Onam banner

കേരളത്തനിമയുടെ നേരനുഭവം

നെഹ്‌റുട്രോഫി വള്ളംകളി

കേരളത്തിലെ വള്ളംകളിയില്‍ ഏറ്റവും പ്രശസ്തമേതെന്ന് ചോദിച്ചാല്‍ അത് നെഹ്‌റുട്രോഫി വള്ളംകളിയാണ്. ഏറ്റവും കൂടുതല്‍ പങ്കാളിത്തമുള്ള ജലമേളയും അത് തന്നെ. ആലപ്പുഴ പട്ടണത്തിന് കിഴക്ക് വശത്തുള്ള പുന്നമടക്കായലിലാണ് വര്‍ഷം തോറും നെഹ്‌റുട്രോഫി വള്ളംകളി നടക്കുക. വള്ളംകളികളില്‍ പരമ്പരാഗതമായ ആചാരങ്ങള്‍ ഒന്നും ഇല്ലാത്തതാണ് നെഹ്‌റുട്രോഫി വളളംകളി. 1952 ല്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആലപ്പുഴ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് ഈ ജലമേളയുടെ തുടക്കം. കോട്ടയത്തെത്തുന്ന നെഹ്‌റുവിനെ ജലമാര്‍ഗ്ഗം ആലപ്പുഴയ്ക്ക് കൊണ്ടു വരാനായിരുന്നു സംഘാടകരുടെ ആഗ്രഹം. ചുണ്ടന്‍ വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍, മോട്ടോര്‍ ബോട്ടുകള്‍ എന്നിവയുടെ അകടമ്പടിയോടെ കുട്ടനാടിന്റെ സവിശേഷതകള്‍ കൂടി അദ്ദേഹത്തെ ബോധ്യപ്പെടുത്തി എതിരേല്ക്കാനായിരുന്ന ഉദ്ദേശ്യം. അദ്ദേഹത്തിന് വേണ്ടി ചുണ്ടന്‍ വള്ളങ്ങളുടെ ഒരു മത്സരം സംഘടിപ്പിക്കാനും തീരുമാനിച്ചു. പി.സി.അലക്‌സാണ്ടറിനായിരുന്നു വള്ളംകളിയുടെ ചുമതല. വിശിഷ്ടാതിഥികള്‍ക്ക് ഇരിപ്പിടമൊരുക്കിയത് കേണല്‍ മണ്‍റോയുടെ പേരിലുള്ള വിളക്കുമാട ഇരുത്തിലാണ്. നെഹ്‌റു, മകള്‍ ഇന്ദിരാഗാന്ധിക്കും, പേരക്കുട്ടികളായ രാജീവിനും, സഞ്ജയിനുമൊപ്പം 1952 ഡിസംബര്‍ 22 ന് രാവിടെ 11 ന് മണ്‍റോതുരുത്തിലെ പ്രത്യേക വേദിയിലെത്തിച്ചേര്‍ന്നു. കൊച്ചിയില്‍ നിന്നും ബോട്ട് മാര്‍ഗമാണ് അവര്‍ വന്നത്. തുടര്‍ന്ന് 9 ചുണ്ടന്‍ വള്ളങ്ങള്‍ മത്സരിച്ച വള്ളം കളി നടന്നു. ഒന്നര കിലോമീറ്റര്‍ ട്രാക്കില്‍ നടുഭാഗം, നെല്‍സണ്‍, ഗോപാലകൃഷ്ണന്‍, പാര്‍ത്ഥസാരഥി, നെപ്പോളിയന്‍, കാവാലം, ചമ്പക്കുളം, നേതാജി, ഗിയര്‍ ഗോഡ് എന്നിവയാണ് മത്സരിച്ചത്. മത്സരത്തില്‍ നടുഭാഗം ഒന്നാമതെത്തി.

ക്യാപ്റ്റന്‍സ്‌ ട്രോഫി നല്‍കിയ നെഹ്‌റു ആവേശത്തോടെ നടുഭാഗം ചുണ്ടനില്‍ ചാടിക്കയറി. തുടര്‍ന്ന് അതേ ചുണ്ടന്‍ വള്ളത്തില്‍ തന്നെ അദ്ദേഹം ആലപ്പുഴയിലേക്കും തിരിച്ചു. അതൊരു വമ്പന്‍ വള്ളഘോഷയാത്രയായി ആലപ്പുഴയിലെത്തി. ഡല്‍ഹിയില്‍ തിരിച്ചെത്തിയ ശേഷം സ്വന്തം കൈയ്യൊപ്പോടെ വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ള മാതൃക ജവഹര്‍ലാല്‍ നെഹ്‌റു അയച്ചു തന്നു. എന്നാല്‍ 1953 ല്‍ വള്ളം കളി നടന്നില്ല. 1954 ല്‍ പ്രൈംമിനിസ്റ്റോഴ്‌സ് ട്രോഫി എന്ന പേരില്‍ കൈനകരി മീനപ്പള്ളിക്കായലില്‍ (വട്ടക്കായല്‍)  വള്ളംകളി നടന്നു. കാവാലം ചുണ്ടനാണ് അദ്യത്തെ പ്രൈംമിനിസ്റ്റേഴ്‌സ് ട്രോഫി നേടിയത്. വട്ടക്കായലിലെ ഓളത്തിരയും കാറ്റും അപകടം പിടിച്ചതിനാല്‍ മറ്റൊരു സ്ഥലം തിരഞ്ഞാണ് നെഹ്‌റുട്രോഫിയുടെ സ്ഥിരം വേദി പുന്നമടക്കായലായത്. അവിടെ 1380 മീറ്റര്‍ ട്രാക്ക് കണ്ടെത്തി. വടക്കു നിന്നും തെക്കോട്ട് നാല് ട്രാക്കുകള്‍, ഫിനിഷിംഗ് പോയിന്റില്‍ പ്രത്യേക തുരുത്ത് കെട്ടിപ്പൊക്കി 2004 ഓടെ പവലിയനും നിര്‍മ്മിച്ചു. വള്ളംകളി സമയത്ത് താല്ക്കാലിക ഗ്യാലറികള്‍ക്കും സൗകര്യമൊരുക്കി. ഇന്ന് ഓണക്കാലത്ത് സംസ്ഥാനത്തെത്തുന്ന വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളുടെ ഏറ്റുവും ആകര്‍ഷകമായ കായിക വിനോദ പരിപാടിയായിക്കഴിഞ്ഞു നെഹ്‌റു ട്രോഫി ജലോത്സവം. 

ഉത്സവ കലണ്ടര്‍