Trade Media
     

മധ്യകാല കേരളം

കുലശേഖല സാമ്രാജ്യം ശിഥിലമായ 12-ാം നൂറ്റാണ്ടു മുതല്‍ യൂറോപ്യന്‍ കോളനി ശക്തികള്‍ ആധിപത്യം പൂര്‍ണ്ണമാക്കിയ 17-ാം നൂറ്റാണ്ടുവരെയുള്ള കാലയളവിനെ കേരള ചരിത്രത്തിലെ മധ്യകാല ഘട്ടമായി കണക്കാക്കാം. ഒട്ടേറെ ചെറു രാജ്യങ്ങളായി കേരളം ചിതറിക്കിടക്കുകയും അവ പാശ്ചാത്യശക്തികളുടെ വരുതിയിലാവുകയും ചെയ്ത കാലമാണിത്. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സുപ്രധാനമായ വികാസ പരിണാമങ്ങള്‍ ഉണ്ടായ ഘട്ടം കൂടിയാണിത്.

ചോളന്മാരുമായുള്ള യുദ്ധത്തോടെ കുലശേഖരന്മാരുടെ വാഴ്ച അവസാനിച്ചതോടെ കേരളം ഒട്ടേറെ ചെറു നാടുകളായി മാറി. വേണാട്, എളയിടത്തു സ്വരൂപം, ആറ്റിങ്ങല്‍, ദേശിങ്ങനാട് (കൊല്ലം), കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, കായംകുളം (ഓടനാട്), പുറക്കാട് (ചെമ്പകശ്ശേരി), പന്തളം, തെക്കുംകൂര്‍, വടക്കുംകൂര്‍, പൂഞ്ഞാര്‍, കരപ്പുറം (ചേര്‍ത്തല), കൈമള്‍മാരുടെ നേതൃത്വത്തിലായിരുന്ന എറണാകുളം പ്രദേശങ്ങള്‍, ഇടപ്പള്ളി, കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, അയിരൂര്‍, തലപ്പിളളി, വള്ളുവനാട്, പാലക്കാട്, കൊല്ലങ്കോട്, കവളപ്പാറ, വെട്ടത്തുനാട്, പരപ്പനാട്, കുറുമ്പുറനാട് (കുറുമ്പ്രനാട്), കോഴിക്കോട്, കടത്തനാട്, കോലത്തുനാട് (വടക്കന്‍ കോട്ടയം), കുറങ്ങോട്, രണ്ടു തറ, ആലി രാജാവിന്റെ കണ്ണൂര്‍, നീലേശ്വരം, കുമ്പള എന്നിവയായിരുന്നു ആ കേരള രാജ്യങ്ങള്‍. ഇവയില്‍ വേണാട്, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നിവയായിരുന്നു ഏറ്റവും ശക്തം. രാഷ്ട്രീയമായ പരമാധികാരം ഉണ്ടായിരുന്നതും ഈ നാലു രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കു മാത്രമായിരുന്നു. അവരെ ആശ്രയിച്ചു നിന്നവരോ ഇടപ്രഭുക്കളോ മാടമ്പിമാരോ മാത്രമായിരുന്നു മറ്റു നാടുകളിലെ ഭരണാധികാരികള്‍. ക്ഷത്രിയരും ബ്രാഹ്മണരും, നായന്മാരുമുണ്ടായിരുന്നു അവരില്‍; ഒരു മുസ്‌ലിം രാജവംശവും (കണ്ണൂരിലെ അറയ്ക്കല്‍ രാജവംശം).

കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ഭൂപടം മാറ്റി വരയ്ക്കപ്പെട്ടത് മധ്യകാലത്താണ്. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് സാമ്രാജ്യം കേരളത്തില്‍ പിടി മുറുക്കിയതോടെ ആ കാലഘട്ടം അവസാനിക്കുന്നു. 16, 17 നൂറ്റാണ്ടുകളാണ് മധ്യകാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങള്‍. നാടുവാഴിത്തത്തില്‍ അധിഷ്ഠിതമായിരുന്നു അന്നത്തെ സാമൂഹികഘടന. നാടുവാഴിക്കായിരുന്നു രാജ്യാധിപത്യമെങ്കിലും നായര്‍ മാടമ്പിമാര്‍ക്കായിരുന്നു യഥാര്‍ത്ഥത്തില്‍ അധികാരത്തിന്റെ നിയന്ത്രണം. സ്വകാര്യ സൈന്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. ആയുധ പരിശീലനം നല്‍കുന്ന കളരികളും അങ്കം എന്ന ദ്വന്ദ്വയുദ്ധവും വ്യക്തികളോ ദേശങ്ങളോ തമ്മിലുള്ള സ്വകാര്യസമരമായ പൊയ്ത്തും പരമ്പരയായി തുടര്‍ന്നിരുന്ന കുടിപ്പകയും അന്നത്തെ സാമൂഹിക ഘടനയുടെ ഭാഗമായിരുന്നു. വടക്കന്‍ പാട്ടുകള്‍ ഈ സാമൂഹിക സ്ഥാപനങ്ങളുടെ ചിത്രം അവതരിപ്പിക്കുന്നു.

വ്യവസ്ഥാപിതമായ നീതിനിര്‍വഹണ സമ്പ്രദായമോ ലിഖിതമായ നിയമസംഹിതയോ ഉണ്ടായിരുന്നില്ല. പൊതുവേ ബ്രാഹ്മണര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ ലഭിക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സത്യ പരീക്ഷകള്‍ നടത്തിയായിരുന്നു കുറ്റം തെളിയിച്ചിരുന്നത്. കുറ്റവാളിയെന്ന് ആരോപിതനായ ആളെ തിളച്ച എണ്ണയില്‍ കൈമുക്കി സത്യം തെളിയിക്കുന്നത് ഇത്തരം രീതികളില്‍ ഒന്നായിരുന്നു. കൈപൊള്ളിയാല്‍ കുറ്റവാളി എന്നര്‍ത്ഥം. ശുചീന്ദ്രം, ഏറ്റുമാനൂര്‍, തിരുവളയനാട്, ചെങ്ങന്നൂര്‍ തുടങ്ങിയ പല ക്ഷേത്രങ്ങളിലും കൈമുക്കു പരീക്ഷകള്‍ ഉണ്ടായിരുന്നു.

മരുമക്കത്തായമായിരുന്നു പ്രധാന ദായക്രമം. ബഹുഭര്‍ത്തൃത്വവും സാധാരണമായിരുന്നു. ജാതിക്ക് പരമ പ്രാധാന്യമുണ്ടായിരുന്ന മധ്യകാല ഹിന്ദു സമൂഹത്തില്‍ ബ്രാഹ്മണരായിരുന്നു അറിവിന്റെയും അധികാരത്തിന്റെയും മേല്‍ത്തട്ടില്‍. പടയാളിവര്‍ഗമായ നായന്മാരാണ് ജനസംഖ്യയിലും സ്വാധീന ശക്തിയിലും മുന്നിട്ടു നിന്നത്. തൊടീല്‍, തീണ്ടല്‍, കണ്ടുകൂടായ്മ തുടങ്ങിയ അനാചാരങ്ങളും സാമൂഹിക വിവേചനങ്ങളും മധ്യകാല സമൂഹത്തില്‍ ഭയാനകരൂപത്തില്‍ നില നിന്നിരുന്നു. അടിമ സമ്പ്രദായവും വ്യാപകമായിരുന്നു. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയവയായിരുന്നു മറ്റു ദുരാചാരങ്ങള്‍. ക്രൈസ്തവര്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഉന്നത സ്ഥാനമുണ്ടായിരുന്നു അക്കാലത്ത്. മലബാറില്‍ മുസ്‌ലീങ്ങളും മധ്യ, ദക്ഷിണ കേരളത്തില്‍ ക്രൈസ്തവരുമായിരുന്നു പ്രധാന ഹൈന്ദവേതര വിഭാഗങ്ങള്‍.

