Trade Media
     

ആധുനിക ചിത്രകല

മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത ചിത്രകലാപാരമ്പര്യം കേരളത്തിന് അവകാശപ്പെടാനില്ല. അനുഷ്ഠാനത്തിലെ ഒരംശം എന്ന നിലയില്‍ മാത്രമാണ് കേരളത്തില്‍ ചിത്രത്തിനു സ്ഥാനമുണ്ടായിരുന്നത്. ചുവര്‍ച്ചിത്രങ്ങള്‍ക്കു മാത്രമാണ് ഇതില്‍ നിന്ന് വ്യത്യാസമുള്ളത്. എന്നാല്‍ അവയുടെ പ്രമേയങ്ങള്‍ മതാത്മകമായിരുന്നു മിക്കവാറും. ഈ പാരമ്പര്യത്തില്‍ നിന്നു ഭിന്നമായാണ് ആധുനിക ചിത്രകല ആവിര്‍ഭവിച്ചത്. ആധുനിക ഭാരതീയ ചിത്രകലയുടെ ചരിത്രം കേരളത്തില്‍ നിന്നു തുടങ്ങുന്നുവെന്നു പറയാം. ആധുനിക ഭാരതീയ ചിത്രകലയുടെ പിതാവായ രാജാ രവിവര്‍മയില്‍ നിന്നാണ് ആ ചരിത്രത്തിന്റെ തുടക്കം. എണ്ണച്ചായം എന്ന പുതിയ മാധ്യമവും കാന്‍വാസ് എന്ന പുതിയ ചിത്രസ്ഥലവും വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന രൂപങ്ങളും പരിചയപ്പെടുത്തുകയായിരുന്നു രവിവര്‍മ ചെയ്തത്. അദ്ദേഹത്തിലൂടെ കേരളം മതനിരപേക്ഷമായ ചിത്രകലയുടെ ലോകത്തേക്ക് ഉണര്‍ന്നു.

രാജാരവിവര്‍മ (1848 - 1906)
തിരുവനന്തപുരത്തെ കിളിമാനൂര്‍ കൊട്ടാരത്തിലാണ് രവി വര്‍മ ജനിച്ചത് (1848 ഏപ്രില്‍ 29). ചിത്രകാരനായ അമ്മാവന്‍ രാജരാജവര്‍മയായിരുന്നു ആദ്യ ഗുരു. അടിച്ചൊതുക്കിയ തറയില്‍ ചുണ്ണാമ്പുകൊണ്ട് രൂപങ്ങള്‍ വരപ്പിച്ചായിരുന്നു അക്കാലത്ത് ചിത്രകലാ പരിശീലനം. പിന്നീടാണ് കടലാസ്സില്‍ പെന്‍സില്‍ കൊണ്ടു വരച്ചു തുടങ്ങുന്നത്. അക്കാലത്ത് ചായങ്ങള്‍ കമ്പോളത്തില്‍ കിട്ടുകയും എളുപ്പമായിരുന്നില്ല. ചെടികളിലും പൂക്കളിലും നിന്ന് ചായങ്ങള്‍ ഉണ്ടാക്കുകയായിരുന്നു ചിത്രമെഴുത്തുകാരുടെ രീതി. പരമ്പരാഗതരീതിയില്‍ അഭ്യസനം തുടങ്ങിയ ബാലപ്രതിഭയായ രവിവര്‍മ്മ 1862 മേയില്‍ അമ്മാവനായ രാജരാജവര്‍മയോടൊപ്പം തിരുവനന്തപുരത്തെത്തി ആയില്യം തിരുനാള്‍ മഹാരാജാവിനെ സന്ദര്‍ശിച്ചു. ചിത്രകല പരിശീലിക്കാന്‍ തിരുവനന്തപുരത്ത് താമസിക്കാനായിരുന്നു മഹാരാജാവിന്റെ നിര്‍ദ്ദേശം. കൊട്ടാരത്തിലെ ഇറ്റാലിയന്‍ നവോത്ഥാന ശൈലിയിലെ ചിത്രങ്ങള്‍ കണ്ടു പഠിക്കാനും അവിടെയുണ്ടായിരുന്ന തമിഴ് നാട്ടുകാരായ ചിത്രമെഴുത്തുകാരുടെ രീതികള്‍ പഠിക്കാനും രവിവര്‍മയ്ക്കു കഴിഞ്ഞു.

