Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

12 പുതിയ ടൂറിസം ഉല്‍പന്നങ്ങള്‍

കേരളത്തെ ടൂറിസം ഡെസ്റ്റിനേഷന്‍ ആക്കുന്നതിലേക്കായി റിന്യൂവബിള്‍ എനര്‍ജി വ്യാപകമാക്കും. പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും.ഖരമാലിന്യങ്ങള്‍ എവിടെയും കൂമ്പാരമാക്കാന്‍ അനുവദിക്കില്ല. ഇലക്ട്രിക്കല്‍ വെഹിക്കിള്‍ വ്യാപിപ്പിക്കും. മാലിന്യരഹിത ജലമാര്‍ഗ ഗതാഗതം പ്രോത്സാഹിപ്പിക്കും. കീടനാശിനികള്‍ ഇല്ലാത്ത പച്ചക്കറികള്‍ എവിടെയും ലഭ്യമാക്കും. പരിസ്ഥിതി സൗഹൃദ ടൂറിസം വികസിപ്പിക്കും.

(1) പുതിയ ഉല്‍പന്നങ്ങള്‍ കണ്ടെത്തി ടൂറിസം അനുഭവത്തെ കൂടുതല്‍ വൈവിദ്ധ്യവത്ക്കരിക്കേണ്ടതുണ്ട്. ടൂറിസ്റ്റുകള്‍ക്ക് കൂടുതല്‍ പങ്കാളിത്ത അനുഭവം നല്‍കുന്ന ഉല്‍പന്നങ്ങള്‍ ഉണ്ടാകണം. ഇതിനായി സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകും.

(2) ആയൂര്‍വേദ ചികിത്സ കൂടുതല്‍ ആകര്‍ഷകവും ശാസ്ത്രീയവും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും ശക്തമായ നടപടിയുണ്ടാകും. പ്രത്യേക രോഗങ്ങള്‍ക്ക് ആയൂര്‍വേദ വിധി പ്രകാരമുള്ള പാക്കേജുകള്‍ തയ്യാറാക്കണം. ദന്തചികിത്സ പാശ്ചാത്യരാജ്യങ്ങളെക്കാള്‍ വളരെ ചെലവു കുറച്ച് നമ്മുടെ നാട്ടില്‍ നിര്‍വഹിക്കാനാവും. ആരോഗ്യ ടൂറിസത്തിന്റെ ഇത്തരം മേഖലകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കും.

(3) ആയൂര്‍വേദ കേന്ദ്രങ്ങള്‍, ഹൗസ്ബോട്ടുകള്‍, മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ റേറ്റിംഗ് സമ്പ്രദായം കൂടുതല്‍ കര്‍ശനമാക്കും. ഹോട്ടലുകള്‍ക്ക് ഇന്ന് നിലവിലുള്ള സ്റ്റാര്‍ പദവികള്‍ക്കു പുറമെ സേവന ഗുണനിലവാരവും കൂടി കണക്കിലെടുത്ത് പ്രത്യേക റേറ്റിംഗ് നല്‍കും.

(4) കൊച്ചി ബിനാലെ ഇതിനകം ലോക കലാപ്രദര്‍ശനത്തില്‍ ഒരു സ്ഥാനം നേടികഴിഞ്ഞിട്ടുണ്ട്. സമാനമായി അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന വേദികള്‍ സൃഷ്ടിക്കാന്‍ ഇടപെടലുണ്ടാകും. ആഗോള ലിറ്റററി ഫെസ്റ്റിവല്‍, രാജ്യാന്തര സംഗീതോത്സവം തുടങ്ങിയവ സാമൂഹികസംഘടനകളുടെ പങ്കാളിത്തതോടെ സംഘടിപ്പിക്കും. രാജ്യാന്തര ചലച്ചിത്രോത്സവം, രാജ്യാന്തരനാടകോത്സവം തുടങ്ങിയവ പുതിയ ടൂറിസം ഉത്പന്നങ്ങളാക്കി മാറ്റും.

(5) കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങളുടെയും ഉത്സവങ്ങളുടെയും ജലമേളകളുടെയും വാര്‍ഷിക കലണ്ടര്‍ ലഭ്യമാക്കും. ഈ കലണ്ടറില്‍ സ്ഥാനം പിടിക്കണമെങ്കില്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തും.

