അറബ് സ്വാധീനവും പ്രാദേശികമായ നാട്ടുവഴക്കങ്ങളും സമജ്ഞസമായി സമ്മേളിക്കുന്ന ഒന്നാണ് കേരളത്തിലെ മുസ്ലീം സംസ്‌കാരം, ഇത് ഒരുവന്റെ ജനനം മുതല്‍ മരണം വരെയുള്ള ആചാരങ്ങളിലും ചടങ്ങുകളിലും ദൃശ്യമാണ്. ഗര്‍ഭാധാനവും പ്രസവവും പ്രാര്‍ത്ഥനകളുടേയും അനുഗ്രഹവര്‍ഷങ്ങളുടേയും കാലമാണ്. ബാല്യത്തില്‍, വളരെ നേരത്തേ തന്നെ ഖുറാന്‍ പഠനവും മദ്രസ വിദ്യാഭ്യാസവും ആരംഭിക്കുന്നു. വിവാഹങ്ങള്‍ പ്രത്യേകിച്ചു മാപ്പിള കല്യാണങ്ങള്‍, വ്യത്യസ്ഥങ്ങളായ ആചാരങ്ങളാല്‍ ശ്രദ്ധേയമാണ്. തീരമേഖലകളിലും ഗ്രാമാന്തരങ്ങളിലും ചടങ്ങുകള്‍ക്ക് അല്‌പാല്‌പം വ്യത്യാസം കാണാം, അറബി കല്യാണം, തെക്കേ മലബാര്‍ മുസ്ലീം വിവാഹം എന്നിവ എടുത്തു പറയണം. വര്‍ണ്ണാഭമായ കല്യാണവരവും പാരമ്പര്യമായുള്ള നാടന്‍ പാട്ടുകളും മറ്റും ചടങ്ങുകളുടെ സവിശേഷതയാണ്. മരണാനന്തര ചടങ്ങുകള്‍ സമൂഹപ്രാര്‍ത്ഥനകളും വൈകാതെയുള്ള മറവു ചെയ്യലും ഉള്‍പ്പെടെ ഇസ്ലാമിക കീഴ്‌വഴക്കങ്ങളുടെ ആന്തരിക അന്തസ്സ് പ്രദര്‍ശിപ്പിക്കുന്ന ഒന്നാണ്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കേരളത്തിലെ മുസ്ലീം സമുദായങ്ങള്‍ വിശ്വാസവും പാരമ്പര്യവും മുറുകെ പിടിച്ച് സാംസ്‌കാരിക മേന്മയും അന്തസ്സും പുലര്‍ത്തുന്നു.
കേരളത്തിലെ മുസ്ലീങ്ങള്‍ ജനനം മുതല്‍ മരണം വരെ ഇസ്ലാമിക വിശ്വാസവും പ്രാദേശിക കീഴ്‌്‌വഴക്കങ്ങളും സമഞ്‌ജസമായി സമ്മേളിക്കുന്ന ആചാരങ്ങള്‍ പാലിച്ചുവരുന്നു. ഇസ്ലാമിക പാരമ്പര്യങ്ങളില്‍ അടിയുറച്ചതെങ്കിലും ഓരോ നാടിന്റേയും സവിശേഷപാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്‌തനിമയാര്‍ന്ന ഈ ആചാര സവിശേഷതകള്‍. ഈയൊരു വീക്ഷണത്തില്‍ മാപ്പിളമാര്‍ക്ക് സവിശേഷമായ ചടങ്ങുകള്‍, മറ്റ് മുസ്ലീം വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്ഥമായി, നിലനില്‍ക്കുന്നതു കാണാം. മലബാറിലെ മാപ്പിളമാരെ മറ്റ് വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മാറ്റിനിര്‍ത്തുന്ന നാട്ടു പാരമ്പര്യങ്ങളും ആചാരസവിശേഷതകളും കാണാം. ആധുനികമായ ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും നിലനില്‍ക്കേ, ഒട്ടേറെ മാപ്പിളമാര്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ ഇപ്പോഴും ഈ പാരമ്പര്യ ശീലങ്ങള്‍ നിലനിര്‍ത്തുന്നതു കാണാം.