ചുണ്ടന് വള്ളങ്ങളുടെ ഉത്ഭവവും ആലപ്പുഴ ജില്ലയിലെ ചമ്പക്കുളവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് ചെമ്പകശ്ശേരി രാജവംശവും കായംകുളം രാജവംശവും തമ്മിലുള്ള പോരില്‍ യുദ്ധത്തിനുള്ള വള്ളമായിട്ടായിരുന്നു ചുണ്ടന് വള്ളങ്ങള്‍ ആദ്യമായി ഉപയോഗിക്കപ്പെട്ടത്. അന്നത്തെ കലാശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടു കൊണ്ടാണ് ഇന്നത്തെ ചുണ്ടന് വള്ളങ്ങളുടെ നിര്‍മ്മിതി. ആദ്യത്തെ ചമ്പക്കുളം ചുണ്ടന് വള്ളം നീറ്റിലിറങ്ങിയത് 1974-ല്‍ ആയിരുന്നു. ചമ്പക്കുളം വള്ളംകളിയുടെ ഉദ്ഘാടനവര്ഷമായ 1974-ല്‍ സമ്മാനം കരസ്ഥമാക്കിയ ചമ്പക്കുളം ചുണ്ടന്, തുടര്‍ന്നുള്ള 1975, 1976 വര്‍ഷങ്ങളിലും ഒന്നാം സ്ഥാനം നേടിയതിലൂടെ ഹാട്രിക് കരസ്ഥമാക്കി. ആ മൂന്നു വര്‍ഷങ്ങളിലും നെഹ്റു ട്രോഫി അവസാന മത്സരത്തില്‍ പങ്കെടുക്കുവാനും ചമ്പക്കുളം ചുണ്ടനു സാധിച്ചു. ചമ്പക്കുളം ഏറെ മോഹിച്ച ട്രോഫി സ്വന്തമാക്കാന്‍ സാധിച്ചത് 1989-ലായിരുന്നു. പിന്നീട് 1990-ലും, 1991-ലും തുടര്‍ച്ചയായി ട്രോഫി കരസ്ഥമാക്കിക്കൊണ്ട് ഹാട്രിക് നേടി. പിന്നീട് വിജയം 2009 -ല്‍ പുന്നമടയിലായിരുന്നു. ചമ്പക്കുളം ചുണ്ടന്റെ പഴക്കം മൂലം പുതിയ ചമ്പക്കുളം ചുണ്ടന് നിര്‍മ്മിച്ചു നീറ്റിലിറക്കിയത് 2013-ലായിരുന്നു. 250 ഓഹരി ഉടമസ്ഥരുള്ള ചമ്പക്കുളം ചുണ്ടന് 100 പേരെ വഹിക്കാനുള്ള ശക്തിയുണ്ട്.
ആലപ്പുഴ ജില്ലയില്‍ പമ്പാ നദിയും അച്ചന് കോവിലാറും വലയം ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ചെറുതന. ചുണ്ടന് വള്ളങ്ങളുടെ ആവിര്‍ഭാവം ഇവിടെ ഉണ്ടായത് 1800-കളിലാണെന്നാണ് പറയപ്പെടുന്നത്. മത്സരങ്ങളിലേക്കുള്ള ചെറുതന ചുണ്ടന്റെ പ്രവേശം 70-കളില്‍ ആയിരുന്നു. പല പ്രമുഖ മത്സരങ്ങളിലും സമ്മാനം നേടിയ ഈ ചുണ്ടന് 1981-വരെ സജീവമായിരുന്നു. മത്സരങ്ങളില്‍ വാശിയോടെ പങ്കെടുക്കുകയും ശക്തമായ പോരാട്ടം കാഴ്ചവെക്കുകയും ചെയ്തിരുന്നു. എങ്കിലും, ഒരിക്കല്‍ പോലും നെഹ്റുട്രോഫി നേടാന്‍ ചെറുതന