Onam banner

കേരളത്തനിമയുടെ നേരനുഭവം

മഹാത്മാ മാന്നാര്‍ ജലോത്സവം

ചിങ്ങമാസത്തിലെ ചതയം നാളില്‍ നാലാം ഓണത്തിനാണ് എല്ലാക്കൊല്ലവും മാന്നാര്‍ ജലോത്സവം നടക്കുക. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നാമധേയത്തിലൂടെ ഈ വള്ളംകളി മറ്റ് ജലവേളകളില്‍ നിന്ന് അങ്ങിനെ വ്യത്യസ്തമാകുന്നു. 1971 ലാണ് മാന്നാര്‍ മഹാത്മാ ജലോത്സവം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പഞ്ചായത്തിലൂടെയും പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തിലൂടെയും ഒഴുകിയെത്തുന്ന പമ്പാനദിയില്‍ ഒരു കിലോമീറ്റര്‍ ദൂരം വരുന്ന നെട്ടയത്തിലാണ് വള്ളംകളി നടക്കുന്നത്. കരിവേലിക്കടവ് മുതല്‍ കുര്യത്തുകടവ് വരെയുള്ള നെട്ടയത്തില്‍ പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് മത്സരം. നല്ല നീരൊഴുക്ക് ഉള്ളതും നേരെ ഒഴുകുന്നതുമായ പമ്പാനദിയുടെ ഈ ഭാഗത്തിന് നല്ല ആഴവും 100 മീറ്ററോളം വീതിയുമുണ്ട്. മാന്നാറിലെ അരികുപുറം കുടുംബത്തിലെ എ.സി.തോമസിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫിയാണ് ഒന്നാം സ്ഥാനം നേടുന്ന ചുണ്ടന്‍ വളളത്തിന് സമ്മാനിക്കുക. എല്ലായിനം കളിവള്ളങ്ങളുടെയും മത്സരം ഇവിടെ നടക്കാറുണ്ട്. ഇരു ജില്ലകളിലുമുള്ള അടുത്ത കരക്കാര്‍ ചേര്‍ന്ന് രൂപവല്‍ക്കരിക്കുന്ന മാന്നാര്‍ ജലോത്സവസമിതിക്കാണ് വള്ളംകളി നടത്തിപ്പിന്റെ ചുമതല. 

ഉത്സവ കലണ്ടര്‍