സപ്‌തഭാഷാ സംഗമഭൂമി എന്ന്‌ വിശ്രുതമായ കാസറഗോഡ്‌ പ്രകൃതി കനിഞ്ഞരുളിയ വിഭവങ്ങളാല്‍ സമ്പന്നവുമാണ്‌. ഇവിടത്തെ നദികളും മനോഹര താഴ്‌വരകളും കുന്നുകളും കടല്‍ത്തീരവും പ്രസിദ്ധമായ കോട്ടകളും ഏറെ കീര്‍ത്തികേട്ടവയാണ്‌. ജില്ലയുടെ പ്രധാന സാമ്പത്തികസ്രോതസ്‌ കൃഷിയാണ്‌. നെല്ല്‌, തെങ്ങ്‌, അടയ്‌ക്ക, കശുവണ്ടി, കുരുമുളക്‌, വാഴ, റബര്‍ എന്നിവയാണ്‌ പ്രധാനവിളകള്‍. 1956 നവംബര്‍ ഒന്നിനാണ്‌ കാസറഗോഡ്‌ കേരളത്തിന്റെ ഭാഗമായത്‌. കണ്ണൂര്‍ ജില്ലയിലെ ഒരു താലൂക്കായിരുന്ന കാസറഗോഡ്‌ 1984ല്‍ സ്വതന്ത്ര ജില്ലയായി മാറി. (അവലംബം: GO(MS)No.520/84/RD, dated May 24,1984). ഇതുപ്രകാരം കണ്ണൂര്‍ ജില്ലയുടെ ഭാഗമായിരുന്ന കാസറഗോഡ്‌, ഹോസ്‌ദുര്‍ഗ്‌ താലൂക്കുകള്‍ ചേര്‍ന്ന്‌ കാസറഗോഡ്‌ ജില്ല രൂപീകൃതമായി.

ചരിത്രം

കാസറഗോഡ്‌ ഏറെ പ്രസിദ്ധമായത്‌ തെയ്യങ്ങളുടെ പേരിലാണെങ്കിലും ഇവിടത്തെ മനോഹരമായ ഭൂപ്രകൃതിയും സ്വാദൂറുന്ന രുചികളും പെരുമയാര്‍ന്നതു തന്നെ. പക്ഷെ കാസറഗോഡിന്റെ അന്തഃസത്ത മനസിലാക്കണമെങ്കില്‍ അതിരുകള്‍ക്കപ്പുറത്തേക്ക്‌ നീളുന്ന വൈവിദ്ധ്യം നിറഞ്ഞ സംസ്‌കാരം കൂടി അടുത്തറിയേണ്ടതുണ്ട്‌. പുരാതനകാലം മുതല്‍ ഇവിടെ വാണിരുന്ന ശക്തികള്‍ ഈ നാടിന്റെ സാംസ്‌കാരികഭൂമികയില്‍ എഴുതിച്ചേര്‍ത്ത അദ്ധ്യായങ്ങള്‍ ഏറെയാണ്‌.

ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുളള പൗരാണിക സഞ്ചാരികളുടെ വിവരണങ്ങളില്‍ വരെ ഈ നാട്‌ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്‌. പ്രത്യേകിച്ചും അറബ്‌, യൂറോപ്യന്‍ സഞ്ചാരികളുടെ യാത്രാവിവരണങ്ങളില്‍. ബാര്‍ബോസയും ഫ്രാന്‍സിസ്‌ ബുക്കാനനും അടക്കമുളള പ്രസിദ്ധ സഞ്ചാരികള്‍ തങ്ങളുടെ കുറിപ്പുകളില്‍ കാസറഗോഡിന്‌ വിദേശരാജ്യങ്ങളുമായുളള സാമ്പത്തികവും സാംസ്‌കാരികവുമായ വിനിമയങ്ങളെക്കുറിച്ച്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. വിദേശശക്തികള്‍ക്കൊപ്പം പല വിദേശമതങ്ങളും കേരളത്തിലേക്കെത്തിയത്‌ ഈ നാട്ടിലൂടെയാണ്‌. വേദ സംസ്‌കാരം കേരളത്തിലെത്തിയത്‌ കൊങ്ങിണിയിലൂടെയും തുളുവിലൂടെയുമാണെന്ന്‌ ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ബുദ്ധമതവും ജൈനമതവും അവശേഷിപ്പിച്ച ആരാധനാലയങ്ങള്‍ ഇപ്പോഴും ചരിത്രശേഷിപ്പുകളായി ഇവിടെയുണ്ട്‌. കൊറഗര്‍, മലക്കുടി, മാവിലര്‍, കൊപ്പാളര്‍, മലവേട്ടുവര്‍ എന്നീ ഗോത്രവിഭാഗങ്ങള്‍ കാസറഗോഡ്‌ മാത്രമുളളവരാണ്‌. വേലന്‍, കാടന്‍, നരശനാര്‍, മഡിഗര്‍, മോഗര്‍, പുലയര്‍ തുടങ്ങിയ ഗോത്രവിഭാഗങ്ങളും നൂറ്റാണ്ടുകളായി ഇവിടെ അധിവസിക്കുന്നവരാണ്‌. ഓട്ടേറെ രാജവംശങ്ങള്‍ കാസറഗോഡ്‌ ഭരിച്ചിട്ടുണ്ട്‌. അറിയപ്പെടുന്നതില്‍ ആദ്യത്തേത്‌ ജില്ലയുടെ വടക്കന്‍ ഭാഗങ്ങള്‍ ഭരിച്ച തുളുവ വംശമാണ്‌. കോലത്തിരിമാര്‍ അല്ലെങ്കില്‍ ചിറക്കല്‍ രാജകുടുംബത്തിനു കീഴിലായിരുന്നു മധ്യഭാഗവും തെക്കന്‍പ്രദേശവും. 32 വീതം മലയാളം, തുളു ഗ്രാമങ്ങള്‍ ഉണ്ടായിരുന്നതായി പ്രാദേശിക ചരിത്രകാരന്മാര്‍ പറയുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ ആക്രമണം ഉണ്ടായെങ്കിലും കോലത്തിരി കുടുംബത്തിന്റെ ഭരണത്തിനു കീഴിലായിരുന്നു ഏറെക്കാലം കാസറഗോഡ്‌.

വിജയനഗര സാമ്രാജ്യം ദുര്‍ബലമായതോടെ അധികാരം പല പ്രഭുക്കന്മാരിലേക്ക്‌ വഴിപിരിഞ്ഞു. നാടിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ പ്രാധാന്യം മനസിലാക്കിയ ഇക്കേരി നായ്‌ക്കന്മാര്‍ പെട്ടെന്ന്‌ തന്നെ നാട്‌ വരുതിയിലാക്കി. ചരിത്രത്തിലെ മറ്റു പല ശക്തരായ രാജവംശത്തെ പോലെ തന്നെ നായിക്കന്മാര്‍ തങ്ങളുടെ അധീനതയിലുളള ഭൂമി ബലപ്പെടുത്തി ശക്തി പ്രകടിപ്പിച്ചു. ഇന്നു കാണുന്ന പല കോട്ടകളും അക്കാലത്ത്‌ നിര്‍മ്മിച്ചവയാണ്‌. കടലിനക്കരെ നിന്നും മലബാറില്‍ നിന്നുമുളള ആക്രമണങ്ങളെ ചെറുക്കാനായി അവര്‍ തങ്ങളുടെ കോട്ടകളെ ബലപ്പെടുത്തി.

