സവിശേഷമായ ഭൂപ്രകൃതി

സവിശേഷമായ ഭൂപ്രകൃതി

ഭൂമിശാസ്ത്രപരമായി പ്രധാനമായും മൂന്നു വ്യത്യസ്ത പ്രദേശങ്ങളായി കേരളത്തെ വിഭജിക്കാം. കിഴക്കും തെക്കു വടക്കുമായി നീണ്ടു കിടക്കുന്നത് പശ്ചിഘട്ട മലനിരകളാണ്. ഇടയ്ക്ക് പാലക്കാട് ജില്ലയിലെ 20 കിലോമീറ്ററോളം വീതിയിലുള്ള  പാലക്കാടന്‍ ചുരമൊഴികെ (പാലക്കാട് ഗ്യാപ്പ്)  ബാക്കി ഭാഗങ്ങളിലായി പശ്ചിമഘട്ടത്തിന്റെ സാന്നിദ്ധ്യം കേരളത്തെ വ്യത്യസ്തമാക്കുന്നു. പശ്ചിമഘട്ടത്തില്‍ നിന്ന് പടിഞ്ഞാറോട്ട് ചെരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് കേരളത്തിന്. പശ്ചിമഘട്ട കൊടുമുടികളില്‍ നിന്ന് ചാഞ്ഞിറങ്ങുന്ന മലനിരകള്‍ മദ്ധ്യത്തിലെത്തുമ്പോൾ ഇടനാടന്‍ കുന്നുകളായി രൂപം മാറുന്നു. ഇതിനും പടിഞ്ഞാറ് സമതലങ്ങളും കടൽത്തീരവുമാണ്. ഇങ്ങനെ വനസമ്പത്തും, പടിഞ്ഞാട്ട് ഒഴുകുന്ന നദികളും, അവ പരിപോഷിപ്പിക്കുന്ന കൃഷിഭൂമികളും, സമൃദ്ധമായ ഉൾനാടൻ ജലാശയങ്ങളും എല്ലാം ചേർന്ന് സമ്പന്നമാണ് കേരളത്തിന്റെ ഭൂപ്രകൃതി. 

ഋതുഭേദങ്ങള്‍

ഋതുഭേദങ്ങള്‍

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയും ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയും തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷവും, വടക്കു കിഴക്കന്‍ കാലവര്‍ഷവും (മലയാളിയുടെ ഭാഷയില്‍ ഇടവപ്പാതിയും, തുലാവര്‍ഷവും) എന്നിങ്ങനെ മഴ സമൃദ്ധമായ രണ്ടു ഘട്ടങ്ങളും ഫെബ്രുവരി മുതല്‍ മേയ് അവസാനം വരെ സൂര്യന്‍ കനിഞ്ഞനുഗ്രഹിക്കുന്ന വേനല്‍ക്കാലവും ആണ് കേരളത്തിന്റെ പ്രധാന കാലാവസ്ഥ. ഡിസംബര്‍ മുതല്‍ ജനുവരി അവസാനം വരെ അന്തരീക്ഷോഷ്മാവ് അല്പം താഴുന്ന ശീതകാലവും ഉണ്ട്. സാധാരണയായി കേരളത്തിന്റെ അന്തരീക്ഷോഷ്മാവ് 28 മുതല്‍ 32 ഡിഗ്രി എന്നതോതിലാണ്. ഡിസംബറില്‍ കുറച്ചു താഴാം. എന്നാല്‍ കിഴക്ക് പശ്ചിമഘട്ടത്തിന്റെ ഉയര്‍ന്ന പ്രദേശത്ത് ഇത് 8 - 12 ഡിഗ്രി വരെയാകാം. പൊതുവെ തീരപ്രദേശത്തായാലും ഇടനാട്ടിലായാലും വലിയ ഉയര്‍ച്ച താഴ്ചകളില്ലാത്ത അന്തരീക്ഷ താപനില വര്‍ഷത്തില്‍ എല്ലാ സമയത്തും സന്ദര്‍ശകര്‍ക്ക് ആസ്വാദ്യകരമാകും.

ജനങ്ങളും ജീവിതവും

ജനങ്ങളും ജീവിതവും

സാമൂഹ്യക്ഷേമത്തിലും ജീവിതനിലവാരത്തിലും മുന്‍നിരയിലുള്ള കേരളം രാജ്യത്ത് ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനമാണ്. ആയുര്‍ദൈർഘ്യത്തിലും മാതൃശിശു ആരോഗ്യത്തിലും കേരളം ലോകനിലവാരത്തിനൊത്ത് ഉയര്‍ന്നു നില്‍ക്കുന്നു. ഏഷ്യയില്‍ തന്നെ ഏറ്റവും മുന്നിലാണ് സ്ത്രീകളുടെ സാക്ഷരതാ നിരക്ക്. മറ്റേതു സംസ്ഥാനത്തേക്കാളും നഗര - ഗ്രാമഭേദമില്ലാതെ കേരളത്തിന് ഒരു ആധുനിക സമൂഹത്തിന്റെ സ്വഭാവ സവിശേഷതകള്‍ ഉണ്ട്, സമൂഹത്തിന്റെ എല്ലാ തട്ടുകളിലും ഈ സാര്‍വ്വജനീനത സ്വഭാവികമായുണ്ട്. സാധ്യതകളും സേവനങ്ങളും  എല്ലാവര്‍ക്കും തുല്യമായി ലഭ്യമാകുന്നതാണ് പൊതുവേ സാമൂഹികസ്ഥിതി.

ചരിത്രം

ചരിത്രം

ചരിത്രശേഷിപ്പുകള്‍ കേരളത്തിന്റെ പുരാതനവാണിജ്യ ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്.   ഇന്ത്യയുടെ സുഗന്ധവിളകളുടെ തീരം എന്നു കീർത്തികേട്ട  കേരളത്തിലേക്ക് ഏതുകോണില്‍ നിന്നുമുള്ള സഞ്ചാരികളും കച്ചവടസംഘങ്ങളും എത്തിച്ചേര്‍ന്നിരുന്നു. ഗ്രീക്കുകാരും, റോമക്കാരും, അറബ് വംശജരും, ചീനക്കാരും തുടര്‍ന്ന് ആധുനിക കാലത്ത് പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് സംഘങ്ങളും ഇവിടെയെത്താൻ കാരണം ഇതുതന്നെ. ഭരണരീതി, സംസ്കാരം, ജീവിതശൈലി എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ വിദേശസാന്നിധ്യങ്ങള്‍ കേരളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ വിഭിന്നരായ സഞ്ചാരികളുമായി ഒത്തു ചേരാനും ഇടപെടാനും അവരെ സ്വീകരിക്കാനും കേരളത്തിന് അവര്‍ക്കു മാത്രമായ ചില തുറസ്സുകളുണ്ട്.

കേരളത്തിന്റെ സ്ഥാനം

ഇന്ത്യയുടെ തെക്കു പടിഞ്ഞാറന്‍ തീരത്താണ് കേരളം സ്ഥിതി ചെയ്യുന്നത്.

ജില്ലകള്‍

Kerala Map

പ്രധാന നഗരങ്ങള്‍

തിരുവനന്തപുരം
കൊല്ലം
കൊച്ചി
തൃശ്ശൂര്‍
കോഴിക്കോട്

വിമാനത്താവളങ്ങള്‍

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം
കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം (CIAL), നെടുമ്പാശ്ശേരി
കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, കരിപ്പൂര്‍
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

വിസാ നിബന്ധനകള്‍

വിസ സംബന്ധമായ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

പോലീസ് ഹെല്‍പ്പ് ലൈന്‍

ഹൈവേകളില്‍ സഞ്ചരിക്കുമ്പോള്‍ : + 91 98461 00100
തീവണ്ടികളില്‍ സഞ്ചരിക്കുമ്പോള്‍ : + 91 98462 00100

സഞ്ചാരികളും ടൂര്‍ ഓപ്പറേറ്റര്‍മാരും പാലിക്കേണ്ട നിബന്ധനകള്‍

സഞ്ചാരികള്‍ക്കും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുമുള്ള പെരുമാറ്റ ചട്ടങ്ങളുടെ വിശദാംശങ്ങള്‍ ഈ വെബ്‌സൈറ്റിന്റെ ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള വിഭാഗത്തില്‍ ലഭ്യമാണ്.

വെബ്‌സൈറ്റിനെക്കുറിച്ച്

കേരള സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണിത്. രാജ്യത്തെ ഏറ്റവും പ്രചാരമുള്ള യാത്രാ (ട്രാവല്‍) വെബ്‌സൈറ്റുകളിലൊന്നുമാണ്. ദൈവത്തിന്റെ സ്വന്തം നാട് എന്നു പൊതുവെ അറിയപ്പെടുന്ന കേരളത്തിന്റെ, ബഹുമുഖ സവിശേഷതകള്‍ സവിസ്തരം ഇതില്‍ പ്രതിപാദിക്കുന്നു. 1998 മുതല്‍ ഇത് ഓണ്‍ലൈനില്‍ ലഭ്യമാണ്. 10 ഇന്ത്യന്‍ ഭാഷകളിലുള്‍പ്പെടെ 21 ഭാഷകളില്‍ ഇതു ലഭിക്കും. ഓരോ വര്‍ഷവും 30 ലക്ഷത്തിലേറെയാണ് ഈ സൈറ്റിലേക്കുള്ള സന്ദര്‍ശനം. ഇടയ്ക്കിടെയും ഓരോ പ്രത്യേകാവശ്യങ്ങള്‍ക്കുമായും ഈ വെബ്‌സൈറ്റിലെ വിവരങ്ങള്‍ പുതുക്കും. 360 ഡിഗ്രി വീഡിയോകള്‍, ആയിരക്കണക്കിനു ചിത്രങ്ങളും ഉള്‍പ്പെടെ വലിയൊരു വിവരസഞ്ചയം ഇതിലുണ്ട്. ലോകമാകെയുള്ള സഞ്ചാരികള്‍ക്ക് ഈ വെബ്‌സൈറ്റില്‍ നിന്നു വിവരങ്ങള്‍ ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്കും സംശയങ്ങള്‍ തീര്‍ക്കാനും വെബ്ബിനെ സമീപിക്കുന്നവര്‍ക്ക് ഇങ്ങോട്ടും പ്രതികരിക്കാം. അന്വേഷണങ്ങള്‍, യാത്രാ സഹായി, ഓണ്‍ലൈന്‍ മല്‍സരങ്ങള്‍, ഓണ്‍ലൈന്‍ ദൃശ്യ ശ്രാവ്യ പരമ്പരകള്‍, വീഡിയോ ചോദ്യോത്തരങ്ങള്‍, തത്സമയ വെബ് കാസ്റ്റുകള്‍, ഇ-ബുക്കുകള്‍, ഇ-ന്യൂസ് ലെറ്ററുകള്‍ എന്നിങ്ങനെ ആധുനിക ഓണ്‍ലൈന്‍ ഉപയോക്താവിന് പരസ്പരം പ്രതികരിക്കാവുന്ന ഉപയോക്തൃ സൗഹൃദമായ ആധുനിക പ്രതികരണ (Must modern interactives) സംവിധാനങ്ങള്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്. കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഈ വെബ്‌സൈറ്റ് ഒട്ടേറെ ബഹുമതിക്കര്‍ഹത നേടിയതാണ്. 2000 - 2001, 2002 - 2003, 2005 - 2006, 2008 - 2009, 2010 - 2011, 2012 - 2013, 2013 - 2014, 2014 - 2015 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതി, 'അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ്', ഈ വെബ്‌സൈറ്റിനു ലഭിച്ചു. വിവര സാങ്കേതിക വിദ്യ ഏറ്റവും പുതുമയാര്‍ന്ന് ഉപയോഗിച്ചതിന് (Most Innovative Use of Information Technology), ഏറ്റവും മികച്ച വിനോദ സഞ്ചാര വെബ്‌സൈറ്റ് എന്നീ വിഭാഗങ്ങളിലായിരുന്നു ഈ ബഹുമതി. 2014-ലെ വെബ് രത്‌ന അവാര്‍ഡില്‍ ഗോള്‍ഡന്‍ ഐക്കണ്‍ അവാര്‍ഡ് - മികച്ച വിവരമൂല്യങ്ങള്‍ക്ക്, (Outstanding Content) കേരള വിനോദ സഞ്ചാര വകുപ്പിന്റെ വെബ്‌സൈറ്റിനായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ത്താ വിതരണ, വിവര സാങ്കേതികതാ വകുപ്പാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. പി.സി.വേള്‍ഡ് മാഗസിന്റെ Net 4 PC World Web Award -ഉം 2008-ല്‍ ഈ വെബ്‌സൈറ്റിനായിരുന്നു. വിനോദസഞ്ചാര വിഭാഗത്തില്‍ ഇന്ത്യയിലെ ഏറ്റവും മേന്മയേറിയ വെബ്‌സൈറ്റിനാണ് ഇതു നല്‍കുന്നത്. 2005, 2013, 2014, 2016 എന്നീ വര്‍ഷങ്ങളില്‍ Pacific Asia Travel Association-ന്റെ (PATA) ഏറ്റവും മികച്ച ഇ-ന്യൂസ് ലെറ്ററിനുള്ള അവാര്‍ഡും ഈ വെബ്‌സൈറ്റിനായിരുന്നു. 2010-ല്‍ മികച്ച വെബ്‌സൈറ്റായും PATA തിരഞ്ഞെടുത്തിരുന്നു. ഒരു ദശകമായി രാജ്യത്ത് വെബ് ലോകത്ത് കേരള വിനോദ സഞ്ചാര  വകുപ്പ് എന്നും ഒന്നാം സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഏഷ്യാ-പസഫിക് മേഖലയിലും, മിഡില്‍ ഈസ്റ്റിലും ഏറ്റവും കൂടുതല്‍ വിസിറ്റ് രേഖപ്പെടുത്തുന്നു. 10 വിനോദ സഞ്ചാര വെബ്‌സൈറ്റുകളില്‍ പ്രമുഖം എന്ന സ്ഥാനവും കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഈ വെബ്‌സൈറ്റിനാണ്.