Trade Media
     

മലയാള നാടകസാഹിത്യം

നാടകീയ കലാരൂപങ്ങള്‍ ധാരാളമുണ്ടായിരുന്നെങ്കിലും നാടക സാഹിത്യം മലയാളത്തില്‍ ആവിര്‍ഭവിച്ചത് 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലാണ്. ഒരു വിവര്‍ത്തനമായിരുന്നു മലയാളത്തില്‍ ആദ്യമുണ്ടായ നാടക കൃതി - കേരളവര്‍മ വലിയ കോയിത്തമ്പുരാന്റെ 'അഭിജ്ഞാന ശാകുന്തള' വിവര്‍ത്തനം (1882). 'മണിപ്രവാള ശാകുന്തളം' എന്നു വിളിക്കപ്പെടുന്ന ഈ പരിഭാഷ സ്വതന്ത്ര നാടകങ്ങളുടെയും പരിഭാഷകളുടെയും പ്രവാഹത്തിനു വഴിവച്ചു. 1884-ല്‍ സി. വി. രാമന്‍ പിള്ള 'ചന്ദ്രമുഖീ വിലാസം' എന്ന പ്രഹസനം (ഹാസ്യാത്മകമായ നാടകം) രചിച്ചു. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്റെ 'കല്യാണീ നാടകം' (1889), 'ഉമാ വിവാഹം' (1893), കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ 'ലക്ഷണാസംഗം' (1891), 'ഗംഗാവതരണം' (1892), 'ചന്ദ്രിക' (1892), ചങ്ങനാശ്ശേരി രവിവര്‍മ്മയുടെ 'കവിസഭാരഞ്ജനം' (1892), വയസ്കര മൂസിന്റെ 'മനോരമാ വിജയം' (1893), കെ. സി. കേശവപിള്ളയുടെ 'ലക്ഷ്മീ കല്യാണം' (1893), 'രാധാമാധവം' (1893), നടുവത്ത് അച്ഛന്‍ നമ്പൂതിരിയുടെ 'ഭഗവദൂത്' (1892), കണ്ടത്തില്‍ വറുഗീസ് മാപ്പിളയുടെ 'ഇബ്രായക്കുട്ടി' (1893), തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ 'സുഭദ്രാര്‍ജ്ജുനം' (1891), പോളച്ചിറയ്ക്കല്‍ കൊച്ചീപ്പന്‍ മാപ്പിളയുടെ 'മറിയാമ്മ' (1903) എന്നിവയാണ് തുടര്‍ന്നുണ്ടായ മലയാള നാടകങ്ങള്‍. തമിഴ് സംഗീതനാടകങ്ങള്‍ വേദികളില്‍ അരങ്ങു തകര്‍ക്കുന്ന കാലമായിരുന്നു അത്. നാടക രചനാഭ്രമം മൂത്ത് പലരും ഗുണമില്ലാത്ത കൃതികള്‍ സൃഷ്ടിച്ചപ്പോള്‍ അതിനെ കളിയാക്കി നാടകമെഴുതാനും ചിലര്‍ രംഗത്തു വന്നു. മുന്‍ഷി രാമക്കുറുപ്പിന്റെ 'ചക്കീ ചങ്കരം' (1893), ശീവൊള്ളി നാരായണന്‍ നമ്പൂതിരിയുടെ 'ദുസ്പര്‍ശാ നാടകം' (1900), കെ. സി. നാരായണന്‍ നമ്പ്യാരുടെ 'ചക്കീ ചങ്കരം' (1893) എന്നിവ ഇങ്ങനെ ഉണ്ടായ ഹാസ്യനാടകങ്ങളാണ്. സി. വി. രാമന്‍ പിള്ള 'പണ്ടത്തെ പാച്ചന്‍' (1917), 'കുറുപ്പില്ലാക്കളരി' (1909), 'പാപിചെല്ലണടം പാതാളം' (1918), 'ഡാക്ടര്‍ക്കു കിട്ടിയമിച്ചം' (1918) എന്നീ പ്രഹസനങ്ങള്‍ കൂടി രചിക്കുകയുണ്ടായി

