Trade Media
     

മലയാള നിരൂപണ സാഹിത്യം

മലയാളത്തിലെ സാഹിത്യനിരൂപണ (വിമര്‍ശനം) ശാഖയുടെ തുടക്കത്തെപ്പറ്റി വ്യത്യസ്തമായ വാദങ്ങളുണ്ട്. 'മലയാള സാഹിത്യ വിമര്‍ശനം' എന്ന സാഹിത്യ ചരിത്ര സ്വഭാവമുള്ള ഗ്രന്ഥമെഴുതിയ സുകുമാര്‍ അഴീക്കോട് മലയാള നിരൂപണത്തിന്റെ പ്രാരംഭകനായി നിര്‍ദ്ദേശിച്ചിട്ടുള്ളത് കേരളവര്‍മ വലിയ കോയിത്തമ്പുരാനെയാണ്. മറ്റുപലരും 'വിദ്യാവിനോദിനി' സാഹിത്യമാസികയുടെ പത്രാധിപരായിരുന്ന സി. പി. അച്യുതമേനോനെ ആ സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കുന്നു. അച്യുതമേനോന്‍ എഴുതിയ പുസ്തക നിരൂപണങ്ങള്‍ സാഹിത്യ വിമര്‍ശനത്തിന്റെ വഴിയിലുള്ളതായിരുന്നു. കേരള വര്‍മയാകട്ടെ നിരൂപണാഭിപ്രായങ്ങള്‍ അദ്ദേഹം പല കൃതികള്‍ക്കും എഴുതിയ ആമുഖങ്ങളിലും അഭിപ്രായങ്ങളിലുമാണ്. മലയാള വിമര്‍ശനത്തിന്റെ പ്രാരംഭഘട്ടമാണിതെന്നും അദ്ദേഹത്തിനു ശേഷം മലയാള വിമര്‍ശനത്തിന്റെ നേതൃത്വം എ. ആര്‍. രാജരാജവര്‍മയുടെ കൈകളീലേക്കു പകര്‍ന്നുവെന്നും സുകുമാര്‍ അഴീക്കോട് പറയുന്നു (മലയാള സാഹിത്യ വിമര്‍ശനം, ഡി. സി. ബുക്‌സ്, 1998 പു. 61). തനിക്കു മുന്നില്‍ വന്ന കേരള വര്‍മയെയും തനിക്കു പിന്നില്‍ വന്ന രാജ രാജവര്‍മയെയും പോലെ മലയാള സാഹിത്യ വിമര്‍ശനത്തിന്റെ പ്രാണദാതാക്കളില്‍ ഒരാളെന്നും കേരളവര്‍മയ്ക്കു ശേഷം വിമര്‍ശന രാജ്യത്തിലെ കിരീടമണിയേണ്ടിയിരുന്ന ശിരസ്സെന്നും സുകുമാര്‍ അഴീക്കോട് സി. പി. അച്യുതമേനോനെ വാഴ്ത്തുന്നു.

പുസ്തകനിരൂപണത്തെ സാഹിത്യനിരൂപണത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തിയ സി. പി. അച്യുതമേനോന്‍ ആമുഖങ്ങളിലും അഭിപ്രായ സര്‍ട്ടിഫിക്കറ്റുകളിലും ഒതുങ്ങി നിന്ന സാഹിത്യവിശകലനത്തെ യഥാര്‍ത്ഥ വിമര്‍ശനകലയിലേക്കു മോചിപ്പിച്ചു. മലയാള നിരൂപണശാഖ വളര്‍ന്നു വികസിച്ചതും അദ്ദേഹം വെട്ടിയ വഴിയിലാണ്. സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍, സി. അന്തപ്പായി, ടി. കെ. കൃഷ്ണമേനോന്‍, എം. കെ. ഗുരുക്കള്‍, പി. ശങ്കരന്‍ നമ്പ്യാര്‍, നെടിയം വീട്ടില്‍ ബാലകൃഷ്ണ മേനോന്‍, കെ. ഇ. ജോബ്, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി, കെ. വാസുദേവന്‍ മൂസത്, പി. എസ്. അനന്തനാരായണ ശാസ്ത്രി, അപ്പന്‍ തമ്പുരാന്‍, മൂര്‍ക്കോത്ത് കുമാരന്‍ തുടങ്ങിയവരായിരുന്നു അച്യുതമേനോനു പിന്നാലേ വന്ന നിരൂപകര്‍. 'വിദ്യാവിനോദിനി', 'രസിക രഞ്ജിനി', 'ഭാഷാപോഷിണി' തുടങ്ങിയ സാഹിത്യമാസികകളിലെ പുസ്തക നിരൂപണങ്ങളും ലേഖനങ്ങളും വഴിയാണ് അവര്‍ സാഹിത്യാപഗ്രഥനം നടത്തിയത്.