1868-ല്‍ തിരുവനന്തപുരത്തു കൊട്ടാരത്തിലെത്തിയ തിയഡോര്‍ ജെന്‍സണ്‍ എന്ന ഡച്ച് ചിത്രകാരനില്‍ നിന്നാണ് രവിവര്‍മ പാശ്ചാത്യ ശൈലിയും എണ്ണച്ചായാ രചനാസമ്പ്രദായവും പരിചയപ്പെട്ടത്. മഹാരാജാവിന്റെയും രാജകുടുംബാംഗങ്ങളുടെയും ചിത്രങ്ങള്‍ പുതിയ ശൈലിയില്‍ രവിവര്‍മ വരച്ചു. 1873-ല്‍ ചെന്നൈയില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ 'മുല്ലപ്പൂ ചൂടിയ നായര്‍ സ്ത്രീ' എന്ന ചിത്രം ഒന്നാം സമ്മാനം നേടിയതോടെ രവിവര്‍മയുടെ പ്രശസ്തി ഉയരാന്‍ തുടങ്ങി. ഓസ്ട്രിയയിലെ വിയന്നയില്‍ നടന്ന ചിത്രപ്രദര്‍ശനത്തിലും ഈ ചിത്രത്തിനു സമ്മാനം കിട്ടി. അടുത്ത വര്‍ഷം വരച്ച 'തമിഴ് മഹിളയുടെ സംഗീതാലാപനം' (1874) വീണ്ടും ചെന്നൈയില്‍ സമ്മാനം നേടി. 'ദാരിദ്ര്യം' എന്ന പേരില്‍ ഈ ചിത്രം തിരുവനന്തപുരത്തെ ശ്രീ ചിത്രാ ആര്‍ട്ട് ഗാലറിയിലുണ്ട്. 1876-ല്‍ 'ശകുന്തളയുടെ പ്രേമവീക്ഷണ'വും ചെന്നൈ പ്രദര്‍ശനത്തില്‍ സമ്മാനം നേടി. കാലില്‍ ദര്‍ഭമുന തറഞ്ഞത് എടുക്കാന്‍ എന്ന നാട്യത്തില്‍ ശകുന്തള പിന്തിരിഞ്ഞ് ദുഷ്യന്തനെ നോക്കുന്ന കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തിലെ സന്ദര്‍ഭത്തിനു നല്‍കിയ ഈ ചിത്രവ്യാഖ്യാനം രവിവര്‍മയുടെ ഏറ്റവും പ്രശസ്തമായ രചനകളിലൊന്നാണ്. ബ്രിട്ടീഷ് ഓറിയന്റലിസ്റ്റായ മോണിയര്‍ വില്യംസ് പ്രസിദ്ധീകരിച്ച ശാകുന്തളം ഇംഗ്ലീഷ് പരിഭാഷയുടെ മുഖചിത്രവും ഇതായിരുന്നു.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍. ടി. മാധവറാവു രവിവര്‍മയ്ക്കു പരിചിതനായിരുന്നു. ബറോഡ (വഡോദര) യിലെ മഹാരാജാവിന്റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്ന മാധവറാവു 1880-ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ചപ്പോള്‍ രവിവര്‍മയുടെ ചില ചിത്രങ്ങള്‍ ബറോഡയ്ക്കുവേണ്ടി വാങ്ങി. പില്‍ക്കാലത്ത് രവിവര്‍മയുടെ കലാജീവിതത്തില്‍ ബറോഡ രാജകുടുംബം വലിയ പങ്കുവഹിച്ചതിന്റെ തുടക്കം അതായിരുന്നു. രവിവര്‍മച്ചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യശേഖരം ഇന്നും ബറോഡ രാജകുടുംബത്തിന്റെ കൈവശമാണ്. 1881-ല്‍ ബറോഡയില്‍ സായജിറാവു ഗെയ്ക് വാഡ് മഹാരാജാവായപ്പോള്‍ കിരീടധാരണോത്സവത്തില്‍ പങ്കെടുക്കാന്‍ രവിവര്‍മയ്ക്കു ക്ഷണം ലഭിച്ചു. അനുജന്‍ രാജരാജവര്‍മയോടൊപ്പം നാലുമാസം അദ്ദേഹം ബറോഡയിലെത്തി താമസിക്കുകയും നിരവധി പുരാണസന്ദര്‍ഭ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. 1885-ല്‍ മൈസൂര്‍ മഹാരാജാവ് ചാമരാജേന്ദ്ര ഒഡയാര്‍ അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി ചിത്രങ്ങള്‍ വരപ്പിച്ചു. 1888-മുതലാണ് രവിവര്‍മയുടെ ബറോഡകാലം ആരംഭിച്ചത്. രണ്ടു വര്‍ഷത്തെ ബറോഡാ ജീവിതത്തിനിടയില്‍ പുരാണസംബന്ധിയായ 14 ചിത്രങ്ങള്‍ അദ്ദേഹം വരച്ചു. ഉത്തരേന്ത്യയില്‍ വ്യാപകമായ യാത്രകളും നടത്തി. 1893-ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന ലോകപ്രദര്‍ശനത്തില്‍ രവിവര്‍മയുടെ പത്തു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