ചുണ്ടനു സാധിച്ചില്ല. എന്നാല്‍ 1982-ല്‍ പുതിയതായി നിര്‍മ്മിച്ച ചെറുതന ചുണ്ടന്റെ സൗന്ദര്യത്തില്‍ ചുണ്ടന് വള്ളാരാധകര് മയങ്ങി. ഭംഗിയില്‍ മാത്രമല്ല, കഴിവിലും ഈ പുതിയ ചെറുതന ചുണ്ടന് മികവുറ്റതാണെന്ന് മത്സരങ്ങളിലൂടെ തെളിയിച്ചു. പായിപ്പാട്, മാന്നാര്‍, കരുവാറ്റ മത്സരങ്ങളില്‍ പല വര്‍ഷങ്ങളിലും സമ്മാനം നേടാന്‍ സാധിച്ചു. 2004-ല്‍ കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിലെ തുഴച്ചില്‍ക്കാര്‍ ചെറുതന ചുണ്ടനിലൂടെ നെഹ്റു ട്രോഫി നേടി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ചെറുതന ബോട്ട് ക്ലബ്ബ് മുന്‍ വിജയം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴയില്‍ നിന്നുള്ളതാണ് ദേവാസ് ചുണ്ടന്. കായലിലെ പോരാളി എന്നാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗില്‍ ഇതറിയപ്പെടുന്നത്. 2009-ല്‍ നീറ്റിലിറങ്ങിയ ഈ ചുണ്ടന് തൊട്ടടുത്ത വര്‍ഷം തന്നെ നെഹ്റു ട്രോഫി ചാമ്പ്യന്‍ഷിപ്പ് നേടി എങ്കിലും വള്ളംകളിയുടെ നിയമങ്ങള്‍ ലംഘിച്ചു എന്ന കാരണത്താല്‍ അയോഗ്യമാക്കി. 2018-ലും നെഹ്റു ട്രോഫി അവസാന മത്സരത്തിലെത്താന്‍ ദേവാസ് ചുണ്ടനു സാധിച്ചു. 2022-ല്‍ നവീകരിച്ച ഈ ചുണ്ടന് വള്ളം വള്ളംകളികളിലെ ശക്തനായ മത്സരാര്‍ത്ഥിയാണ്.
1973 ജൂലായ് 31-നാണ് ജവഹര്‍ തായങ്കരി ചുണ്ടന്, ചുണ്ടന് വള്ളംകളി മത്സര രംഗത്തേക്ക് പ്രവേശിക്കുന്നത്. 52 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത്ഭുതകരമായ വിജയങ്ങളും അഭിനന്ദനങ്ങളുമായി ഇതിന്റെ കായലിലെ മേല്‍ക്കോയ്മ തുടരുകയാണ്. തായങ്കരി നിവാസികളുടെ അഭിമാനമായ തായങ്കരി ചുണ്ടന് ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ പേരു നല്‍കിയത്. 92 ആളുകളെ വഹിക്കാന്‍ കഴിയുന്ന ഈ ചുണ്ടന്റെ ഉടമസ്ഥാവകാശം തായങ്കരിയിലെ 250 ഓഹരി ഉടമകളിലാണ്. ഈ ചുണ്ടന്റെ മുന്‍ഭാഗത്തുള്ള തുമ്പ് വെള്ളി കെട്ടിയതിനാല്‍ ആളുകള്‍ "വെള്ളി കൂമ്പന്‍" എന്നാണ് സ്നേഹപൂര്‍വ്വം വിളിക്കാറ്.