ഈ ആദ്യഘട്ടത്തില്‍ തിളങ്ങിനില്‍ക്കുന്ന പേരാണ് എ. ആര്‍. രാജരാജവര്‍മയുടേത്. കവിതയിലെ ദ്വിതീയാക്ഷരപ്രാസം വേണമോ വേണ്ടയോ എന്നതിനെച്ചൊല്ലി 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളിലുമായി ഉണ്ടായ 'പ്രാസവാദം' എന്ന സംവാദത്തില്‍ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജരാജവര്‍മ. തന്റെ ലേഖനങ്ങളും അവതാരികകളും വഴി പുതിയ സാഹിത്യ സങ്കല്പത്തെ അദ്ദേഹം പിന്തുണച്ചു. പാശ്ചാത്യവും പൗരസ്ത്യവുമായ സാഹിത്യ സിദ്ധാന്തങ്ങള്‍ കൂട്ടിയിണക്കാനുള്ള ശ്രമം രാജരാജന്‍ നിര്‍വഹിച്ചു. എന്നാല്‍ സാഹിത്യവിമര്‍ശനമെന്ന നിലയില്‍ വളരെ കുറച്ചു മാത്രമേ അദ്ദേഹം എഴുതിയുള്ളൂ.

രണ്ടാംഘട്ടം
പൂര്‍ണ്ണമായും സാഹിത്യനിരൂപകന്‍ എന്നു വിശേഷിപ്പിക്കാവുന്ന ആദ്യത്തെ എഴുത്തുകാരന്‍ സാഹിത്യ പഞ്ചാനനന്‍ പി. കെ. നാരായണപിള്ളയായിരുന്നു. രാജരാജവര്‍മയുടെ ശിഷ്യ പ്രധാനിയായിരുന്ന പി. കെ. ക്ലാസിക് കൃതികളോടാണു താത്പര്യം കാണിച്ചത്. തുഞ്ചത്തെഴുത്തച്ഛന്‍, കുഞ്ചന്‍ നമ്പ്യാര്‍, ചെറുശ്ശേരി എന്നിവരെപ്പറ്റി അദ്ദേഹം എഴുതിയ മൂന്നു പ്രബന്ധങ്ങള്‍ വിമര്‍ശനത്തിന്റെ പ്രൗഢമാതൃകകളായിരുന്നു. (എന്നാല്‍ കുമാരനാശാന്റെ 'കരുണ'യെ 'കുചേല വൃത്തം വഞ്ചിപ്പാട്ടു'മായി താരതമ്യം ചെയ്ത് മോശപ്പെട്ട നിരൂപണത്തിനും അദ്ദേഹം മാതൃക സൃഷ്ടിച്ചിട്ടുണ്ട്). മലയാളത്തിലെ ഗൗരവപൂര്‍ണ്ണമായ ആദ്യത്തെ സമഗ്രപഠനങ്ങളായിരുന്ന അവയില്‍ 'കുഞ്ചന്‍ നമ്പ്യാര്‍' 1906 ലും 'കൃഷ്ണഗാഥാനിരൂപണം' 1915 ലും 'തുഞ്ചത്തെഴുത്തച്ഛന്‍' 1930ലുമാണ് പുറത്തു വന്നത്.

കെ. ആര്‍. കൃഷ്ണപിള്ള, പി. അനന്തന്‍ പിള്ള ('കേരളപാണിനി', 'വില്യം ഷെയ്ക്‌സ്പിയര്‍', 'മില്‍ട്ടന്‍'), കുമാരനാശാന്‍, വള്ളത്തോള്‍ നാരായണമേനോന്‍, ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍, കെ. എം. പണിക്കര്‍ ('കവിതാ തത്ത്വനിരൂപണം'), ഐ. സി. ചാക്കോ, പി. എം. ശങ്കരന്‍ നമ്പ്യാര്‍ ('സാഹിത്യലോചനം'), കുന്നത്ത് ജനാര്‍ദ്ദനമേനോന്‍, ആറ്റൂര്‍ കൃഷ്ണപ്പിഷാരടി ('മലയാള ഭാഷയും സാഹിത്യവും'), കെ. വാസുദേവന്‍ മൂസത്, വടക്കുംകൂര്‍ രാജരാജവര്‍മ, ശിരോമണി പി., കൃഷ്ണന്‍ നായര്‍ ('കാവ്യജീവിതവൃത്തി') തുടങ്ങിയവരായിരുന്നു ഈ തലമുറയിലെ ശ്രദ്ധേയരായ മറ്റു നിരൂപകര്‍.