സാമൂഹികമായ അനാചാരങ്ങളും കടുത്ത വിവേചനവും ബ്രാഹ്മണ മേധാവിത്തവും നിലനിന്ന മധ്യകാല സമൂഹത്തില്‍ നിന്നാണ് സാംസ്കാരിക വളര്‍ച്ചയുടെ പുതുപൂക്കളം വികസിച്ചു വന്നത്. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിത ശാസ്ത്രം എന്നിവയില്‍ മഹത്തായ സംഭാവനകള്‍ ഉണ്ടായി. സംഗമ ഗ്രാമമാധവന്‍, വടശ്ശേരി പരമേശ്വരന്‍ തുടങ്ങിയ മഹാന്മാരായ ഗണിതജ്ഞര്‍ ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്. മലയാളത്തിലെ ആദികാവ്യമായ 'രാമചരിതം' എഴുതിയ ചീരാമനും കണ്ണശ്ശ കവികളും തൊട്ട് തുഞ്ചത്ത് എഴുത്തച്ഛന്‍ വരെയുള്ള കവികള്‍ ഉയര്‍ന്നു വന്നതും മലയാള സാഹിത്യത്തിന് അടിത്തറയിട്ടതും ഇക്കാലത്താണ്.


വേണാട്
മധ്യകാല കേരളത്തിലെ ഏറ്റവും പ്രബലമായ രാജ്യമായിരുന്നു വേണാട് കുലശേഖര സാമ്രാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ നാടായിരുന്ന വേണാട് എ.ഡി. ഒമ്പതാം നൂറ്റാണ്ടില്‍ തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയ്ക്കുള്ള ഒരു ചെറുപ്രദേശം മാത്രമായിരുന്നു. തിരുവനന്തപുരവും തെക്കോട്ടുള്ള പ്രദേശങ്ങളും അക്കാലം വരെ ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു. 12-ാം നൂറ്റാണ്ടോടെ വേണാട് സ്വതന്ത്രരാജ്യത്തിന്റെ പദവി സ്വായത്തമാക്കി. രാജാവ് ചിറവാ മൂപ്പനെന്നും യുവരാജാവ് തൃപ്പാപ്പൂര്‍ മൂപ്പനെന്നും അറിയപ്പെട്ടു. കൊല്ലത്തെ പനങ്കാവായിരുന്നു ചിറവാമൂപ്പന്റെ ആസ്ഥാനം. തിരുവനന്തപുരത്തിനടുത്തുള്ള തൃപ്പാപ്പൂര്‍ ആസ്ഥാനമാക്കിയ യുവരാജാവ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ ഭരണം നിര്‍വഹിച്ചു.

അയ്യനടികള്‍ തിരുവടികള്‍ ആണ് വേണാട്ടിലെ ആദ്യ ഭരണാധികാരിയെന്നു കരുതപ്പെടുന്നു. എ.ഡി. 849 -ല്‍ അദ്ദേഹം കൊല്ലത്തെ തരിസാപ്പള്ളിക്ക് എഴുതിക്കൊടുത്ത ചെപ്പേട് (തരിസാപ്പള്ളി ചെപ്പേട്) പ്രസിദ്ധമാണ്. വേണാട്ടിലെ ആദ്യകാല ഭരണാധികാരികളുടെ വിവരങ്ങള്‍ വളരെ കുറച്ചു മാത്രമേ ലഭിച്ചിട്ടുള്ളൂ. ശ്രീ വല്ലഭന്‍ കോത, ഗോവര്‍ദ്ധന മാര്‍ത്താണ്ഡന്‍ തുടങ്ങിയവരാണ് അയ്യനടികളെ തുടര്‍ന്നു വന്ന ഭരണാധികാരികള്‍.

ചോളന്മാര്‍ യുദ്ധത്തില്‍ തലസ്ഥാനമായ മഹോദയപുരം ചുട്ടെരിച്ചപ്പോള്‍ അവസാനത്തെ കുലശേഖര ചക്രവര്‍ത്തിയായ രാമവര്‍മ കുലശേഖരന്‍ അവരെ നേരിടാന്‍ സൈന്യവുമായി കൊല്ലത്ത് ആസ്ഥാനമുറപ്പിച്ചുവെന്നും ചോളന്മാര്‍ പിന്‍വാങ്ങിയപ്പോള്‍ അവിടെ താമസമുറപ്പിച്ചുവെന്നും അദ്ദേഹത്തെ വേണാട് രാജവംശത്തിന്റെ സ്ഥാപകനായി കരുതാമെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കുലശേഖരപ്പെരുമാള്‍ എന്ന സ്ഥാനപ്പേര് വേണാട്ടിലെയും പിന്നീട് തിരുവിതാംകൂറിലെയും രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നു. കോതവര്‍മ (1102 - 1125), കോതകേരളവര്‍മ അഥവാ വീര കേരള വര്‍മ (1125 - 1155), വീര രവിവര്‍മ (1155 - 1165) ആദിത്യ വര്‍മ (1165 - 1175), ഉദയ മാര്‍ത്താണ്ഡ വര്‍മ (1175 - 1195), വീരരാമ വര്‍മ (1195 - 1205), വീര രാമ കേരളവര്‍മ അഥവാ ദേവധരന്‍ കേരളവര്‍മ (1205 - 1215), രവി കേരളവര്‍മ (1215 - 1240), പദ്മനാഭ മാര്‍ത്താണ്ഡവര്‍മ (1240 - 1253), രവിവര്‍മ കുലശേഖരന്‍ (1299 - 1314) എന്നിവരായിരുന്നു തുടര്‍ന്നുള്ള വേണാട്ടു രാജാക്കന്മാര്‍.