ആലപ്പുഴയിലെ ശക്തരായ വള്ളങ്ങളോടു മത്സരിക്കാന്‍ കോട്ടയം ജില്ലയില്‍ നിന്നും വന്നതാണ് കല്ലുപറമ്പന് ചുണ്ടന്. കുട്ടനാട്ടിലെ പ്രധാനപ്പെട്ട പല ചുണ്ടന്‍വള്ളങ്ങളേയും തോല്പിച്ച കല്ലുപറമ്പന്, നെഹ്റു ട്രോഫിയും നേടുകയുണ്ടായി. 1970-ലെ ആദ്യ ശ്രമത്തില്‍ തന്നെയായിരുന്നു കല്ലുപറമ്പന് ചുണ്ടന് നെഹ്റു ട്രോഫി നേടിയത്. തുടര്‍ന്ന് 1971, 1972, 1973-കളിലും വിജയം ആവര്‍ത്തിച്ചതിലൂടെ വെറും ഭാഗ്യം കൊണ്ടു നേടിയതല്ല കന്നി മത്സരവിജയം എന്നു തെളിയിക്കാന്‍ കല്ലുപറമ്പനു കഴിഞ്ഞു. എന്നാല്‍ 1973 ശേഷം 1992 വരെ ഇവര്‍ പിന്നിലായി. 1993-ല്‍ നെഹ്റു ട്രോഫി നേടി വിജയക്കൊയ്ത്ത് ആവര്‍ത്തിച്ചു. അതായിരുന്നു ഏറ്റവും ഒടുവിലത്തെ ഉജ്ജ്വല വിജയം. താഴത്തങ്ങാടി വള്ളംകളി ഉള്‍പ്പെടെ പല മത്സരങ്ങളിലും വിജയിയാകാന്‍ കല്ലുപറമ്പന് ചുണ്ടനു സാധിച്ചു. നെഹ്റു ട്രോഫിക്കായി അവസാനം പൊരുതിയത് 2009-ല്‍ ആയിരുന്നു. പ്രശസ്തമായ കല്ലുപറമ്പന് ചുണ്ടന് വള്ളം ഇന്ന് മത്സര രംഗങ്ങളില്‍ നിന്നും വിട്ടു നില്ക്കുന്നു. വീണ്ടും മത്സര രംഗത്തേക്കുള്ള ഇതിന്റെ ശക്തമായ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ് കല്ലുപറമ്പന് ചുണ്ടന്റെ പ്രിയ ആരാധകര്‍.
കേരളത്തിലെ ചുണ്ടന് വള്ളങ്ങളില്‍ നിത്യഹരിതനായകനാണ് കാരിച്ചാല്‍ ചുണ്ടന്. 1970-ല്‍ നിര്‍മ്മിച്ച് 1971-ല്‍ നീറ്റിലിറക്കിയ ഈ ചുണ്ടന് 'കാരി' എന്നും 'ജലചക്രവര്‍ത്തി' എന്നും അറിയപ്പെടുന്നു. കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 16 പ്രാവശ്യമാണ് കാരിച്ചാല്‍ ചുണ്ടന് നെഹ്റു ട്രോഫി നേടിയത്. 1974-ല്‍ ആദ്യ നെഹ്റു ട്രോഫി നേടിയ കാരിച്ചാല്‍, അടുത്ത രണ്ടു വര്‍ഷം കൂടി തുടര്‍ച്ചയായി ട്രോഫി നേടി ഹാട്രിക്കിന് അര്‍ഹനായി. വീണ്ടും 1982, 1983, 1984 വര്‍ഷങ്ങളിലെ തുടര്‍ച്ചയായ വിജയം രണ്ടാമത്തെ ഹാട്രിക്കിന് കാരണമായി. ചുരുക്കത്തില്‍ കാരിച്ചാല്‍ തുഴയുന്ന എല്ലാ സംഘങ്ങള്‍ക്കും നെഹ്റു ട്രോഫി നേടാന്‍ കഴിഞ്ഞു എന്നത് ഐതിഹാസിക വിജയമായി മാറി. 