മൂന്നാംഘട്ടം : കേസരി, പോള്‍, മുണ്ടശ്ശേരി, മാരാര്‍
സാഹിത്യനിരൂപണത്തെ ശാസ്ത്രീയവും അപഗ്രഥനാത്മകവുമായ വിചാര പദ്ധതിയാക്കി മാറ്റിയ കേസരി എ. ബാലകൃഷ്ണപിള്ള (1889 - 1960), എം. പി. പോള്‍ (1904 - 1952), ജോസഫ് മുണ്ടശ്ശേരി (1903 - 1977) കുട്ടികൃഷ്ണ മാരാര്‍ (1900 - 1973) എന്നിവരാണ് മലയാള നിരൂപണശാഖയ്ക്ക് ബലിഷ്ഠമായ ചുമരുകളും മേല്പുരയും പണിഞ്ഞത്. സാഹിത്യ പഞ്ചാനന്‍ പി. കെ. നാരായണപിള്ള പ്രതിനിധാനം ചെയ്തിരുന്ന പഴയ നിരൂപണ സമ്പ്രദായം കേസരിയുടെ വരവോടെ അവസാനിച്ചു. സാഹിത്യ പഞ്ചാനനന്‍ അന്തരിച്ച 1937-ല്‍ ആണ് കേസരിയുടെ 'രൂപ മഞ്ജരി' എന്ന നിരൂപണ ഗ്രന്ഥം പുറത്തിറങ്ങിയത്. പി. കെ. നാരായണപിള്ള 'സാഹിത്യ പഞ്ചാനനത്വമല്ല സാഹിത്യജംബുകത്വത്തെയാണു കാണിക്കുന്നതെ'ന്ന് 1931-ല്‍ കേസരി പ്രഖ്യാപിച്ചിരുന്നു. വിപ്ലവകരമായിരുന്നു കേസരിയുടെ ചിന്ത. യൂറോപ്യന്‍ സാഹിത്യ പ്രസ്ഥാനങ്ങളെയും ഫ്രോയിഡിയന്‍ മാനസികാപഗ്രഥനം പോലുള്ള വിജ്ഞാനപദ്ധതികളെയും അദ്ദേഹം കേരളത്തിനു പരിചയപ്പെടുത്തി. 'വിഗ്രഹ ഭഞ്ജനവും സ്വതന്ത്രചിന്തയും സാഹിത്യ പോഷണത്തിന് അപരിത്യാജ്യമാണെ'ന്ന് 'രൂപമഞ്ജരി'യില്‍ കേസരി തീര്‍ത്തു പറഞ്ഞു. റിയലിസത്തിനും കാല്പനികതയ്ക്കും പിന്തുണ നല്‍കിയ കേസരി തകഴി ശിവശങ്കരപ്പിള്ള ഉള്‍പ്പെടെ ഒരു പറ്റം എഴുത്തുകാരെ വാര്‍ത്തെടുക്കാനും സഹായിച്ചു. ചങ്ങമ്പുഴയ്ക്കും, ജി. ശങ്കരക്കുറുപ്പിനും ബഷീറിനും അവതാരികയെഴുതിയതും അദ്ദേഹമാണ്. നിര്‍ഭയനും നീതിമാനുമായ പത്രാധിപരുടെയും സാഹിത്യ വിമര്‍ശകന്റെയും വ്യക്തിത്വങ്ങള്‍ കേസരി ഒരേ സമയം കൊണ്ടു നടന്നു. ഇബ്‌സന്റെ നാടകമായ 'പ്രേതങ്ങള്‍' (The Ghosts)സ്റ്റെന്‍താളിന്റെ നോവല്‍ 'ചുവപ്പും കറുപ്പും', മോപ്പസാങ്ങിന്റെ 'ഒരു സ്ത്രീയുടെ ജീവിതം' തുടങ്ങിയ കൃതികള്‍ വിവര്‍ത്തനം ചെയ്തു. 'നവലോകം', 'നോവല്‍ പ്രസ്ഥാനങ്ങള്‍' തുടങ്ങിയവയാണ് കേസരിയുടെ പ്രധാന കൃതികള്‍.