കൊല്ലമായിരുന്നു ഈ രാജാക്കന്മാരുടെ തലസ്ഥാനം. തിരക്കേറിയ തുറമുഖമായിരുന്നു അന്ന് കൊല്ലം. രവിവര്‍മ കുലശേഖരനു കീഴില്‍ വേണാട് സര്‍വതോമുഖമായ വളര്‍ച്ച നേടി. അദ്ദേഹത്തിന്റെ കാലം വരെ മക്കത്തായമനുസരിച്ചാണ് രാജാക്കന്മാര്‍ അധികാരത്തില്‍ വന്നിരുന്നത്. രവി വര്‍മ കുലശേഖരനു ശേഷം മരുമക്കത്തായ ക്രമമനുസരിച്ചായി രാജവാഴ്ച. വീര ഉദയ മാര്‍ത്താണ്ഡവര്‍മ (1314 - 1344) ആയിരുന്നു ഈ ദായക്രമത്തിലെ ആദ്യത്തെ രാജാവ്. കുന്നുമ്മേല്‍ വീര കേരള വര്‍മ തിരുവടി (1344 - 1350) ഇരവി ഇരവി വര്‍മ (1350 - 1383), ആദിത്യ വര്‍മ സര്‍വാംഗനാഥന്‍ (1376 - 1388), ചേര ഉദയ മാര്‍ത്താണ്ഡവര്‍മ (1383 - 1444), രവി വര്‍മ (1444 - 1458), വീരരാമ മാര്‍ത്താണ്ഡ വര്‍മ കുലശേഖരന്‍ (1458 - 1469), കോത ആദിത്യ വര്‍മ (1469 - 1484), രവി രവി വര്‍മ (1484 - 1512), രവി കേരളവര്‍മ (1512 - 1514), ജയസിംഹ കേരളവര്‍മ (1514 - 1516), ഭൂതലവീര ഉദയ മാര്‍ത്താണ്ഡ വര്‍മ (1516 - 1535), ഭൂതല വീര രവി വര്‍മ, രാമ കേരള വര്‍മ, ആദിത്യ വര്‍മ (മൂവരുടെയും ഭരണകാലം വ്യക്തമല്ല), ശ്രീ വീരകേരള വര്‍മ (1544 - 1545), രാമ വര്‍മ (1545 - 1556), ഉണ്ണി കേരള വര്‍മ, ശ്രീ വീര ഉദയമാര്‍ത്താണ്ഡ വര്‍മ, ശ്രീ വീര രവി വര്‍മ, ആദിത്യ വര്‍മ, രാമവര്‍മ, രവി വര്‍മ (1611 - 1663) എന്നിവരായിരുന്നു ഈ പരമ്പരയില്‍ തുടര്‍ന്നുണ്ടായ ഭരണാധികാരികള്‍.

രവി വര്‍മ (1611 - 1663)യുടെ കാലത്ത് തമിഴ് നാട്ടിലെ മധുരയിലെ രാജാവായ തിരുമല നായ്ക്കന്‍ വേണാട് ആക്രമിച്ചു. വേണാടിന്റെ ഭാഗമായിരുന്നതും ഇന്ന് തമിഴ് നാട്ടില്‍പ്പെടുന്നതുമായ നാഞ്ചിനാട് പ്രദേശങ്ങളിലേക്കായിരുന്നു തിരുമല നായ്ക്കന്റെ ആക്രമണം. മധുരപ്പടയോടു യുദ്ധം ചെയ്തു മരിച്ച ഇരവിക്കുട്ടിപ്പിള്ള എന്ന വേണാട്ടു വീരന്റെ കഥ പറയുന്ന തെക്കന്‍ പാട്ടുകാവ്യമായ 'ഇരവിക്കുട്ടിപ്പിള്ളപ്പോര്' പ്രശസ്തമാണ്. രവിവര്‍മയുടെ കാലത്ത് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി വിഴിഞ്ഞത്ത് ഒരു വ്യാപാര ശാല സ്ഥാപിച്ചു.

രവി വര്‍മക്കു ശേഷം വന്ന രവിവര്‍മ (1663 - 1672), ആദിത്യ വര്‍മ (1672 - 1677) എന്നീ രാജാക്കന്മാര്‍ ദുര്‍ബലരായിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ കര്‍ത്താക്കളായ എട്ടരയോഗവും ഈ രാജാക്കന്മാരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. ക്ഷേത്ര സ്വത്തുക്കളില്‍ നിന്നു കരം പിരിക്കല്‍ എട്ടു ദിക്കുകളിലെ എട്ട് നായര്‍ മാടമ്പിമാരെ (എട്ടു വീട്ടില്‍ പിള്ളമാര്‍) എട്ടര യോഗം ചുമതലപ്പെടുത്തി. മതപരമായ അധികാരം നേടിയ യോഗക്കാരും രാഷ്ട്രീയ ശക്തി നേടിയ എട്ടു വീടരും രാജാധിപത്യത്തിനു കടുത്ത വെല്ല വിളി ഉയര്‍ത്തി. രാജ്യം ആഭ്യന്തര കലാപത്തിന്റെ വക്കിലെത്തുകയും ചെയ്തു. ഇന്ന് തമിഴ് നാട്ടില്‍പ്പെടുന്ന കല്‍ക്കുളമായിരുന്നു അന്ന് വേണാടിന്റെ തലസ്ഥാനം.

അടുത്ത രാജ്യാവകാശിയായ രവി വര്‍മയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 1677 മുതല്‍ 1684 വരെ അദ്ദേഹത്തിന്റെ മാതൃസഹോദരിയായ ഉമയമ്മ റാണി രാജ്യം ഭരിച്ചു. ഇക്കാലത്ത് മുഗള്‍ സര്‍ദാര്‍ (മുകിലന്‍) എന്ന സാഹസികനായ ഒരു മുസ്‌ലിം വേണാടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ആക്രമണം നടത്തി. മുകിലന്‍ തിരുവനന്തപുരം കീഴടക്കിയതോടെ റാണി നെടുമങ്ങാട് കൊട്ടാരത്തില്‍ അഭയം തേടി. വടക്കന്‍ കോട്ടയത്തെ കേരള വര്‍മയാണ് ഈ സന്ദര്‍ഭത്തില്‍ സഹായത്തിനെത്തിയത്. റാണി അദ്ദേഹത്തെ ഇരണിയല്‍ രാജകുമാരന്‍ എന്ന നിലയില്‍ വേണാട് രാജകുടുംബത്തിലേക്കു ദത്തെടുത്ത് ആ സഹായത്തിന് ഔദ്യോഗികാംഗീകാരം നല്‍കി. തിരുവട്ടാര്‍ വച്ചു നടന്ന യുദ്ധത്തില്‍ കേരളവര്‍മ മുകിലനെ വധിച്ചു. തുടര്‍ന്നുള്ള കാലം കേരള വര്‍മയായിരുന്നു ഉമയമ്മ റാണിയുടെ മുഖ്യ ഉപദേഷ്ടാവ്. അദ്ദേഹത്തിന്റെ നയങ്ങള്‍ നായര്‍ മാടമ്പിമാരില്‍ അനിഷ്ടം സൃഷ്ടിച്ചു. 1696 - ല്‍ അവര്‍ കേരള വര്‍മയെ ഗൂഢാലോചനയിലൂടെ വധിച്ചു. പുലപ്പേടി, മണ്ണാപ്പേടി എന്നീ ദുരാചാരങ്ങള്‍ വേണാട്ടില്‍ നിരോധിച്ചത് (1696) കേരള വര്‍മയാണ്.

