പറ്റി കുമ്പളങ്ങിയില്‍് മനസ്സിലാക്കാം.

ചരിത്ര സ്മാരകങ്ങളുടെയും ചീനവലകളുടെയും പ്രദേശമായ കുമ്പളങ്ങിയില്‍ നിന്ന് നേരെ ഫോര്‍ട്ട് കൊച്ചിയിലേക്ക്. ഇവിടെ ഒരു ചെറിയ നടത്തമാകാം. അതിന് താല്‍പര്യമില്ലെങ്കില്‍ ബോട്ടിലിരുന്നു തന്നെ പ്രധാന സ്ഥലങ്ങളെല്ലാം കാണാം.

ഫോര്‍ട്ട് കൊച്ചിയോട് വിടപറഞ്ഞ് നാമെത്തുന്നത് നമ്മുടെ അന്തിമലക്ഷ്യസ്ഥാനമായ ബോള്‍ഗാട്ടിയില്‍. എറണാകുളം എന്ന മഹാനഗരവും കപ്പല്‍ ശാലയും ഇവിടെ നിന്ന് കാണാം. ശുദ്ധമായ സൂര്യ പ്രകാശവും സുഖം പകരുന്ന കാറ്റും നിറയുന്ന ഈ അപൂര്‍വ്വ ദ്വീപില്‍ മനസ്സിന്റെ എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതാകുന്നതായി അനുഭവപ്പെടും.

കഴിഞ്ഞ ഏതാനും മണിക്കൂര്‍ നേരത്തെ ഉല്ലാസ യാത്രയുടെ ഓര്‍മ്മകള്‍ സുഖകരമല്ലേ ? എങ്കില്‍ ഈ യാത്രയഥാര്‍ത്ഥത്തില്‍ ആസ്വദിക്കാന്‍ തയ്യാറായിക്കൊള്ളു.

കായലിലൂടെയുള്ള ഹൗസ്‌ബോട്ട് യാത്രയ്ക്കാവശ്യമായ സൗകര്യങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടാവുന്നതാണ്.

ഫോണ്‍ : + 91 477 2253308, 2251796
ഫാക്‌സ് : + 91 477 2251720
ഇമെയ്ല്‍ : - alp_dtpcalpy@sancharnet.in