'നോവല്‍ സാഹിത്യം' (1930), 'ചെറുകഥാപ്രസ്ഥാനം' (1932), എന്നീ കൃതികളിലൂടെ മലയാളത്തിലെ കഥാസാഹിത്യ വിമര്‍ശനത്തിന് അടിത്തറയിട്ടവരിലൊരാളായി എം. പി. പോള്‍ മാറി. കര്‍ക്കശമായ മൂല്യ വിചാരവും അയവില്ലാത്ത സൗന്ദര്യപക്ഷപാതവുമായിരുന്നു പോളിന്റെ പ്രത്യേകത. 'സൗന്ദര്യ നിരീക്ഷണം', 'സാഹിത്യ വിചാരം', 'ഗദ്യഗതി' എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍. നോവലും ചെറുകഥയും മലയാളത്തില്‍ അത്രയേറെ വ്യാപകമായിക്കഴിഞ്ഞിട്ടില്ലാത്ത കാലത്താണ് 'നോവല്‍ സാഹിത്യം', 'ചെറുകഥാ പ്രസ്ഥാനം', എന്നീ ലക്ഷണഗ്രന്ഥങ്ങള്‍ പോള്‍ എഴുതിയത്.

കൊടുങ്കാറ്റിന്റെ തീവ്രതയോടെയാണ് ജോസഫ് മുണ്ടശ്ശേരി സാഹിത്യവിമര്‍ശനത്തിലേക്കു കടന്നു വന്നത്. പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയില്‍ സ്വാധീനത ചെലുത്തി. പില്‍ക്കാലത്ത് സാഹിത്യസൃഷ്ടിയില്‍ സാമൂഹിക സ്ഥിതി ചെലുത്തുന്ന സ്വാധീനത സുപ്രധാനമാണെന്ന നിലപാടില്‍ മുണ്ടശ്ശേരി എത്തിച്ചേര്‍ന്നു. 'നിരാര്‍ദ്രവും ശുഷ്കവും വസ്തുസ്ഥിതി വിവരണവുമായ ഗ്രന്ഥാലോകനത്തില്‍ നിന്ന്, നിരൂപകന്റെ ആത്മവത്ത അനുപദം പ്രസ്ഫുരിക്കുന്ന, ജീവന്മയമായ ഒരന്തരീക്ഷത്തിലേക്ക് മലയാള സാഹിത്യവിമര്‍ശനത്തെ നയിച്ചതു മുണ്ടശ്ശേരിയാണെന്ന് എന്‍. കൃഷ്ണപിള്ള (കൈരളിയുടെ കഥ) അഭിപ്രായപ്പെടുന്നു. കാവ്യപീഠിക, മാനദണ്ഡം, പ്രയാണം, മനുഷ്യകഥാനുഗായികള്‍, രൂപഭദ്രത, കരിന്തിരി, നാടകാന്തം കവിത്വം, അന്തരീക്ഷം, പുതിയ കാഴ്ചപ്പാടില്‍, രാജരാജന്റെ മാറ്റൊലി, പാശ്ചാത്യസാഹിത്യസമീക്ഷ, നനയാതെ മീന്‍ പിടിക്കാമോ' തുടങ്ങിയവയാണ് മുണ്ടശ്ശേരിയുടെ കൃതികള്‍.