ഉമയമ്മ റാണിക്കു ശേഷം രവി വര്‍മ (1684 - 1718), ആദിത്യ വര്‍മ (1718 - 1721), രാമ വര്‍മ (1721 - 1729) എന്നിവരായിരുന്നു ഭരണത്തിലെത്തിയത്. മധുരയിലെ നായ്ക്കവംശത്തിന്റെ ആക്രമണങ്ങള്‍ ഇക്കാലത്ത് വേണാട്ടിനെ തളര്‍ത്തി. 1697 - ല്‍ മധുരപ്പട വേണാട്ടിനു മേല്‍ നിര്‍ണ്ണായക വിജയം നേടി. കടുത്ത വ്യവസ്ഥകള്‍ അംഗീകരിപ്പിച്ചു. നാഞ്ചിനാട്ടിലെ കര്‍ഷകരാണ് ഇതിന്റെ ദുതിതം മുഴുവന്‍ അനുഭവിച്ചത്. കരം പിരിവുകാരായ ഉദ്യോഗസ്ഥര്‍ കുടിയാന്മാരായ കര്‍ഷകരെ ആവോളം പിഴിയുകയും ചെയ്തു. രാമവര്‍മയുടെ കാലത്ത് ഉദ്യോഗസ്ഥരും കുടിയാന്മാരും തമ്മില്‍ പലതവണ ഏറ്റുമുട്ടലുകള്‍ ഉണ്ടായി. എട്ടരയോഗക്കാരും എട്ടു വീട്ടില്‍ പിള്ളമാരും രാജാവിനെതിരായി തിരിയുകയും ചെയ്തു. തന്റെ നില ഭദ്രമാക്കാനായി രാജാവ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുമായും (1723) മധുരയിലെ നായ്ക്കരുമായും (1726) ഉടമ്പടികള്‍ ഉണ്ടാക്കി. പിന്നീട് മാര്‍ത്താണ്ഡവര്‍മയുടെ അധികാരമേറ്റെടുക്കലിലേക്കും തിരുവിതാംകൂറിന്റെ രൂപവത്കരണത്തിലേക്കും വഴി തെളിച്ച സംഭവങ്ങളുടെ അരങ്ങൊരുങ്ങിയത് ഇക്കാലത്താണ്.


കൊച്ചീ രാജ്യം
മധ്യകാല കേരളത്തിലെ പ്രബല രാജ്യങ്ങളിലൊന്നായിരുന്നു കൊച്ചി. കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ഉയര്‍ന്നു വന്ന ചെറു നാടുകളില്‍ കൊച്ചിയും വേണാടും കോഴിക്കോടും കോലത്തു നാടുമായിരുന്നു ഏറ്റവും പ്രബലം.

പെരുമ്പടപ്പു സ്വരൂപം എന്നാണ് കൊച്ചീ രാജവംശം അറിയപ്പെട്ടിരുന്നത്. ഈ വംശത്തിന്റെ ഉദ്ഭവം അമ്മ വഴിയ്ക്ക് മഹോദയപുരത്തെ കുലശേഖരന്മാരില്‍ നിന്നാണ് എന്നാണ് ഐതിഹ്യം. 13-ാം നൂറ്റാണ്ടു വരെ മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പഞ്ചായത്തില്‍പ്പെടുന്ന വന്നേരിയായിരുന്നു പെരുമ്പടപ്പു സ്വരൂപത്തിന്റെ ആസ്ഥാനം. ഈ നൂറ്റാണ്ടിന്റെ അവസാനം കോഴിക്കോട് സാമൂതിരി വള്ളുവനാട് ആക്രമിച്ചപ്പോള്‍ അവര്‍ മഹോദയപുരത്തേക്കു താമസം മാറ്റി. 14-ാം നൂറ്റാണ്ടില്‍ കൊച്ചി ആസ്ഥാനമായി. 15-ാം നൂറ്റാണ്ടില്‍ പെരുമ്പടപ്പു വംശം അഞ്ചു തായ്‌വഴികളായി (മൂത്ത താവഴി, ഇളയ താവഴി, പള്ളുരുത്തി താവഴി, മാടത്തുങ്കല്‍ അഥവാ മുരിങ്ങൂര്‍ താവഴി, ചാഴൂര്‍ താവഴി) പിരിഞ്ഞു. അഞ്ചെണ്ണത്തിലും വച്ച് ഏറ്റവും പ്രായം കൂടിയ ആള്‍ രാജാവാകും എന്നതായിരുന്നു വ്യവസ്ഥ. ഇത് രാജവംശീയര്‍ക്കിടയില്‍ ആഭ്യന്തര ശൈഥില്യത്തിനു കളമൊരുക്കി. 1498 - ല്‍ വാസ്‌കോ ഡ ഗാമ എത്തിയതിനെ തുടര്‍ന്ന് പോര്‍ച്ചുഗീസുകാര്‍ വ്യാപാര ലക്ഷ്യവുമായി കൊച്ചിയില്‍ വരുമ്പോള്‍ ആഭ്യന്തര ശൈഥില്യം രൂക്ഷമായിരുന്നു.

പോര്‍ച്ചുഗീസ് കപ്പിത്താനായ പെദ്രോ ആല്‍വറസ് കബ്രാള്‍ (Pedro Alvarez Cabral)കൊച്ചിയില്‍ എത്തുമ്പോള്‍ ഉണ്ണിരാമ കോയില്‍ ഒന്നാമനായിരുന്നു രാജാവ്. അദ്ദേഹം പോര്‍ച്ചുഗീസുകാര്‍ക്ക് വാണിജ്യ സൗകര്യങ്ങള്‍ അനുവദിച്ചു. ഉണ്ണിരാമ കോയില്‍ രണ്ടാമന്‍ (1503 - 1537), വീരകേരള വര്‍മ (1537 - 1565) കേശവരാമ വര്‍മ (1566 - 1601) എന്നിവരായിരുന്നു അടുത്ത രാജാക്കന്മാര്‍. മികച്ച ഭരണമാണ് കേശവ രാമ വര്‍മ നടത്തിയത്. ജൂതന്മാര്‍ കൊച്ചിയില്‍ ആസ്ഥാനമുറപ്പിച്ചത് ഇക്കാലത്താണ്. ഗൗഡ സാരസ്വത ബ്രാഹ്മണര്‍ക്ക് തിരുമല ക്ഷേത്രം നിര്‍മിക്കാന്‍ മട്ടാഞ്ചേരിയില്‍ നികുതി ഒഴിവാക്കി അദ്ദേഹം സ്ഥലമനുവദിച്ചു. 'രാജരത്‌നാവലീയം ചമ്പു', 'നൈഷധം ചമ്പു' എന്നിവ എഴുതിയ മഴമംഗലം നാരായണന്‍ നമ്പൂതിരി, 'രാമവര്‍മവിലാസം', 'രത്‌നകേതുദയം' എന്നീ കാവ്യങ്ങളെഴുതിയ ബാലകവി എന്നിവര്‍ കേശവരാമവര്‍മ്മയുടെ സദസ്യരായിരുന്നു. കേരളത്തിലെ ക്രിസ്തുമതത്തിന്റെ ചരിത്രത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ച ഉദയം പേരൂര്‍ സൂനഹദോസ് (1599) നടന്നത് ഇക്കാലത്താണ്. വാര്‍ധക്യത്തില്‍ കാശിയിലേക്കു പോയ രാജാവ് 1601 മേയ് മൂന്നിന് അവിടെ വച്ച് അന്തരിച്ചു.

