Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

17 കേരള ടൂറിസം ബ്രാന്‍ഡ്

ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരളത്തിന്റെ പരസ്യ വാചകം ലോകമെങ്ങും പ്രസിദ്ധമാണ്. അത് ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പ്രചാരണത്തിനൊപ്പം, വൃത്തിയും ആതിഥ്യമര്യാദയും ഭംഗിയുമുള്ള നാടായി നമ്മുടെ സംസ്ഥാനം പൂര്‍ണമായും മാറേണ്ടതുണ്ട്.ഇതിനായി ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനൊപ്പം ആഗോളതലത്തില്‍ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നടപടി സ്വീകരിക്കും.

(1) കേരള ടൂറിസത്തിന് ഒരു ബ്രാന്‍ഡ് അംബാസഡറെ നിയോഗിക്കും. പ്രാഗല്‍ഭ്യം തെളിയിച്ച കലാകാരന്‍/കലാകാരി/കായികതാരം തുടങ്ങിയ രാജ്യാന്തര പ്രശസ്തിയുള്ള വ്യക്തിയെ ബ്രാന്‍ഡ് അംബാസിഡറാക്കി രാജ്യത്തിനകത്തും, പുറത്തും പ്രചാരണ പരിപാടികള്‍ ഊര്‍ജിതമാക്കും.

(2) വിദേശരാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും കേരള ടൂറിസത്തിന് നല്‍കുന്ന പ്രചാരണം കൂടുതല്‍ ലക്ഷ്യബോധത്തോടെയുള്ളതാക്കും. നിലവിലുള്ള വിപണന തന്ത്രങ്ങള്‍ അവലോകനത്തിന് വിധേയമാക്കി കാലോചിതമായി പരിഷ്കരിച്ച് പുതിയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ ആവിഷ്കരിക്കും.

(3) നിലവിലുള്ള പ്രധാന കമ്പോള സ്രോതസ്സായ കിഴക്കന്‍ യൂറോപ്പില്‍ രാജ്യങ്ങളിലെ ടൂറിസം വിപണി ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന വടക്കെ അമേരിക്ക, പശ്ചിമ ഏഷ്യ, കിഴക്കന്‍ ഏഷ്യ മേഖലകളില്‍ നിന്നുമുള്ള ടൂറിസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വീസ് ലഭ്യമായതിനാല്‍ പശ്ചിമ ഏഷ്യന്‍, കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം വിപണി ശക്തിപ്പെടുത്താന്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കും.

(4) ടൂറിസം രംഗത്തെ ബാധിക്കും വിധത്തില്‍ കേരളത്തെകുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പര്‍വ്വതീകരിക്കപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വരുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. കേരളടൂറിസം രംഗത്തെ ഗുണപരമായ പ്രവണതകള്‍ ആഗോളതലത്തില്‍ എത്തിക്കാന്‍ ശക്തമായ പ്രചാരണപരിപാടികള്‍ നടപ്പാക്കും.

(5) വിവര സാങ്കേതിക വിദ്യയുടെ സാധ്യത കണക്കിലെടുത്ത് ഇന്‍റര്‍നെറ്റ് സോഷ്യല്‍ മീഡിയ എന്നിവ വഴിയുള്ള വിപണന തന്ത്രങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ഐ.ടി അധിഷ്ഠിത സംവിധാനങ്ങള്‍ ടൂറിസം മേഖലയില്‍ എങ്ങനെയൊക്കെ പ്രയോജനപ്പെടുത്താമെന്ന് ആലോചിക്കുകയും, പ്രായോഗികമായവ നടപ്പാക്കുകയും ചെയ്യും.

(6) കാര്യക്ഷമമായ മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന് സഹായകരമായ സ്ഥിതി വിവരകണക്കുകള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം ഒരുക്കും.ഇതിന്റെ അടിസ്ഥാനത്തില്‍ വിപണി പഠനം നടത്തി മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ നടപ്പാക്കും.

(7) പുതിയ വിപണന നയങ്ങള്‍ രൂപീകരിക്കുന്നതിനും, പൊതു സ്വകാര്യ മേഖലയുടെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമായി 'ടാസ്ക്സ് ഫോഴ്സ് ഫോര്‍ മാര്‍ക്കറ്റിങ്ങിന്റെ സേവനം പ്രയോജനപ്പെടുത്തും.

(8) കേരള ടൂറിസം മാര്‍ട്ട് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റു ബിസിനസ് മീറ്റായി വികസിപ്പിക്കുന്നതിനുള്ള ധനസഹായം നല്‍കും.

(9) അന്താരാഷ്ട്ര ടൂറിസം മേളകളില്‍ കേരളത്തിന്റെ സാന്നിധ്യം ഇനിയും ഉയര്‍ത്തണം. ഇത്തരം മേളകളില്‍ പങ്കെടുക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് ഉചിതമായ പ്രോത്സാഹനം നല്‍കും.

(10) കേരള ടൂറിസം വെബ്സൈറ്റ് സംവേദന ക്ഷമതയുള്ള വെബ്സൈറ്റ് ആയി മാറ്റുന്നതിന് നടപടി സ്വീകരിക്കും. കേരള ടൂറിസത്തിന്റെ നിലവിലുള്ള മൊബൈല്‍ ആപ്പ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും.

(11) വന്‍കിട സ്ഥാപനങ്ങള്‍ക്ക് മാത്രം പ്രയോജനം ലഭിക്കുന്ന ബഹുരാഷ്ട്ര കുത്തകളുടെ ടൂറിസം സൈബര്‍ സേവനങ്ങള്‍ക്ക് ബദല്‍ സംവിധാനം ഉയര്‍ത്തികൊണ്ടുവരും. പ്രാദേശിക തലത്തില്‍ ടൂറിസത്തില്‍ ചെറുകിട, ഇടത്തര സംരംഭകരുടെ നിലനില്പ് ഉറപ്പാക്കുന്നതിന് ടൂറിസ്റ്റുകളുമായി നേരിട്ട് ഇടപെടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതാണ്. ഇതിനായി ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ വിവര സാങ്കേതികാധിഷ്ഠിത വിതരണത്തിന് ഒരു പൊതു പ്ലാറ്റ്ഫോം സൃഷ്ടിക്കും.

(12) സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളില്‍ കേരളാടൂറിസത്തെ മുന്‍നിരയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.ദൈവത്തിന്‍റെ സ്വന്തം നാട് എന്ന ആഗോള ബ്രാന്‍ഡ് ശക്തിപ്പെടുത്തണം.

തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം മാനവശേഷി വികസനവും ടൂറിസം സാക്ഷരതയും


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text