Onam banner

കേരളത്തനിമയുടെ നേരനുഭവം

തൃക്കാക്കര സദ്യ

ഓണാഘോഷങ്ങള്‍ക്ക് ഭക്തിയുടെ പരിവേഷം ലഭിക്കുന്നത് തൃക്കാക്കരയിലാണ്. തൃക്കാക്കര ക്ഷേത്രത്തിലെ പ്രധാന ഉത്സവവും ഓണമാണ്. ഓണത്തിന്റേതല്ലാതെ മറ്റൊരു ചടങ്ങും ഇത്ര ഗംഭീരമായി ഇവിടെ ആഘോഷിക്കാറില്ല. ഓണം കഴിയും വരെ തൃക്കാക്കര ക്ഷേത്രത്തിലെ പകലിരവുകളില്‍ ആഘോഷത്തിന്റെ പൂക്കളങ്ങള്‍ നിറയും.

മഹാബലിയും വാമനനും ഒരുപോലെ ആരാധിക്കപ്പെടുന്ന അപൂര്‍വ്വതയാണ് തൃക്കാക്കരയുടെ ഓണ മഹോത്സവം. മലയാളിയുടെ ഓണാഘോഷങ്ങളുടെ പിറവി അവിടെയാണെന്ന് പറയാം.

ചിങ്ങ മാസത്തിലെ അത്തം നാളില്‍ കൊടിയേറി തിരുവോണത്തിന് ആറാട്ടോടെയാണ് തൃക്കാക്കരയിലെ തിരുവോണ ഉത്സവം തീരുക. കൊടിയേറിയാല്‍ പത്ത് ദിവസം ചടങ്ങുകളാണ്. പത്ത് അവതാരങ്ങളുടെ ദശാവതാര ചാര്‍ത്ത് ഓരോ ദിനവും ഉണ്ട്. അഞ്ചാം നാളിലെ വാമന ചാര്‍ത്തിന് വലിയ തിരക്കാണ്. പത്തു ദിവസവും പൂക്കളം തീര്‍ക്കും.

ഉത്സവത്തിന്റെ അവസാന ദിവസങ്ങളായ ഉത്രാടത്തിനും തിരുവോണത്തിനും ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം സദ്യ നല്കും. 90-കളുടെ ആദ്യം ക്ഷേത്ര ജീവനക്കാര്‍ക്കും ഓണക്കച്ചവടക്കാര്‍ക്കും ആനക്കാര്‍ക്കും വേണ്ടിയാണ് തിരുവോണ സദ്യ ആരംഭിച്ചത്. 90-കളുടെ അവസാനം തിരുവോണത്തിന് വരുന്ന ജനങ്ങള്‍ക്ക് കൂടി തിരുവോണ സദ്യ നല്കാന്‍ ആരംഭിച്ചു.

2000-ആണ്ട് ആയപ്പോള്‍ തന്നെ തൃക്കാക്കരകാരില്‍ പലരും വീടുകളിലെ തിരുവോണ സദ്യ ക്ഷേത്രത്തിലേക്ക് മാറ്റിത്തുടങ്ങി. അങ്ങനെ ആയിരത്തില്‍ തുടങ്ങി പതിനായിരവും കടന്ന് ഇരുപതിനായിരത്തിലധികം പേര്‍ക്ക് ഇന്ന് തൃക്കാക്കരയില്‍ ഓണസ്സദ്യ നല്കുന്നുണ്ട്. ഇപ്പോളത് ഉത്രാടത്തിന് കൂടി സദ്യ എന്ന ക്രമത്തിലായി. ഉത്രാടത്തിന് ആദ്യം ആനയൂട്ട് ഉണ്ട്. പിന്നീടാണ് വിഭവ സമൃദ്ധമായ ഉത്രാട സദ്യ. അന്ന് വൈകിട്ട് വലിയ വിളക്കും പള്ളിവേട്ടയുമാണ്.

തിരുവോണ ദിവസം മഹാബലിയെ എതിരേല്‍ക്കുന്ന ചടങ്ങുണ്ട്. തുടര്‍ന്ന് ശ്രീബലിയ്ക്ക് 7 ആനകളുടെ പകല്‍പ്പൂരം നടക്കും. സ്‌പെഷ്യല്‍ നാദസ്വരം, തകില്‍, പഞ്ചാരിമേളം എന്നിവയുണ്ടാകും. പത്ത് മണി കഴിഞ്ഞ് പ്രസിദ്ധമായ തിരുവോണ സ്‌പെഷ്യല്‍ സദ്യ തുടങ്ങും.

പപ്പടം, ഉപ്പ്, പരിപ്പ്, സാമ്പാര്‍, എരിശ്ശേരി, കാളന്‍, അവിയല്‍, ഓലന്‍, പച്ചടി, കിച്ചടി, അച്ചാറുകള്‍, ഇഞ്ചിക്കറി, പാലടപ്രഥമന്‍ തുടങ്ങിയവയാണ് തിരുവോണ സദ്യയുടെ വിഭവങ്ങള്‍. അവസാനമായി രസവുമുണ്ടാകും. 108 കറികള്‍ക്ക് സമമെന്ന് കരുതുന്ന ഇഞ്ചിത്തൈരും തൃക്കാക്കര ഓണസദ്യയ്ക്ക് വിളമ്പും. പതിനായിരത്തിലധികം പേര്‍ ഓണസ്സദ്യയ്ക്ക് തന്നെ എത്തും.

ഇത് മാത്രമല്ല, എല്ലാ മലയാള മാസത്തിലും തിരുവോണത്തിന് തൃക്കാക്കരയില്‍ സദ്യയുണ്ട്. സാമ്പാര്‍, കാളന്‍, എരിശ്ശേരി, ഇഞ്ചിത്തൈര്, ചേനക്കറി അല്ലെങ്കില്‍ കിഴങ്ങു കറി, പയറ് തോരന്‍, പാല്‍പ്പായസം തുടങ്ങിയവയാണ് മാസ സദ്യയുടെ തൃക്കാക്കര വിഭവങ്ങള്‍. 

ഉത്സവ കലണ്ടര്‍