വീരകേരള വര്‍മ (1601 - 1615), രവി വര്‍മ (1615 - 1624), വീരകേരള വര്‍മ (1624 - 1637), ഗോദവര്‍മ (1637 - 1645), വീര രായിര വര്‍മ (1645 - 1646), വീരകേരള വര്‍മ (1646 - 1650), രാമ വര്‍മ (1650 - 1656) എന്നിവരായിരുന്നു തുടര്‍ന്നു ഭരിച്ച രാജാക്കന്മാര്‍. രാമവര്‍മയ്ക്കു ശേഷം റാണി ഗംഗാധരലക്ഷ്മി (1656 - 1658) സ്ഥാനമേറ്റു. കൊച്ചീരാജ്യത്തിന്റെ ചരിത്രത്തിലെ ഏക രാജ്ഞിയാണ് ഗംഗാധര ലക്ഷ്മി. അവര്‍ക്കു ശേഷം വെട്ടത്തുനാട് രാജ്യത്തു (ഇന്നത്തെ പൊന്നാനി - തിരൂര്‍ താലൂക്കുകളിലായി വ്യാപിച്ചിരുന്ന പഴയ നാട്ടുരാജ്യം) നിന്നു ദത്തെടുത്ത രാമവര്‍മ (1658 - 1662) രാജാവായി. 1662 ഫെബ്രുവരി മട്ടാഞ്ചേരിയില്‍ നടന്ന യുദ്ധത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു. വെട്ടത്തു നാട്ടില്‍ നിന്നു തന്നെ ദത്തെടുത്ത ഗോദവര്‍മ (1662 - 1663) രാജാവായെങ്കിലും അദ്ദേഹത്തെ ഡച്ചുകാര്‍ സ്ഥാന ഭ്രഷ്ടനാക്കി.

ഗോദവര്‍മയെ പുറത്താക്കിയ ഡച്ചുകാര്‍ വീര കേരള വര്‍മയെ (1663 - 1687) രാജാവാക്കി. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി കൊച്ചിയുടെ ഭരണത്തില്‍ നിര്‍ണ്ണായക ശക്തിയാവുകയും ചെയ്തു. പാലിയത്ത് അച്ചന്‍മാരായിരുന്നു പരമ്പരാഗത പ്രധാന മന്ത്രിമാര്‍. 1678 - മേയില്‍ ഒരു ഉടമ്പടിയിലൂടെ ഭരണ നിയന്ത്രണവും ഡച്ചുകാര്‍ കൈപ്പിടിയിലാക്കി. ദത്തെടുക്കേണ്ടത് രാജകുടുംബത്തിന്റെ ഏതു താവഴിയില്‍ നിന്നായിരിക്കണമെന്ന തര്‍ക്കവും കോഴിക്കോട് സാമൂതിരിയും ഡച്ചുകാരുമായുള്ള വ്യാപാരബന്ധവും കൊച്ചിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. രാമവര്‍മ (1687 - 1693), രവി വര്‍മ (1693 - 1697), രാമവര്‍മ (1697 - 1701) എന്നീ രാജാക്കന്മാരുടെ കാലത്ത് ഈ പ്രതിസന്ധികള്‍ മൂര്‍ച്ചിച്ചു.

രാമവര്‍മ രാജാവിന്റെ (1710 - 1722) കാലത്ത് സാമൂതിരി കൊച്ചിയെ ആക്രമിച്ചു. 1710 - ല്‍ സന്ധി ചെയ്ത് യുദ്ധം അവസാനിപ്പിച്ചെങ്കിലും 1715-ല്‍ വീണ്ടും ആക്രമണമുണ്ടായി. 1717 - ലെ സന്ധിപ്രകാരം യുദ്ധം അവസാനിച്ചു. യുദ്ധം രാജ്യത്തെ ദുര്‍ബലമാക്കി. നായര്‍ മാടമ്പിമാര്‍ ശക്തരാവുകയും ചെയ്തു. രാമ വര്‍മ (1731 - 1746), കേരള വര്‍മ (1746 - 1749), രാമവര്‍മ (1749 - 1760) തുടങ്ങിയ രാജാക്കന്മാരുടെ കാലത്ത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായി. മൂപ്പിളമത്തര്‍ക്കം അതിന് ആക്കം കൂട്ടി.

കേരളവര്‍മ രാജാവ് (1760 - 1775) തിരുവിതാംകൂറുമായി നല്ല ബന്ധം സ്ഥാപിച്ചു. സാമൂതിരിയുടെ ആക്രമണമുണ്ടായപ്പോള്‍ തിരുവിതാംകൂര്‍ പട്ടാളം കൊച്ചിയെ സഹായിക്കാനെത്തിയത് അങ്ങനെയാണ്. 1764 - ല്‍ തിരുവിതാംകൂര്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ സഹായത്തിനു പ്രതിഫലമായി കൊച്ചിയുടെ ഭാഗമായിരുന്ന ആലങ്ങാടും പറവൂരും തിരുവിതാംകൂറിനു ലഭിച്ചു. 1776 - ല്‍ മൈസൂര്‍ സൈന്യം കൊച്ചിയുടെ ഭാഗമായ തൃശ്ശൂര്‍ കീഴടക്കുകയും കേരളവര്‍മയെ കപ്പം നല്‍കുന്നതിനു നിര്‍ബന്ധിതനാക്കുകയും ചെയ്തു.

രാമവര്‍മ (1775 - 1790) എന്ന അടുത്ത രാജാവ് ദുര്‍ബലനായിരുന്നതിനാല്‍ ഭരണ നിയന്ത്രണം കൈയാളിയത് ഇളമുറത്തമ്പുരാനായ രാമവര്‍മയായിരുന്നു. തിരുവിതാംകൂറിന്റെയും ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെയും നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. ഇരുപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന രാമവര്‍മ പിന്നീട് ശക്തന്‍ തമ്പുരാന്‍ എന്ന പേരില്‍ പ്രശസ്തനായി. 1769 മുതല്‍ തന്നെ ഭരണം നിര്‍വഹിച്ചിരുന്നുവെങ്കിലും 1790-ല്‍ മാത്രമാണ് ശക്തന്‍ തമ്പുരാന്‍ രാജാവായത്.

കൊച്ചിയിലെ ഏറ്റവും മഹാനായ രാജാവായിരുന്നു ശക്തന്‍ തമ്പുരാന്‍. നായര്‍ മാടമ്പിമാരെ ഒതുക്കി കേന്ദ്രീകൃതഭരണം ആരംഭിച്ച അദ്ദേഹം കൊച്ചിയെ പുരോഗതിയിലേക്കു നയിച്ചു. കൊച്ചിയുടെ വാണിജ്യ പുരോഗതിക്കും അദ്ദേഹം അടിത്തറയിട്ടു. ബ്രാഹ്മണ പൗരോഹിത്യ മേധാവിത്വത്തിനു തടയിട്ട ശക്തന്‍ തമ്പുരാന്‍ ലത്തീന്‍ ക്രൈസ്തവരോടും ഗൗഡ സാരസ്വതരോടും അനുകൂല നിലപാടല്ല സ്വീകരിച്ചത.് എന്നാല്‍ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് അദ്ദേഹം ആവോളം സഹായം നല്‍കി. തൃശ്ശൂരിലെ വടക്കുന്നാഥ ക്ഷേത്രവും പെരുമനം (പെരുവനം) ക്ഷേത്രവും തിരുവില്വാമല ക്ഷേത്രവും സര്‍ക്കാര്‍ ഏറ്റെടുത്തു. ടിപ്പു സുല്‍ത്താന്റെ ആക്രമണകാലത്ത് തകര്‍ക്കപ്പെട്ട ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം പുനരുദ്ധരിച്ചു.

