Onam banner

കേരളത്തനിമയുടെ നേരനുഭവം

ഗുരുവായൂര്‍ സദ്യ

തിരുവോണ ദിവസം കേരളത്തിലെ നിരവധി ക്ഷേത്രങ്ങളില്‍ ഓണസ്സദ്യ നല്കാറുണ്ടെങ്കിലും തൃക്കാക്കര ക്ഷേത്രം പോലെ ഏറ്റവുമധികം ആളുകള്‍ തിരുവോണത്തിന് എത്തുന്നത് ഗുരുവായൂര്‍ ക്ഷേത്രത്തിലാണ്. പുലര്‍ച്ചെ നിര്‍മാല്യ ദര്‍ശനത്തിനായി നട തുറന്നാല്‍ പിന്നെ ഭക്തരുടെ നീണ്ട നിരയാണ് ദര്‍ശനത്തിന്. ക്ഷേത്രം തന്ത്രി ദേവന് ഓണപ്പുടവ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഭക്തരുടെ വകയും ഓണപ്പുടവ സമര്‍പ്പണം നടക്കും. ഉച്ചയ്ക്ക് ഗുരുവായൂരപ്പന് ഓണസദ്യയും നല്കും.

ഉത്രാട കാഴ്ചക്കുലകളില്‍ നിന്നുള്ള പഴങ്ങള്‍ കൊണ്ട് വെച്ച പഴ പ്രഥമനും ഉച്ചപൂജയ്ക്ക് നിവേദിക്കും. തിരുവോണ ദിവസം എത്തുന്ന എല്ലാ ഭക്തര്‍ക്കും ഗുരുവായൂരില്‍ തിരുവോണ സദ്യ നല്കും. പടിഞ്ഞാറെ നടയിലെ അന്ന ലക്ഷ്മി ഹാളിലും വടക്കേ നടപ്പുരയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലുമാണ് സദ്യ നല്കുക. രാവിലെ പത്തിനാണ് സദ്യ ആരംഭിക്കുക.

കാളന്‍, ഓലന്‍, എരിശ്ശേരി, അവിയല്‍, വറുത്തപ്പേരി, പപ്പടം, ഉപ്പിലിട്ടത്, പഴപ്രഥമന്‍ എന്നിങ്ങനെയാണ് വിഭവങ്ങള്‍. ഉച്ചയ്ക്ക് ഒരു മണിവരെയാണ് സദ്യ പതിവ്. ആയിരങ്ങളാണ് തിരുവോണ ദിവസം ഓണസ്സദ്യയ്ക്കായി ഗുരുവായൂരിലെത്തുക.

തിരുവോണ ദിവസം ക്ഷേത്രനടയില്‍ വലിയ പൂക്കളവുമൊരുക്കും. ശബരിമലയിലും തിരുവോണത്തിന് ഓണസ്സദ്യ ഉണ്ട്. നാക്കിലയില്‍ സദ്യ വിളമ്പി പൂജകളോടെ ക്ഷേത്രം തന്ത്രിയുടെയും മേല്‍ശാന്തിയുടെയും കാര്‍മ്മികത്വത്തിലാണ് അയ്യപ്പന് ഓണസ്സദ്യ. 

ഉത്സവ കലണ്ടര്‍