Trade Media
     

ബേപ്പൂര്‍


ചാലിയാര്‍ പുഴയുടെ അഴിമുഖത്ത് കോഴിക്കോടു നിന്ന് 10 കി. മീ. അകലെയാണ് ബേപ്പൂര്‍. ഏറെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലമാണിത്. അറബി-ചൈനീസ്-യൂറോപ്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഈ കേന്ദ്രം പഴയകാലത്ത് ഒരു പ്രമുഖ തുറമുഖവും മത്സ്യബന്ധന കേന്ദ്രവുമായിരുന്നു. ഈ പ്രശസ്തി ക്രമേണ നൗകാ നിര്‍മ്മാണത്തിലേക്കും വ്യാപിച്ചു. വലിയ വാണിജ്യ നൗകകള്‍ക്ക് അക്കാലത്ത് നിരവധി ആവശ്യക്കാരുണ്ടായിരുന്നു. പരമ്പരാഗത അറബി വാണിജ്യ നൗകയായ ഉരു നിര്‍മ്മാണത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും സമര്‍ത്ഥരായ പണിക്കാര്‍ ബേപ്പൂരാണുണ്ടായിരുന്നത്. ഏകദേശം 1500 വര്‍ഷത്തെ പാരമ്പര്യമാണ് ഇക്കാര്യത്തില്‍ ബേപ്പൂരിന് അവകാശപ്പെടാനുള്ളത്.

അറബികളായിരുന്നു ബേപ്പൂര്‍ ഉരുക്കളുടെ മുഖ്യ ആവശ്യക്കാര്‍. അവര്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉരുക്കളുടെ വലുപ്പവും മറ്റു വിശദാംശങ്ങളും ആദ്യം അറിയിക്കും. ആധുനിക കാലത്തെ പോലെ കപ്പലിന്റെ രൂപരേഖ വരച്ചുണ്ടാക്കുകയോ യന്ത്രോപകരണങ്ങളുടെ സഹായം തേടുകയോ ഒന്നും പണ്ടുണ്ടായിരുന്നില്ല. വിദഗ്ദ്ധരായ പണിക്കാരുടെ മനസ്സിലാണ് ഉരു ആദ്യം രൂപപ്പെടുക. ഒരു കൂട്ടം വിദഗ്ധരായ പണിക്കാര്‍ ചേര്‍ന്നാണ് കണക്കുകള്‍ തെല്ലും പിഴയ്ക്കാതെ തടിപ്പണിയുടെ പൂര്‍ണ്ണതയോടെ യാനം ഒരുക്കുന്നത്. പണിക്കാരുടെ സംഘം ചില നിഷ്ഠകള്‍ തെറ്റാതെ പാലിക്കും. നിര്‍മ്മാണ കാലത്ത് പരിപൂര്‍ണ്ണ അച്ചടക്കം നിര്‍ബന്ധം. പണിത്തെറ്റുവരാത്ത വിരലുകള്‍ മരപ്പലകകള്‍ കൃത്യമായി ചേര്‍ത്തു വച്ച് ഉരു രൂപപ്പെടുത്തുന്ന കാഴ്ച അവിസ്മരണീയം.

ഉരു നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് തൊട്ടടുത്ത മത്സ്യബന്ധന തുറമുഖത്തേക്ക് കേവലം ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. കടലുണ്ടി പക്ഷി സങ്കേതത്തിലാകട്ടെ 7 കിലോമീറ്ററും. തദ്ദേശീയരും ദേശാടകരുമായ പലവിധം കിളികളുടെ താവളമാണ് കടലുണ്ടി. ഫെബ്രുവരി - മാര്‍ച്ച് മാസങ്ങളിലാണ് ദേശാടന പക്ഷികള്‍ കൂട്ടമായി എത്താറുള്ളത്.

ഒരു കൂട്ടം ചെറു ദ്വീപുകളിലായാണ് പക്ഷി സങ്കേതം കിടക്കുന്നത്. കടലുണ്ടി പുഴ അറബിക്കടലില്‍ പതിക്കുന്നതും ഇവിടെ തന്നെ. പ്രാദേശികമായി ഇവിടം കടലുണ്ടി നഗരം എന്നറിയപ്പെടുന്നു.

യാത്രാസൗകര്യം
  • സമീപ റെയില്‍വെ സ്റ്റേഷന്‍ : കോഴിക്കോട് നിന്ന് 10 കി. മീ.
  • സമീപ വിമാനത്താവളം : കരിപ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട,് കോഴിക്കോടു നിന്ന് ഏകദേശം 23 കി. മീ.