തിരുവഞ്ചിക്കുളം ക്ഷേത്രവും പുതുക്കിപ്പണിതു. തൃശ്ശൂര്‍ പൂരം ആരംഭിച്ചതും ശക്തന്‍ തമ്പുരാനാണ്.


കോഴിക്കോട് രാജ്യം
മധ്യകാല കേരളത്തിലെ ഏറ്റവും പ്രബലമായ രാജ്യങ്ങളിലൊന്നായിരുന്നു കോഴിക്കോട്. സാമൂതിരി എന്ന സ്ഥാനപ്പേരിലാണ് കോഴിക്കോട്ടെ രാജാക്കന്മാര്‍ അറിയപ്പെട്ടിരുന്നത്. സാമൂതിരി വാഴ്ചക്കാലത്താണ് 1498 - ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ കോഴിക്കോട്ടിനടുത്ത് കാപ്പാട്ട് കപ്പലിറങ്ങിയത്. ആ സംഭവം ഇന്ത്യയിലെ ദീര്‍ഘമായ യൂറോപ്യന്‍ കോളനി വാഴ്ചക്കു തുടക്കം കുറിച്ചു. കേരള സംസ്കാരത്തിന് കോഴിക്കോടും സാമൂതിരിമാരും ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

എ.ഡി. 13-ാം നൂറ്റാണ്ടു മുതലാണ് കോഴിക്കോട് ശക്തമായ രാജ്യമായി വികസിച്ചത്. പോര്‍ളാതിരിമാര്‍ ഭരിച്ചിരുന്ന പോളനാടിന്റെ ഭാഗമായിരുന്നു കുലശേഖര സാമ്രാജ്യകാലത്ത് കോഴിക്കോടും പരിസര ദേശങ്ങളും. അക്കാലത്ത് ഇന്നത്തെ മലപ്പുറം ജില്ലയില്‍പ്പെട്ട ഏറനാട് താലൂക്കിലെ നെടിയിരിപ്പിലുള്ള ഏറാടിമാര്‍ സമുദ്രവാണിജ്യ ലക്ഷ്യവുമായി പോര്‍ളാതിരിയുമായി പലതവണ ഏറ്റുമുട്ടി. പോളനാടു പിടിച്ചെടുത്ത ഏറാടിമാര്‍ അവരുടെ ആസ്ഥാനം നെടിയിരിപ്പില്‍ നിന്നു കോഴിക്കോട്ടേയ്ക്കു മാറ്റി. നെടിയിരുപ്പു സ്വരൂപം എന്ന് കോഴിക്കോട്ടു രാജവംശത്തിനു പേരു വരാന്‍ കാരണം നെടിയിരിപ്പുമായുള്ള ഈ ബന്ധമാണ്. 14-ാം നൂറ്റാണ്ടോടെ കോഴിക്കോട് സുപ്രധാന ശക്തിയായി മാറി.

കോഴിക്കോട് തുറമുഖത്തിന്റെ വളര്‍ച്ചയാണ് സാമൂതിരിമാരുടെ ഭരണത്തിന്റെ വളര്‍ച്ചയ്ക്കും സഹായിച്ചത്. സുഗന്ധദ്രവ്യങ്ങളും തുണിയുമെല്ലാം കോഴിക്കോട്ടു നിന്നു വിദേശങ്ങളിലേക്കയച്ചിരുന്നു. വിദേശക്കപ്പലുകള്‍ തുറമുഖത്ത് നിര്‍ബാധം എത്തിച്ചേര്‍ന്നിരുന്നു. അറബികളും ചൈനാക്കാരുമായിരുന്നു വിദേശവ്യാപാരികളില്‍ പ്രമുഖര്‍. അറബികള്‍ക്കായിരുന്നു വ്യാപാരക്കുത്തക. ഈ വാണിജ്യ ബന്ധങ്ങള്‍ കോഴിക്കോടിനെ സാമ്പത്തികമായും സൈനികമായും സമ്പന്നമാക്കി.

മാമാങ്കം
അയല്‍ രാജ്യങ്ങളായ ബേപ്പൂര്‍, പരപ്പനാട്, വെട്ടത്തുനാട്, കുറുമ്പ്രനാട് തുടങ്ങിയവയെ സാമൂതിരിമാര്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടു വന്നു. എന്നാല്‍ വള്ളുവനാട് രാജാവ് (വള്ളുവക്കോനാതിരി) സാമൂതിരിയുടെ മേല്‍ക്കോയ്മ അംഗീകരിച്ചില്ല. ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയില്‍ 12 വര്‍ഷത്തിലൊരിക്കല്‍ നടത്തിയിരുന്ന മഹോത്സവമായ മാമാങ്ക (മാഘമകം) ത്തിന്റെ അധ്യക്ഷസ്ഥാനം വള്ളുവനാട്ടു രാജാവിനായിരുന്നു. രാഷ്ട്രീയ പ്രാധാന്യമുള്ള ആ പദവി കൈക്കലാക്കാന്‍ വേണ്ടി സാമൂതിരി വള്ളുവനാട് ആക്രമിച്ചു. നമ്പൂതിരി ഗ്രാമങ്ങളായ പന്നിയൂര്‍, ചൊവ്വര എന്നിവ തമ്മിലുള്ള കിടമത്സര (കുറുമത്സരം) ത്തില്‍ പങ്കുചേര്‍ന്നു കൊണ്ടാണ് സാമൂതിരി വള്ളുവനാടിനെ നേരിട്ടത്. പന്നിയൂര്‍ പക്ഷത്തായിരുന്നു സാമൂതിരി; വള്ളുവക്കോനാതിരി ചൊവ്വര പക്ഷത്തും. മറ്റു നാട്ടുരാജാക്കന്മാരും ഇവ്വിധം കക്ഷി ചേര്‍ന്നു. യുദ്ധത്തില്‍ സാമൂതിരി വള്ളുവനാടു പക്ഷത്തെ തോല്‍പ്പിച്ച് മാമാങ്കത്തിന്റെ അധ്യക്ഷപദവി (രക്ഷാപുരുഷ സ്ഥാനം) സ്വന്തമാക്കി.

തുടര്‍ന്നു തലിപ്പിള്ളി രാജ്യവും (ഇന്നത്തെ തൃശ്ശൂര്‍ ജില്ലയില്‍) സാമൂതിരി കീഴ്‌പെടുത്തി. കൊച്ചി രാജ്യത്തെ രാജവംശജര്‍ക്കിടയിലെ മൂപ്പിളമത്തര്‍ക്കത്തില്‍ ഇടപെട്ട സാമൂതിരി പലതവണ കൊച്ചിയില്‍ ആക്രമണങ്ങള്‍ നടത്തി. 1498-ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുമ്പോള്‍ വടക്കന്‍ കേരളത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി സാമൂതിരിയായിരുന്നു. ബദ്ധശത്രുക്കളായിരുന്ന കോലത്തുനാടിനെയും ഇക്കാലത്ത് സാമൂതിരി സ്വാധീന പരിധിയിലാക്കിയിരുന്നു.