33 പ്രാവശ്യം നെഹ്റു ട്രോഫി അവസാന മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള കാരിച്ചാല്‍ ചുണ്ടന് 2024-ലിലേതടക്കം 16 പ്രാവശ്യവും നെഹ്റു ട്രോഫി നേടാന്‍ കഴിഞ്ഞു എന്നത് ഏറെ അഭിമാനിക്കാന്‍ വക നല്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങള്‍ക്കുള്ളില്‍ പല അറ്റകുറ്റപ്പണികളും നവീകരണങ്ങളും കാരിച്ചാല്‍ ചുണ്ടനില്‍ നടത്തിയിട്ടുണ്ട്. അവസാനഘട്ട പുതുക്കല്‍ 2020-ല്‍ ആയിരുന്നു. പഴയ രൂപം സംരക്ഷിച്ചു കൊണ്ടു നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ഒരു പുതിയ ഭാവമാണ് കാരിച്ചാല്‍ ചുണ്ടന് കൈവരിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയില്‍പ്പെട്ട രണ്ട് അയല്‍ ഗ്രാമങ്ങളാണ് ആയാപറമ്പും പാണ്ടിയും. ഇവിടുത്തെ വള്ളംകളിയില്‍ ആകൃഷ്ടരായ നിവാസികള്‍ ഒന്നു ചേര്‍ന്ന് രൂപം കൊടുത്തതാണ് ആയാപറമ്പു പാണ്ടി ബോട്ട് ക്ലബ്ബും ആയാപറമ്പു പാണ്ടി ചുണ്ടന് വള്ളവും. മുമ്പ് ക്ലബ്ബിലുള്ളവര്‍ മത്സരിച്ചിരുന്നത് വാടകയ്ക്കെടുത്ത ചുണ്ടന് വള്ളങ്ങളിലായിരുന്നു. എന്നാല്‍ 1995-ല്‍ അവര്‍ ഒന്നു ചേര്‍ന്നു ധനസമാഹരണം നടത്തി സ്വന്തമായി ഒരു ചുണ്ടന് വള്ളം നിര്‍മ്മിച്ചു. ആദ്യ മത്സരത്തില്‍ തന്നെ പല്ലന ജലോത്സവത്തില്‍ വിജയം കൈവരിക്കാന്‍ ആയാപറമ്പു പാണ്ടി ചുണ്ടനു സാധിച്ചു. എന്നാല്‍ 1997-ലെ പായിപ്പാട്ടു വള്ളംകളിയില്‍ കടുത്ത ഒരു ക്ഷതം വള്ളത്തിന് സംഭവിച്ചതോടെ 10 വര്‍ഷത്തിനു ശേഷം ഗ്രാമീണര്‍ വീണ്ടും ഒന്നു ചേര്‍ന്ന് പുതിയൊരു ചുണ്ടന് വള്ളം നിര്‍മ്മിച്ചു. 2010-ല്‍ നിര്‍മ്മിച്ച വ്യത്യസ്ത രൂപരേഖയുള്ള ഈ പുതിയ ആയാപറമ്പു പാണ്ടി ചുണ്ടന് 2012-ല്‍ നീറ്റിലിറക്കി എങ്കിലും മത്സരങ്ങളില്‍ പ്രാധാന്യം നേടാന്‍ സാധിച്ചില്ല. അങ്ങനെ 2016-ല്‍ ഈ വള്ളത്തില്‍ മാറ്റങ്ങള്‍ വരുത്തി നവീകരിച്ചതോടെ പല മത്സരങ്ങളിലും ശ്രദ്ധ നേടാന്‍ ആയാപറമ്പു പാണ്ടി ചുണ്ടനു കഴിഞ്ഞു.
1952-ലെ ആദ്യ നെഹ്റു ട്രോഫി മത്സരത്തില്‍ വിജയം നേടിയ ചുണ്ടനാണ് നടുഭാഗം. സ്പര്‍ദ്ധ, മുറിവേല്ക്കല്, അഭിമാനം, മത്സരം എന്നിവയുമായി ചേര്‍ന്നു കിടക്കുന്നതാണ് നടുഭാഗം ചുണ്ടന്റെ കഥ. ആലപ്പുഴ ജില്ലയിലെ കുട്ടനാടു ഭാഗത്ത് ചമ്പക്കുളത്തുള്ള രണ്ടു ഗ്രാമങ്ങളാണ് നടുഭാഗവും അമിച്ചകരിയും. ഇരു ഗ്രാമങ്ങള്‍ക്കും അവരുടേതായ ബോട്ട് ക്ലബ്ബുകള്‍ ഉണ്ട്. എങ്കിലും ചുണ്ടന് ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ ഇരു ക്ലബ്ബുകളും അവസരങ്ങള്‍ തുല്യമായി വിഭജിക്കുകയും അവരവരുടെ അവസരങ്ങളില്‍ ഈ ഓരോ ക്ലബ്ബും തുഴയല്‍ മത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു വന്നു. എന്നാല്‍ 1927-ല്‍ ചമ്പക്കുളം 'മൂലം വള്ളംകളി' നടത്താനുള്ള നടുഭാഗക്കാരുടെ അവസരത്തെ അമിച്ചകരി നിഷേധിച്ചു. ഇതില്‍ അപമാനിതരും കോപാകുലരുമായ നടുഭാഗം ഗ്രാമക്കാര്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന M.E. Watts-നോട് പരാതി പറയുകയും അദ്ദേഹം പ്രത്യേകരീതിയിലുള്ള ചുണ്ടന് വള്ളമായ പള്ളിയോടം വാങ്ങുവാന്‍ നടുഭാഗത്തെ സഹായിക്കുകയും ചെയ്തു. പള്ളിയോടത്തില്‍ കുറെ മാറ്റങ്ങള്‍ വരുത്തി നവീകരിച്ചതോടെ ഈ പുതിയ നടുഭാഗം ചുണ്ടന് മത്സരങ്ങള്‍ക്ക് അനുയോജ്യമായി തീര്‍ന്നു. മാറ്റം വരുത്തിയ പള്ളിയോടത്തിനു പകരമായി ഒരു പുതിയ ചുണ്ടന് വള്ളം നിര്‍മ്മിക്കാന്‍ നടുഭാഗം തീരുമാനിക്കുകയും 1940-ല്‍ സാധിക്കുകയും ചെയ്തു. 1952-ലെ നെഹ്റു കപ്പ് നേടിയതിനു ശേഷം 36 പ്രാവശ്യം അവസാന വട്ട മത്സരങ്ങളില്‍ ഉണ്ടായിരുന്നു എങ്കിലും ട്രോഫി നേടാന്‍ സാധിച്ചില്ല. പിന്നീട് 1986-ലും 1996-ലും ഈ ചുണ്ടനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി എങ്കിലും വിജയം നേടാന്‍ സാധിച്ചില്ല. അറ്റകുറ്റപ്പണികള്‍ ഉണ്ടായതോടെ പുതിയ ചുണ്ടന് നിര്‍മ്മിക്കുവാന്‍ നടുഭാഗ നിവാസികള്‍ തീരുമാനിക്കുകയും 2014-ല്‍ അതു യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. അങ്ങനെ പഴയ ഗ്രഹപ്പിഴകള്‍ തകര്‍ത്ത് 2019-ല്‍ നെഹ്റു ട്രോഫി നേടാന്‍ ഈ ചുണ്ടനു സാധിച്ചു. ഇന്ന് എല്ലാ പ്രധാന വള്ളംകളി മത്സരങ്ങളിലും മത്സരിച്ച് തങ്ങളുടെ വിജയഗീതം പാടുകയാണ് പുതിയ നടുഭാഗം ചുണ്ടന്.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആദ്യ ചുണ്ടന് വള്ളമാണ് നിരണം ചുണ്ടന്. നിരണം ഗ്രാമവാസികളുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി രൂപം കൊണ്ട നിരണം ചുണ്ടന് 2022 ആഗസ്റ്റ് 17-നാണ് നീറ്റിലിറക്കിയത്. പള്ളിയോടങ്ങളുടെ നാടെന്ന് പേരുകേട്ട നിരണം ഗ്രാമം ചുണ്ടന് വള്ളം നിര്‍മ്മിക്കുവാനുള്ള കാരണം നിരണം വാര്‍ത്ത എന്ന ഫേസ്ബുക്ക് പേജില്‍ 2021-ല്‍ ഉയര്‍ന്ന അന്വേഷണങ്ങളാണ്. ഈ പേജില്‍ വന്ന പോസിറ്റീവ് ആയ അഭിപ്രായങ്ങള്‍ ഒരു സൊസൈറ്റി രൂപീകരിക്കാന്‍ കാരണമായി. നിരണം നിവാസികള്‍ ഒന്നു ചേര്‍ന്ന് പണം കണ്ടെത്തുകയും 168 ദിവസത്തിനുള്ളില്‍ 97 പേര്‍ക്കിരിക്കാവുന്ന ചുണ്ടന് വള്ളം നിര്‍മ്മിക്കുകയും ചെയ്തു.
