Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

14 വിഭവസമാഹരണം

(1)വിഭവസമാഹരണത്തിന് സര്‍ക്കാര്‍ മുന്നോട്ടുവച്ച പുത്തന്‍ ആശയമായ കിഫ്ബിയുടെ സാധ്യത ടൂറിസം അടിസ്ഥാനസൗകര്യ വികസനത്തിനായി പരമാവധി ഉപയോഗപ്പെടുത്തും.

(2)ടൂറിസം കേന്ദ്രങ്ങളിലെ പശ്ചാത്തലസൗകര്യങ്ങള്‍ സ്വകാര്യ നിക്ഷേപകര്‍ക്കുള്ള സഹായങ്ങള്‍, പരസ്യം, പരിശീലനം തുടങ്ങിയവയ്ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ ബജറ്റ് വിഹിതം ഗണ്യമായി വര്‍ദ്ധിപ്പിക്കും. ടൂറിസം മേഖലയില്‍ നിന്നു സമാഹരിക്കുന്ന വിഭവത്തില്‍ ഗണ്യമായ ഒരു നിശ്ചിതവരുമാനം ഈ മേഖലയുടെ തന്നെ വികസനത്തിനായി മുതല്‍ മുടക്കും. സ്വകാര്യ സംരംഭകരാണ് ഈ വ്യവസായമേഖലയിലെ മുഖ്യനിക്ഷേപകരും സംരംഭകരും എന്ന് അംഗീകരിക്കുന്നതിനോടൊപ്പം നിലവിലുള് പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന സമീപനം കൈക്കൊള്ളും.

(3) സ്വകാര്യ- സഹകരണ മേഖലയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിക്കും. ഇതിനായി പ്രാദേശിക പ്രത്യേകതകള്‍ ഉള്‍കൊള്ളുന്ന ടൂറിസം നിക്ഷേപസാധ്യത മേഖലകള്‍ കണ്ടെത്തി പട്ടിക പ്രസിദ്ധീകരിക്കും. സ്വകാര്യ സംരംഭകര്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മൂലധന നിക്ഷേപം നടത്തുന്നത് പ്രോത്സാഹിപ്പിക്കാന്‍ ഇരിങ്ങല്‍ സര്‍ഗാലയ മാതൃകയില്‍ സൗകര്യങ്ങള്‍ ലഭ്യമാക്കും.

(4) നിക്ഷേപ സമാഹരണം, പദ്ധതി നടപ്പാക്കല്‍, നൂതന ആശയങ്ങളുടെ പ്രോത്സാഹനം എന്നിവയ്ക്ക് ആവശ്യമായ സാങ്കേതിക ഉപദേശവും സഹായവും കെടിഐഎല്‍ വഴിലഭ്യമാക്കും.

(5) ടൂറിസം നിക്ഷേപത്തില്‍ താരതമ്യേന പിന്നോക്കം നില്‍ക്കുന്ന ഉത്തര മലബാര്‍ ജില്ലകളില്‍ മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കും.കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വന്‍കിട ടൂറിസം പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 5 വര്‍ഷത്തേക്ക് നികുതി അവധി നല്‍കുന്നതാണ്. ഈ ജില്ലകളില്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ഏകജാലക പദ്ധതി നടപ്പിലാക്കി പദ്ധതികള്‍ക്ക് വേഗം അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നിലവിലെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ അതിവേഗം അനുമതി നല്‍കുന്നതിനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

(6) ഉത്തരവാദിത്ത ടൂറിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ മാനദണ്ഡമാക്കി അവ നടപ്പാക്കുന്ന യൂണിറ്റുകള്‍ക്ക് അര്‍ഹമായ സബ്സിഡി നല്കുന്നതിനുള്ള പദ്ധതി രൂപീകരിക്കും. ഇതിനായി ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോംസ്റ്റേ, ഹൗസ് ബോട്ട്, ആയുര്‍വേദ കേന്ദ്രങ്ങള്‍,ഗ്രീന്‍ ഫാം എന്നിവയ്ക്ക് ക്ലാസിഫിക്കേഷന്‍ നടപ്പാക്കും.

(7) ടൂര്‍ ഓപ്പറേഷന്‍, ഹോംസ്റ്റേ, സര്‍വ്വീസ്ഡ് വില്ല, ഹൗസ് ബോട്ട്, ആയുര്‍വേദ മേഖലകളിലെ പുതിയ സംരംഭം എന്നിവയ്ക്ക് ദേശീയ വിദേശ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നതിന് പ്രോത്സാഹനം നല്‍കും.

(8) ടൂറിസം നൂതന ആശയ മീറ്റും കേരള ടൂറിസം സംരംഭക മീറ്റും സംഘടിപ്പിക്കും.

(9) ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. ഓണ്‍ലൈന്‍ വഴി ടൂറിസം സ്ഥാപനങ്ങള്‍ നടത്തുന്നവരെയും ഇതിന്‍റെ പരിധിയില്‍ കൊണ്ടുവരും. ഓണ്‍ലൈന്‍ വഴിയും, നേരിട്ടും ടൂറിസത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നത് നിയന്ത്രിക്കാനും, ഉത്തരവാദിത്ത ബോധമുണ്ടാക്കുന്നതിനുമാണ് ഇത്.

അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തല്‍ കേരള ടൂറിസം സംരംഭകത്വഫണ്ട്


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text