ഇ. വി. കൃഷ്ണപിള്ളയുടെ സംഭാവന
പത്രാധിപരും ചെറുകഥാകൃത്തുമൊക്കെയായിരുന്ന ഇ. വി. കൃഷ്ണപിള്ളയാണ് നാടകത്തെ ഒരു സാഹിത്യ പ്രസ്ഥാനമാക്കുന്നതില്‍ ആദ്യകാലത്ത് ഏറ്റവും വലിയ പങ്കു വഹിച്ചത്. 'സീതാലക്ഷ്മി' (1926), 'രാജാ കേശവദാസ്' (1929), 'പ്രണയക്കമ്മീഷന്‍' (1932), 'ബി. എ. മായാവി' (1933). 'വിസ്മൃതി' (1933), 'മായാ മാനുഷന്‍' (1934), 'വിവാഹക്കമ്മട്ടം' (1935), 'ഇരവിക്കുട്ടിപ്പിള്ള' (1934), 'പെണ്ണരശുനാട്' തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ നാടകങ്ങള്‍. ഇ. വി. യെ തുടര്‍ന്ന് 1940 വരെയുള്ള കാലത്തിനിടയ്ക്ക് ഒട്ടേറെ നാടകകൃത്തുക്കള്‍ രംഗത്തെത്തി. ചരിത്രനാടകങ്ങളും സാമൂഹികനാടകങ്ങളുമായിരുന്നു ഇവയില്‍ ഏറിയപങ്കും.

എന്‍. പി. ചെല്ലപ്പന്‍ നായര്‍ (മിന്നല്‍ പ്രണയം, ലേഡി ഡോക്ടര്‍, വനരാജകുമാരി, പ്രണയജാംബവാന്‍, ആറ്റംബോംബ്, ലെഫ്റ്റനന്റ് നാണി), ടി. എന്‍. ഗോപിനാഥന്‍ നായര്‍ (പിന്തിരിപ്പന്‍ പ്രസ്ഥാനം), ചേലനാട്ട് അച്യുതമേനോന്‍, എം. പി. ശിവദാസമേനോന്‍, തിക്കോടിയന്‍, ജഗതി എന്‍. കെ. ആചാരി, കൈനിക്കര പദ്മനാഭപിള്ള (വേലുത്തമ്പി ദളവ, കാല്‍വരിയിലെ കല്പ പാദപം), അപ്പന്‍ തമ്പുരാന്‍, കപ്പന കൃഷ്ണമേനോന്‍, വൈലോപ്പിള്ളി ശ്രീധരമേനോന്‍, കൈനിക്കര കുമാരപിള്ള, മൂര്‍ക്കോത്തു കുമാരന്‍, എന്‍. വി. കൃഷ്ണവാരിയര്‍, ഇ. എം. കോവൂര്‍, കെ. പദ്മനാഭന്‍ നായര്‍, വി. കൃഷ്ണന്‍ തമ്പി തുടങ്ങിയ ഒട്ടേറെ നാടകകൃത്തുക്കളാണ് 1930-കള്‍ മുതല്‍ 1950-കള്‍ വരെയുള്ള ദശകങ്ങളില്‍ രംഗത്തു പ്രവേശിച്ചത്.

