Onam banner

കേരളത്തനിമയുടെ നേരനുഭവം

ആറന്‍മുള വള്ള സദ്യ

രുചിയുടെ പെരുമ കൊണ്ടും പങ്കെടുക്കുന്ന ഭക്തരുടെ ബാഹുല്യം കൊണ്ടും ഒരു പക്ഷെ ലോകത്തിലെ തന്നെ ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്ന ഭക്ഷണ മാമാങ്കമാകാം ആറന്‍മുള ക്ഷേത്രത്തിലെ വള്ള സദ്യ. വിഭവങ്ങളുടെ രുചി വൈവിധ്യം നുണയാനും ദര്‍ശനത്തിനുമായി രണ്ടു ലക്ഷത്തോളം പേര്‍, ഓണക്കാലം ഉള്‍പ്പെടുന്ന കുറഞ്ഞ കാലയളവില്‍ ആറന്‍മുള ക്ഷേത്രത്തിലെത്തുന്നു എന്നാണ് കരുതുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന നൂറ്റാണ്ടുകളായുള്ള ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് ആറന്‍മുള വള്ളസദ്യ.

തിരുവോണത്തോണിയ്ക്ക് അകമ്പടിയായെത്തുന്ന പള്ളിയോടക്കാര്‍ക്കായി വഴിപാടെന്ന രീതിയിലാണ് ഓരോ ദിനവും വള്ളസദ്യ നടത്തുന്നത്. മധ്യ തിരുവിതാംകൂറിന്റെ രുചിയുടെ ഉത്സവം കൂടിയാണത്. വഴിപാട് സമര്‍പ്പിച്ചാല്‍ പള്ളിയോട കരയില്‍ നിന്നും അനുവാദം വാങ്ങിയാണ് സദ്യയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങുക. വള്ള സദ്യ വഴിപാട് നടത്തുന്ന ഭക്തന്‍ അന്നേ ദിവസം രാവിലെ ആറന്‍മുള ക്ഷേത്രത്തിലെത്തി കൊടിമരച്ചുവട്ടില്‍ നിറപറ സമര്‍പ്പിക്കുന്നതോടെ വള്ള സദ്യ ചടങ്ങുകള്‍ തുടങ്ങും. ഒരു പറ ദേവനും ഒരു പറ പള്ളിയോടത്തിനും എന്നാണ് സങ്കല്പം. ശ്രീ കോവിലില്‍ നിന്നും പൂജിച്ച് നല്കുന്ന മാലയും വെറ്റിലയും പാക്കുമായി അതത് പള്ളിയോട കടവിലെത്തി പള്ളിയോടത്തെ ക്ഷേത്രത്തിലേക്ക് യാത്രയാക്കണം. വഞ്ചിപ്പാട്ടുകള്‍ പാടി ക്ഷേത്രത്തിലെത്തുന്ന ഈ പള്ളിയോടത്തെ അഷ്ടമംഗല്യം, താലപ്പൊലി, മുത്തുക്കുട വാദ്യമേളത്തോടെ സ്വീകരിക്കും. തുടര്‍ന്ന് വള്ളക്കാര്‍ വഞ്ചിപ്പാട്ടോടെ കൊടിമരച്ചുവട്ടില്‍ പറയിട്ട സ്ഥലത്ത് എത്തും. തുടര്‍ന്ന് മുത്തുക്കുടയും തുഴയും ദേവന് നടയ്ക്കല്‍ വയ്ക്കും. ഇതിനു ശേഷമാണ് വള്ളക്കാര്‍ക്ക് ഊട്ടുപുരയില്‍ വള്ള സദ്യ.

തുഴക്കാര്‍ വള്ളപ്പാട്ടിലൂടെ ആയിരിക്കും സദ്യയുടെ വിഭവങ്ങള്‍ വിളമ്പാന്‍ ആവശ്യപ്പെടുക. ചോദിക്കുന്ന വിഭവങ്ങളെല്ലാം, ഇല്ലായെന്ന് പറയാതെ വിളമ്പണം എന്നാണ് ചടങ്ങ്.  63 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവസമൃദ്ധമായ സദ്യയാണ് ആറന്‍മുള വള്ള സദ്യയില്‍ വിളമ്പുക വള്ള സദ്യ വിളമ്പുന്നതിനും ഉണ്ണുന്നതിനും ക്രമവും ചിട്ടകളുമുണ്ട്. തൊട്ടുകൂട്ടുന്ന കറികള്‍, കൂട്ടുകറികള്‍, ചാറുകറികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് വള്ളസദ്യയുടെ കറികള്‍, സാമ്പാറൊഴിച്ചു കഴിഞ്ഞാല്‍ പായസം വിളമ്പുന്ന രീതി ആറന്‍മുള വള്ള സദ്യയില്‍ മാത്രം ഉള്ള പതിവാണ്. പരിപ്പ്, പുളിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, എരിശ്ശേരി, കൂട്ടുകറി, പച്ചടി, കിച്ചടി, ഒട്ടേറെ മെഴുക്കു പുരട്ടികള്‍, തോരനുകള്‍, അച്ചാറുകള്‍ തുടങ്ങിയവയെല്ലാം 70-ഓളം വിഭവങ്ങള്‍ അടങ്ങുന്ന ഈ വള്ള സദ്യയില്‍ ഉണ്ടാകും. സദ്യയ്ക്കു ശേഷം കൊടിമരച്ചുവട്ടില്‍ പറ തളിച്ച് കരക്കാര്‍ അനുഗ്രഹിക്കുന്നതോടെ വള്ള സദ്യ ചടങ്ങുകള്‍ അവസാനിക്കും. 

ഉത്സവ കലണ്ടര്‍