കുട്ടികൃഷ്ണ മാരാര്‍ക്ക് ആധുനിക നിരൂപകനായ കെ. പി. അപ്പന്‍ നല്‍കിയ വിശേഷണം ഹിംസാത്മകമായ വ്യക്തിത്വം എന്നാണ്. തികഞ്ഞ സംസ്കൃതപണ്ഡിതനായിരുന്ന മാരാരുടെ ബലിഷ്ഠമായ ചിന്തയുടെ വേരുകള്‍ ഉറച്ചിരിക്കുന്നത് ഭാരതീയ കാവ്യമീമാംസയിലും ക്ലാസ്സിക്കല്‍ സാഹിത്യത്തിലുമായിരുന്നു. 'സാഹിത്യം മുഖേന ആവിഷ്കരിക്കപ്പെടുന്ന മാനസിക ജീവിതത്തിന്റെ യോഗഭേദവും മാത്രാഭേദവുമാണ് സാഹിത്യോത്കര്‍ഷത്തിന്റെ പിഴയ്ക്കാത്ത മാനദണ്ഡം' എന്നാണ് മാരാര്‍ വാദിച്ചത്. ആത്മാനുഭൂതിക്ക് അദ്ദേഹം അളവറ്റ പ്രാധാന്യം നല്‍കി. കടുത്ത പക്ഷപാതങ്ങള്‍ മാരാര്‍ക്കുണ്ടായിരുന്നു, എന്നാല്‍ അത് സൗന്ദര്യത്തിനു വേണ്ടിയുള്ള പക്ഷപാതമായിരുന്നു വ്യക്തിപരമായ പക്ഷപാതമായിരുന്നില്ല. സാഹിത്യസല്ലാപം, നിഴലാട്ടം, ഇങ്ങുനിന്നങ്ങോളം, കൈവിളക്ക്, ദന്തഗോപുരം, കല ജീവിതം തന്നെ, ഋഷിപ്രസാദം, ശരണാഗതി, ഭാരതപര്യടനം, രാജാങ്കണം, സാഹിത്യവിദ്യ, ഹാസ്യ സാഹിത്യം തുടങ്ങിയവയാണ് മാരാരുടെ പ്രഖ്യാത വിമര്‍ശന കൃതികള്‍. വൃത്തശില്പം, മലയാള ശൈലി, സാഹിത്യഭൂഷണം, ഭാഷാവൃത്തങ്ങള്‍, കുമാരസംഭവം (വ്യാഖ്യാനം), രഘുവംശം (വ്യാഖ്യാനം), മേഘദ്യൂതം (വ്യാഖ്യാനം) എന്നീ കൃതികളുമുണ്ട്.

പാറായില്‍ വി. ഉറുമീസ് തരകന്‍, സി. എസ് നായര്‍, പി. ശങ്കരന്‍ നമ്പ്യാര്‍, ഡി. പദ്മനാഭനുണ്ണി, എം. ആര്‍. നായര്‍ (സഞ്ജയന്‍) തുടങ്ങിയ വിമര്‍ശകര്‍ ഈ കാലഘട്ടത്തിന്റെ ആരംഭം മുതല്‍ രചനയാരംഭിച്ചവരാണ്. തനതായ വ്യക്തിത്വമുള്ള നിരൂപകരാണ് ഇവര്‍ ഓരോരുത്തരും. കുരുവാന്‍തൊടി ശങ്കരനെഴുത്തച്ഛന്‍, ഉള്ളാട്ടില്‍ ഗോവിന്ദന്‍കുട്ടി നായര്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, സി. ജെ. തോമസ്, വക്കം അബ്ദുള്‍ ഖാദര്‍, എസ്. ഗുപ്തന്‍ നായര്‍, കെ. ദാമോദരന്‍, കെ. ഭാസ്കരന്‍ നായര്‍, പി. കെ. നാരായണപിള്ള, സുകുമാര്‍ അഴീക്കോട്, പി. കെ പരമേശ്വരന്‍ നായര്‍. എസ്. കെ. നായര്‍, കെ. എം. ജോര്‍ജ്, എം. കൃഷ്ണന്‍ നായര്‍, പി. ദാമോദരന്‍ പിള്ള, കെ. എം. ഡാനിയല്‍, കെ. പി. നാരായണപ്പിഷാരടി, കെ. ബാലരാമപ്പണിക്കര്‍, ഇ. വി. ദാമോദരന്‍, പി. എ. വാരിയര്‍, കെ. സുരേന്ദ്രന്‍, എം. ശ്രീധരമേനോന്‍, എം. ലീലാവതി, എം. കെ. സാനു, എം.പി. ശങ്കുണ്ണിനായര്‍, എന്‍. കൃഷ്ണപിള്ള, കെ. രാഘവന്‍ പിള്ള, പി. കെ. ബാലകൃഷ്ണന്‍, എം. അച്യുതന്‍, കെ. എം. തരകന്‍, എം. എന്‍. വിജയന്‍, ഇ. എം. എസ്. നമ്പൂതിരിപ്പാട്, പി. ഗോവിന്ദപ്പിള്ള, തായാട്ടു ശങ്കരന്‍, കെ. പി. ശരത് ചന്ദ്രന്‍, കെ. പി. ശങ്കരന്‍, എം. ആര്‍. ചന്ദ്രശേഖരന്‍, എന്‍. വി. കൃഷ്ണവാരിയര്‍ തുടങ്ങിയ വലിയൊരു നിര കൂടിയാലേ നിരൂപണത്തിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നുള്ളൂ.

