Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

13 അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തല്‍

അന്താരാഷ്ട്രതലത്തില്‍ മത്സരം നേരിടുന്ന വ്യവസായം എന്ന നിലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള സേവനം ലഭ്യമാക്കേണ്ടത് കേരള ടൂറിസത്തിന്റെ അനിവാര്യതയാണ്. പൊതു അടിസ്ഥാന സൗകര്യങ്ങളും ടൂറിസം അടിസ്ഥാന സൗകര്യങ്ങളും ലോകനിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടതുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത്ത് കേരളം മുന്നിലാണെങ്കിലും ഇനിയും മുന്നേറാനുണ്ട്.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പൊതുവായ അടിസഥാന സൗകര്യവികസനം സര്‍ക്കാരിന്റെ ചുമതലയാണ്. റോഡ്, കുടിവെള്ളം, പൊതു ടോയ്ലറ്റുകള്‍, മാലിന്യ സംസ്ക്കരണ സൗകര്യങ്ങള്‍, കേബിള്‍, ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതി, കായല്‍ ടൂറിസത്തിന് വിഘാതം സൃഷ്ടിക്കുന്ന ആഫ്രിക്കന്‍ പായല്‍ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം, പാര്‍ക്കിംഗ് എന്നിവ ഇതിലുള്‍പ്പെടും. ഓരോ ടൂറിസം കേന്ദ്രത്തിലേയും പശ്ചാത്തലസൗകര്യ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും.

വെസ്റ്റേണ്‍ ഗാട്ട്സിന്റെ ഭാഗമായുള്ള മലയോരങ്ങളെ ബന്ധപ്പെടുത്തി ലോകോത്തര സഫാരി പാര്‍ക്ക് സ്ഥാപിക്കാനുള്ള സാധ്യത സര്‍ക്കാര്‍ കാണുന്നു. (Manmade Forest and Wild Safari Park) വടക്കന്‍ കേരളത്തില്‍ ഫിലിം സിറ്റിയും അമ്യൂസ്മെന്‍റ് പാര്‍ക്കും സ്ഥാപിക്കാന്‍ ശ്രമിക്കും.

ദേശീയ ജലപാത യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്, അതിലേക്ക് റോഡ് കണക്ടിവിറ്റി ഏര്‍പ്പെടുത്തുന്നതും അതുവഴി പുതിയ ഡെസ്റ്റിനേഷനുകള്‍ സൃഷ്ടിക്കുന്നതും ജല-കനാല്‍ ടൂറിസം വികസിപ്പിക്കുന്നതുമാണ്.

നാഷണല്‍ ഹൈവേ, തീരദേശ ഹൈവേ, മലയോര ഹൈവേ, ദേശീയ ജലപാത - ഇവയെല്ലാം അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവയെ വികസിപ്പിക്കുന്നതിനോടൊപ്പം,റെയില്‍ മാര്‍ഗം ശക്തിപ്പെടുത്തി പ്രമുഖ റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തും.

നിശ്ചിത കാലയളവിനുള്ളില്‍ ഹരിതകേരള മിഷന്‍ വഴി, സംസ്ഥാനത്തെ കാര്‍ബണ്‍ നെഗറ്റീവ് ഗ്രീന്‍ ക്യാപ്പിറ്റല്‍ ആയി മാറ്റി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നടപടി സ്വീകരിക്കും.

പശ്ചാത്തലസൗകര്യ മാസ്റ്റര്‍ പ്ലാനുകള്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ മുന്‍കൈയില്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കും.ഇതിന് വിവിധ ഡിപ്പാര്‍ട്ടുമെന്‍റുകളും ഏജന്‍സികളും തമ്മിലുള്ള ഏകോപനം ഉറപ്പാക്കും.

അടിസ്ഥാന ഇന്‍റര്‍നെറ്റ് സൗകര്യം കേരളത്തിലെങ്ങും ഏര്‍പ്പെടുത്തിക്കൊണ്ട് ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്താന്‍ പുതിയ റോഡുകള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം നിലവിലുള്ളവ മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്തും. കിഫ്ബി വഴിയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും തമ്മിലുള്ള ഏകോപനം വഴിയും ഇത് നടപ്പാക്കും.

മുഖ്യമന്ത്രി അദ്ധ്യക്ഷനായും, ടൂറിസം വകുപ്പ് മന്ത്രി ഉപാദ്ധ്യക്ഷനായും, റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി വകുപ്പ്,തദ്ദേശ സ്വയം ഭരണ വകുപ്പ്, വനം വകുപ്പ്, ജലസേചന വകുപ്പ് എന്നിവയുടെ മന്ത്രിമാര്‍ അംഗങ്ങളായുമുള്ള ക്യാബിനറ്റ് കമ്മിറ്റിയുടെ മേല്‍നോട്ടം ഇതിനുണ്ടാകും.

കേരളത്തിലേയ്ക്കുള്ള ഉയര്‍ന്ന യാത്രാ ചെലവ്, നേരിട്ടുള്ള വിമാനങ്ങളുടെ എണ്ണക്കുറവ് എന്നിവ കൂടുതല്‍ ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് തടസമാണ്. യൂറോപ്പില്‍ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ ഉണ്ടായാല്‍ വലിയ ഗുണം ചെയ്യും. വിമാനാത്താവളങ്ങളില്‍ നിന്ന് ടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് മികച്ച യാത്രാസൗകര്യം ഉറപ്പുവരുത്തും.

