മാപ്പിള സമുദായത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ നിദര്‍ശനമാണ് അവരുടെ ഇടയിലുള്ള അനുഷ്‌ഠാനകലാരൂപങ്ങള്‍. അറബ്, പേര്‍ഷ്യന്‍ സംസ്‌കാര സ്വാധീനങ്ങള്‍, പ്രാദേശിക കീഴ്‌വഴക്കങ്ങള്‍ ഇസ്ലാമിക പാരമ്പര്യം എന്നിവയൊക്കെ ഒരുമിക്കുന്ന കലാരൂപങ്ങളാണിവ. നൂറ്റാണ്ടുകളിലൂടെ വികാസം പ്രാപിച്ച ഇവ മതാവിഷ്‌കാരങ്ങള്‍, കഥപറച്ചില്‍, വിനോദം എന്നിവക്കുള്ള മാധ്യമങ്ങള്‍ ആണ്. മാപ്പിള സമുദായത്തിന്റെ തനതും പ്രത്യേകതയുമായ സംസ്‌കാരിക സ്വഭാവങ്ങള്‍ സംരക്ഷിക്കുന്നതും പ്രകടിപ്പിക്കുന്നതും ഇവയിലൂടെയാണ്. ആത്മീയ ഭാവങ്ങളുള്ള ഇസ്ലാമിക പാരമ്പര്യങ്ങളുമായി ഇഴചേര്‍ന്നവയാണ് ഇവയില്‍ ചിലത്. ഐക്യവും പരസ്‌പര ബഹുമാനവും സമുദായത്തിനകത്തു വളര്‍ത്താന്‍ ഈ കലാപ്രകടനങ്ങള്‍ കൊണ്ടു കഴിയുന്നു. സമുദായം നേരിട്ട വെല്ലുവിളികള്‍, വിജയങ്ങള്‍, ദേശാന്തരഗമനങ്ങള്‍ എന്നിവയുടെ ചരിത്രരേഖകളാണ് ഇവക്കുപയോഗിക്കുന്ന പ്രമേയങ്ങളും ഗീതങ്ങളും. ഒപ്പന, വട്ടപ്പാട്ട്, ദഫ്‌മുട്ട്, കോല്‍ക്കളി, അറബനമുട്ട്, കൂത്തുറത്തീബ്, പരിചമുട്ട്, ചീനിമുട്ട്, പാടിപ്പറയല്‍ എന്നിവയാണ് പ്രധാന അനുഷ്‌ഠാനകലകള്‍.
മുട്ടുംവിളി അല്ലെങ്കില്‍ വാര്‍ത്തിയംമുട്ട് എന്നറിയപ്പെടുന്ന ചീനിമുട്ട് ആഘോഷാവസരങ്ങളില്‍ അവതരിക്കപ്പെടുന്ന സംഗീത നാടകമാണ്. പ്രത്യേകിച്ചും വിശുദ്ധരായ സിദ്ധന്മാരുടെ മരണം ആചരിക്കുന്ന ഉര്‍സ് ആഘോഷങ്ങളില്‍ ആണ് ഇത് സാധാരണ പതിവ്. ഷെഹ്നായ് എന്ന പേര്‍ഷ്യന്‍ സംഗീത ഉപകരണത്തില്‍ നിന്നാണ് ചീനി എന്ന പേര് വന്നത്. ഷെഹ്നായ് ഇന്ത്യയില്‍ മംഗളവാദ്യമായി പരിഗണിക്കപ്പെടുന്നു.
മരത്തില്‍ തീര്‍ത്തതാണ് ചീനി. ഒരറ്റം വാവട്ടം കുറഞ്ഞതും മറ്റേ അറ്റത്തേക്ക് വളര്‍ന്നു വികസിക്കുന്നതുമായ കുഴലില്‍ വാവട്ടം കുറഞ്ഞ അറ്റത്ത് ഇരട്ടശീവാളി പിടിപ്പിച്ച സംഗീതോപകരണമാണ് ഷെഹ്നായ്. താഴേക്ക് വളര്‍ന്നു വികസിക്കുന്ന കുഴലിന്റെ താഴറ്റം മണിയുടെ രൂപത്തില്‍ ലോഹം കൊണ്ടോ മരം കൊണ്ടോ തുറന്നു വികസിച്ചിരിക്കും. ചിലപ്പോള്‍ നാലു ശീവാളിതണ്ടുകളും ഉപയോഗിക്കും. ശ്വാസവും ശക്തിയും ഊതലിന്റെ രീതിയും നിയന്ത്രിച്ച് വിവിധ ഈണങ്ങള്‍ ഷെഹ്നായിയില്‍ വായിക്കാം. ചീനിമുട്ടില്‍ ഷെഹ്നായിയക്കുപുറമേ ഒറ്റ, അല്ലെങ്കില്‍ വലിപ്പം കുറഞ്ഞ മുറാഷ് എന്ന ഡ്രമ്മും താളമിടാന്‍ ഉപയോഗിക്കുന്നു.
പേര്‍ഷ്യന്‍ സാംസ്‌കാരിക സ്വാധീനത്തിന്റെ ഫലമാണ് മലബാറില്‍ ഷെഹ്നായ് എത്താന്‍ കാരണമെന്ന് കരുതുന്നു. പ്രാദേശികമായ കൊട്ടുവാദ്യങ്ങളും ശൈലിയും കൂട്ടിച്ചേര്‍ത്ത് അതിനെ ഇവിടത്തെ സംഗീതോപകരണമാക്കി മാറ്റിയതാകാം. മലബാറിലെ കൊണ്ടോട്ടിയില്‍ മുഹമ്മദ് ഷാവലിയ തങ്ങളുടെ വാര്‍ഷികോല്‍സവത്തിന് ചീനിമുട്ട് അവതരിപ്പിക്കാറുണ്ട്. വലിയകത്ത് കുടുംബമാണ് ചീനിമുട്ടിന്റെ സംരക്ഷകരും പ്രചാരകരും. കൊണ്ടോട്ടി തങ്ങള്‍മാര്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കിയിരുന്നു.