Onam banner

കേരളത്തനിമയുടെ നേരനുഭവം

അഷ്ടമിരോഹിണി വള്ളസദ്യ

കര്‍ക്കിടക മാസത്തില്‍ തുടങ്ങി ചിങ്ങത്തില്‍ ഉത്രട്ടാതി വള്ളംകളി കഴിഞ്ഞും ആറന്‍മുളയിലെ വഴിപാട് വള്ളസദ്യകള്‍ ഇത്തവണ തുടരും. എന്നാല്‍ വള്ളസദ്യകളില്‍ ഏറ്റവും സുപ്രധാനമായ വള്ളസദ്യ അഷ്ടമിരോഹിണി വള്ള സദ്യയാണ്. ശ്രീകൃഷ്ണന്റെ ജന്മദിനമായി ആചരിക്കുന്ന അന്ന് ആറന്‍മുള ക്ഷേത്രത്തില്‍ വിപുലമായ ചടങ്ങാണ്. അതിരാവിലെയുള്ള നിര്‍മ്മാല്യ ദര്‍ശനത്തിന് ശേഷം പാര്‍ത്ഥസാരഥിയെ ഇഞ്ചയും എണ്ണയും ഉപയോഗിച്ച് തേച്ച് കുളിപ്പിക്കുന്നതാണ് ആദ്യ ചടങ്ങ്.

ആറന്‍മുള ക്ഷേത്രത്തിലും മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തിലും പുലര്‍ച്ചെ പ്രത്യേക പൂജകളും വഴിപാടുകളും നടത്തുകയും ചെയ്യും. ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്ന എല്ലാ പള്ളിയോടങ്ങളും രാവിലെ തന്നെ ക്ഷേത്രത്തിലെ മധുക്കടവിലെത്തും. അമ്പതിലധികം പള്ളിയോടങ്ങള്‍ ആറന്‍മുളയിലുണ്ട്. കടവിലെത്തുന്ന പള്ളിയോടങ്ങളെ ക്ഷേത്ര ഭാരവാഹികള്‍ ദക്ഷിണ നല്കി അഷ്ടമംഗല്യത്തോടെയും മുത്തുക്കുട വാദ്യ ഘോഷങ്ങളോടെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചും. തുടര്‍ന്ന് തഴകളുമായി അവര്‍ ക്ഷേത്രത്തിന് വലം വെച്ച് കിഴക്കെ നടയിലെത്തും. അവിടെ കൊടിമര ചുവട്ടില്‍ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ നയമ്പുകളും മുത്തുക്കുടകളുമായി എത്തുന്ന വള്ളക്കാര്‍ നിലവിളക്കുകളുടെ മുന്നില്‍ പറയിടുന്നു.

തുടര്‍ന്ന് ഉച്ചപൂജയ്ക്ക് ശേഷം 11 മണിയോടെ തിരുമുമ്പില്‍ തൂശനിലയിട്ട് സദ്യ വിളമ്പി ഭഗവാന് പിറന്നാള്‍ സദ്യ സമര്‍പ്പിക്കും. ശേഷം ക്ഷേത്രമതില്‍ക്കകത്ത് നിറഞ്ഞു നില്‍ക്കുന്ന എല്ലാ ഭക്തര്‍ക്കും പള്ളിയോടക്കാര്‍ക്കും സദ്യ നല്കും. അന്നേ ദിവസം ആറന്‍മുള ക്ഷേത്രത്തിലെത്തുന്ന ആരും ഭക്ഷണം കഴിക്കാതെ മടങ്ങരുത് എന്നാണ് വിശ്വാസം.

ഇഞ്ചി, കടുമാങ്ങ, ഉപ്പുമാങ്ങ, പച്ചടി, കിച്ചടി, നാരങ്ങ, കാളന്‍, ഓലന്‍, പരിപ്പ്, അവിയല്‍, സാമ്പാര്‍, വറുത്ത എരിശ്ശേരി, രസം, ഉറത്തൈര്, മോര്, നാലു കൂട്ടം പ്രഥമന്‍, നാലു കൂട്ടം ഉപ്പേരി, പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്‍ക്കണ്ടം, ശര്‍ക്കര, ചമ്മന്തിപ്പൊടി, ചീരത്തോരന്‍, തകരത്തോരന്‍ തുടങ്ങി 36-ഓളം വിഭവങ്ങള്‍ സദ്യയ്ക്ക് ഉണ്ടാകും.

വള്ളസദ്യയില്‍ 71 ഇനങ്ങള്‍ വരെ വിഭവങ്ങളുണ്ടാകാറുണ്ട്. ഉള്ളിയോ, വെളുത്തുള്ളിയോ വള്ള സദ്യയ്ക്ക് ഉപയോഗിക്കില്ല. 52 പള്ളിയോടക്കാര്‍ക്കായി 350 പറ അരി വെക്കുമെന്ന കണക്ക് കൂടി വള്ള സദ്യക്കുണ്ട്. സദ്യ കഴിഞ്ഞാല്‍ പറ തളിച്ച് പള്ളിയോടക്കാര്‍ മടങ്ങും. ആഗസ്റ്റ് നാലിന് ആരംഭിച്ച ഇക്കൊല്ലത്തെ വള്ളസദ്യകള്‍ ഒക്ടോബര്‍ 9 വരെ നീണ്ടു നില്ക്കും. അഷ്ടമി രോഹിണി വള്ള സദ്യയ്ക്ക് 10000, 5000, 2000, 1000 എന്നിങ്ങനെയാണ് ഇത്തവണത്തെ വഴിപാട് കൂപ്പണുകള്‍. 

കുമാരനല്ലൂരില്‍ നിന്ന് യാത്ര തിരിച്ച് നിരവധി സ്ഥലങ്ങളില്‍ കൂടി സഞ്ചരിച്ച് തിരുവോണത്തിന് പുലര്‍ച്ചെയാണ് തിരുവോണത്തോണി ആറന്‍മുള ക്ഷേത്രത്തിലെത്തുന്നത്. അന്നേ ദിവസം തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായിട്ടാണ് തിരുവോണത്തോണി എത്തുന്നത്. തോണി കടവിലെത്തിക്കഴിഞ്ഞ് ദേവന്റെ പള്ളിയുര്‍ത്തലിനു ശേഷം ഓണ സദ്യയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. മങ്ങാട് ഭട്ടതിരിയും ദേശക്കാരും തിരുവോണത്തോണിയില്‍ നല്കിയ വിഭവങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് തിരുവോണ സദ്യ. ഉച്ചപൂജയ്ക്ക് ശേഷം കൊടിമരക്കീഴില്‍ ദേവന് നാക്കിലയില്‍ സദ്യ വിളമ്പും. അതിനു ശേഷമാണ് തിരുവോണ സദ്യ ആരംഭിക്കുക. ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും തിരുവോണ ദിവസം സദ്യ നല്‍കും.

ഉത്സവ കലണ്ടര്‍