പിന്നീട്‌ മൈസൂരു സുല്‍ത്താന്‍മാര്‍ ഈ നാടിനെ തങ്ങളുടെ രാജ്യത്തോടു ചേര്‍ത്തു. ആദ്യം ഹൈദരലിയും തുടര്‍ന്ന്‌ ടിപ്പു സുല്‍ത്താനും മലബാറിനെ ആക്രമിച്ചു. ടിപ്പുവിന്റെ കാലത്ത്‌ നാട്‌ പിടിച്ചടക്കപ്പെട്ടു. ടിപ്പുവിന്റെ മരണത്തോടെ സ്വാഭാവികമായും ഭരണം ബ്രിട്ടീഷുകാരുടെ കൈകളിലെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്‌ കാസറഗോഡ്‌ കേരളത്തോട്‌ ചേരുന്നത്‌. സ്വാതന്ത്ര്യലബ്ധിക്കു ശേഷം, സംസ്ഥാനങ്ങളുടെ പുനര്‍രൂപീകരണത്തോടെ ഔദ്യോഗികമായി കാസറഗോഡ്‌ കേരളത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ശബ്ദോല്‍പത്തി

കാസറഗോഡ്‌ എന്ന പേരിനു പിന്നില്‍ ധാരാളം വ്യാഖ്യാനങ്ങള്‍ പറഞ്ഞു കേള്‍ക്കാനുണ്ട്‌. അതില്‍ ജനകീയമായത്‌ കാസാരം (തടാകം) ക്രോഡം (നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം) എന്നീ സംസ്‌കൃത വാക്കുകള്‍ ചേര്‍ന്നാണ്‌ കാസറഗോഡ്‌ ഉണ്ടായത്‌ എന്നുളളതാണ്‌. കുളങ്ങളും തടാകങ്ങളും ധാരാളമുളള തീരദേശഭൂമിയ്‌ക്ക്‌ ആ പേര്‌ ചേരുന്നുണ്ട്‌. കാസരകം അല്ലെങ്കില്‍ കാരസ്‌കരം എന്നും അറിയപ്പെടുന്ന കാഞ്ഞിരമരങ്ങള്‍ ധാരാളം ഉളള സ്ഥലമായതു കൊണ്ട്‌ അങ്ങനെ ലഭിച്ച പേരാകാം എന്നും അഭിപ്രായമുണ്ട്‌.

സ്ഥലത്തിന്റെ സവിശേഷത

ഭൂമിശാസ്‌ത്രപരമായി ഏറെ പ്രത്യേകതകളുളള നാടാണ്‌ കാസറഗോഡ്‌. കിഴക്കുവശത്ത്‌ പശ്ചിമഘട്ട പര്‍വതനിരകളും പടിഞ്ഞാറ്‌ അറബിക്കടലുമാണ്‌ അതിരുകള്‍. വടക്ക്‌ യക്ഷഗാനം പോലുളള വിവിധങ്ങളായ കലാരൂപങ്ങള്‍ക്കു പേരുകേട്ട കര്‍ണാടകയുമായി അതിര്‍ത്തി പങ്കുവെയ്‌ക്കുമ്പോള്‍ തെക്കുവശത്ത്‌ സാംസ്‌കാരിക സമ്പന്നമായ കണ്ണൂരാണ്‌ അതിര്‌. 1992 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുളള ജില്ല കാസറഗോഡ്‌, ഹോസ്‌ദുര്‍ഗ്‌, വെളളരിക്കുണ്ട്‌, മഞ്ചേശ്വരം എന്നിങ്ങനെ നാല്‌ താലൂക്കുകളായി തിരിച്ചിരിക്കുന്നു. 129 വില്ലേജുകള്‍ ചേരുന്നതാണ്‌ ഈ താലൂക്കുകള്‍. കാഞ്ഞങ്ങാട്‌, കാരഡുക്ക, കാസറഗോഡ്‌, മഞ്ചേശ്വരം, നീലേശ്വരം, പരപ്പ എന്നിങ്ങനെ ആറ്‌ ബ്ലോക്കുകളിലായി 38 പഞ്ചായത്തുകളാക്കി തിരിച്ചാണ്‌ ഭരണനിര്‍വഹണം നടത്തുന്നത്‌. 293 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കടല്‍ത്തീരമുളള ജില്ലയിലെ പ്രധാന ഉപജീവനമാര്‍ഗം മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമാണ്‌. ജില്ലയ്‌ക്കു കുറകെ ഒഴുകുന്ന നദികള്‍ ധാരാളമുണ്ട്‌. മൂന്ന്‌ പ്രധാന മേഖലകളായി ഭൂമിയെ തരംതിരിക്കാം. കടലിനോടു ചേര്‍ന്നുകിടക്കുന്ന തീരഭൂമി, മനോഹരമായ ഇടനാടന്‍ ഭൂമി, കിഴക്കേ അറ്റത്തേക്ക്‌ ചേരുന്ന കാടുകള്‍ നിറഞ്ഞ മലനിരകള്‍ എന്നിങ്ങനെ.

ജനസംഖ്യ

ജനസംഖ്യ
13,07,375 (2011 സെന്‍സസ്‌ പ്രകാരം)
ഇതില്‍ പുരുഷന്മാര്‍
6,28,613
സ്‌ത്രീകള്‍
6,78,762
പൊതുവിസ്‌തീര്‍ണം
1992 ച.കിലോമീറ്റര്‍.
ശരാശരി സാക്ഷരതാ നിരക്ക്‌
90.09%

ജനസംഖ്യ വളര്‍ച്ചാ നിരക്ക്‌
8.58%
കേരളത്തിലെ മൊത്തം ജനസംഖ്യയുമായുളള അനുപാതം
3.91%
സ്‌ത്രീ പുരുഷ അനുപാതം (സ്‌ത്രീ പുരുഷ അനുപാതം /1000 പുരുഷന്മാര്‍)
1080
പുരുഷ സാക്ഷരത
94.05%
വനിതാ സാക്ഷരത
86.49%

ഭാഷകള്‍

സപ്‌തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കാസറഗോഡ്‌ ഏഴു പ്രധാനഭാഷകള്‍ പ്രചാരത്തിലുണ്ട്‌. ഔദ്യോഗിക ഭാഷ മലയാളം തന്നെ. കന്നഡ, തുളു, കൊങ്കണി, മറാത്തി, ഉറുദു, ബ്യാരി എന്നിവയാണ്‌ മറ്റു ഭാഷകള്‍. കേരളത്തിലെ മറ്റു ജില്ലകളില്‍ സംസാരിക്കുന്ന മലയാളത്തില്‍ നിന്നേറെ വ്യത്യസ്‌തമാണ്‌ കാസറഗോഡ്‌ മലയാളം. മറ്റു ദ്രാവിഡ ഭാഷകളെ അപേക്ഷിച്ച്‌ ഇവിടത്തെ ഭാഷയില്‍ സംസ്‌കൃതത്തിന്റെ സ്വാധീനം കൂടുതലാണ്‌. കൂടാതെ തുളു, കന്നഡ, അറബി, ഹിന്ദി, തമിഴ്‌ എന്നീ ഭാഷകളുടെ സ്വാധീനവുമുണ്ട്‌. പദസഞ്ചയത്തിലേക്ക്‌ പുതിയവാക്കുകള്‍ കൂട്ടിച്ചേര്‍ത്ത്‌ ഭാഷയില്‍ തങ്ങളുടെ സാന്നിദ്ധ്യം സജീവമാണെന്ന്‌ വിളിച്ചറിയിക്കുന്നു കാസറഗോഡുകാര്‍.

കലാരൂപങ്ങളും ഉത്സവങ്ങളും

സമ്പന്നമായ സാംസ്‌കാരിക പൈതൃകമുളള കാസറഗോഡ്‌ രൂപമെടുത്തിട്ടുളള കലാരൂപങ്ങളും ഏറെയാണ്‌. തെയ്യം, യക്ഷഗാനം, കമ്പള, കോഴിപ്പോര്‌ തുടങ്ങിയവ അവയില്‍ ചിലതുമാത്രം.