ചിത്രകാരനെന്ന നിലയില്‍ അഖിലഭാരതീയ പ്രശസ്തി ലഭിച്ചപ്പോഴാണ് ചിത്രങ്ങള്‍ മുദ്രണം ചെയ്ത് കുറഞ്ഞ വിലയ്ക്ക് എല്ലാവരിലും എത്തിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായത്. ആധുനിക സാങ്കേതികവിദ്യയുമായി ചിത്രകലയെ ബന്ധിപ്പിക്കാനുള്ള ആ തീരുമാനം ഇന്ത്യന്‍ ചിത്രകലാചരിത്രത്തില്‍ പുതിയൊരധ്യായത്തിനു തുടക്കം കുറിച്ചു. 1894-ല്‍ മുംബൈയില്‍ വിദേശത്തുനിന്നും ഒരു കളര്‍ ഓളിയോ ഗ്രാഫിക് പ്രസ് സ്ഥാപിച്ച് അദ്ദേഹം ചിത്രങ്ങളുടെ വിലകുറഞ്ഞ പ്രിന്റുകള്‍ മുദ്രണം ചെയ്തു തുടങ്ങി. 1897-ല്‍ മുംബൈയിലും പൂണെയിലും പ്ലേഗ് പടര്‍ന്നു പിടിച്ചപ്പോള്‍ പ്രസ് അടച്ചു പൂട്ടേണ്ടി വന്നു. ഒടുവില്‍ 1901 ജനുരി 21-ന് നിസ്സാരവിലയ്ക്ക് പ്രസും എണ്‍പതിലധികം ചിത്രങ്ങളുടെ പ്രസാധനാവകാശവും അദ്ദേഹത്തിനു വില്‍ക്കേണ്ടി വന്നു.

ഇന്ത്യയിലെ മഹാരാജാക്കന്മാരും ബ്രിട്ടീഷ് ഭരണാധികാരിമാരുമെല്ലാം രവിവര്‍മയെക്കൊണ്ട് ചിത്രം വരപ്പിക്കാന്‍ അത്യധികം ആഗ്രഹിച്ചിരുന്നു. രാജസ്ഥാനിലെ ഉദയപ്പൂര്‍ മഹാരാജാവ് അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി തന്റെ പൂര്‍വികരുടെ ചിത്രങ്ങള്‍ വരപ്പിച്ചു. ഇക്കൂട്ടത്തിലുള്ള മഹാറാണാ പ്രതാപിന്റെ ചിത്രം ഛായാപട രചനയിലെ മാസ്റ്റര്‍പീസുകളിലൊന്നാണ്. 1904-ല്‍ ചെന്നൈയിലെ അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ ആര്‍തര്‍ ഹാവ്‌ലോക്കിന്റെ ചിത്രം വരയ്ക്കാന്‍ രവിവര്‍മയെ ചുമതലപ്പെടുത്തി. ഈ വര്‍ഷം തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് കേസര്‍-ഇ-ഹിന്ദ് ബഹുമതിയും നല്‍കി. ആദ്യമായിട്ടായിരുന്നു ഒരു കലാകാരന് ആ ഉന്നത ബഹുമതി ലഭിക്കുന്നത്.

'ഹംസദമയന്തി', 'സീതാസ്വയംവരം', 'സീതാപഹരണം', 'സീതാഭൂപ്രവേശം', 'ശ്രീരാമപട്ടാഭിഷേകം', 'വിശ്വാമിത്രനും മേനകയും', 'ശ്രീകൃഷ്ണ ജനനം', 'രാധാമാധവം', 'അര്‍ജ്ജുനനും സുഭദ്രയും' തുടങ്ങിയവയാണ് രവിവര്‍മയുടെ പ്രധാന പുരാണ ചിത്രങ്ങള്‍. 'സ്‌നാനം കഴിഞ്ഞ സ്ത്രീ', 'നര്‍ത്തകി', 'വിദ്യാര്‍ത്ഥി', 'സരസ്വതി', 'വിരാട രാജധാനിയിലെ ദ്രൗപദി', 'ഇന്ത്യയിലെ സംഗീതജ്ഞര്‍', 'അച്ഛന്‍ ഇതാ വരുന്നു', 'ഉദയപ്പൂര്‍ കൊട്ടാരം', 'ഭടന്‍', 'ലക്ഷ്മി', 'യശോദയും കൃഷ്ണനും', 'കാദംബരി' തുടങ്ങിയ അനേകം പ്രശസ്ത രചനകള്‍ അദ്ദേഹം സൃഷ്ടിച്ചു. ജീവിതാന്ത്യത്തില്‍ കിളിമാനൂരിലേക്കു മടങ്ങുകയും സമൃദ്ധമായ രചനാജീവിതത്തില്‍ മുഴുകുകയും ചെയ്ത ആ വരയുടെ തമ്പുരാന്‍ 1906 ഒക്ടോബര്‍ രണ്ടിന് അന്തരിച്ചു.

ഇന്ത്യയില്‍ പലയിടത്തുമുള്ള സ്വകാര്യ ശേഖരങ്ങളിലും തിരുവനന്തപുരത്തെ ശ്രീചിത്രാ ആര്‍ട്ട് ഗാലറിയിലുമാണ് രവിവര്‍മയുടെ ചിത്രങ്ങളുള്ളത്. ഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ഉള്‍പ്പെടെ നിരവധി മ്യൂസിയങ്ങളിലും ചിത്രങ്ങളുണ്ട്.