ഈ ഗണത്തില്‍ സവിശേഷപ്രാധാന്യമുള്ള വിമര്‍ശകരാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള, എസ്. ഗുപ്തന്‍ നായര്‍, കെ. ഭാസ്കരന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം. കൃഷ്ണന്‍ നായര്‍, എം. ലീലാവതി, എം. അച്യുതന്‍, എം. എന്‍. വിജയന്‍ എന്നിവര്‍. തികഞ്ഞ യുക്തി ചിന്തയാണ് കുറ്റിപ്പുഴയുടെ വിമര്‍ശനത്തിന്റെ കാതല്‍. സാഹിതീയം വിചാരവിപ്ലവം, വിമര്‍ശരശ്മി, ഗ്രന്ഥാവലോകനം, ചിന്താതരംഗം തുടങ്ങിയവ പ്രധാനകൃതികള്‍. വിമര്‍ശനത്തിലെ സൗമ്യമായ മധ്യമാര്‍ഗത്തിന്റെ ഉപാസകനായിരുന്നു എസ്. ഗുപ്തന്‍ നായര്‍. സുദീര്‍ഘമായ സാഹിത്യജീവിതത്തില്‍ അദ്ദേഹം ഒട്ടേറെ കൃതികള്‍ രചിച്ചു. ആധുനിക സാഹിത്യം, സമാലോചന, ഇസങ്ങള്‍ക്കപ്പുറം, തിരയും ചുഴിയും, കാവ്യസ്വരൂപം, നവമാലിക, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കള്‍, ഗദ്യം പിന്നിട്ട വഴികള്‍, സമാലോചനയും പുനരാലോചനയും തുടങ്ങിയവ മുഖ്യകൃതികള്‍. ഖണ്ഡനവിമര്‍ശനമാണ് സുകുമാര്‍ അഴീക്കോടിന്റെ രീതി. ധൈഷണികതയും പ്രഭാഷകത്വവും അദ്ദേഹത്തിന്റെ രചനയില്‍ മുന്നിട്ടു നില്‍ക്കുന്നു. ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, രമണനനും മലയാള കവിതയും, പുരോഗമന സാഹിത്യവും മറ്റും വായനയുടെ സ്വര്‍ഗത്തില്‍, മലയാള സാഹിത്യപഠനങ്ങള്‍, വിശ്വസാഹിത്യപഠനങ്ങള്‍, ഖണ്ഡനവും മണ്ഡനവും, മലയാള സാഹിത്യവിമര്‍ശനം തുടങ്ങിയവ മുഖ്യകൃതികള്‍.

സമൃദ്ധമായ രചനാജീവിതത്തിനുടമയാണ് എം. ലീലാവതി. സ്ത്രീകള്‍ വളരെ കുറച്ചു മാത്രമുള്ള മലയാള നിരൂപണത്തില്‍ പാണ്ഡിത്യം കൊണ്ടും രചനാ വൈപുല്യം കൊണ്ടും ലീലാവതി വേറിട്ടു നില്‍ക്കുന്നു. കവിതാധ്വനി, ജി.യുടെ കാവ്യജീവിതം, നവതരംഗം, അമൃതമശ്‌നുതേ, കവിതയും ശാസ്ത്രവും, മൂല്യസങ്കല്പങ്ങള്‍, സത്യം ശിവം സുന്ദരം, വര്‍ണരാജി തുടങ്ങിയവ പ്രധാന കൃതികള്‍. 'സാഹിത്യവാരഫലം' എന്ന പ്രശസ്തമായ സാഹിത്യനിരൂപണ പംക്തിയാണ് എം. കൃഷ്ണന്‍ നായരെ പ്രശസ്തനാക്കിയത്. മലയാള നാട്, കലാകൗമുദി, മലയാളം വാരിക എന്നിവയിലായി മുപ്പത്തേഴുവര്‍ഷത്തോളം അദ്ദേഹം മുടക്കം കൂടാതെ വാരഫലമെഴുതി. ലോകസാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികള്‍ വരെ പരിചയപ്പെടുത്തിയ കൃഷ്ണന്‍ നായര്‍ അവയുടെ വെളിച്ചത്തില്‍ മലയാളത്തിലെ ആനുകാലിക രചനകളെ നിര്‍ദ്ദയം വിലയിരുത്തി. മിത്രങ്ങളെക്കാള്‍ കൂടുതല്‍ ശത്രുക്കളെ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ സമഗ്രപഠനങ്ങള്‍ക്കോ സ്വകീയമായ സാഹിത്യ നിലപാടുകളുടെ രൂപവത്കരണത്തിനോ അദ്ദേഹം ശ്രമിച്ചില്ല.

