കണ്ണൂരിനടുത്തു വളപട്ടണത്തുള്ള കക്കുളങ്ങര പള്ളി കേരളീയ വാസ്തു ശൈലിയും അറബിക് സ്വാധീനവും ഒത്തു ചേരുന്ന നിര്‍മ്മിതിയാണ്. വിശുദ്ധ കുളവും, പുരാതന മിനാരവും, ചേര്‍ന്നുള്ള ദര്‍ഗയും ഇതിനെ ഒരു സാംസ്‌കാരിക സാന്നിധ്യമായി മാറ്റിയിട്ടുണ്ട്. മാലിക് ഇബ്ന്‍ ദിനാറുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങള്‍ പള്ളിയെക്കുറിച്ച് പറയുന്നുണ്ട്. കേരളത്തിലേക്ക് ആദ്യകാലത്ത് എത്തിച്ചേര്‍ന്ന പേര്‍ഷ്യന്‍ പണ്ഡിതനും വണിക്കുമാണ് മാലിക് ഇബ്ന്‍ ദിനാര്‍. ഇസ്ലാം മതം സ്വീകരിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഒരു കോലത്തിരി രാജാവിനെയും ഈ പള്ളിയുമായി ബന്ധപ്പെടുത്തി കഥകളുണ്ട്.
കേരളത്തിന്റെ തനതായ വാസ്തുശൈലി പ്രദര്‍ശിപ്പിക്കുന്ന ഇടമാണ് മലപ്പുറത്തെ ജമാ-അത് പള്ളി. ഓടിട്ട താഴേക്ക് ചെരിഞ്ഞു വരുന്ന മേല്‍ക്കൂരയും, രണ്ടു നിലകളും, ഇറയങ്ങളുമായുള്ള ഘടനയും, പച്ചപ്പ് നിറഞ്ഞ തോട്ടത്തിനു നടുവിലെ സ്ഥാനവും കേരളീയത വിളിച്ചു പറയുന്നു. പ്രാദേശികത കൈവിടാതെ അവിടവിടെ മാത്രം പച്ച നിറത്തില്‍, പൊതുവെ വെളുപ്പടിച്ച പള്ളിയുടെ കാഴ്ച നാടിന് യോജിച്ചതു തന്നെ.
ഗുജറാത്തില്‍ നിന്നു വലിയ വരള്‍ച്ചയെ തുടര്‍ന്ന് 19-ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ തലശ്ശേരിയിലേക്കു കുടിയേറിയ മെഹ്‌മാന്‍ സേത്ത് എന്ന വ്യാപാരിയാണ് തലശ്ശേരിയില്‍ പിയര്‍ റോഡിനു സമീപം ഈ പള്ളി പണിതത്. പ്രാദേശികവും, വൈദേശികവുമായ ശൈലികള്‍ ഈ പള്ളിയുടെ നിര്‍മ്മാണത്തില്‍ സ്വാധീനം ചെലുത്തി. ജര്‍മ്മന്‍ നിര്‍മ്മിത വിളക്കുകള്‍, ഭീമാകാരങ്ങളായ മര ഉത്തരങ്ങള്‍, കമാനാകൃതിയിലുള്ള പൂമുഖം എന്നിങ്ങനെ വാസ്തു ശൈലിയില്‍ സ്വന്തം സവിശേഷത ഈ പള്ളിക്കുണ്ട്.