കേരളത്തിലെ പ്രശാന്തവും ഒറ്റപ്പെട്ടുനില്‍ക്കുന്നതുമായ ഗ്രാമങ്ങളിലെ കരകൗശല വിദഗ്ധരുടെ വൈദദ്ധ്യം നേരിട്ടറിയാന്‍ ഉത്തരവാദിത്ത ടൂറിസം സഞ്ചാരികളെ സഹായിക്കുന്നു. തിരുവനന്തപുരത്തെ കൈത്തറിഗ്രാമം അതിനൊരു ഉദാഹരണമാണ്. അനുപമമായ കരവിരുതും മനോഹാരിതയും സമ്മേളിക്കുന്ന കേരളത്തിന്റെ ആ വലിയ പാരമ്പര്യം ശാന്തതയോടെ സന്ദര്‍ശകര്‍ക്ക് ഇവിടെ അനുഭവവേദ്യമാകും.
കേരളത്തിന്റെ ആത്മാവ് നിലകൊള്ളുന്നത് അതിന്റെ മനോഹരമായ ഗ്രാമപ്രദേശങ്ങളിലാണ്. ഓരോ തവണയും കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് വ്യത്യസ്ഥ അനുഭവങ്ങളാണ് അവ നല്‍കുക. പാരമ്പര്യവും സംസ്കാരവും നിറം ചാര്‍ത്തിയ മനോഹരമായ തന്ത്രികളാല്‍ തീര്‍ത്ത സിഫണിയാണ് ദൈവത്തിന്റെ ഈ സ്വന്തം നാട്.
അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയില്‍ നിലകൊളളുന്ന കേരളമെന്ന ഹരിതഭൂമി കലയും അനുഷ്ഠാനവും ഇഴചേരുന്ന ആഘോഷങ്ങളുടെ ഈറ്റില്ലമാണ്. സഹസ്രാബ്ധങ്ങളുടെ പഴക്കം അവകാശപ്പെടാവുന്ന കലാസാംസ്കാരിക പാരമ്പര്യമാണ് കേരളത്തിന്റേത്. അത്രതന്നെ അനുപമമാണ് നമ്മുടെ ആചാര അനുഷ്ഠാനങ്ങളും.