ഒരു ശബ്ദത്തില്‍ ഒരു രാഗം, കറുത്ത ശലഭങ്ങള്‍, സ്വപ്‌നമണ്ഡലം, പ്രകാശത്തിന് ഒരു സ്തുതിഗീതം, ഏകാന്തതയുടെ ലയം, ശരത്കാല ദീപ്തി, വായനക്കാരാ നിങ്ങള്‍ജീവിച്ചിരിക്കുന്നുവോ തുടങ്ങിയവ മുഖ്യകൃതികള്‍.

ആധുനിക നിരൂപണം
കവിതയും നോവലും ചെറുകഥയും ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വിഗ്രഹഭഞ്ജകമായ മാറ്റം കൊണ്ടുവന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ നിരൂപണം 1970-കളിലാണ് ആവിര്‍ഭവിച്ചത്. പാശ്ചാത്യസാഹിത്യസങ്കല്പങ്ങളോടും ദര്‍ശനങ്ങളോടുമുള്ള പരിചയവും സാഹിത്യത്തിലെ നവീന പരീക്ഷണങ്ങളോടുള്ള കൂറും ആധുനികനിരൂപണത്തെ പെട്ടെന്നു ശ്രദ്ധേയമാക്കി. പഴയ വിമര്‍ശന ശൈലിയില്‍ നിന്നു വിടുതി പ്രഖ്യാപിച്ചു കൊണ്ടുള്ള ഭാഷയും സൗന്ദര്യസങ്കല്പങ്ങളുമാണ് അവര്‍ അവതരിപ്പിച്ചത്. കെ. പി. അപ്പന്‍, വി. രാജകൃഷ്ണന്‍, ആഷാമേനോന്‍, ആര്‍. നരേന്ദ്രപ്രസാദ്, അയ്യപ്പപ്പണിക്കര്‍, സച്ചിദാനന്ദന്‍, ബി. രാജീവന്‍ തുടങ്ങിയവരാണ് ഈ ഗണത്തില്‍ പ്രമുഖര്‍.

കെ. പി. അപ്പന്റെ നിലപാടുകള്‍ ആധുനികതാപ്രസ്ഥാനത്തിനു ശക്തിപകര്‍ന്നു. സൗന്ദര്യം തികഞ്ഞ ഭാഷയും ആക്രമിക്കുന്ന ശൈലിയും കൊണ്ട് അപ്പന്‍ മറ്റ് ആധുനിക വിമര്‍ശകരില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നു. ക്ഷോഭിക്കുന്നവരുടെ സുവിശേഷം, തിരസ്കാരം, കലഹവും വിശ്വാസവും, മാറുന്ന മലയാള നോവല്‍, വരകളും വര്‍ണങ്ങളും, മലയാള ഭാവന - മൂല്യങ്ങളും സംഘര്‍ഷങ്ങളും, കലാപം വിവാദം വിലയിരുത്തല്‍, സമയപ്രവാഹവും സാഹിത്യകലയും, ഉത്തരാധുനികത : ചരിത്രവും വംശാവലിയും, വിവേകശാലിയായ വായനക്കാരാ, രോഗവും സാഹിത്യഭാവനയും, ബൈബിള്‍ : വെളിച്ചത്തിന്റെ കവചം തുടങ്ങിയവ മുഖ്യ കൃതികള്‍.