ആശയപ്രചരണത്തിന്റെ അരങ്ങ്
സാമൂഹിക പരിഷ്കരണത്തിന് നാടകത്തെ ആയുധമാക്കാമെന്ന് തെളിയിച്ച നാടകകൃത്തുക്കളായിരുന്നു വി. ടി. ഭട്ടതിരിപ്പാട്, എം. പി. ഭട്ടതിരിപ്പാട്, കെ. ദാമോദരന്‍, വി. കൃഷ്ണന്‍ തമ്പി തുടങ്ങിയവര്‍. നമ്പൂതിരി സമുദായത്തിലെ അനാചാരങ്ങള്‍ തുറന്നു കാട്ടിക്കൊണ്ട് വി. ടി. രചിച്ച 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' (1930) മലയാള നാടക സാഹിത്യത്തിലെ വെള്ളി രേഖകളിലൊന്നാണ്. എം. പി ഭട്ടതിരിപ്പാടിന്റെ 'ഋതുമതി' (1939), കെ. ദാമോദരന്റെ 'പാട്ട ബാക്കി' (1938) എന്നിവയും നാടകത്തെ ആശയപ്രചാരണത്തിന്റെ ഉപാധിയാക്കി മാറ്റി.

നാടകത്തിന്റെ പൂക്കാലം
നാടകം ജനപ്രിയമായ സാഹിത്യരൂപമായിത്തീര്‍ന്നതും നൂറുകണക്കിനു നാടക കൃതികള്‍ രംഗത്തു വന്നതും 1940, 50 ദശകങ്ങളിലായിരുന്നു. ഒട്ടേറെ പരീക്ഷണങ്ങള്‍ അരങ്ങേറിയ ഈ കാലഘട്ടത്തില്‍ നാടക രചന ഗൗരവമേറിയ പ്രവര്‍ത്തനമായി. മലയാളത്തിലെ ഏറ്റവും മികച്ച നാടകകൃത്തുക്കള്‍ കടന്നു വന്നതും ഈ കാലയളവിലാണ്. എന്‍. കൃഷ്ണപിള്ള (ഭഗ്നഭവനം, കന്യക, ബലാബലം, അനുരഞ്ജനം, മുടക്കുമുതല്‍, അഴിമുഖത്തേക്ക്), ജി. ശങ്കരപ്പിള്ള (സ്‌നേഹദൂതന്‍), സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ (നഷ്ടക്കച്ചവടം), കെ. സുരേന്ദ്രന്‍ (ബലി), പുളിമാന പരമേശ്വരന്‍ പിള്ള (സമത്വവാദി), കൈനിക്കര കുമാരപിള്ള (പ്രേമ പരിണാമം, അഗ്നിപരീക്ഷ), കൈനിക്കര പദ്മനാഭപിള്ള (യവനിക, വിധി മണ്ഡപം, അഗ്നിപഞ്ജരം), സി. ജെ. തോമസ് (1128-ല്‍ ക്രൈം 27, അവന്‍ വീണ്ടും വരുന്നു), ടി. എന്‍. ഗോപിനാഥന്‍ നായര്‍ (പൂക്കാരി, പ്രതിധ്വനി, അകവും പുറവും, പരിവര്‍ത്തനം, മൃഗം, നിലാവും നിഴലും, നിഴല്‍ക്കൂത്ത്), ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ (കൂട്ടുകൃഷി), എം. ഗോവിന്ദന്‍ (നീ മനുഷ്യനെ കൊല്ലരുത്), ഏരൂര്‍ വാസുദേവ് (ജീവിതം അവസാനിക്കുന്നില്ല), എസ്. എല്‍. പുരം സദാനന്ദന്‍ (ഒരാള്‍ കൂടി കള്ളനായി), കെ. ടി. മുഹമ്മദ് (ഇതു ഭൂമിയാണ്, വെളിച്ചം വിളക്കന്വേഷിക്കുന്നു, ചുവന്ന ഘടികാരം, കറവറ്റ പശു), തിക്കോടിയന്‍ (ജീവിതം, പ്രസവിക്കാത്ത അമ്മ), ചെറുകാട് (തറവാടിത്തം, സ്‌നേഹബന്ധങ്ങള്‍), ഓംചേരി (ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാണ്), തോപ്പില്‍ ഭാസി (നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേക്കല്ല്, മുടിയനായ പുത്രന്‍). പി. കേശവദേവ് (ഞാനിപ്പക്കമ്മ്യൂണിഷ്ടാവും, മന്ത്രിയാക്കൊല്ലേ, തസ്കരസംഘം, നീ മരിച്ചു, നാടകകൃത്ത്, മുന്നോട്ട്, കൊല്ലനും കൊല്ലത്തീം ഒന്ന്, ഓണബ്ലൗസ്, മഴയങ്ങും കുടയിങ്ങും), പൊന്‍കുന്നം വര്‍ക്കി (പൂജ, പ്രേമ വിപ്ലവം, ജേതാക്കള്‍, സ്വര്‍ഗം നാണിക്കുന്നു, വഴി തുറന്നു, വിശറിക്കു കാറ്റുവേണ്ട, ഞാനൊരധികപ്പറ്റാണ്), തകഴി ശിവശങ്കരപ്പിള്ള (തോറ്റില്ല), വൈക്കം മുഹമ്മദ് ബഷീര്‍ (കഥാബീജം), എസ്. കെ. പൊറ്റക്കാട്ട് (അച്ഛന്‍), കാരൂര്‍ നീലകണ്ഠപിള്ള (മണ്ണും പെണ്ണും, തീ കൊണ്ടു കളിക്കരുത്), നാഗവള്ളി ആര്‍. എസ്. കുറുപ്പ് (മേവാര്‍ മാണിക്യം, ആഭിജാത്യം, പൊലിഞ്ഞ ദീപം, സമത്വം) തുടങ്ങിയ നാടക കൃത്തുക്കളുടെ കാലമായിരുന്നു ഇത്.