സ്വകാര്യ സംരംഭകര്‍ ഒരുക്കുന്ന ഹൗസ് ബോട്ടുകള്‍, ഗ്രീന്‍ ഹൗസുകള്‍, ആയൂര്‍വ്വേദ റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍ തുടങ്ങിയവയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് വിലയിരുത്തി അവര്‍ക്കുവേണ്ടിയുള്ള സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കും.

പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെ താമസസൗകര്യം വര്‍ദ്ധിപ്പിക്കും. ഇതിനായി ഹോം സ്റ്റേകള്‍ക്ക് മുന്‍ഗണന നല്‍കും. സ്വകാര്യ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുവേണ്ടി ഓരോ കേന്ദ്രത്തിനും പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കും.

മികച്ച സാമൂഹിക അന്തരീക്ഷം വിനോദസഞ്ചാരവികസനത്തിന് അത്യന്താപേക്ഷിതമാണ്. പൊതുക്രമസമാധാനനില മെച്ചപ്പെടുത്തും.ഇതിനൊപ്പം ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ സുരക്ഷ മെച്ചപ്പെടുത്തും. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം പോലീസ് കേന്ദ്രങ്ങള്‍ ഉറപ്പാക്കും. ടൂറിസം മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണവും പരിശീലന ക്ലാസുകളും സംഘടിപ്പിക്കും.

സാഹസികവിനോദസഞ്ചാരകേന്ദ്രങ്ങളിലും ജല വിനോദകേന്ദ്രങ്ങളിലും മറ്റും സുരക്ഷ ഉറപ്പാക്കാന്‍ നടപടിയുണ്ടാകും. നീന്തല്‍ അറിയാവുന്ന ടൂറിസ്റ്റു വാര്‍ഡന്മാരെ ജല ടൂറിസം കേന്ദ്രങ്ങളില്‍ വിന്യസിക്കും.

ടൂറിസം അടിസ്ഥാനസൗകര്യങ്ങളില്‍ വഴിയോര സൗകര്യങ്ങള്‍, സൈന്‍ ബോര്‍ഡ്, വിവര ലഭ്യതാ കേന്ദ്രം, താമസസൗകര്യം തുടങ്ങിയവയ്ക്ക് നിര്‍ണായക പങ്കുണ്ട്. ഇതിനായി ടൂറിസം വകുപ്പ് മുന്‍കൈയ്യെടുത്ത് സ്വകാര്യ മേഖലയെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളേയും സഹകരണ പ്രസ്ഥാനങ്ങളേയും സഹകരിപ്പിച്ച് പദ്ധതികള്‍ ആവിഷ്കരിക്കും. ടൂറിസം വകുപ്പ് നടപ്പാക്കിവരുന്ന ഗ്രീന്‍കാര്‍പ്പെറ്റ് പദ്ധതി ഇത്തരം ഏകോപനത്തിന് ആക്കം കൂട്ടും.

മൊബൈല്‍ ക്യാമറയില്‍ സെല്‍ഫി ചിത്രം പകര്‍ത്തുന്നതിനിടെ കുറെയധികം മരണം നമ്മുടെ നാട്ടിലും രാജ്യത്തും വിദേശത്തുമെല്ലാം സംഭവിക്കുന്നുണ്ട്. ടൂറിസം കേന്ദ്രങ്ങളില്‍ അപകടകരമായ മേഖലകളില്‍ മുന്നറിയിപ്പ് നല്‍കി നോ സെല്‍ഫി സോണ്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും.

വിനോദസഞ്ചാരകേന്ദ്രങ്ങളിലെ പാര്‍ക്ക്, ജലതീര മേഖലകള്‍ തുടങ്ങിയവയവയുടെ പരിപാലനത്തിനും സംരക്ഷണത്തിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കും. ഇതിനായി ജില്ലാ ടൂറിസം വികസന കൗണ്‍സിലും (ഡിറ്റിപിസി)തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ സഹകരണം ഉറപ്പാക്കും.

ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസന പരിപാടികള്‍ക്ക് രൂപരേഖ തയ്യാറാക്കുന്നതിനും സമയബന്ധിതമായി നടപ്പാക്കുന്നതിനും കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനെ (കെടിഐഎല്‍) ചുമതലപ്പെടുത്തും.

ടൂറിസം വകുപ്പ് പുതുതായി നിര്‍മ്മിക്കുന്ന എല്ലാ അടിസ്ഥാന സൗകര്യ പദ്ധതികളും ഭിന്നശേഷിയുള്ളവര്‍ക്കും, ട്രാന്‍സ്ജെന്‍ഡറുകള്‍ അടക്കമുള്ള പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും പ്രാപ്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇതിനനുസൃതമായി മെച്ചപ്പെടുത്തും.

പുതിയ ടൂറിസം ഉല്‍പന്നങ്ങള്‍ വിഭവസമാഹരണം


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text

Other Comments - 3

sonus complete
masszymes

Shankar Kumar
05-03-2021 7:58 am

organifi

Shankar Kumar
05-03-2021 7:39 am

VVVV

Shankar Kumar
05-03-2021 7:32 am