പ്രമേയാധിഷ്ഠിത വിമര്‍ശനത്തിനുദാഹരണമാണ് രാജകൃഷ്ണന്റെ രചനകള്‍ (മൗനം തേടുന്ന വാക്ക്, രോഗത്തിന്റെ പൂക്കള്‍, ആളൊഴിഞ്ഞ അരങ്ങ്, ചുഴികള്‍ ചിപ്പികള്‍, ചെറുകഥയുടെ ഛന്ദസ്സ്, നഗ്നയാമിനികള്‍, മറുതിരകാത്ത്) പുതിയ പുരുഷാര്‍ത്ഥങ്ങള്‍, കലിയുഗാരണ്യകങ്ങള്‍, പരിവ്രാജകന്റെ മൊഴി, പ്രതിരോധങ്ങള്‍, ജീവന്റെ കൈയൊപ്പ്, ഹെര്‍ബേറിയം, ഖാല്‍സയുടെ ജലസ്മൃതി തുടങ്ങിയവയാണ് ആഷാമേനോന്റെ പ്രധാനകൃതികള്‍. ആത്മീയതയോടും പരിസ്ഥിതി ദര്‍ശനത്തോടും ഈ നിരൂപകന്‍ അടുപ്പം കാട്ടുന്നു. സാര്‍ത്രിയന്‍ സ്വാതന്ത്ര്യദര്‍ശനമാണ് നരേന്ദ്രപ്രസാദിന്റെ വിമര്‍ശനകലയുടെ തത്ത്വചിന്താപരമായ അടിത്തറ. നിഷേധികളെ മനസ്സിലാക്കുക, ഭാവുകത്വം മാറുന്നു, ആധുനികതയുടെ മധ്യാഹ്നം, ഉണ്ണി പോകുന്നു തുടങ്ങിയവ മുഖ്യകൃതികള്‍.

ഉത്തരാധുനിക നിരൂപണം
ആധുനികരീതിയില്‍ നിന്നു വ്യത്യസ്തമായ സാഹിത്യസമീപനങ്ങള്‍ ഉയര്‍ത്തുകയും ആധുനികത ഉള്‍പ്പെടെയുള്ള പാരമ്പര്യങ്ങളെ പുനര്‍ വായനക്കും പുനര്‍ മൂല്യവിചാരത്തിനും വിധേയമാക്കുന്ന ഉത്തരാധുനിക നിരൂപണം 1990-കള്‍ മുതലാണ് ആരംഭിച്ചത്. പാശ്ചാത്യ ഉത്തരാധുനിക സാഹിത്യസിദ്ധാന്തങ്ങളുടെയും തത്ത്വചിന്താപദ്ധതികളുടെയും സ്വാധീനത ഈ തലമുറയിലെ പല നിരൂപകരിലും കാണാം. വി. സി. ശ്രീജന്‍ ('ചിന്തയിലെ രൂപകങ്ങള്‍', 'അര്‍ത്ഥാന്തരന്യാസം', 'വാക്കും വാക്കും', 'ആധുനികാനന്തരം : വികലനവും വിമര്‍ശനവും', 'നോവല്‍ വായനകള്‍', 'അര്‍ത്ഥാന്തരങ്ങള്‍), പി. കെ. രാജശേഖരന്‍ ('പിതൃഘടികാരം : ഒ. വി. വിജയന്റെ കലയും ദര്‍ശനവും', 'അന്ധനായ ദൈവം : മലയാള നോവലിന്റെ നൂറു വര്‍ഷങ്ങള്‍', 'കാന്ത നഗരങ്ങള്‍ : ഉത്തരാധുനിക മലയാള സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രം', 'കഥാന്തരങ്ങള്‍ : മലയാള ചെറുകഥയുടെ ആഖ്യാന ഭൂപടം'), ഇ. വി. രാമകൃഷ്ണന്‍ ('അക്ഷരവും ആധുനികതയും', 'വാക്കും സമൂഹവും')പി. പി. രവീന്ദ്രന്‍ ('ഇടപെടലുകള്‍', 'ആധുനികാനന്തരം'), ബാലചന്ദ്രന്‍ വടക്കേടത്ത്, എസ്. എസ്. ശ്രീകുമാര്‍, വി. സി. ഹാരിസ്, കെ. എസ്. രവികുമാര്‍ ('ചെറുകഥ : വാക്കും വഴിയും', 'കഥയും ഭാവുകത്വപരിണാമവും', 'ആഖ്യാനത്തിന്റെ അടരുകള്‍')ജി. മധുസൂദനന്‍ ('കഥയും പരിസ്ഥിതിയും', 'ഭാവുകത്വം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍') തുടങ്ങിയവരാണ് പ്രമുഖരായ ഉത്തരാധുനിക നിരൂപകര്‍.


 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia