Kerala Tourism Policy 2017

Department of Tourism

Govt. of Kerala
Banner

5 കേരളത്തിന്റെ സാധ്യത

പ്രകൃതിസൗന്ദര്യവും കാലാവസ്ഥയും ജൈവവൈവിധ്യവുമാണ് കേരളത്തിന്റെ പ്രത്യേകത. ഹൈറേഞ്ചിലെ നിത്യഹരിത വനങ്ങളില്‍ നിന്നും മലയോരങ്ങളിലൂടെ വേമ്പനാട്ട് കായല്‍ വഴി തീരദേശത്ത് എത്തുന്നതിന് ഏതാനും മണിക്കൂര്‍ യാത്ര മതി.വിനോദസഞ്ചാരികള്‍ക്ക് അവരുടെ താല്‍പ്പര്യമനുസരിച്ച് കായലും കടലും മഴനിഴല്‍കാടും പുല്‍മേടും തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ആയൂര്‍വേദവും കളരിപ്പയറ്റും പാരമ്പര്യകലാരൂപങ്ങളും മറ്റൊരു ആകര്‍ഷണമാണ്. ഇവയെബ്രാന്‍ഡു ചെയ്ത് ലോകവ്യാപകമായി പരിചയപ്പെടുത്തുവാന്‍ കഴിഞ്ഞു എന്നതാണ് കേരള ടൂറിസത്തിന്റെ വിജയത്തിനാധാരം. ഇവ ഉള്‍പ്പെടുത്തി വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇനിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കേരളത്തിന്റെ ഓരോ മുക്കിനും മൂലയ്ക്കും ഓരോ സവിശേഷതകളുണ്ട്. അവയുടെ ടൂറിസം സാധ്യതകള്‍ അനന്തമാണ്. കേരളത്തിന്റെ ഇനിയും പുറംലോകമറിയാത്ത നാട്ടുവിശേഷങ്ങളും തനിമകളും പുത്തന്‍ ഉത്പന്നങ്ങളായി കണ്ടെത്താന്‍ ഇടപെടല്‍ വേണം. ഇതിന് പുത്തന്‍ സംരംഭകരുടെ ഭാഗത്തുനിന്ന് ഇടപെടല്‍ വേണം. ഓരോ ടൂറിസം ഉത്പന്നങ്ങളേയും മൂല്യവര്‍ധിതമാക്കുകയും കാലോചിതമാക്കുകയും വേണം.

കേരളത്തിലെ ക്രമസമാധാന നിലയും സുരക്ഷിതത്വവും സഞ്ചാരികള്‍ക്ക് സുരക്ഷിതത്വബോധം നല്‍കുന്നുണ്ട്. രാജ്യത്തുതന്നെ ആദ്യമായി ഏര്‍പ്പെടുത്തിയ ടൂറിസം പോലീസ് സംവിധാനം എടുത്തുപറയേണ്ട ഒന്നാണ്. കേരളത്തിലെ സാര്‍വത്രിക വിദ്യാഭ്യാസവും മെച്ചപ്പെട്ട ആരോഗ്യവും ജീവിത ഗുണമേന്മയും അന്തര്‍ദേശീയ ശ്രദ്ധയില്‍ വന്നത് വിനോദസഞ്ചാര രംഗത്തും ഗുണമാകുന്നുണ്ട്.

ഹൗസ്ബോട്ടുകളില്‍ കായലിലൂടെയുള്ള സഞ്ചാരം കേരളത്തിലെത്തുന്ന വിദേശികള്‍ക്ക് പ്രിയപ്പെട്ടതാണ്. പരമ്പരാഗത വള്ളങ്ങളെ ഹൗസ് ബോട്ടുകളാക്കി രൂപാന്തരപ്പെടുത്തിയത് ഈ രംഗത്തുണ്ടായ സുപ്രധാനമായ ആധുനികവല്‍ക്കരണ നടപടിയായിരുന്നു. കായല്‍ ഭക്ഷണവും പാടശേഖരങ്ങളും കനാലുകളും കനാല്‍ഓര ആവാസകേന്ദ്രങ്ങളും സഞ്ചാരികള്‍ക്ക് നവീന അനുഭവം നല്കുന്നു.മത്സരസ്വഭാവത്തോടെ ഈ രംഗത്ത് സ്വകാര്യസംരംഭര്‍ എത്തിയിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും വേഗത്തില്‍ പച്ചപിടിക്കുന്നത് ആരോഗ്യ ടൂറിസമാണ്. പഞ്ചകര്‍മ്മ ചികിത്സ പോലുള്ളവയാണ് ഇതില്‍ ഏറെ ആകര്‍ഷണീയമായിട്ടുള്ളത്. ഈ ചികിത്സ മഴക്കാലത്താണ് പാരമ്പര്യമായി നടത്താറുള്ളത്. എന്നാല്‍, ആ കാലഘട്ടം ടൂറിസത്തെ സംബന്ധിച്ചിടത്തോളം അനുകൂലമായ കാലമല്ല. ഇത് ഉണ്ടാക്കുന്ന ഒരു സാഹചര്യം സീസണ്‍ അല്ലാത്ത ഘട്ടത്തിലും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാകും എന്നതാണ്. ഈ സവിശേഷത കൂടി കണക്കിലെടുത്ത് ഇത്തരം സാധ്യതകളെ ഉപയോഗപ്പെടുത്താനാവണം.ആഡംബര ഹോട്ടലുകളില്‍നിന്ന് വിഭിന്നമായി ഹോംസ്റ്റേ സംവിധാനത്തോടുള്ള ആഭിമുഖ്യത്തേയും ഉപയോഗപ്പെടുത്താനാവണം.

ലോക ജൈവവൈവിധ്യ പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ട മേഖലയും റംസാര്‍ പട്ടികയിലുള്ള വേമ്പനാട്ട് കായലും കോള്‍നിലങ്ങളും നാട്ടിന്‍പുറങ്ങളുടെ ജീവവായുവായ വയലേലകളും, കുന്നിന്‍ ചരിവുകളും നീര്‍ത്തടങ്ങളും നിത്യഹരിത വനങ്ങളും ഇക്കോ ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യത തുറന്നിട്ടുണ്ട്. ട്രക്കിങ്ങും മലകയറ്റവും മരംകയറ്റവുമെല്ലാം ഉള്‍പ്പെടുത്തുമ്പോള്‍ ഇക്കോ ടൂറിസം സാഹസിക ടൂറിസത്തിനും വഴിയൊരുക്കുന്നു. നമ്മുടെ സവിശേഷ കൃഷി രീതികളെ മനസ്സിലാക്കുന്നതിന് ഫാം ടൂറിസം പ്രയോജനപ്പെടുന്നു.

പശ്ചിമ ഘട്ട വനമേഖലയില്‍ ഉള്‍പ്പെടുന്ന പ്രകൃതി രമണീയമായ കേന്ദ്രങ്ങള്‍ ഇക്കോ ടൂറിസത്തിന്റെ അനന്ത സാദ്ധ്യതകള്‍ ഉള്‍ക്കൊളളുന്നവയാണ്. വനം-ടൂറിസം വകുപ്പുകള്‍ സംയുക്തമായി ടി മേഖലയുടെ സംരക്ഷണം, വികസനം, വനാശ്രയ സമൂഹത്തിന്റെ അഭിവൃദ്ധി എന്നിവ ലക്ഷ്യമാക്കിയുളള ടൂറിസം ശാക്തീകരണം എന്നിവയാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.

ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേതു പോലെ ഭീമന്‍ കോട്ടകളും കൊട്ടാരങ്ങളും കേരളത്തില്‍ ഇല്ലെങ്കിലും ഏതു പ്രദേശമെടുത്താലും പൈതൃക സംരക്ഷണ പട്ടികയില്‍ പെടുത്താവുന്ന നിര്‍മ്മിതികള്‍ നമുക്കുണ്ട്. പൈതൃകത്തിന്റെ നിര്‍വ്വചനത്തെ കെട്ടിടം എന്നതിലപ്പുറത്തേക്ക് കലയും സാംസ്കാരവും പാരമ്പര്യ തൊഴിലുകളും എല്ലാമായി ബന്ധപ്പെടുത്തി വികസിപ്പിക്കാന്‍ കേരളത്തിന്റെ പൈതൃകടൂറിസം പദ്ധതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തിനു മുന്നില്‍ അഭിമാനപൂര്‍വ്വം കാഴ്ചവയ്ക്കാവുന്ന സാംസ്കാരിക തനിമകളും കലാരൂപങ്ങളും ഉത്സവങ്ങളുംനമുക്കുണ്ട്. അവയെ ആസ്വദിക്കുന്നതിനും വിദേശ സഞ്ചാരികള്‍ക്ക് താല്‍പ്പര്യമുണ്ട്. അതിനായി സഞ്ചാരികള്‍ എത്തുന്നുണ്ട്.

ടൂറിസ്റ്റുകളുടെ പ്രത്യേകത സമീപനത്തില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍


Post Your Comment
Name
Email
Comment Select language for typing your comment   English   Malayalam

Not readable? Change text