ലോകനാടകവുമായുള്ള പരിചയം ഈ കാലഘട്ടത്തില്‍ നാടകസാഹിത്യത്തിലെ പരിവര്‍ത്തനങ്ങള്‍ക്കു കാരണമായി. സ്വീഡിഷ് നാടക കൃത്തായ ഹെന്റിക് ഇബ്‌സന്റെ സ്വാധീനത എന്‍. കൃഷ്ണപിള്ളയുടെ നാടകങ്ങളില്‍ കാണാം. അന്ത:സാര ശൂന്യമായ ഫലിതങ്ങള്‍ കേട്ട് പൊട്ടിച്ചിരിക്കലാണ് നാടകം എന്ന ധാരണ മാറ്റാന്‍ കൃഷ്ണപിള്ളയുടെ നാടകങ്ങള്‍ക്കു കഴിഞ്ഞു. ഇബ്‌സനിസ്റ്റ് സമ്പ്രദായത്തിന്റെ സ്വാധീനത പിന്നീട് പ്രത്യക്ഷമായും പരോക്ഷമായും മലയാള നാടകങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. പുളിമാന പരമേശ്വരന്‍ പിള്ള 'സമത്വവാദിയിലൂടെ' യൂറോപ്യന്‍ എക്‌സ്പ്രഷനിസവും സി. ജെ. തോമസ് എപ്പിക് നാടക വേദിയുടെ സങ്കല്പങ്ങളും അവതരിപ്പിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാംസ്കാരികപ്രചരണത്തിന്റെ ഭാഗമായി ഉദയം ചെയ്ത കായംകുളത്തെ കെ. പി. എ. സി. നാടകസംഘവും അവര്‍ക്കു വേണ്ടി തോപ്പില്‍ ഭാസി എഴുതിയ നാടകങ്ങളും ജനപ്രീതിയിലും പ്രചാരത്തിലും ചരിത്രം സൃഷ്ടിച്ചു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' നേടിയ ജനപ്രീതി മലയാള നാടക ചരിത്രത്തിലെ അപൂര്‍വസംഭവമാണ്. 1940 - 60 ഘട്ടം നാടക വേദിയുടെ പൂക്കാലമായിരുന്നു. നാടക സംഘങ്ങളും ഗ്രാമീണ നാടകപ്രവര്‍ത്തനങ്ങളുമെല്ലാം ചേര്‍ന്ന് നാടകത്തെ ജനകീയവത്കരിച്ചത് ഈ കാലയളവിലാണ്.

