Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

1 ആമുഖം

കേരളത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കേണ്ട പുതിയ വളര്‍ച്ചാ മേഖലയായാണ് വിനോദസഞ്ചാരത്തെ സര്‍ക്കാര്‍ കാണുന്നത്.അതുകൊണ്ടുതന്നെ, വിനോദസഞ്ചാര വികസനമെന്നത് കേരളത്തിന്റെ വികസന പ്രക്രിയയിലെ സുപ്രധാനമായ ഘടകമായാണ് സര്‍ക്കാര്‍ കാണുന്നത്. വര്‍ത്തമാനകാലത്ത് വിനോദസഞ്ചാര രംഗം വളര്‍ച്ചയുടേയും മത്സരത്തിന്റെയും പാതയിലൂടെയാണ് നീങ്ങുന്നത്. ലോകമെമ്പാടുമുള്ള വിവിധ മേഖലകളുടെ വരുമാന വളര്‍ച്ച വിലയിരുത്തുമ്പോള്‍ ടൂറിസം മേഖലയില്‍ നിന്നുള്ള വരുമാനം മറ്റു മേഖലകളെ അപേക്ഷിച്ച് കൂടുതലാണെന്ന് മനസ്സിലാക്കാനാകും. സംസ്ഥാനവരുമാനത്തിന്റെ 10 ശതമാനം ടൂറിസം മേഖലയില്‍ നിന്നാണ്. ഇന്ത്യയിലെ സ്ഥിതിയും ഇതില്‍നിന്ന് വ്യത്യസ്തമല്ലെന്നു കാണാം.

രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്നതില്‍ മൂന്നാംസ്ഥാനത്താണ് ടൂറിസം മേഖല. ഒഴിവുകാലം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചെലവഴിക്കുന്നതിന് താല്‍പര്യപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഈ സാധ്യതയെ എത്രത്തോളം സംസ്ഥാനത്തിന് പ്രയോജനപ്രദമാക്കാന്‍ കഴിയുമെന്നതാണ് പ്രധാനം. ഗുണമേന്മയോടെ കേരളം മുന്നോട്ടുവയ്ക്കുന്ന ടൂറിസം അനുഭവങ്ങള്‍ ലഭ്യമാക്കാന്‍ അയല്‍സംസ്ഥാനങ്ങള്‍ക്കും ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ക്കും കഴിയുന്നു എന്ന വസ്തുതയും കണ്ടുകൊണ്ടു വേണം ഈ രംഗത്ത് ഇടപെടാന്‍. ഇത് മനസ്സിലാക്കിക്കൊണ്ടുള്ള സമഗ്രമായ ഒരു കാഴ്ചപ്പാട് ആവിഷ്കരിക്കാനാവണം.

കേരളം ജൈവവൈവിധ്യവും പ്രകൃതിസൗന്ദര്യവും കൊണ്ട് അനുഗൃഹീതമാണ്. എന്നാല്‍ ആ ടൂറിസം സാധ്യതകളെ ആ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ നമുക്കാകുന്നില്ല എന്ന പരിമിതി നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴും ഏതാനും പ്രധാന കേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയാണ് നമ്മുടെ ടൂറിസം വളര്‍ന്നുവരുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന കാര്യത്തില്‍ നാം പുറകില്‍ നില്‍ക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും, മൂലധന നിക്ഷേപം വേണ്ടപോലെ ഉണ്ടാകാത്തതും ഈ രംഗത്തെ പ്രധാന പ്രശ്നമായി നിലനില്‍ക്കുന്നു. മികച്ച ടൂറിസം കേന്ദ്രങ്ങള്‍ പോലും ശരിയായി പരിപാലിക്കപ്പെടുന്നില്ലെന്ന പരാതികള്‍ വിനോദസഞ്ചാര മേഖലയെ നേരത്തെ തന്നെ ദോഷകരമായി ബാധിച്ചിട്ടുണ്ട് എന്നതും നാം കാണേണ്ടതുണ്ട്.

കേരളത്തില്‍ നിലനില്‍ക്കുന്ന ഇത്തരം പരിമിതികളെ മറികടക്കുന്നവിധം നിലവിലുള്ള ടൂറിസം നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയണം. സമഗ്രമായ പരിഷ്കരണമാണ് ഈ രംഗം ആവശ്യപ്പെടുന്നത് എന്നര്‍ത്ഥം. കേരളത്തിന്റെ എല്ലാ മേഖലകളിലേയും സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതോടൊപ്പം, നിലവിലുള്ളതിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനുമാവണം. ജനങ്ങളെ തന്നെ ഇതില്‍ ഇടപെടുവിക്കാന്‍ പറ്റുന്ന ഒരു നയം ആവിഷ്കരിക്കാനാവണം.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ പലതരത്തില്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പരിസ്ഥിതിക്ക് പോറലേല്‍പ്പിക്കാതെ, എങ്ങനെ വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്താം എന്ന കാര്യവും നാം പരിശോധനയ്ക്ക് വിധേയമാക്കണം. നമ്മുടെ പ്രകൃതിസൗന്ദര്യത്തെ ആകമാനം പ്രയോജനപ്പെടുത്തുന്ന വിധം ആ നയം മാറേണ്ടതുമുണ്ട്. നമ്മുടെ സാംസ്കാരിക പാരമ്പര്യത്തേയും ജൈവവൈവിധ്യങ്ങളില്‍ ഊന്നിയ പ്രകൃതിസൗന്ദര്യത്തെയും പ്രയോജനപ്പെടുത്തിക്കൊണ്ട് വിനോദസഞ്ചാരമേഖലയെ ശക്തിപ്പെടുത്താനാണ് കഴിയേണ്ടത്. നമ്മുടെ സംസ്കാരത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ആതിഥേയ മനസ്സിന് കൂടുതല്‍ പ്രചോദിപ്പിച്ചുകൊണ്ടുള്ള ഒരു നയം ആവിഷ്കരിക്കാനാവണം. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന കേരളത്തില്‍ തൊഴില്‍ തുറന്നുതരുന്ന മേഖല എന്ന നിലയിലും ഇതിന്റെ പ്രാധാന്യം ഏറെ വലുതാണെന്ന് കാണണം. ഈ രംഗത്തെ വികസനത്തിന് മൂലധനത്തിന്റെ ആവശ്യകതയുണ്ടെന്നും മനസ്സിലാക്കേണ്ടതുണ്ട്. പ്രവാസികളുടെയും, സംരംഭക തല്‍പ്പരുടെയും സഹായത്തോടെ വിനോദസഞ്ചാര മേഖലയില്‍ മുന്നേറ്റം കൊണ്ടുവരാനാകും. സര്‍ക്കാരിന്റെ ഇടപെടലോടൊപ്പം, സ്വകാര്യ സംരംഭകരേയും പ്രോത്സാഹിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതിന് കഴിയേണ്ടതുണ്ട്.

ടൂറിസ്റ്റുകളുടെ സവിശേഷത