Onam banner

കേരളത്തനിമയുടെ നേരനുഭവം

മഹാബലിയുടെ ഇതിഹാസം

ഓണം മലയാളികളുടെ  ദേശീയ ഉത്സവം. ചിങ്ങ മാസത്തില്‍ അത്തം മുതല്‍ പത്ത് ദിവസമാണ് മലയാളിയുടെ ഓണാഘോഷം. അത്തം പത്തിന് പൊന്നോണം. ചിങ്ങത്തിലെ തിരുവോണം ഓരോ മലയാളിക്കും ഗൃഹാതുരത നല്കുന്ന ഓര്‍മ്മകളാണ്. മഹാബലിയുടെ വരവേല്പിന്റെ ഓര്‍മ്മകളാണ് ഓണത്തിന്റെ ഐതിഹ്യങ്ങളില്‍ പ്രാധാന്യം. മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നു പോലെയെന്ന വരികള്‍ ജാതിമത ഭേദമെന്യേ ഓണം നമ്മുടെ സ്വന്തം ആഘോഷമാണെന്ന് ഊട്ടിയുറപ്പിക്കുന്നു. ഓണം നമുക്ക് വിളവെടുപ്പ് ഉത്സവം കൂടിയാണ്. പഞ്ഞ കര്‍ക്കിടകം കഴിഞ്ഞ് സമൃദ്ധിയുടെ പൊലിമ മുന്നോട്ട് വയ്ക്കുന്ന കാര്‍ഷികോത്സവം. 

വടക്ക് മുതല്‍ തെക്ക് വരെ കേരളം ആഘോഷദിനങ്ങളാല്‍ ഉണരും കാലമാണ് ഓണദിനങ്ങള്‍. പൂക്കളങ്ങളും നാടന്‍ കളികളും ഓണാഘോഷങ്ങളുമായി നാടും നഗരവും ഉണരും കാലം. ഈ സമയം കേരളം സന്ദര്‍ശിക്കുന്നവര്‍ക്ക് മലയാളത്തനിമയുടെയും സംസ്‌ക്കാരത്തിന്റേയും നേരനുഭവം അടുത്തറിയാം. വള്ളംകളികളും, വള്ള സദ്യകളും, അത്തച്ചമയവും, ആഘോഷങ്ങളും, പുലിക്കളിയും, കുമ്മാട്ടിയും, ഓണത്താറും, ഓണ വിപണിയും എല്ലാം ചേരുന്ന സമാനതകളില്ലാത്ത സവിശേഷമായ സാംസ്‌കാരിക വൈവിധ്യത്തിന്റെ കലാപരമായ കാലം... ഓണം... കാഴ്ചയെക്കാള്‍ അനുഭവം കൂടിയാണ്.

നാടുവാണിരുന്ന മഹാബലിയെന്ന ചക്രവര്‍ത്തി പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ പാതാള ലോകത്ത് നിന്ന് കേരളത്തിലേക്ക് തിരുവോണ ദിവസം എത്തുന്നുവെന്നതാണ് ഓണത്തെ സംബന്ധിച്ച് കേരളത്തില്‍ ഉള്ള ഏറ്റവും പ്രബലമായ ഐതിഹ്യം. 

വിഷ്ണു ഭക്തനും പ്രഹ്‌ളാദന്റെ മകന്‍ വിരോചനന്റെ പുത്രനും അസുര ചക്രവര്‍ത്തിയുമാണ് ഐതിഹ്യത്തിലെ ഈ പ്രബലനായ മഹാബലി. നീതിമാനും ദാനശീലനുമായ ചക്രവര്‍ത്തി. അദ്ദേഹത്തിന്റെ രാജ്യത്ത് മനുഷ്യരെല്ലാം സമന്‍മാരായിരുന്നു. കള്ളമില്ല, ചതിയില്ല, പട്ടിണിയില്ല, ദാരിദ്ര്യമില്ലാത്ത ഐശ്വര്യ സമൃദ്ധമായ രാജ്യം. 

നീതിമാനായ ബലിയുടെ കീര്‍ത്തി വിശ്വമാകെ പടര്‍ന്നു. ഇത്രത്തോളം വളര്‍ന്ന മഹാബലിയെ ദേവന്മാര്‍ക്ക് ഭയമായി. അശ്വമേധങ്ങളിലൂടെ ശക്തനായ ബലിയെ തളയ്ക്കാന്‍ ദേവമാതാവ് അദിതി വിഷ്ണുവിനെ കാണുന്നു. ബലിയെ പരീക്ഷിക്കാന്‍ വിഷ്ണു ഒരുങ്ങി. 

വിശ്വം ജയിക്കാന്‍ വിശ്വജിത്ത് യാഗം തുടങ്ങുന്നു മഹാബലി. മഹാവിഷ്ണു ബ്രാഹ്‌മണ കുമാരനായ വാമനനായി ബലിക്ക് മുന്നിലെത്തി. മൂന്ന് കാലടി മണ്ണ് ദാനം ചോദിക്കുന്നു. ദാനശീലനായ ബലി സമ്മതം മൂളുന്നു. പെട്ടെന്ന് ഉടല്‍ വിശ്വത്തോളം വളര്‍ന്ന വാമനന്‍ രണ്ട് കാലടികള്‍ വെച്ച് പ്രപഞ്ചം മുഴുവന്‍ അളന്നു. മൂന്നാമത്തെ കാലടിയ്ക്ക് വാമനന്‍ സ്ഥലം ചോദിച്ചു. വിഷ്ണു അവതാരമാണ് വാമനനെന്ന് മനസ്സിലാക്കിയ മഹാബലി കുമ്പിട്ട് തന്റെ ശിരസ്സ് താഴ്ത്തിക്കൊടുത്തു. വാമനന്‍ ബലിയുടെ ശിരസ്സില്‍ കാല്‍ വച്ച് അദ്ദേഹത്തെ പാതാളത്തിലേക്ക് താഴ്ത്തി. 

ചിങ്ങ മാസത്തിലെ തിരുവോണം നാളിലാണ് ഇതെന്ന് മലയാളിയുടെ ഐതിഹ്യം. ഏറെ സ്‌നേഹിച്ച പ്രജകളെ വര്‍ഷത്തിലൊരിക്കല്‍ കാണണമെന്ന് ബലി മഹാവിഷ്ണുവിനോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ മാവേലി മലയാളിയെ കാണാന്‍ തിരുവോണത്തിന് എത്തുന്നു. മഹാത്സവമായ ഓണത്തിന്റെ നായകനായി മാവേലി. അത്തം മുതല്‍ പത്ത് ദിവസം മഹാബലിയെ വരവേല്ക്കാന്‍ നമ്മള്‍ ഓണം കൊണ്ടാടിയെന്ന് ഐതിഹ്യം. 

വാമനന്‍ അങ്ങനെ കാല്‍വച്ച സ്ഥലമായത് കൊണ്ട് തൃക്കാല്‍ക്കരയായി. അത് പിന്നീട് തൃക്കാക്കരയുമായി. വാമനാവതാരവുമായി ബന്ധപ്പെട്ട ഈ കഥയെ ഓണവുമായി, നമ്മുടെ ഐതിഹ്യവുമായി ബന്ധപ്പെടുത്തുന്നതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓണപ്പാട്ടായ മാവേലി ചരിതം 'മാവേലി നാടു വാണീടും കാലം' എന്ന പ്രചുര പ്രചാരമായ ഈരടികള്‍ ഈ ഓണപ്പാട്ടിലേതാണ്. ഓണാഘോഷത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതാണ് ഈ ഓണപ്പാട്ട്. പരശുരാമ കഥയുമായി ബന്ധപ്പെടുത്തിയും ഓണത്തിന് മറ്റൊരു ഐതിഹ്യവുമുണ്ട്. ബ്രഹ്‌മാണ്ഡപുരാണത്തോട് ബന്ധപ്പെട്ട് കേരള മാഹാത്മ്യത്തിലും ഓണം കടന്നു വരുന്നു. പത്തുപ്പാട്ടിലും മാങ്കുടി മരുതനാറുടെ 'മധുരൈ കാഞ്ചി'യിലും ഓണം വര്‍ണ്ണിക്കപ്പെടുന്നുണ്ട്. ശ്രാവണ മാസത്തിലെ ബൗദ്ധ ആഘോഷമായിരുന്നു ഓണമെന്ന് മറ്റൊരു ചരിത്രവാദവുമുണ്ട്. ചേരമാന്‍ പെരുമാളിന്റെ കഥയുമായി ബന്ധപ്പെട്ട് തൃക്കാക്കര ചരിത്രത്തിലും മറ്റൊരു ഓണക്കഥ കടന്നു വരുന്നു. 

ഉത്സവ കലണ്ടര്‍