Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

18 മാനവശേഷി വികസനവും ടൂറിസം സാക്ഷരതയും

മികവുറ്റ ആതിഥേയരെ വാര്‍ത്തെടുക്കുന്നതിന്‍റെ ഭാഗമായി ടൂറിസം രംഗത്തിന്റെ സാധ്യതകള്‍ പാഠ്യപദ്ധതിയുടെ തന്നെ ഭാഗമാകേണ്ടതുണ്ട്. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകളെ അടുത്തറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കും. സ്കൂള്‍ കോളേജ് തലത്തില്‍ ടൂറിസം ക്ലബ്ബുകള്‍ സജീവമാക്കും. ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഇതിന്റെ മേല്‍നോട്ടം വഹിക്കും.

കേരളത്തില്‍ പ്രതിവര്‍ഷം ഒരു ലക്ഷം പേരെയെങ്കിലും പുതുതായി ടൂറിസവുമായി ബന്ധപ്പെട്ട മേഖലയില്‍ ആവശ്യമുണ്ട്. എന്നാല്‍ പരിശീലനം ലഭിക്കുന്നത് ഏതാണ്ട് പതിനയ്യായിരത്തോളം പേര്‍ക്ക് മാത്രമാണ്. ഹോസ്പിറ്റാലിറ്റി - ട്രാവല്‍ മേഖലകളെ മാനവവിഭവശേഷിയുടെ കുറവ് കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ മേഖലയില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകും. ഈ മേഖലകളിലെ തൊഴില്‍സാധ്യതകളും മുന്നേറ്റസാധ്യതകളെയും കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് പ്രധാനം. സ്കൂള്‍ തലം മുതല്‍ ഇക്കാര്യത്തില്‍ ഇടപെടലുണ്ടാകണം.

മാനവശേഷി വികസന രംഗത്ത് പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കിറ്റ്സിനെ (Kerala Institute of Travel and Tourism Studies) മികവിന്റെ കേന്ദ്രമായി ഉയര്‍ത്തും. പഠന പരിശീലന പരിപാടികളോടൊപ്പം ഗവേഷണവും കണ്‍സള്‍ട്ടന്‍സിയും ശക്തിപ്പെടുത്തും. ടൂറിസം തൊഴില്‍മേഖല ലക്ഷ്യമിട്ട് കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെപറ്റിയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കും.ലോജിസ്റ്റിക്സ് മാനേജ്മെന്‍റ്, എയര്‍കാര്‍ഗോ, എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് , ഇവന്‍റ് മാനേജ്മെന്‍റ് , ഹൗസ് കീപ്പിങ്, ഹോസ്പിറ്റാലിറ്റി,വിദേശഭക്ഷണ പാചകം, വിദേശഭാഷ പഠനം, ടൂറിസം സംരംഭകത്വ പരിശീലനം തുടങ്ങിയ മേഖലകളിലേക്കും കോഴ്സുകള്‍ വ്യാപിപ്പിക്കും. ചൈന, കൊറിയ, ജപ്പാന്‍ തുടങ്ങിയ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ലക്ഷ്യംവച്ച് അത്തരം രാജ്യങ്ങളിലെ ഭാഷ സംസാരിക്കുന്ന ഗൈഡുകളെ പരിശീലിപ്പിക്കാനുള്ള കേന്ദ്രം ആരംഭിക്കും.

കിറ്റ്സ് (Kerala Institute of Travel and Tourism Studies), എസ്ഐഎച്ച്എം (State Institute of Hospitality Management), എഫ്.സി. ഐ (Food Craft Institute) എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തന സ്വഭാവം കൂടാതെ നടപ്പാക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. ഈ സ്ഥാപനങ്ങളുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍ കേന്ദ്രീകരിച്ച് പരിശീലനവും പ്ലെയ്സ്മെന്‍റും ഉറപ്പാക്കുന്ന പ്രത്യേക പാക്കേജ് നടപ്പാക്കും.

ടൂറിസം വ്യവസായത്തിന്റെ മാനവശേഷി ആവശ്യങ്ങള്‍ക്കായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് കൗണ്‍സില്‍ ഫോര്‍ ക്വാളിറ്റി എഡ്യൂക്കേഷന്‍ സിസ്റ്റം ഇന്‍ ടൂറിസം (സി-ക്വസ്റ്റ്) രൂപീകരിക്കും. വിവിധ ടൂറിസം വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിന് വേണ്ടി കിറ്റ്സില്‍ ടൂറിസം സ്കില്‍ ലാബ് സ്ഥാപിക്കും.

അസാപ്പില്‍ തിരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്ത് നൈപുണ്യ വികസന പരിശീലന പരിപാടി നടപ്പാക്കി പരിശീലനം സിദ്ധിച്ചവര്‍ക്ക് തൊഴിലുറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കും.

ടൂറിസം അദ്ധ്യാപകര്‍ക്ക് മെച്ചപ്പെട്ട നിലവാരം ഉറപ്പാക്കുന്നതിന് കിറ്റ്സ് വഴി പ്രത്യേക ഫാക്കള്‍ട്ടി ഡെവലപ്പ്മെന്‍റ് പ്രോഗ്രാം നടപ്പാക്കും.

ടൂറിസം മേഖലയില്‍ പ്രത്യക്ഷവും പരോക്ഷവുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രമോട്ടിങ് എംപ്ലോയ്മെന്‍റ് ഓണ്‍ ടൂറിസം പദ്ധതി നടപ്പാക്കും.

ടൂറിസം പഠനകേന്ദ്രങ്ങളില്‍ കുട്ടികളുടെ എണ്ണവും പരിശീലന ശേഷിയും ഉയര്‍ത്തും. ഈ മേഖലയിലെ സ്വാശ്രയ സ്ഥാപനങ്ങളിലെ കരിക്കുലവും പരിശീലനരീതിയും പരിശോധിക്കാന്‍ റേറ്റിങ് ഏര്‍പ്പെടുത്തും. ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലും ടൂറിസം കോഴ്സുകള്‍ തുടങ്ങും. സര്‍വ്വകലാശാലകളില്‍ ടൂറിസം ചെയറുകള്‍ ആരംഭിക്കും.

വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട് മറ്റ് മേഖലകളില്‍ പണിയെടുക്കുന്ന പൊലീസ്, വിമാനത്താവള ജീവനക്കാര്‍, പോര്‍ട്ടര്‍മാര്‍,ടാക്സി ഡൈവര്‍മാര്‍, മ്യൂസിയങ്ങളിലേയും മറ്റും ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് വ്യാപകമായി ഓറിയന്റേഷന്‍ പദ്ധതികള്‍ ആരംഭിക്കും. അതിന്റെ ചുമതല കിറ്റ്സിന് നല്കും.

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അപ്പോള്‍ നടക്കുന്നകാര്യങ്ങളും ഭാവിയില്‍ നടപ്പാക്കുന്ന കാര്യങ്ങളും സ്ഥലവാസികളായ നാട്ടുകാരുമായി പങ്കുവയ്ക്കുയും ജനകീയ പിന്തുണ ഉറപ്പാക്കുകയും വേണം. ഇതിനായി ടൂറിസം മേഖലകളില്‍ ടൂറിസം ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കും.

കേരള ടൂറിസം ബ്രാന്‍ഡ് സുരക്ഷയും കേരള ടൂറിസം റെഗുലേറ്ററി അതോറിറ്റിയും


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text