1960 - 1970 കാലഘട്ടം
വാണിജ്യനാടകവേദിയുടെ വളര്‍ച്ചയും അതിനു വേണ്ടി ഉണ്ടായ നാടകങ്ങളുമാണ് 1960-70 കാലഘട്ടത്തിന്റെ സവിശേഷത. സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രശസ്തമായ രാമായണ നാടക ത്രയത്തിലെ ആദ്യ നാടകമായ 'കാഞ്ചനസീത' (1965)യും ആധുനിക നാടകവേദിയില്‍ വലിയ പരീക്ഷണങ്ങള്‍ നടത്തിയ ജി. ശങ്കരപ്പിള്ളയുടെ ചിലനാടകങ്ങളും പ്രത്യക്ഷപ്പെട്ടതും ഈ കാലയളവിലാണ്.

കെ. പി. എ. സി., കൊല്ലം കാളിദാസ കലാകേന്ദ്രം, പി. ജെ. ആന്റണിയുടെ നാടകവേദി, തിരുവനന്തപുരത്തെ കലാനിലയം കൃഷ്ണന്‍ നായരുടെ സ്ഥിരം നാടകവേദി, കോട്ടയത്തെ കേരള തിയേറ്റേഴ്‌സ് തുടങ്ങിയ ഒട്ടേറെ പ്രധാന നാടക സംഘങ്ങള്‍ കേരളത്തിലുടനീളം പ്രശസ്തമായത് 1960 - 70 ഘട്ടത്തിലായിരുന്നു. കെ. പി. എ. സിക്കു വേണ്ടി തോപ്പില്‍ ഭാസി ഒട്ടേറെ നാടകങ്ങള്‍ എഴുതി (അശ്വമേധം, ശരശയ്യ, യുദ്ധകാണ്ഡം, കൂട്ടുകുടുംബം, തുലാഭാരം). ഇവ മിക്കതും ചലച്ചിത്രരൂപം പ്രാപിച്ചു. ജഗതി എന്‍. കെ. ആചാരി കലാനിലയം നാടകവേദിക്കു വേണ്ടി എഴുതിയ 'കായങ്കുളം കൊച്ചുണ്ണി', 'ഇളയിടത്തു റാണി', 'ഉമ്മിണിത്തങ്ക', 'താജ്മഹല്‍', വൈക്കം ചന്ദ്രശേഖരന്‍ നായരുടെ 'ഡോക്ടര്‍', പി. ജെ. ആന്റണിയുടെ 'കടലിരമ്പുന്നു', കാലടി ഗോപിയുടെ 'ഏഴുരാത്രികള്‍' തുടങ്ങിയ നാടകങ്ങള്‍ പ്രശസ്തങ്ങളാണ്. വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കാലടി ഗോപി, എ. എന്‍. ഗണേശ്, പൊന്‍കുന്നം വര്‍ക്കി, സി. ജി. ഗോപിനാഥ്, പൊന്‍കുന്നം ദാമോദരന്‍, കെ. ടി. മുഹമ്മദ്, എസ്. എല്‍. പുരം സദാനന്ദന്‍ തുടങ്ങിയവരായിരുന്നു വാണിജ്യ നാടകവേദിയിലെ ഏറ്റവും പ്രശസ്തരായ നാടക കൃത്തുക്കള്‍.

