ആലപ്പുഴയിലെ ശക്തരായ വള്ളങ്ങളോടു മത്സരിക്കാന്‍ കോട്ടയം ജില്ലയില്‍ നിന്നും വന്നതാണ് കല്ലുപറമ്പന്‍ ചുണ്ടന്‍. കുട്ടനാട്ടിലെ പ്രധാനപ്പെട്ട പല ചുണ്ടന്‍വള്ളങ്ങളേയും തോല്‌പിച്ച കല്ലുപറമ്പന്‍, നെഹ്‌റു ട്രോഫിയും നേടുകയുണ്ടായി. 1970-ലെ ആദ്യ ശ്രമത്തില്‍ തന്നെയായിരുന്നു കല്ലുപറമ്പന്‍ ചുണ്ടന്‍ നെഹ്‌റു ട്രോഫി നേടിയത്. തുടര്‍ന്ന് 1971, 1972, 1973-കളിലും വിജയം ആവര്‍ത്തിച്ചതിലൂടെ വെറും ഭാഗ്യം കൊണ്ടു നേടിയതല്ല കന്നി മത്സരവിജയം എന്നു തെളിയിക്കാന്‍ കല്ലുപറമ്പനു കഴിഞ്ഞു. എന്നാല്‍ 1973 ശേഷം 1992 വരെ ഇവര്‍ പിന്നിലായി. 1993-ല്‍ നെഹ്‌റു ട്രോഫി നേടി വിജയക്കൊയ്‌ത്ത് ആവര്‍ത്തിച്ചു. അതായിരുന്നു ഏറ്റവും ഒടുവിലത്തെ ഉജ്ജ്വല വിജയം.
താഴത്തങ്ങാടി വള്ളംകളി ഉള്‍പ്പെടെ പല മത്സരങ്ങളിലും വിജയിയാകാന്‍ കല്ലുപറമ്പന്‍ ചുണ്ടനു സാധിച്ചു. നെഹ്‌റു ട്രോഫിക്കായി അവസാനം പൊരുതിയത് 2009-ല്‍ ആയിരുന്നു. പ്രശസ്‌തമായ കല്ലുപറമ്പന്‍ ചുണ്ടന്‍ വള്ളം ഇന്ന് മത്സര രംഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നു. വീണ്ടും മത്സര രംഗത്തേക്കുള്ള ഇതിന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കല്ലുപറമ്പന്‍ ചുണ്ടന്റെ പ്രിയ ആരാധകര്‍.