1498-ല്‍ എത്തിയ വാസ്‌കോ ഡ ഗാമയ്ക്ക് ഹൃദ്യമായ വരവേല്പാണ് സാമൂതിരി നല്‍കിയത്. 1500-ല്‍ പെദ്രോ ആല്‍വറെസ് കബ്രാളിന്റെ നേതൃത്വത്തില്‍ അടുത്ത പോര്‍ച്ചുഗീസ് സംഘമെത്തി. അവര്‍ക്ക് കോഴിക്കോട് വ്യാപാരശാല പണിയാന്‍ സാമൂതിരി അനുവാദം നല്‍കി. വ്യാപാരക്കുത്തകയുണ്ടായിരുന്ന അറബികളെ പോര്‍ച്ചുഗീസുകാര്‍ ആക്രമിച്ചത് സാമൂതിരിയുടെ എതിര്‍പ്പിനിടയാക്കി. നാട്ടുകാര്‍ പോര്‍ച്ചുഗീസ് വ്യാപാരശാല നശിപ്പിച്ചതോടെ കബ്രാള്‍ കൊച്ചിയിലേക്കു നീങ്ങി. കൊച്ചിയില്‍ വ്യാപാര ബന്ധമുറപ്പിച്ച ശേഷം കണ്ണൂരിലേക്കു നീങ്ങിയ കബ്രാളിന്റെ സംഘത്തെ കോഴിക്കോടന്‍ കപ്പല്‍പ്പട ആക്രമിച്ചു.

1502-ല്‍ വീണ്ടും ഇന്ത്യയിലെത്തിയ വാസ്‌കോ ഡ ഗാമ സാമൂതിരിയെ സന്ദര്‍ശിച്ചെങ്കിലും ശത്രുത അയഞ്ഞില്ല. കോഴിക്കോട്ടു നിന്ന് അറബി മുസ്‌ലീം വ്യാപാരികളെ പറഞ്ഞയക്കണമെന്ന ഗാമയുടെ ആവശ്യത്തിന് സാമൂതിരി വഴങ്ങിയില്ല. കൊച്ചിയും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള സൗഹൃദത്തില്‍ അസ്വസ്ഥനായ സാമൂതിരി പോര്‍ച്ചുഗീസുകാരെ കൊച്ചിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കൊച്ചീരാജാവ് ഇതു നിരസിച്ചതിനാല്‍ 1503 മാര്‍ച്ച് ഒന്നിന് കോഴിക്കോട്ടു സൈന്യം കൊച്ചിയിലേക്കു നീങ്ങി. പോര്‍ച്ചുഗീസ് സഹായമുണ്ടായിട്ടും കൊച്ചിക്കു പിടിച്ചു നില്‍ക്കാനായില്ല. രാജാവ് ഇളങ്കുന്നപ്പുഴ ക്ഷേത്രത്തില്‍ അഭയം തേടി. സെപ്തംബറില്‍ എത്തിച്ചേര്‍ന്ന പോര്‍ച്ചുഗീസ് സേന കോഴിക്കോട്ടുകാരെ തോല്പിച്ച് കൊച്ചീരാജാവിനെ പുന : പ്രതിഷ്ഠിച്ചു. 1504-ല്‍ സാമൂതിരി വീണ്ടും ആക്രമണം നടത്തിയെങ്കിലും പരാജയപ്പെട്ടു പിന്‍ വാങ്ങി. സാമൂതിരിയുടെ കൈവശമുള്ള കൊടുങ്ങല്ലൂര്‍ പോര്‍ച്ചുഗീസുകാര്‍ കീഴടക്കുകയും ചെയ്തു.

പോര്‍ച്ചുഗീസ് ശക്തിയെ ചെറുത്തു നിന്ന മധ്യകാല കേരളഭരണകൂടം സാമൂതിരിയുടേതു മാത്രമായിരുന്നു. പൗരസ്ത്യ ദേശത്തെ പോര്‍ച്ചുഗീസ് പ്രദേശങ്ങളുടെ പ്രതിനിധിയായി 1505-ല്‍ നിയമിതനായ ഫ്രാന്‍സിസ്‌കോ അല്‍മെയ്ദ കണ്ണൂരിലും കൊച്ചിയിലും കോട്ടകള്‍ കെട്ടി. കോലത്തിരി പോര്‍ച്ചുഗീസ് മിത്രമാവുകയും ചെയ്തു. എന്നാല്‍ സാമൂതിരിയുടെ സ്വാധീനതയാല്‍ പിന്നീട് കോലത്തിരി പോര്‍ച്ചുഗീസുകാര്‍ക്കെതിരായി. പല തവണ പോര്‍ച്ചുഗീസുകാരുമായി സാമൂതിരിയുടെ സൈന്യം ഏറ്റുമുട്ടി.

പോര്‍ച്ചുഗീസുകാരുമായുള്ള ഏറ്റുമുട്ടലുകളില്‍ സാമൂതിരിയുടെ ശക്തി കുഞ്ഞാലി മരയ്ക്കാര്‍മാരുടെ നേതൃത്വത്തിലുള്ള നാവികപ്പടയായിരുന്നു. പന്തലായിനിക്കൊല്ലമായിരുന്നു കുഞ്ഞാലിമാരുടെ ആസ്ഥാനം. കേരള ചരിത്രത്തിലെ ധീരമായ അധ്യായമാണ് കുഞ്ഞാലിമാര്‍ നടത്തിയ യുദ്ധങ്ങളുടേത്. 1531-ല്‍ വെട്ടത്തുനാട്ടിലെ ചാലിയത്ത് പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച കോട്ട സാമൂതിരിക്ക് കനത്ത ഭീഷണിയായിരുന്നു. 1540-ല്‍ സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ സന്ധി ചെയ്തുവെങ്കിലും അതൊരു താത്കാലിക യുദ്ധവിരാമം മാത്രമായിരുന്നു. കൊച്ചിയും വടക്കുംകൂറും തമ്മിലുള്ള തര്‍ക്കത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഇടപെട്ടത് വീണ്ടും യുദ്ധത്തിന് (1550) ഇടയാക്കി. തന്റെ മിത്രമായ വടക്കുംകൂര്‍ രാജാവ് വധിക്കപ്പെട്ടതോടെ സാമൂതിരി കൊച്ചി ആക്രമിച്ചു. കൊച്ചിയുടെ പക്ഷത്തായിരുന്ന പോര്‍ച്ചുഗീസുകാര്‍ സാമൂതിരിയുടെ പ്രദേശങ്ങളും ആക്രമിച്ചു. 1555-ല്‍ വീണ്ടും സമാധാനം നിലവില്‍ വന്നെങ്കിലും അടുത്ത വര്‍ഷം കോലത്തിരി സാമൂതിരിയുടെ പിന്തുണയോടെ പോര്‍ച്ചുഗീസുകാരുടെ കണ്ണൂര്‍ക്കോട്ട ആക്രമിച്ചു.

1570-ല്‍ ബിജപ്പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളിലെ മുസ്‌ലീം ഭരണാധികാരികളുമായി സഖ്യം സ്ഥാപിച്ച് സാമൂതിരി പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. 1571-ല്‍ കുഞ്ഞാലിമാരുടെ നേതൃത്വത്തില്‍ കോഴിക്കോട് സേന ചാലിയം കോട്ട പിടിച്ചെടുത്തു. നാവികയുദ്ധങ്ങളില്‍ ഒന്നിലേറെ തവണ പോര്‍ച്ചുഗീസുകാരെ തോല്പിച്ച കുഞ്ഞാലിമാര്‍ ശക്തരായി മാറി. പരാജിതരായെങ്കിലും പോര്‍ച്ചുഗീസുകാര്‍ 1584-ല്‍ പൊന്നാനിയില്‍ വ്യാപാരശാല കെട്ടാനുള്ള അനുമതി സാമൂതിരിയില്‍ നിന്നു നേടിയെടുത്തു. ഇത് കുഞ്ഞാലിമാരുടെ എതിര്‍പ്പിനിടയാക്കി. കുഞ്ഞാലിമാരുടെ പ്രമാണിത്തം വര്‍ധിച്ചതില്‍ സാമൂതിരിയും അസഹിഷ്ണുവായിരുന്നു. 1588-ല്‍ പോര്‍ച്ചുഗീസുകാര്‍ കോഴിക്കോട് സാമൂതിരിയുടെ അനുമതിയോടെ ആസ്ഥാനമുറപ്പിച്ചു. കുഞ്ഞാലിമാര്‍ക്കെതിരേ സാമൂതിരിയും പോര്‍ച്ചുഗീസുകാരും ഒരുമിച്ചു. 1600-ല്‍ സാമൂതിരിയുടെ പട്ടാളം കുഞ്ഞാലിമാരുടെ കോട്ട ആക്രമിച്ചു. മാപ്പു നല്‍കാമെന്ന സാമൂതിരിയുടെ വാഗ്ദാനം വിശ്വസിച്ച് കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ കീഴടങ്ങി. വാഗ്ദാനം ലംഘിച്ച സാമൂതിരി അദ്ദേഹത്തെ പോര്‍ച്ചുഗീസുകാര്‍ക്കു വിട്ടു കൊടുത്തു. കുഞ്ഞാലി നാലാമനെയും അനുയായികളെയും അവര്‍ ഗോവയില്‍ കൊണ്ടു പോയി വധിച്ചു. കുഞ്ഞാലിമാരെ തകര്‍ത്തെങ്കിലും കേരളത്തിലെ പോര്‍ച്ചുഗീസ് മേധാവിത്തം വൈകാതെ അവസാനിച്ചു. ഡച്ചുകാരാണ് അവരെ പുറത്താക്കി മേധാവിത്തം ഉറപ്പിച്ചത്. തുടര്‍ന്ന് ഡച്ചുകാരുമായും സാമൂതിരിമാര്‍ ഒട്ടേറെ ഏറ്റുമുട്ടലുകള്‍ നടത്തി. 1755-ല്‍ ഡച്ചുകാര്‍ക്കു കീഴിലുള്ള കൊച്ചി പ്രദേശങ്ങള്‍ മുഴുവന്‍ സാമൂതിരി പിടിച്ചെടുത്തു.

ശക്തിയുടെ പാരമ്യത്തില്‍ നിന്ന കോഴിക്കോടിനെ തകര്‍ത്തത് 18-ാം നൂറ്റാണ്ടില്‍ മൈസൂര്‍ നടത്തിയ ആക്രമണങ്ങളാണ്. ഹൈദര്‍ അലിയും മകന്‍ ടിപ്പു സുല്‍ത്താനും നടത്തിയ ആക്രമണങ്ങള്‍ ചെറുത്തു നിര്‍ത്താന്‍ സാമൂതിരിക്കു കഴിഞ്ഞില്ല. 1766-ല്‍ ഹൈദറിന്റെ സൈന്യം വടക്കന്‍ കേരളത്തില്‍ പ്രവേശിച്ചു. കടത്തനാടും കുറുമ്പ്രനാടും കീഴടക്കി മൈസൂര്‍പ്പട കോഴിക്കോട്ടേക്കു നീങ്ങിയതോടെ കുടുംബാംഗങ്ങളെ പൊന്നാനിക്കയച്ച ശേഷം സാമൂതിരി കൊട്ടാരത്തിനു തീകൊളുത്തിയിട്ട് ആത്മഹത്യ ചെയ്തു.

പിന്നീട് ടിപ്പുവിനായി കോഴിക്കോടിന്റെ മേല്‍ക്കോയ്മ. ടിപ്പു ബ്രിട്ടീഷുകാര്‍ക്കു കീഴടങ്ങിയതോടെ ശ്രീരംഗപട്ടണം സന്ധി (1792) പ്രകാരം കോഴിക്കോട് ഉള്‍പ്പെടുന്ന മലബാര്‍ പ്രദേശം മുഴുവന്‍ ബ്രിട്ടീഷ് നിയന്ത്രണത്തിലായി. ബ്രിട്ടീഷ് പ്രവിശ്യയായിരുന്ന മദ്രാസിന്റെ ഒരു ജില്ല മാത്രമായി മാറിയ മലബാര്‍ ഐക്യ കേരള രൂപവത്കരണ (1956) ത്തോടെ കേരള സംസ്ഥാനത്തിന്റെ ഭാഗമായി.


കോലത്തുനാട്
വടക്കേ മലബാര്‍ പ്രദേശമാണ് കോലത്തുനാട് എന്നറിയപ്പെടുന്നത്. സംഘകാലത്ത് ഏഴിമല ആസ്ഥാനമാക്കിയ നന്നരാജവംശത്തിന്റെ കീഴിലായിരുന്നു പ്രദേശം. ഒന്‍പതു മുതല്‍ പന്ത്രണ്ടു വരെ ശതകങ്ങളില്‍ വടക്കേ മലബാറിലെ വയനാട്, തലശ്ശേരി പ്രദേശങ്ങള്‍ കുലശേഖരന്മാരുടെ ആധിപത്യത്തിലായിരുന്നപ്പോള്‍ കാസര്‍കോട്, ചിറയ്ക്കല്‍ പ്രദേശങ്ങള്‍ എഴിമലയ്ക്കടുത്ത് ആസ്ഥാനമുറപ്പിച്ചിരുന്ന മൂഷക വംശത്തിന്റെ ഭരണത്തിലായിരുന്നു ഏഴിമല. നന്നന്റെ പിന്‍തുടര്‍ച്ചക്കാരാവണം മൂഷകര്‍. കുലശേഖരകാലത്ത് തന്നെ ഒരു സ്വതന്ത്ര രാജ്യമായിരുന്നു ഇതെന്ന് ചില ചരിത്രകാരന്മാര്‍ക്ക് അഭിപ്രായമുണ്ട്. കുലശേഖര സാമ്രാജ്യത്തിന്റെ പതനത്തോടെയാവണം പ്രബലമായ സ്വതന്ത്രരാജ്യമായി മാറിയത് എന്നും വാദമുണ്ട്. മൂഷകരാജ്യമാണ് 14-ാം ശതകത്തില്‍ കോലത്തുനാട് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. രാജാക്കന്മാരെ കോലത്തിരി (കോല സ്ത്രീ എന്ന് യൂറോപ്യന്‍ വിവരണങ്ങള്‍) എന്നു വിളിച്ചു പോന്നു.


 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia