ഏകദേശം ആയിരത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളിക്കാനാകുന്ന കേരളത്തിലെ വിശാലമായ ഉള്‍ത്തളങ്ങള്‍ ഉള്ള പള്ളികളില്‍ ഒന്നാണ് കുറ്റിച്ചിറ ജമാ പള്ളി. 14-ാം നൂറ്റാണ്ടിലാണ് ഈ പള്ളിയുടെ നിര്‍മ്മാണം. വൃത്താകൃതിയില്‍ മരപ്പണികള്‍ ഏറെയുള്ള ഈ വാസ്തു നിര്‍മ്മിതിയുടെ മേല്‍പ്പുര മാറ്റി നീക്കാവുന്നതാണെന്ന സവിശേഷത ശ്രദ്ധേയമാണ്. താമര പൂക്കളം, ജ്യാമിതീയ ഘടനകളും കൊത്തി വച്ച മച്ചും വശങ്ങളിലെ മരപാളികളിലുള്ള അറബി ലിഖിതങ്ങളും മറ്റെങ്ങും കാണാത്തതാണ്.
കമാനാകൃതിയിലുള്ള കരിങ്കല്‍ നിര്‍മ്മിതമായ ഇടനാഴികള്‍, മുഗള്‍ശൈലിയിലുള്ള കൊത്തു പണികളും വെളുത്ത വലിയ മകുടവും ചേര്‍ന്ന പഴയങ്ങാടി പള്ളി നിര്‍മ്മിതി മുഗള്‍ - കേരളീയ വാസ്തുശൈലിയുടെ മികച്ച സങ്കരമാണ്. കൊണ്ടോട്ടി തങ്ങളുടെ സ്മരണക്കായി സമര്‍പ്പിച്ചിട്ടുള്ള 500 വര്‍ഷം പഴക്കമുള്ള ഈ പള്ളി വാസ്തുവിദ്യാതലത്തിലും ആത്മീയമായും ഒരു രത്‌നം ആണ്. ഇവിടത്തെ പ്രസിദ്ധമായ വലിയ നേര്‍ച്ചയ്ക്ക് ആയിരങ്ങള്‍ എത്തിച്ചേരുന്നു.
കൊണ്ടോട്ടി തങ്ങള്‍ എന്നറിയപ്പെടുന്ന മുഹമ്മദ് ഷായുടെ ഓര്‍മ്മയ്ക്കായി മലപ്പുറത്തിനടുത്തുള്ള തീര്‍ത്ഥാടന കേന്ദ്രമാണ് പഴയങ്ങാടി പള്ളി അല്ലെങ്കില്‍ കൊണ്ടോട്ടി പള്ളി എന്നു വിളിക്കുന്ന ഈ ആരാധനാലയം. വാസ്തു ശൈലിയുടെ സവിശേഷത കൊണ്ടും, വെളുത്ത വലിയ മകുടത്താലും ശ്രദ്ധേയമാണ് കരിങ്കല്‍ ഇടനാഴികളുള്ള ഈ മുഗള്‍ശൈലിയിലുള്ള പള്ളി. കൊണ്ടോട്ടി നേര്‍ച്ച എന്നറിയപ്പെടുന്ന വലിയ നേര്‍ച്ച ഒരാഴ്ച നീളുന്ന ഉത്സവമാണ്. ഫെബ്രുവരിയിലോ, മാര്‍ച്ചിലോ ആണ് ഇത് ഹിജറ കലണ്ടര്‍ പ്രകാരം വരിക. ഈ വാര്‍ഷിക മേളയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.