ഈ കാലഘട്ടത്തില്‍ വാണിജ്യനാടകത്തെയും നാടകാവതരണത്തെ പൊതുവേയും സ്വാധീനിച്ച നാടക കൃത്തും സംവിധായകനുമാണ് എന്‍. എന്‍. പിള്ള. 'ആത്മബലി', 'പ്രേത ലോകം', 'ക്രോസ് ബെല്‍റ്റ്', 'മരണനൃത്തം', 'വൈന്‍ ഗ്ലാസ്', 'ജന്മാന്തരം', 'ഞാന്‍ സ്വര്‍ഗത്തില്‍', 'മെഹര്‍ബാനി', 'വിഷമ വൃത്തം', 'കാപാലിക', 'ഈശ്വരന്‍ അറസ്റ്റില്‍', തുടങ്ങിയ അതിപ്രശസ്ത നാടകങ്ങള്‍ രചിച്ച് അദ്ദേഹം രംഗത്തവതരിപ്പിച്ചു. സാമൂഹിക മര്യാദകളെ ചോദ്യം ചെയ്യാനും സംഭാഷണത്തിനു പ്രാധാന്യം നല്‍കാനും ശ്രമിച്ച എന്‍. എന്‍. പിള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളും മറ്റും സന്നിവേശിപ്പിച്ച് തന്റെ നാടകങ്ങള്‍ക്ക് ബഹുജനപ്രീതി ഉണ്ടാക്കുകയും ചെയ്തു. 'നാടക ദര്‍പ്പണം' എന്ന ലക്ഷണ ഗ്രന്ഥവും അദ്ദേഹം രചിച്ചു.

സി. എല്‍. ജോസിന്റെ നാടകങ്ങള്‍ അമേറ്റിയൂര്‍ നാടക വേദിക്ക് പ്രിയങ്കരമായിരുന്നു. പ്രാദേശിക കലാ സമിതികള്‍ വ്യാപകമായി അരങ്ങേറിയ രചനകളാണവ. പി. വി. കുര്യാക്കോസ്, കടവൂര്‍ ജി. ചന്ദ്രന്‍ പിള്ള, പറവൂര്‍ ജോര്‍ജ്, പി. ആര്‍. ചന്ദ്രന്‍ തുടങ്ങിയവരുടെ നാടകങ്ങള്‍ക്കും ഇത്തരത്തില്‍ വ്യാപകമായ സ്വീകാര്യത ലഭിച്ചു.

പിന്നീട് ആധുനിക നാടകവേദിയുടെ മുഖ്യ പ്രയോക്താക്കളില്‍ ഒരാളായിത്തീര്‍ന്ന ജി. ശങ്കരപ്പിള്ളയുടെ 'പൊയ്മുഖങ്ങള്‍', 'ഓലപ്പാമ്പ്', 'പേപിടിച്ച ലോകം', 'കഴുകന്മാര്‍', 'രക്ഷാപുരുഷന്മാര്‍' തുടങ്ങിയ നാടകങ്ങള്‍ ഇക്കാലത്താണു പ്രസിദ്ധീകൃതമായത്. സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ 'മാന്യതയുടെ മറ', 'ഏട്ടിലെ പശു' എന്നിവയും ഇക്കാലത്തേതു തന്നെ.

ആധുനിക നാടകവേദി
വാണിജ്യനാടകത്തിനൊപ്പം ആധുനിക പരീക്ഷണനാടകങ്ങള്‍ രംഗത്തെത്തിയത് 1970-കള്‍ മുതലാണ്. ഈ നവീന നാടകത്തിന്റെ മാതൃകയാണ് തനതു നാടകവേദി. നോവലിലും ചെറുകഥയിലും കവിതയിലും ചിത്രകലയിലുമെല്ലാം ഉണ്ടായ ആധുനികതയുടെ ഭാഗമായാണ് നാടകത്തിലും ഈ പരിവര്‍ത്തനമുണ്ടായത്. സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, ജി. ശങ്കരപിള്ള, കാവാലം നാരായണപ്പണിക്കര്‍ എന്നിവരാണ് എഴുപതുകളില്‍ നവീന നാടകത്തിന്റെ മുഖ്യപ്രയോക്താക്കളായി ഉയര്‍ന്നു വന്നത്. നാടകക്കളരി പ്രസ്ഥാനവും നവീന നാടകത്തിനു ശക്തിപകര്‍ന്നു. 1967 ഓഗസ്റ്റില്‍ ശാസ്താംകോട്ടയില്‍ ജി. ശങ്കരപ്പിള്ളയുടെ പരിശ്രമഫലമായാണ് ആദ്യത്തെ നാടകക്കളരി നടന്നത്. സി. എന്‍. ആയിരുന്നു കളരിയുടെ ഡയറക്ടര്‍. എസ്. രാമാനുജം, പി. കെ. വേണുക്കുട്ടന്‍ നായര്‍, ജി. അരവിന്ദന്‍, അയ്യപ്പപ്പണിക്കര്‍, എം. വി. ദേവന്‍ തുടങ്ങിയവരെല്ലാം കളരിയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചു.

