ജീവിതാനുഭവങ്ങളുടെ വൈചിത്ര്യവും വൈപുല്യവും അടയാളപ്പെടുത്തുന്നതാണ് സ്മരണികകളുടെ ശേഖരം. സഞ്ചാരികള്‍ക്ക് ഇവയോടുള്ള പ്രിയം വര്‍ദ്ധിക്കും, കേരളം പോലെ അന്യാദൃശമായ ഒരിടത്തെ തനതു വസ്തുക്കള്‍ എക്കാലവും വില പിടിപ്പുള്ളവയാണ്. സംസ്കാരം, ചരിത്രം, കലാവഴക്കങ്ങള്, സാമൂഹ്യ-മത സവിശേഷതകള്‍ എന്നിവ പ്രതിഫലിപ്പിക്കുന്നവയാണ് ഓരോ സ്ഥലത്തെയും സ്മരണികകള്‍. കൈത്തറി, സ്വര്‍ണ്ണാഭരണങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവ കേരളത്തിന്റെ തനിമ വിളിച്ചോതുന്നവയാണ്. ശില്പ ചാതുര്യത്തിനും, സവിശേഷ രൂപഘടനയ്ക്കും, സംവിധാന ശൈലിക്കും പ്രസിദ്ധമാണ് നമ്മുടെ കരകൗശല വസ്തുക്കള്‍. ആറന്മുള കണ്ണാടി (ലോഹ കണ്ണാടി), ചിരട്ട, മരം, മുള, കളിമണ്ണ് എന്നിവയില്‍ നിന്നുള്ള കലാസൃഷ്ടികള്‍, ചുവര് ചിത്രങ്ങള്‍, കസവു സാരി പോലുള്ള കൈത്തറി ഉല്പന്നങ്ങള് തുടങ്ങി നിരവധിയാണ് കേരളത്തിന്റെ കാഴ്ചപെട്ടിയില്.