വസ്‌ത്ര ശൈലികള്‍


ഇസ്ലാമിന്റെ വ്യാപനത്തോടെ കേരളത്തില്‍, മലബാറില്‍ സവിശേഷമായും താഴ്‌ന്ന ജാതിക്കാര്‍ക്കിടയില്‍ വളരെ പ്രമുഖമായ സാമൂഹിക മാറ്റങ്ങള്‍ക്ക്‌ തുടക്കമിട്ടു. അതില്‍ വളരെ ശ്രദ്ധേയമായ ഒന്നാണ്‌ പുതിയ വസ്‌ത്രധാരണ ശൈലികള്‍. ജാതിവ്യവസ്ഥിതിയുടെ കടുത്ത നിബന്ധനകളില്‍ നിന്നു വേര്‍തിരിഞ്ഞ്‌ സാമൂഹികാന്തസ്സിന്റെ പുതിയ മാനദണ്ഡങ്ങള്‍, ശീലങ്ങള്‍ എന്നിവ താഴ്‌ന്ന ജാതിക്കാരില്‍ ഇതോടെ ഉളവായി. അറബ്‌ സാംസ്‌കാരിക സ്വാധീനം, കൊളോണിയല്‍ ഇടപെടല്‍, ഗള്‍ഫ്‌ കുടിയേറ്റം തുടങ്ങിയവ വ്യത്യസ്ഥ കാലഘട്ടങ്ങളില്‍ ബാഹ്യഘടകങ്ങളായും മതപരമായ ചട്ടങ്ങളായും വസ്‌ത്രധാരണ ശൈലിയെ സ്വാധീനിച്ചിട്ടുണ്ട്‌.

പ്രാചീന കേരളീയ സമൂഹത്തില്‍ ഒരു കാലത്ത്‌ താഴ്‌ന്ന ജാതിക്കാരായി പറയപ്പെട്ടിരുന്ന വിഭാഗത്തിലെ സ്‌ത്രീകളെ മാറുമറയ്‌ക്കുന്നതില്‍ നിന്നു വിലക്കിയിരുന്നു. അത്തരം സ്‌ത്രീകള്‍ ഇസ്ലാം വിശ്വാസം സ്വീകരിച്ചപ്പോള്‍ കുപ്പായം എന്നു വിളിച്ചുവന്ന കൈകളുള്‍പ്പെടെ മറയ്‌ക്കുന്ന മേല്‍കുപ്പായം ധരിക്കാന്‍ തുടങ്ങി. കുപ്പായം ധരിച്ച്‌ ശരീരം മറയ്‌ക്കല്‍ ജാതി അടിസ്ഥാനമാക്കിയുള്ള വസ്‌ത്രധാരണ ശൈലിയില്‍ നിന്നും, താഴ്‌ന്ന ജാതിക്കാരന്‍ എന്ന അധമ ബോധത്തില്‍ നിന്നുമുള്ള വിടുതലായി അനുഭവപ്പെട്ടു തുടങ്ങി. കുപ്പായത്തിന്റെ അരികുകളിലും മറ്റും ആലങ്കാരികമായ തുന്നല്‍ പണികള്‍ കൂടിയായതോടെ മാപ്പിള മുസ്ലീം വസ്‌ത്രധാരണം ബ്രാഹ്മണ, അറബ്‌ സ്വാധീനങ്ങളുടെ സങ്കരമായി മാറി. ഇസ്ലാമിക സൗന്ദര്യബോധവും പ്രാദേശിക രീതികളും തമ്മിലുള്ള ലയനമായി ഇത്‌. ഇസ്ലാമിലേക്കു ചേരുന്ന പുരുഷന്മാരെ അവര്‍ തൊപ്പിയിട്ടു എന്നു പരാമര്‍ശിക്കാന്‍ തുടങ്ങി. അങ്ങനെ തൊപ്പിയിടലും കുപ്പായമിടലും ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിനുള്ള മറുപേരുകളായി മാറി.

കൈലി അല്ലെങ്കില്‍ തുണിയെന്നു വിളിച്ചുവന്ന വലിയ ഒറ്റത്തുണിയാല്‍ മുസ്ലീം പുരുഷന്മാര്‍ അരക്കു താഴെ മറയ്‌ക്കാന്‍ തുടങ്ങി. പരുത്തി അല്ലെങ്കില്‍ ലിനന്‍ ഇനത്തില്‍പ്പെട്ട പലപ്പോഴും വിവിധ നിറങ്ങളാലുള്ള ചതുരക്കളങ്ങളാല്‍ ആകര്‍ഷകമാക്കിയ കൈലിയാണ്‌ അവരുടെ വേഷം. പൊക്കിള്‍ മുതല്‍ കണങ്കാല്‍ വരെ ഈ കൈലിയാല്‍ മറച്ചു തുടങ്ങി. ഈ കൈലി അല്ലെങ്കില്‍ തുണി പലപ്പോഴും രണ്ടറ്റവും ചേര്‍ത്തു തുന്നിയതാണ്‌. പലപ്പോഴും ഒരു ബല്‍റ്റുകൊണ്ടോ ചരടുകൊണ്ടോ ഇതു അരയില്‍ മുറുക്കിയിട്ടുണ്ടാകും.

കച്ചിത്തുണി എന്നറിയപ്പെടുന്ന വെള്ള വസ്‌ത്രമോ, സപ്‌ എന്ന കറുത്ത വസ്‌ത്രമോ ആണ്‌ സ്‌ത്രീകളുടെ അരക്കുതാഴെയുള്ള വേഷം. അരയില്‍ ഒറ്റത്തുണി വരിഞ്ഞുടുക്കുകയാണ്‌ ചെയ്യുക. പിന്നീട്‌ മാപ്പിള പെണ്‍കുട്ടികള്‍ പാവാട ധരിക്കാന്‍ തുടങ്ങി. മേല്‍കുപ്പായമായി ബ്ലൗസും. ചിലപ്പോള്‍ ഈ ബ്ലൗസുകളുടെ പിന്‍ഭാഗം തുറന്നിരിക്കും. സ്‌ത്രീകള്‍ അവരുടെ തലമുടി തട്ടം എന്നു പേരുള്ള തുണിയാല്‍ മറക്കും. ആണുങ്ങളാകട്ടെ പ്രത്യേകരീതിയിലുള്ള തലയില്‍ കെട്ടു കൊണ്ടു (നീണ്ട തുണിയാണ്‌ ഇതിനുപയോഗിക്കുക) സ്വന്തം പ്രത്യേകത വിളിച്ചു പറഞ്ഞു. ഇതിനു തലേക്കെട്ടെന്ന്‌ വിളിക്കുന്നു. സ്‌ത്രീകള്‍ ചിലപ്പോള്‍ തങ്ങളുടെ മുഖം മഖാന അല്ലെങ്കില്‍ മഫ്‌ത എന്നു വിളിക്കുന്ന തുണിയാല്‍ മറയ്‌ക്കുകയും ചെയ്‌തിരുന്നു.

സയ്യിദ്‌ വിഭാഗത്തില്‍ പെട്ട മുസ്ലീങ്ങള്‍ വിലകൂടിയ നീളന്‍ കുപ്പായങ്ങള്‍ ധരിച്ചു. ഇവരില്‍പെട്ട സ്‌ത്രീകള്‍ക്ക്‌ പര്‍ദ്ദ അല്ലെങ്കില്‍ ജില്‍ബാബ്‌ ശീലമായി മാറി. ഇവര്‍ തങ്ങളുടെ മുഖവും ഒരു കഷ്‌ണം തുണികൊണ്ട്‌, പര്‍ദ്ദയോടു ചേര്‍ന്നുള്ളതാണിത്‌, മറയ്‌ക്കാന്‍ തുടങ്ങി. നിക്വാബ്‌ എന്നാണിതിനെ വിളിക്കുക. സമ്പന്നരായ മാപ്പിളമാര്‍ മരം കൊണ്ടുള്ള മെതിയടി ധരിക്കും. പക്ഷെ പണ്ടുകാലത്ത്‌ മിക്കവരും നഗ്നപാദങ്ങളാല്‍ ആണ്‌ നടക്കാറ്‌.

കാലത്തിന്റെ പോക്കില്‍ ഗള്‍ഫിലെ വസ്‌ത്രശൈലിയുടെ സ്വാധീനത്താല്‍ മാപ്പിള സ്‌ത്രീകളുടെ വസ്‌ത്ര ശൈലിയില്‍ വലിയ മാറ്റങ്ങള്‍ വന്നു. വിവിധ തരം പര്‍ദ്ദ, ഹിജാബ്‌, അല്ലെങ്കില്‍ അബായയും ഇവിടെ സാധാരണയായി. പുരുഷന്മാര്‍ നീളന്‍ കുപ്പായങ്ങള്‍ ധരിച്ചു തുടങ്ങി. ത്വാവ്‌ബ്‌ എന്നു വിളിക്കും ഈ നീളന്‍ കുപ്പായത്തെ. കൂടാതെ വിവിധതരത്തിലുള്ള തലേക്കെട്ടും സാധാരണയായി. ഇതിനിടെ ഉത്തേരന്ത്യന്‍ വസ്‌ത്രശൈലിയിലെ ചുരീദാര്‍ (സാല്‍വാര്‍ കമ്മീസ്‌) സ്‌ത്രീകള്‍ക്ക്‌ പ്രിയങ്കരമായി മാറിയിരുന്നു. ചില പുരുഷന്മാര്‍ പാശ്ചാത്യരീതിയിലുള്ള പാന്റും ഷര്‍ട്ടും ധരിക്കാന്‍ തുടങ്ങി. പാന്റും ഷര്‍ട്ടും മതഭേദമന്യേ മലയാളി പുരുഷന്മാരുടെ വസ്‌ത്രമായി മാറിക്കഴിഞ്ഞിട്ടുണ്ട്‌.

മുസ്ലീം സംസ്‌കാരം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