രവിവര്‍മ്മയ്ക്കു ശേഷം
രാജാരവിവര്‍മയുടെ സഹോദരങ്ങളായ സി. രാജരാജവര്‍മയും മംഗളാഭായി തമ്പുരാട്ടിയും ഒന്നാന്തരം ചിത്രമെഴുത്തുകാരായിരുന്നു. കേരളത്തിലെ ആദ്യത്തെ അറിയപ്പെടുന്ന ചിത്രകാരിയും മംഗളാഭായി ആയിരിക്കണം. രാജാരവിവര്‍മയുടെ പ്രശസ്തമായ ഛായാപടം വരച്ചത് അവരാണ്. ഭൂഭാഗ ചിത്രണത്തിലായിരുന്നു രാജരാജവര്‍മയ്ക്കു മികവ്. തിരുവിതാംകൂര്‍ രാജകൊട്ടാരത്തിലെ ചിത്രകാരന്മാരായിരുന്ന അച്യുതന്‍ പിള്ള, കിഴക്കേമഠം പദ്മനാഭന്‍ തമ്പി എന്നിവരും രവിവര്‍മയുടെ സമകാലികരായിരുന്നു.

രവിവര്‍മയുടെ മകന്‍ രാമവര്‍മരാജാ, പി. ജെ. ചെറിയാന്‍, എന്‍. എന്‍. നമ്പ്യാര്‍, കെ. മാധവമേനോന്‍, പി. ഗംഗാധരന്‍, രാമകൃഷ്ണനാശാരി, സി. വി. ബാലന്‍ നായര്‍, പി. ഐ. ഇട്ടൂപ്പ് തുടങ്ങിയവരാണ് രവിവര്‍മക്കു ശേഷം ഉയര്‍ന്നു വന്ന തലമുറയില്‍ ഏറ്റവും ശ്രദ്ധേയര്‍. ചിത്രമെഴുത്ത് പി. ജെ. ചെറിയാന്‍ എന്നും ആര്‍ട്ടിസ്റ്റ് പി. ജെ. ചെറിയാന്‍ എന്നും അറിയപ്പെട്ടിരുന്ന പി. ജെ. ചെറിയാന്‍ (1891 - 1981) ചിത്രകാരന്‍, ചിത്രകലാധ്യാപകന്‍, ആദ്യകാല ചലച്ചിത്രപ്രവര്‍ത്തകര്‍, നാടകനടന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനായിരുന്നു. ചെന്നൈയില്‍ നിന്നാണ് അദ്ദേഹം ചിത്രകല പഠിച്ചത്. പോര്‍ട്രെയ്റ്റ് പെയിന്റിങ്ങില്‍ പ്രത്യേക വൈദഗ്ധ്യം നേടി തിരിച്ചെത്തിയ ചെറിയാന്‍ ഉപരിപഠനത്തിനായി 1913-ല്‍ മാവേലിക്കരയിലെത്തി രാമവര്‍മരാജായുടെ ശിഷ്യനായി. ഇരുവരും ചേര്‍ന്നാണ് മാവേലിക്കരയില്‍ രവിവര്‍മ പെയിന്റിങ്ങ് സ്കൂള്‍ സ്ഥാപിച്ചത്. 1921-ല്‍ ചെന്നൈയിലും ചെറിയാന്‍ ഒരു സ്റ്റുഡിയോ സ്ഥാപിച്ചു. നാടകത്തിനും സിനിമയ്ക്കുമൊക്കെയായി ജീവിതം പങ്കുവച്ച ചെറിയാന്‍ 1981 ജനുവരി 18-ന് അന്തരിച്ചു. 'എന്റെ കലാജീവിതം', 'കലാവീക്ഷണം' എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.

ബംഗാളിലെ ശാന്തിനികേതനില്‍ ചിത്രകല പഠിച്ച കെ. മാധവമേനോന്‍ കേരളത്തിന്റെ ചിഹ്നങ്ങളാണ് തന്റെ കാന്‍വാസുകളിലേക്കു കൊണ്ടു വന്നത്. ശാന്തിനികേതനിലെ പഠനം കൊണ്ടു തന്നെ സ്വാഭാവികമായും പ്രബലമായ ബംഗാള്‍ സ്കൂളിന്റെ സ്വാധീനതയില്‍ പെട്ടുപോകാമായിരുന്ന മേനോന്‍ ബോധപൂര്‍വം അതില്‍ നിന്നു വിട്ടുനിന്നതിന് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ തെളിവു നല്‍കുന്നു. കേരളീയ ഭൂപ്രകൃതിയും താമരക്കുളങ്ങളും പക്ഷികളും മഴയും തെങ്ങുകളും നിറഞ്ഞു നില്‍ക്കുന്നവയാണ് മാധവമേനോന്റെ ചിത്രങ്ങള്‍. അവയില്‍ 'റൊമാന്റിക് കാവ്യാത്മകത തോന്നിക്കുന്ന ഒരുതരം ക്ലാസിസം കാണാം'(2). പാശ്ചാത്യശൈലിയുമായി പുലബന്ധം പോലുമില്ല മാധവമേനോന്റെ ചിത്രങ്ങള്‍ക്ക്. ഭാരതീയ ശൈലിയിലാണ് അദ്ദേഹം അടിയുറച്ചു നിന്നത്.

പാശ്ചാത്യമായ വസ്തുനിഷ്ഠപഠനത്തിനു പ്രാധാന്യം നല്‍കിയ ഡോ. എ. ആര്‍. പൊതുവാള്‍, രവിവര്‍മയുടെ സ്വാധീനതയില്‍പ്പെട്ട ചിത്രകാരന്മാരായ ആര്‍. ഗോവിന്ദനാശാരി, വി. എസ്. വല്യത്താന്‍, ടി. എ. ശ്രീധരന്‍, ടി. വി. ബാലകൃഷ്ണന്‍ നായര്‍, ആര്‍. ഹരി തുടങ്ങിയ ഒട്ടേറെ ചിത്രകാരന്മാര്‍ ഇക്കാലത്ത് പ്രശസ്തരായിരുന്നു.

കെ. സി. എസ്. പണിക്കര്‍
ഭാരതീയ ചിത്രകലയില്‍ ആധുനികതയുടെ വെളിച്ചം കൊണ്ടുവന്ന ചിത്രകാരനായിരുന്നു കെ. സി. എസ്. പണിക്കര്‍ (കിഴക്കേ ചിരമ്പത്ത് ശങ്കരപ്പണിക്കര്‍ 1911 - 1977).

മദ്രാസ് സ്കൂള്‍ എന്നറിയപ്പെട്ട ചിത്രകലാപ്രവണതയെ നയിക്കുകയും പാശ്ചാത്യസ്വാധീനത്തില്‍ നിന്നു മുക്തമായ ആധുനികത അവതരിപ്പിക്കുകയും ചോളമണ്ഡലം എന്ന പ്രശസ്തമായ കലാകാരഗ്രാമം സൃഷ്ടിക്കുകയും ചെയ്തു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഭാരതീയ ചിത്രകലയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വങ്ങളിലൊന്നാണ് പണിക്കരുടേത്. ബംഗാള്‍ സ്കൂള്‍ എന്നറിയപ്പെടുന്ന ചിത്രകലാ പ്രസ്ഥാനത്തിന്റെ ആധിപത്യം നിലനിന്ന കാലത്താണ് പണിക്കര്‍ വരച്ചു തുടങ്ങിയത്. ഒപ്പം പാശ്ചാത്യ ശൈലിയുടെ സ്വാധീനവും ശക്തമായി നിന്നിരുന്നു. അവ രണ്ടില്‍ നിന്നുമുള്ള മോചനമാണ് പണിക്കര്‍ സാധിച്ചത്. കേരളത്തിനു പുറത്തു ജീവിച്ചുകൊണ്ട് കേരളീയമായ രൂപങ്ങളും ദൃശ്യങ്ങളും സ്വന്തം ചിത്രങ്ങളില്‍ വിന്യസിച്ച പണിക്കര്‍ തദ്ദേശീയമായ ആധുനികതയ്ക്കു രൂപം നല്‍കി.

തപാല്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന പണിക്കര്‍ ചെറുപ്പത്തില്‍ തന്നെ വര തുടങ്ങിയെങ്കിലും ചിത്രകല പഠിച്ചത് ഉദ്യോഗം രാജിവച്ചശേഷമായിരുന്നു. 1936-ല്‍ അദ്ദേഹം ജോലിയുപേക്ഷിച്ച് ചെന്നൈയിലെ സ്കൂള്‍ ഓഫ് ആര്‍ട്‌സില്‍ ചേര്‍ന്നു. 1940-ല്‍ ഡിപ്ലോമ നേടിയ പണിക്കര്‍ അടുത്ത വര്‍ഷം അവിടെ അധ്യാപകനായി.

പരമ്പരാഗത ചിത്രരചനാരീതികള്‍ക്കായിരുന്നു അന്ന് ദക്ഷിണേന്ത്യയില്‍ പ്രാധാന്യം. അതിനു വിരുദ്ധമായ മറ്റൊരു ചിത്രണശൈലി സ്വപ്‌നം കണ്ട പണിക്കര്‍ 1944-ല്‍ ചെന്നൈയില്‍ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന രൂപവത്കരിച്ചു. അതിന്റെ ആഭിമുഖ്യത്തില്‍ ചിത്രകലയിലെ ആധുനിക പ്രവണതകളെപ്പറ്റി ചര്‍ച്ചകളും പ്രദര്‍ശനങ്ങളും പതിവായി നടത്തി. പുതിയൊരു ചിത്രകലാശൈലിയുടെ ആവിര്‍ഭാവ വര്‍ഷങ്ങളായിരുന്നു അത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ന്യൂഡല്‍ഹി, ലണ്ടന്‍ എന്നിവിടങ്ങളില്‍ നടന്ന ചിത്ര പ്രദര്‍ശനങ്ങളിലും പണിക്കര്‍ പങ്കെടുത്തു. ജലച്ചായത്തില്‍ നിരവധി മാസ്റ്റര്‍പീസ് രചനകള്‍ ഇക്കാലത്ത് അദ്ദേഹം വരച്ചു. കേരളഗ്രാമങ്ങളിലെ തോടുകളും തോപ്പുകളും നിറഞ്ഞ ഭൂഭാഗദൃശ്യചിത്രങ്ങളായിരുന്നു അവ. ഗ്രാമദൃശ്യത്തിന്റെ തെളിമ ആവിഷ്കരിക്കാന്‍ സാന്ദ്രത കൂടിയ എണ്ണച്ചായത്തേക്കാള്‍ നല്ലത് സുതാര്യമധ്യമമായ ജലച്ചായമാണെന്നു പണിക്കര്‍ തിരിച്ചറിഞ്ഞിരുന്നു. 1954-ല്‍ ന്യൂഡല്‍ഹിയിലെ ലളിതകലാ അക്കാദമി ഭരണസമിതിയംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട്, ഇറ്റലി, എന്നിവിടങ്ങളില്‍ ഇ വര്‍ഷം പര്യടനം നടത്തിയ പണിക്കരുടെ ഏകാംഗപ്രദര്‍ശനങ്ങള്‍ ലണ്ടന്‍, പാരീസ്, ലീല്‍ നഗരങ്ങളില്‍ നടന്നു. 1955-ല്‍ സ്കൂള്‍ ഓഫ് ആര്‍ട്ടിന്റെ വൈസ് പ്രിന്‍സിപ്പലായ പണിക്കര്‍ 1957-ല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്തെത്തി. പത്തു വര്‍ശത്തിനു ശേഷം അദ്ദേഹം വിരമിച്ചു. ഈ കാലയളവിനിടയ്ക്ക് നിരവധി വിദേശസഞ്ചാരങ്ങളും കലാപ്രദര്‍ശനങ്ങളും പണിക്കര്‍ നടത്തി. മദ്രാസ് സ്കൂള്‍ എന്ന ചിത്രകലാ പ്രവണതയുടെ വികാസവും ചോളമണ്ഡലത്തിന്റെ സ്ഥാപനവും ഉണ്ടായതും ഇതിനിടയിലാണ്. ന്യൂയോര്‍ക്കില്‍ നടന്ന വേള്‍ഡ് ആര്‍ട്ട് കോണ്‍ഗ്രസ് (1963) ടോക്യോ ഇന്റര്‍ നാഷണല്‍ എക്‌സിബിഷന്‍ (1964), ലണ്ടനിലെ ഫെസ്റ്റിവല്‍ ഹാള്‍ എക്‌സിബിഷന്‍ (1965), വെനീസ് ബിനെയ്ല്‍ (1967) തുടങ്ങിയ അന്താരാഷ്ട്ര പ്രദര്‍ശനങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. 1966-ല്‍ ചെന്നൈയുടെ പ്രാന്തത്തിലുള്ള ഇരിഞ്ചമ്പാക്കത്ത് പണിക്കരുടെ മാനസസന്താനമായ 'ചോളമണ്ഡലം' എന്ന കലാഗ്രാമം സ്ഥാപിതമായി. 1968 - 1976 കാലത്ത് നിരവധി പ്രദര്‍ശനങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. 1976-ല്‍ ലളിതകലാ അക്കാദമി പണിക്കര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കി. 1977 ജനുവരി 15-ന് അദ്ദേഹം ചെന്നൈയില്‍ അന്തരിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം 1979 മേയ് 30-ന് തിരുവനന്തപുരത്ത് മ്യൂസിയം വളപ്പില്‍ അദ്ദേഹത്തിന്റെ 65-ല്‍ അധികം ചിത്രങ്ങളുള്ള കെ. സി. എസ്. പണിക്കേഴ്‌സ് ഗാലറി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു.

പണിക്കരുടെ ചിത്രകലയില്‍ വ്യക്തമായി വേര്‍തിരിക്കാവുന്ന പല ഘട്ടങ്ങളുണ്ട്. ഭൂഭാഗദൃശ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കിയ 1940-കളിലെ ജലച്ചായ ചിത്രങ്ങള്‍, പിന്നീടുള്ള മനുഷ്യരൂപത്തിനു രൂപം നല്‍കിയ മനുഷ്യാകാരചിത്രങ്ങള്‍, വാക്കുകളും പ്രതീകങ്ങളും നിറഞ്ഞ അമൂര്‍ത്ത ചിത്രങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ കലാവികാസത്തിലെ വ്യത്യസ്ത ഘട്ടങ്ങളെ കുറിക്കുന്നു. 'അമ്മയും കുട്ടിയും' (1954), 'പാപിനി' (1956), 'ചുവപ്പു നിറമുള്ള മുറി' (1960)തുടങ്ങിയ ചിത്രങ്ങള്‍ മനുഷ്യാകാര ചിത്രങ്ങളുടെ ഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട രചനകളാണ്. നര്‍ത്തകികള്‍, ക്ഷേത്രത്തിലേക്ക്, പീറ്ററുടെ നിഷേധം, ആള്‍ക്കൂട്ടത്തിലെ ക്രിസ്തു, നൃത്തം ചെയ്യുന്ന പെണ്‍കുട്ടി തുടങ്ങിയ നിരവധി പ്രശസ്ത രചനകളും ഇക്കാലത്ത് അദ്ദേഹം സൃഷ്ടിച്ചു. വാക്കുകളും പ്രതീകങ്ങളും എന്ന ചിത്രപരമ്പരയാണ് പണിക്കരുടെ അമൂര്‍ത്ത ഘട്ടത്തിന്റെ ഉദാഹരണം. കേരളീയ പാരമ്പര്യത്തില്‍ നിന്നു സ്വീകരിച്ചിട്ടുള്ള മോട്ടീഫുകളാണ് ഈ ചിത്രങ്ങളില്‍ പ്രയോഗിക്കപ്പെട്ടിട്ടുള്ളത്.

പണിക്കര്‍ നേതൃത്വം നല്‍കിയ ഒരു സംഘം ആധുനിക കലാകാരന്മാരെയാണ് മദ്രാസ് സ്കൂള്‍ എന്നു വിളിക്കുന്നത്. വസ്തുവിന്റെ ആകൃതി പകര്‍ത്തുമ്പോള്‍ രേഖയ്ക്കു നല്‍കിയ പ്രാധാന്യമാണ് മദ്രാസ് സ്കൂളിന്റെ സംഭാവന. സന്താനരാജ്, ആദിമൂലം, റെഡ്ഡപ്പ നായിഡു, എം. വി. ദേവന്‍, അക്കിത്തം നാരായണന്‍, രാമാനുജം, കെ. വി. ഹരിദാസന്‍, നമ്പൂതിരി, ടി. കെ. പദ്മിനി, പാരീസ് വിശ്വനാഥന്‍, പി. ഗോപിനാഥ്, എ. സി. കെ. രാജ, ഡഗ്ലസ്, ആന്റണി ദാസ്, അല്‍ഫോണ്‍സോ, എസ്. ജി. വാസുദേവ് തുടങ്ങിയ നിരവധി പ്രഗല്ഭ പെയിന്റര്‍മാര്‍ ഈ ഗണത്തില്‍പ്പെടുന്നു. 1960-കളിലാണ് മദ്രാസ് സ്കൂളിന്റെ സുവര്‍ണകാലം. സാഹിത്യത്തിലും കലയിലുമെല്ലാം ആധുനികതാപ്രസ്ഥാനം (modernism)നിറഞ്ഞൊഴുകിയ കാലമായിരുന്നു. അത്.

പണിക്കര്‍ക്കു ശേഷം
സി. കെ. രാ (സി. കെ. രാമകൃഷ്ണന്‍ നായര്‍), അപ്പുക്കുട്ടനാശാരി, എം. വി. ദേവന്‍, കെ. വി. ഹരിദാസന്‍, എ. സി. കെ. രാജാ, രുക്മിണീ വര്‍മ, ടി. കെ. പത്മിനി, ടി. പി. രാധാമണി, എച്ച്. ഗീത, ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍, കാട്ടൂര്‍ നാരായണപിള്ള, സനാതനന്‍, എ. രാമചന്ദ്രന്‍, എം. ആര്‍. ഡി. ദത്തന്‍, പി. എസ്. പുണിഞ്ചിത്തായ, കെ. ദാമോദരന്‍, പാരീസ് വിശ്വനാഥന്‍, മോഹന്‍കുമാര്‍, അക്കിത്തം നാരായണന്‍, മുത്തുക്കോയ, ബാലന്‍ നമ്പ്യാര്‍, സി. എന്‍. കരുണാകരന്‍, കലാധരന്‍, ജയപാലപ്പണിക്കര്‍ തുടങ്ങിയ ഒട്ടേറെ ചിത്രമെഴുത്തുകാര്‍ ആധുനികതാ പ്രസ്ഥാനത്തില്‍ ഉയര്‍ന്നു വന്നു. ടി. കെ. പദ്മിനി, എ. രാമചന്ദ്രന്‍, വിശ്വനാഥന്‍ തുടങ്ങിയവരുടെ പേരുകള്‍ പ്രത്യേകം പ്രസ്താവ്യമാണ്.

29 വയസ്സുവരെ മാത്രം ജീവിച്ചിരുന്ന ടി. കെ. പദ്മിനി (1940 - 1969) ആധുനികതയുടെ ഏറ്റവും ശക്തയായ പ്രതിനിധിയായിരുന്നു. മദ്രാസ് സ്കൂളിന്റെ സന്താനമായിരുന്നു അവര്‍. ചെന്നൈ സ്കൂള്‍ ഓഫ് ആര്‍ട്‌സില്‍ പഠിച്ച പത്മിനി 1968-ല്‍ പ്രശസ്ത ചിത്രകാരനായ കെ. ദാമോദരനെ വിവാഹം കഴിച്ചു. 1969 മേയ് 11-ന് പ്രസവത്തെ തുടര്‍ന്ന് പത്മിനി അന്തരിച്ചു.

സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്നു കൊണ്ടാണ് പത്മിനി വരച്ചതും. കേരളീയ ഗ്രാമക്ഷേത്രങ്ങളിലെ ശില്പങ്ങളുടെ ആകാരം പത്മിനിയുടെ ചിത്രങ്ങളില്‍ കാണാം. ദക്ഷിണേന്ത്യന്‍ ക്ഷേത്ര ശില്പങ്ങളിലെ ഉദാത്ത ശൈലിക്കു പകരം തനി കേരളീയമായ ശില്പശൈലിയില്‍ നിന്നും അവര്‍ തന്റെ ചിത്രരൂപങ്ങള്‍ രൂപപ്പെടുത്തി. പൊടിയും എണ്ണയും കുഴഞ്ഞ് എണ്ണക്കറുപ്പായ ആ വിഗ്രഹശില്പങ്ങളുടെ വര്‍ണ വിന്യാസമാണ് തന്റെ ചിത്രങ്ങളില്‍ പത്മിനി സ്വീകരിച്ചത്. വര്‍ണമിതത്വമാണ് അവയുടെ പ്രത്യേകത. നഗ്ന സ്ത്രീരൂപങ്ങളും അര്‍ദ്ധനഗ്നരൂപങ്ങളും അവയില്‍ പ്രാധാന്യത്തോടെ നില്‍ക്കുന്നു. ദീര്‍ഘശരീരവും ബൊമ്മക്കണ്ണുകളുമുള്ളവയാണ് ആ രൂപങ്ങള്‍. സന്ദര്‍ഭ ചിത്രീകരണമോ സംഭവാഖ്യാനമോ ഇല്ലാത്ത ചിത്രങ്ങളിലൂടെ ആധുനികതയുടെ സ്വഭാവം പത്മിനി വെളിപ്പെടുത്തി.

30 എണ്ണച്ചായാ ചിത്രങ്ങളടക്കം ഇരുനൂറോളം പെയിന്റിങ്ങുകളും സ്‌കെച്ചുകളും പത്മിനി വരച്ചിട്ടുണ്ട്. ശീര്‍ഷകങ്ങളില്ലാത്തവയാണ് മിക്ക രചനകളും. ആധുനികതയുടെ അമൂര്‍ത്തതാ സങ്കല്പം തുടിച്ചു നില്‍ക്കുന്ന 'മരിക്കുന്ന പക്ഷി', 'പട്ടം പറപ്പിക്കുന്ന പെണ്‍കുട്ടി' തുടങ്ങിവ ഉള്‍പ്പെടെയുള്ള ആ ചിത്രങ്ങള്‍ കേരളീയ ചിത്രകലയുടെ മുതല്‍ക്കൂട്ടുകളാണ്. തൃശ്ശൂരിലെ ലളിതകലാ അക്കാദമി ഗാലറിയിലാണ് പത്മിനിയുടെ മിക്ക ചിത്രങ്ങളും സൂക്ഷിച്ചിട്ടുള്ളത്. ഹ്രസ്വകാലം മാത്രം ജീവിച്ച അക്കാദമിയുടെ പ്രശംസാപത്രവും 1967-ല്‍ അക്കാദമി അവാര്‍ഡും 1965-ല്‍ അസോസിയേഷന്‍ ഓഫ് യങ് പെയിന്റേഴ്‌സ് ആന്‍ഡ് സ്കള്‍പ്‌ചേഴ്‌സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

ആധുനികതയ്ക്കു ശേഷം
എണ്‍പതുകളോടെ രംഗത്തെത്തിയ ചിത്രകാരില്‍ പ്രമുഖരാണ് ടി. കലാധരന്‍, അല്ക്‌സ് മാത്യു, വത്സന്‍ കൊലേരി, എന്‍. എന്‍. മോഹന്‍ ദാസ്, അജയ കുമാര്‍, ബാബു സേവ്യര്‍, ഗോപീ കൃഷ്ണന്‍, ജ്യോതിബാസു, സജിത ശങ്കര്‍, ജോര്‍ജ്, പുഷ്കിന്‍, എ. സജിത് തുടങ്ങിയവര്‍. 1980-കളുടെ അവസാനം റാഡിക്കല്‍ പെയിന്റേഴ്‌സ് എന്ന പേരില്‍ ഒരു സംഘം യുവകലാകാരന്മാര്‍ ചിത്രശില്പകലകളില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ ശ്രമിച്ചു. ഇന്ന് സജീവമായിരംഗത്തുള്ള ഇവരില്‍ ഉത്തരാധുനികമായ സൗന്ദര്യബോധമാണ് മുന്നിട്ടു നില്‍ക്കുന്നത്.


 

Photos
Photos
information
Souvenirs
 
     
Department of Tourism, Government of Kerala,
Park View, Thiruvananthapuram, Kerala, India - 695 033
Phone: +91-471-2321132 Fax: +91-471-2322279.

Tourist Information toll free No:1-800-425-4747
Tourist Alert Service No:9846300100
Email: info@keralatourism.org

All rights reserved © Kerala Tourism 1998. Copyright Terms of Use
Designed by Stark Communications, Hari & Das Design.
Developed & Maintained by Invis Multimedia