Onam banner

കേരളത്തനിമയുടെ നേരനുഭവം

ഉത്രാടപാച്ചില്‍

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാട ദിവസം വിപണിയിലുണ്ടാകുന്ന തിരക്കാണ് ഉത്രാടപ്പാച്ചില്‍. തിരുവോണത്തിന് സദ്യക്കായി സാധനങ്ങള്‍ വാങ്ങാന്‍ മലയാളികളുടെ തിക്കും തിരക്കുമാണ് ഉത്രാട ദിവസത്തെ പ്രത്യേകത. ഓണത്തിനു വേണ്ടതെല്ലാം വാങ്ങിക്കൂട്ടും ദിനമാണ് ഉത്രാടം. മനസ്സ് നിറഞ്ഞ ഷോപ്പിംഗ് കഴിയുമ്പോള്‍ കീശ കാലിയാകുന്ന ദിനം കൂടിയാണ് ഉത്രാടമെന്ന് പറയാം. ഉത്രാടനാളില്‍ വിപണി രാത്രി വൈകും വരെ സജീവമാകും. പച്ചക്കറി കടകളിലും പലവ്യഞ്ജന കടകളിലും തുണിക്കടകളിലും നിന്നു തിരിയാനാവാത്ത തിരക്കുള്ള ദിനം. കാശ് പോയാലും വേണ്ടില്ല കാര്യം നടക്കട്ടെയെന്ന് വേവലാതിപ്പെടുന്ന മലയാളിയുടെ ദിനം.

കോവിഡ് മഹാമാരി ഒഴിഞ്ഞു നില്ക്കുന്ന ഓണമെന്നതിനാല്‍ പതിവു പോലെ ഉത്രാടത്തിരക്ക് ഇത്തവണയുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത കഴിഞ്ഞ കാലങ്ങള്‍ സൃഷ്ടിച്ച തിരിച്ചടി മറി കടക്കാമെന്ന പ്രതീക്ഷ വ്യാപാരി സമൂഹത്തിലുമുണ്ട്.

പണ്ട് ഗ്രാമച്ചന്തകളിലെ തിരക്കായിരുന്നു ഉത്രാടപാച്ചിലെങ്കില്‍ ഇന്നത് നഗരങ്ങളിലേക്ക് മാറിയിട്ടുണ്ട്. മാളുകള്‍ ഉത്രാടപാച്ചിലിന്റെ പുത്തന്‍ ഇടങ്ങളായും മാറിക്കഴിഞ്ഞു. എന്നാലും മാസ്‌ക്കുകള്‍ ഒഴിഞ്ഞ ഓണമല്ല ഇത്തവണയും. ഒരു കരുതല്‍ മനസ്സിലുള്ളതിനാല്‍ ഓണ്‍ലൈന്‍ വ്യാപാരവും തകര്‍ക്കുകയാണ്. ഓര്‍ഡര്‍ കിട്ടിയ സാധനങ്ങളുമായി ഉപഭോക്താക്കളുടെ വീട് തേടി പോകുന്ന കച്ചവടക്കാരുടെ ന്യൂജന്‍ കച്ചവടത്തിന്റെ ഉത്രാടപാച്ചിലാകും വരും കാലം. വിപണി വീട്ടിലേക്ക് എത്തും കാലം. 

ഉത്സവ കലണ്ടര്‍