(6) കേരളത്തിലെ അനുഷ്ഠാനകലകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള കലാകാരന്മാര്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുകയും അവ സംബന്ധിച്ച് വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്യും. അന്യം നിന്ന് പോകുന്ന കലാരൂപങ്ങള്‍ സംരക്ഷിച്ച് വിദേശസഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ പ്രോത്സാഹന പദ്ധതികള്‍ ആവിഷ്കരിക്കും.

(7) ക്രാഫ്റ്റു വില്ലേജുകള്‍ സ്ഥാപിച്ച് ടൂറിസ്റ്റുകളുടെ ഓര്‍ഡര്‍ പ്രകാരം ഉല്പന്നങ്ങള്‍ നേരിട്ട് വാങ്ങാന്‍ സൗകര്യമുണ്ടാക്കും. ഇരിങ്ങല്‍ സര്‍ഗാലയ, വെള്ളാര്‍ എന്നീ ക്രാഫ്റ്റ് വില്ലേജുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ഇരിങ്ങല്‍ സര്‍ഗാലയയില്‍ കരകൗശല ഉത്പന്നങ്ങളുടെ നിര്‍മ്മാണം മുതല്‍ ഉത്പാദനം വരെ കണ്ട് മനസിലാക്കാന്‍ സൗകര്യമുണ്ടാകും. എല്ലാ വര്‍ഷവും അന്താരാഷ്ട്ര കലാ കരകൗശല മേള സംഘടിപ്പിക്കും. കലാ-കരകൗശല ഗ്രാമങ്ങളുടെ പുനര്‍നിര്‍മ്മിത മാതൃക സര്‍ഗാലയയില്‍ തയ്യാറാക്കും. കരകൗശല ഉല്പന്നങ്ങളുടെ ഡിസൈനിംഗിനും, ഉല്പാദനത്തിനും ഈ കേന്ദ്രങ്ങളില്‍ പ്രത്യേക പരിശീലന പരിപാടികള്‍ നടപ്പാക്കും. സ്വര്‍ണ്ണം,വെള്ളി,ഓട്, കളിമണ്ണ് മേഖലയിലെ പരമ്പരാഗത തൊഴിലാളികളുടെ വൈദഗ്ദ്യം ടൂറിസം ബന്ധിത ഉല്പന്നങ്ങള്‍ സൃഷ്ടിക്കുന്നതിനായി പ്രയോജനപ്പെടുത്തും.

(8) വയനാട്ടില്‍ വന്‍ജനപ്രീതി നേടികൊണ്ടിരിക്കുന്ന മഡ്ഫുട്ബോള്‍ മികച്ച മണ്‍സൂണ്‍കാല വിനോദമായി വികസിപ്പിക്കാവുന്നതാണ്.ഇത്തരത്തില്‍ പ്രാദേശികമായ കായികവിനോദങ്ങള്‍ കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഉള്‍പെടുത്തും. ഗവി പോലെ കാലവര്‍ഷ കാലത്ത് വേറിട്ട അനുഭവം നല്‍കുന്ന കേന്ദ്രങ്ങളെ സ്വദേശത്തും, വിദേശത്തും പരിചയപ്പെടുത്തുന്നത് വഴി സീസണല്ലാത്ത മണ്‍സൂണ്‍കാലം കൂടി വിപണനം ചെയ്യാനാകും.

(9) മുസിരിസ് പൈതൃകപദ്ധതിയും തലശേരി പൈതൃകപദ്ധതിയും വിഭാവനം ചെയ്തതുപോലെ സമയബന്ധിതമായി നടപ്പാക്കും.കേരളത്തിലെ പുരാതന തുറമുഖ കേന്ദ്രങ്ങളെയും സുഗന്ധദ്രവ്യങ്ങളുടെ കൃഷികേന്ദ്രങ്ങളായ കാലടി, ആനക്കര തുടങ്ങിയ ഉല്‍പാദനമേഖലകളെയും ബന്ധപ്പെടുത്തി സ്പൈസസ് റൂട്ട് ആവിഷ്ക്കരിക്കുക എന്ന യുനെസ്കോ കാഴ്ച്ചപ്പാട് പ്രാവര്‍ത്തികമാക്കാന്‍ മുന്‍ഗണന നല്‍കും.

(10) കൃഷി, പരമ്പരാഗത വ്യവസായം, കലാരൂപങ്ങള്‍ തുടങ്ങിയവയെ അടിസ്ഥാനമാക്കി പ്രത്യേക ചെറു മ്യൂസിയങ്ങള്‍ രൂപീകരിച്ച് പൈതൃക സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തും.

(11)തോട്ടം മേഖല, കൃഷിയിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ഫാം ടൂറിസം വികസിപ്പിക്കുന്നതിന് ഗ്രീന്‍ഫാം പദ്ധതി നടപ്പാക്കും. കൃഷി വകുപ്പിന്റെ കീഴിലുള്ള കൃഷി ഫാമുകളും, മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മാട്ടുപ്പെട്ടി പോലുള്ള കന്നുകാലി ഫാമുകളും ഉള്‍പ്പെടുത്തി ടൂറിസം പാക്കേജുകള്‍ തയ്യാറാക്കും. ഇടത്തര, ചെറുകിട കര്‍ഷകരെ ഉള്‍പ്പെടുത്തി പ്രത്യേക കാര്‍ഷിക പാക്കേജുകള്‍ വികസിപ്പിച്ച് ഗ്രീന്‍ഫാം പദ്ധതിക്ക് മൂല്യവര്‍ദ്ധിത ടൂറിസം ഉല്പന്നങ്ങള്‍ ലഭ്യമാക്കും.

(12) തദ്ദേശീയ ഭക്ഷണ പാനീയങ്ങള്‍ ടൂറിസം ഉല്പന്നമായി വികസിപ്പിക്കുന്നതിന് വേണ്ടി പ്രാദേശിക, ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഭക്ഷ്യമേളകളും, മത്സരങ്ങളും സംഘടിപ്പിക്കും.

(13) കരയിലും, ജലത്തിലും, ആകാശമാര്‍ഗ്ഗവുമുള്ള ഇക്കോ സാഹസിക വിനോദയാത്ര പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അടുത്ത പത്ത് വര്‍ഷം പ്രാമുഖ്യം നല്‍കും.ഇവ പ്രോത്സാഹിപ്പിക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രത്യേക പ്രോത്സാഹനവും നല്‍കും.സാഹസിക ടൂറിസം പദ്ധതികള്‍ക്ക് അതിവേഗ അനുമതി നല്‍കുന്നതിനായി ഏകജാലക പദ്ധതി നടപ്പിലാക്കും.

(14) പുത്തന്‍ ടൂറിസം ഡെസ്റ്റിനേഷനുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കും. സാഹസിക ടൂറിസം പദ്ധതികള്‍ക്ക് മുന്‍ഗണന ലഭിക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിക്കും.

(15) ടൂറിസം രംഗത്ത് പ്രായേണ അവികസിതമായി നിലകൊള്ളുന്ന ഉത്തര മലബാര്‍ പ്രദേശം കേന്ദ്രീകരിച്ച് ബാക്ക് വാട്ടര്‍ ടൂറിസം,വെല്‍നസ്സ് ടൂറിസം, മെഡിക്കല്‍ ടൂറിസം, പൈതൃക ടൂറിസം ലെഷര്‍ ടൂറിസം എന്നിവ വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും.

(16) വന്‍ കിട-ഇടത്തരം കമ്പനികളുടെ അന്താരാഷ്ട്ര-ദേശീയ സമ്മേളനങ്ങള്‍ക്ക് വേദിയൊരുക്കുകവഴി ലീന്‍ സീസണ്‍ തരണം ചെയ്യാന്‍ സാധിക്കും. ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പൊതു-സ്വകാര്യ പങ്കാളിത്തം ഈ മേഖലയില്‍ പ്രയോജനപ്പെടുത്തും.

സുസ്ഥിര ടൂറിസം വികസനത്തിന് കര്‍മ്മപരിപാടി അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തല്‍


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text