ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗിലൂടെ കേരളത്തിലെ അതിസുന്ദരമായ കായലുകള്‍ ജനങ്ങളിലെ ആഘോഷത്തിമിര്‍പ്പിന്‌ കാരണമായിരിക്കുന്നു. ഈ മഹാ ജലോത്സവത്തില്‍ അതിവേഗതയോടെ കായല്‍ ജലം മുറിച്ചു മുന്നോട്ടു കുതിക്കുന്ന ചുണ്ടന്‍ വള്ളങ്ങള്‍ കാഴ്‌ചക്കാരിലുണര്‍ത്തുന്ന ആവേശത്തിരയിളക്കം പറഞ്ഞറിയിക്കാന്‍ കഴിയില്ല. ചാമ്പ്യന്‍സ്‌ ബോട്ട്‌ ലീഗ്‌ (CBL) എന്നത്‌ വെറുമൊരു വള്ളംകളി മത്സരമായല്ല, മറിച്ച്‌ കേരളത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഭാഗമായാണ്‌ ജനങ്ങള്‍ കാണുന്നത്‌. വിദേശികളേയും സ്വദേശികളേയും ഒരുപോലെ ആകര്‍ഷിച്ചിരുന്നതും കേരളത്തില്‍ പുരാതനകാലം മുതല്‍ നിലനിന്നിരുന്നതുമായ വള്ളംകളിയാണ്‌ CBL-ലൂടെ പ്രതിനിധാനം ചെയ്യുന്നത്‌. ഈ മത്സരത്തില്‍ വിജയിക്കുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്കു ലഭിക്കുന്ന സമ്മാനത്തുകകളും അംഗീകാരങ്ങളും ഇതില്‍ പങ്കെടുക്കുന്നവര്‍ക്കും കാഴ്‌ചക്കാര്‍ക്കും ഏറെ അഭിമാനം നല്‍കുന്നു. അനന്യവും ആഹ്ലാദകരവുമായ അനുഭവങ്ങളിലൂടെ കടന്നു പോകാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്കും കായിക തല്‌പരര്‍ക്കും ഒന്നു പോലെ മറക്കാന്‍ കഴിയാത്ത ഒരു അനുഭവ സമ്പത്താണ്‌ ഈ സി.ബി.എല്‍.

Click here to go to the top of the page