Onam banner

കേരളത്തനിമയുടെ നേരനുഭവം

തൃക്കാക്കര ചരിതം

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായി അഭേദ്യമായ ബന്ധമാണ് തൃക്കാക്കര ക്ഷേത്രത്തിനുള്ളത്. തിരുകാല്‍ക്കരയാണ് തൃക്കാക്കരയായതെന്ന് വിശ്വസിക്കുന്നു. വാമനാവതാരം പൂണ്ട മഹാവിഷ്ണു കാല്‍ വച്ച സ്ഥലമായതിനാല്‍ തിരുകാല്‍ക്കരയെന്ന് സ്ഥലപ്പേരുണ്ടായി എന്നാണ് ഐതിഹ്യം. മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ഇവിടെ വച്ചാണെന്ന് വിശ്വാസികള്‍ കരുതുന്നു. എല്ലാവര്‍ഷവും ഭഗവാന്റെ പിറന്നാള്‍ ആയ ചിങ്ങ മാസത്തിലെ തിരുവോണം നാളില്‍ പ്രജകളെ കാണാനുള്ള അനുവാദവും ഭഗവാന്‍ മഹാബലിയ്ക്ക് നല്കി. തൃക്കാക്കര ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ ചരിത്രവും ഈ മിത്തില്‍ നിന്നാണ്. 

കൊച്ചിയില്‍ ഇടപ്പള്ളി - പൂക്കാട്ട് പടി റോഡിലാണ് തൃക്കാക്കര ക്ഷേത്രം. പത്തര ഏക്കര്‍ വിശാലമായ വളപ്പില്‍ രണ്ട് ക്ഷേത്രങ്ങള്‍. ഒന്ന് വാമനമൂര്‍ത്തിയുടേത്. രണ്ടാമത്തേത് മഹാദേവക്ഷേത്രവും. പ്രധാനമൂര്‍ത്തി ഇവിടെ കിഴക്കോട്ട് ദര്‍ശനമുള്ള വാമനമൂര്‍ത്തി തന്നെ. മഹാബലിക്കും പ്രതിഷ്ഠയുണ്ട് ഇവിടെ. ഓണം ഇവിടെ ആഘോഷം മാത്രമല്ല ഭക്തി കൂടി നിറഞ്ഞതാണ്. ഓണമല്ലാതെ മറ്റൊരു ചടങ്ങും ഇത്ര ഗംഭീരമായി ഇവിടെ ആഘോഷിക്കാറില്ല. ഈ സ്ഥലത്തിന്റെ മാഹാത്മ്യം തിരിച്ചറിഞ്ഞ കപില മഹര്‍ഷി മഹാവിഷ്ണുവിനെ ഇവിടെയെത്തി തപസ്സനുഷ്ഠിച്ചെന്നും വിഷ്ണു ദര്‍ശനം നല്കിയെന്നും മറ്റൊരു ഐതിഹ്യം കൂടി ക്ഷേത്രത്തിനുണ്ട്. കപില മഹര്‍ഷിയുടെ ആഗ്രഹ പ്രകാരമാണത്രേ വാമനമൂര്‍ത്തിയായി മഹാവിഷ്ണു ഇവിടെ കുടി കൊള്ളുന്നത്. 

ഈ വിശ്വാസങ്ങള്‍ക്കപ്പുറം ചരിത്രപരമായ ചില കഥകള്‍ കൂടി തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ട്. കുലശേഖര ചക്രവര്‍ത്തിയായ ചേരമാന്‍ പെരുമാള്‍ക്കന്‍മാര്‍ തന്റെ സാമന്ത രാജാക്കന്‍മാരുടെ സമ്മേളനം വിളിച്ചു കൂട്ടിയിരുന്നത് തൃക്കാക്കര ക്ഷേത്രത്തിലായിരുന്നുവത്രേ. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഇവിടെ അക്കാലത്ത് ഉത്സവമായിരുന്നു. മുപ്പത് ദിവസം നീണ്ടു നില്ക്കുന്ന ഉത്സവങ്ങള്‍ക്ക് സമാപനം കുറിച്ച് അവസാനത്തെ പത്ത് നാളില്‍ ചിങ്ങത്തിലെ അത്തം മുതല്‍ തിരുവോണം വരെ ഓണപ്പൂരമായിരുന്നു തൃക്കാക്കരയില്‍ നടന്നിരുന്നത്.

56 നാട്ടുരാജാക്കന്‍മാരും 64 ഗ്രാമത്തലവന്മാരും ഇടപ്രഭുക്കളും പെരുമാള്‍ വിളിച്ചു കൂട്ടിയിരുന്ന തൃക്കാക്കര യോഗത്തില്‍ പങ്കെടുത്തിരുന്നത്രെ. ഒരിക്കല്‍ ഇതിന് തടസ്സം നേരിട്ടപ്പോള്‍ തൃക്കാക്കരയെത്താനാവാത്തവര്‍ വീടുകളില്‍ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ഓണം ആഘോഷിക്കണമെന്ന് പെരുമാള്‍ ഉത്തരവിട്ടത്രെ. അങ്ങനെയാണ് നാടെങ്ങും ഓണാഘോഷമുണ്ടായതെന്ന് ഐതിഹ്യം. ചേരമാന്‍ പെരുമാളായ ഭാസ്‌ക്കര രവിവര്‍മ്മയാണ് തൃക്കാക്കരയില്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചതെന്നും കരുതുന്നു. രാജാക്കന്മാര്‍ തമ്മിലുള്ള പോര് കാരണം 12-ാം നൂറ്റാണ്ടില്‍ തൃക്കാക്കരയുടെ പ്രൗഢി കുറഞ്ഞു.

1921-ല്‍ ശ്രീമൂലം തിരുനാളാണ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്തിയത്. എ.ഡി. 1756-വരെ സാമൂതിരിയായിരുന്നു അത്തച്ചമയം നടത്തിയിരുന്നതെന്നും വാദമുണ്ട്. മഹാദേവ പ്രതിഷ്ഠയെ മുന്‍നിര്‍ത്തി തൃക്കാക്കര ശൈവ ക്ഷേത്രമായിരുന്നുവെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും മഹാബലിയിലൂടെ ഓണ സങ്കല്പത്തിന്റെ ആത്മാവ് കുടികൊള്ളുന്ന സ്ഥലമായി തൃക്കാക്കരയെ കാണുന്നു. 

ഉത്സവ കലണ്ടര്‍