സി. എന്‍. ശ്രീകണ്ഠന്‍ നായരുടെ 'സാകേതം', 'ലങ്കാലക്ഷ്മി', 'കലി', ജി. ശങ്കരപ്പിള്ളയുടെ 'ഭരതവാക്യം', 'ബന്ദി', 'കറുത്ത ദൈവത്തെ തേടി', 'കിരാതം', കാവാലം നാരായണപ്പണിക്കരുടെ 'അവനവന്‍ കടമ്പ', 'ദൈവത്താര്‍', 'സാക്ഷി', 'തിരുവാഴിത്താന്‍', ആര്‍. നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക', 'ഇര', 'വെള്ളിയാഴ്ച', 'പടിപ്പുര', വയലാ വാസുദേവന്‍ പിള്ളയുടെ 'അഗ്നി', 'കുചേലഗാഥ', 'വരവേല്പ്', ടി. പി. സുകുമാരന്റെ 'ദക്ഷിണായനം', എന്‍. പ്രഭാകരന്റെ 'പുലിജന്മം', പി. ബാലചന്ദ്രന്റെ 'പാവം ഉസ്മാന്‍', പി. എം. താജിന്റെ 'കടുക്ക', 'ചൂള', മധു മാസ്റ്ററുടെ 'കലിഗുല' തുടങ്ങിയവ ആധുനിക നാടകസാഹിത്യത്തിലെ മികച്ച രചനകളാണ്.

1980, 1990 ദശകങ്ങളില്‍ യുവാക്കാളായ ഏതാനും പേര്‍ നാടകരംഗത്തു സജീവമായി. ആധുനിക നാടകത്തെ വ്യത്യസ്തമായി വിപുലീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. പി. ബാലചന്ദ്രന്‍, രാമചന്ദ്രന്‍ മൊകേരി, ഡോ. എസ്. ജനാര്‍ദ്ദനന്‍, എന്‍. ശശിധരന്‍, ജയപ്രകാശ് കുളൂര്, സതീഷ്. കെ. സതീഷ്, സുധീര്‍ പരമേശ്വരന്‍, സിവിക് ചന്ദ്രന്‍, കെ. വി. ശ്രീജ, എം സജിത തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നിരയാണത്. സാഹിത്യരൂപം എന്ന നിലയില്‍ ഇന്ന് വളരെയധികം വായനക്കാര്‍ നാടകത്തിനില്ലെന്നാണ് പ്രസാധനരംഗത്തു നിന്നു വ്യക്തമാകുന്നത്. വളരെക്കുറച്ചു നാടകങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കുന്നുമുള്ളൂ. നാടകവേദിയുടെ രംഗത്താകട്ടെ മുന്‍കാലത്തെന്നപോലെ വാണിജ്യ നാടകസംഘങ്ങള്‍, പ്രാദേശിക കലാസമിതികള്‍, ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റികള്‍, അമേറ്റിയുര്‍ നാടകസംഘങ്ങള്‍ കാമ്പസ്, തിയേറ്റര്‍ തുടങ്ങിയവ സജീവമല്ല.


 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia