Onam banner

കേരളത്തനിമയുടെ നേരനുഭവം

കരുവാറ്റാ ജലോത്സവം

എല്ലാവര്‍ഷവും ഓണക്കാലത്ത് പൂരുരുട്ടാതി നാളിലാണ് കരുവാറ്റാ ജലോത്സവം നടക്കുക. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാടിന് വടക്കുള്ള ഒരുഗ്രാമമാണ് കരുവാറ്റ. ഡോ.തോമസ് ചന്ദ്രത്തില്‍, ചെങ്ങാരപ്പള്ളി ദാമോദരന്‍ പോറ്റി, റവ. ഫാദര്‍ ജോര്‍ജ് സ്രാമ്പിക്കല്‍ എന്നിവരുടെ ആശീര്‍വാദത്തോടെയും സഹായത്തോടെയും രൂപീകരിച്ച കരുവാറ്റ ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ഈ വള്ളംകളി ആരംഭിച്ചത്.

1966 ആണ് കരുവാറ്റ ജലോത്സവം ആരംഭിച്ചത്. ബ്രദേഴ്‌സ് ട്രോഫി വള്ളംകളിയെന്നാണ് പേര്. ആദ്യം കരുവാറ്റ ലീഡിംഗ് ചാനല്‍ വള്ളംകളിയായിരുന്നു എന്നായിരുന്നു പേരിട്ടിരുന്നത്. വള്ളംകളി നടക്കുന്നത് കരുവാറ്റ ലീഡിംഗ് ചാനലിലാണ്. മനുഷ്യപ്രയത്‌നം കൊണ്ട് പുഞ്ചപ്പാടത്തെ വെട്ടിമുറിച്ച് ഉണ്ടാക്കിയതാണ് കരുവാറ്റ കനാല്‍. കുട്ടനാടിന്റെ തെക്കന്‍ കാര്‍ഷിക മേഖലയെ വെള്ളപ്പാച്ചിലില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കുന്നതിനു വേണ്ടി ഒരുക്കിയെടുത്തതാണ് ഈ കനാല്‍. 1953 ലാണ് നല്ല നീരൊഴുക്കുള്ള ഈ കനാല്‍ നിര്‍മ്മിച്ചെടുത്തത്.

അച്ചന്‍ കോവിലാറില്‍ നിന്നും തോട്ടപ്പള്ളി കടല്‍ത്തീരം വരെ കനാലിന്റെ ഇരുവശത്തും നീണ്ട ബണ്ട് കെട്ടി ഉയര്‍ത്തിയിട്ടുണ്ട്. കരുവാറ്റ വള്ളംകളി പ്രേമികള്‍ക്ക് ഈ ബണ്ട് ഗ്യാലറി പോലെ ഇരുന്ന് കാണാവുന്ന തരത്തിലാണ്. ലീഡിംഗ് ചാനലിന്റെ ഇരുവശത്തുമുള്ള ബണ്ടുകളില്‍ നിന്നു കൊണ്ട് മത്സര വള്ളംകളി വീക്ഷിക്കാം. ഏതാണ്ട് 1200 മീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കില്‍ ലീഡിംഗ് ചാനലിന് പടിഞ്ഞാറ് വശം തൈവൈപ്പിന്‍ കടവ് മുതല്‍ കിഴക്ക് കുറിച്ചിക്കല്‍ സെന്റ് ജോസഫ് ദേവാലയത്തിനു മുന്‍വശം വരെയാണ് മത്സരം. ദേവാലയത്തിനു സമീപം സ്ഥിരം പവലിയനുമുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ വെപ്പ്, ഓടി, ചുരുളന്‍, തുടങ്ങിയ ഇനങ്ങളിലുള്ള വള്ളങ്ങളുടെ മത്സരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് കേരളത്തിലെ പ്രമുഖ ചുണ്ടന്‍ വള്ളങ്ങളെല്ലാം മത്സരിക്കുന്ന പ്രമുഖ ജലോത്സവങ്ങളിലൊന്നാണ് കരുവാറ്റ വള്ളംകളി. ജലോത്സവത്തിന് മുന്നോടിയായി വര്‍ണ്ണശബളമായ ജലഘോഷയാത്രയും നടക്കും. കരുവാറ്റ ലീഡിംഗ് ചാനല്‍ ജലോത്സവ സമിതിക്കാണ് ജലോത്സവ നടത്തിപ്പിന്റെ ചുമതല. 

ഉത്സവ കലണ്ടര്‍