Onam banner

കേരളത്തനിമയുടെ നേരനുഭവം

പാക്കില്‍ സംക്രമ വാണിഭം

ഓണക്കാലത്ത് നഗരങ്ങളിലും അങ്ങാടികളിലും രൂപം കൊള്ളുന്ന ഓണവാണിഭങ്ങളും താല്‍ക്കാലികമായ വാണിഭങ്ങളും കേരളത്തിന്റെ നാടന്‍ പാട്ടുകളിലും സന്ദേശ കാര്യങ്ങളിലും ചിതറിക്കിടപ്പുണ്ട്. മഹാബലിയുടെ ഇതിഹാസം പറയുന്ന മാവേലി ചരിതം ഓണപ്പാട്ടില്‍ പോലും വിശദമായും വാചാലമായും വര്‍ണ്ണിക്കുന്നത് ഓണക്കാലത്തെ ഉപഭോക്താക്കളുടെയും വില്പനക്കാരുടെയും പ്രതീക്ഷകളും സ്‌നേഹങ്ങളുമാണ്. നാട്ടു ചന്തകളായിരുന്നു അന്ന് സാമ്പത്തിക വിനിമയത്തിന്റെ പ്രധാന കേന്ദ്രം. ഭരണകൂടങ്ങളുടെ നികുതി വരുമാനവും ഇത്തരം അങ്ങാടികളെ കേന്ദ്രീകരിച്ചായിരുന്നു. ഓണത്തിന്റെയും സാമ്പത്തിക ക്രയ വിക്രയങ്ങളില്‍ ഇത്തരം വിപണികളുടെ വിനിമയമാണ് അടിസ്ഥാനപരമായ പങ്ക് വഹിച്ചത്. ഇത്തരത്തില്‍ പഴയ കാലത്തെ പ്രതിനിധീകരിക്കുന്ന ഓണക്കാല വിപണിയാണ് കോട്ടയത്തെ പാക്കില്‍ സംക്രമ വാണിഭം.

കര്‍ക്കിടകം ഒന്നു മുതല്‍ ചിങ്ങം വരെ നീളുന്ന വാണിഭ മേളയാണിത്. പാക്കില്‍ ധര്‍മ്മശാസ്താ ക്ഷേത്ര മൈതാനത്താണ് ഓണക്കാലത്തെ ഈ നാട്ടു ചന്ത പഴമ തെറ്റാതെ നടക്കുന്നത്. എല്ലാ പഴമയ്ക്കും ഒരു ഐതിഹ്യമുള്ളത് പോലെ പാക്കിലും ഒരു ഐതിഹ്യം നിലനില്ക്കുന്നുണ്ട്. പാക്കിലെ ക്ഷേത്രത്തില്‍ പരശുരാമന്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചിട്ടും ഉറപ്പിക്കാനായില്ലെന്നും അതുവഴി മുറം വില്‍ക്കാനെത്തിയ പാക്കനാര്‍ വിഗ്രഹം പിടിച്ചുറപ്പിച്ചെന്നുമാണ് വിശ്വാസം. 'ഇവിടെ പാര്‍ക്ക്' എന്നു പറഞ്ഞാണേ്രത പാക്കനാര്‍ വിഗ്രഹമുറപ്പിച്ചത്. പകരമായി എല്ലാ വര്‍ഷവും കര്‍ക്കിടകം ഒന്ന് മുതല്‍ ഇവിടെയെത്തി മുറം വില്‍ക്കാന്‍ പരശുരാമന്‍ പാക്കനാര്‍ക്ക് അനുമതി നല്‍കിയത്രെ. 

പാക്കനാരുടെ പിന്‍മുറക്കാര്‍ എത്തി തിരിതെളിച്ചാണ് പാക്കില്‍ വാണിഭം എല്ലാക്കൊല്ലവും ആരംഭിക്കുക. ഈറ്റ കൊണ്ടുള്ള ഉത്പന്നങ്ങള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ശേഷമാണ് വാണിഭത്തിന്റെ തുടക്കം. പണ്ട് കാലത്ത് മധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ തുറന്ന വിപണിയായിരുന്നു പാക്കില്‍ സംക്രമ വാണിഭം. 

ഉത്സവ കലണ്ടര്‍