പായിപ്പാട് ജലോത്സവം തുടങ്ങിയ കാലം മുതല്‍ ആലപ്പുഴ ജില്ലയിലെ അനരി ഗ്രാമം മത്സര രംഗത്തുണ്ട്. 1954-ല്‍ ആറന്മുളയില് നിന്നും വാങ്ങിയ പള്ളിയോടം നവീകരിച്ചാണ് ഈ ഗ്രാമീണര്‍ മത്സരത്തിനെത്തിയത്. ചെറുതന പഞ്ചായത്തിലെ ഈ കുഗ്രാമത്തില്‍ വസിക്കുന്ന കര്‍ഷകരും, മദ്ധ്യവര്‍ഗ്ഗക്കാരും, വിദേശത്തു ജോലി ചെയ്യുന്നവരും, ഒന്നു ചേര്‍ന്നാണ് അനരി ചുണ്ടന് നിര്‍മ്മിച്ചത്. 1986-ല്‍ ഇതിന്റെ സ്ഥാനത്ത് മറ്റൊന്നിറക്കി എങ്കിലും പ്രധാന വിജയങ്ങളൊന്നും നേടാന്‍ സാധിച്ചില്ല. അങ്ങനെ പഴയ ചുണ്ടന് വള്ളം വിറ്റ് പുതിയതായി ഒന്നു നിര്‍മ്മിക്കുവാന്‍ അവര്‍ തീരുമാനിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. പായിപ്പാട്, കല്ലട, പിറവം, താഴത്തങ്ങാടി, കരുവാറ്റ, കണ്ണേറ്റ്, പല്ലന, പ്രസിഡന്‍സ് ട്രോഫി തുടങ്ങിയ പ്രമുഖ മത്സരങ്ങളിലെല്ലാം വിജയിയാകുവാന്‍ പുതിയ അനരി ചുണ്ടനു സാധിച്ചു. നെഹ്റു ട്രോഫി അവസാന മത്സരത്തില്‍ 4 പ്രാവശ്യം പങ്കെടുത്തു എങ്കിലും വിജയം ഇവരെ കൈവിട്ടു.
ആലപ്പുഴ ജില്ലയില്‍ കരുവാറ്റ ഗ്രാമത്തില്‍ പരസ്പരം പോരാടുന്ന രണ്ടു വിഭാഗം ജനങ്ങളുണ്ട്. അതില്‍ ഓരോ വിഭാഗത്തിനും ഉള്ള ചുണ്ടന് വള്ളത്തിന്റെ പേരും ഒന്നു തന്നെയാണ്. കരുവാറ്റ ഗ്രാമവാസികള്‍ 1976-ല്‍ 'പച്ച ചുണ്ടന്' എന്ന വള്ളം വാങ്ങുകയും അതിന് ഗ്രാമത്തിന്റെ പേരു നല്കി കരുവാറ്റ ചുണ്ടന് എന്നാക്കുകയും ചെയ്തു. 2009-ലും 2015-ലും വലിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഈ ചുണ്ടനു നടത്തേണ്ടി വന്നു. ഓഹരി ഉടമകള്‍ കൂടാതെ കേരളത്തിലെ വിനോദ സഞ്ചാര വിഭാഗവും ഇതിനായി സഹായ സഹകരണങ്ങള്‍ നല്കി. ഇന്ന് കരുവാറ്റ ചുണ്ടന്റെ ഓഹരി ഉടമകളുടെ എണ്ണം 240 ആണ്. 123 അടി നീളമുള്ള ഈ ചുണ്ടന് വള്ളത്തില്‍ 100 പേര്‍ക്കിരിക്കാന്‍ സാധിക്കും.പുതുക്കിയതിനു ശേഷം നെഹ്റു ട്രോഫി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടുവാന്‍ കരുവാറ്റ ചുണ്ടനു സാധിച്ചു.ഇതിനിടെ ഇവിടുത്തെ ചെറുപ്പക്കാരുടെ കൂട്ടം പുതിയൊരു ചുണ്ടന് വള്ളം നിര്‍മ്മിക്കുവാന്‍ തീരുമാനിക്കുകയും 2024 ഡിസംബറില്‍ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തു. 83 തുഴക്കാര്ക്കിരിക്കാവുന്ന ഈ ചുണ്ടന് വള്ളം 2025-ലെ നെഹ്റു ട്രോഫിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലുള്ള മഹാദേവിക്കാട് ഗ്രാമത്തിലെ സഹോദരങ്ങളായ കാട്ടില്‍ തെക്കേതില്‍ ബിജോയ് സുരേന്ദ്രനും ബ്രിജേഷ് സുരേന്ദ്രനും ഉടമകളായ ചുണ്ടനാണ് മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്. 2015 ജൂലായ് 15-ന് മത്സര തുടക്കം കുറിച്ച ഈ ചുണ്ടന് 'കാട്ടി' എന്നും 'ഗരുഡന്' എന്നും അറിയപ്പെടുന്നു. 126 അടി നീളമുള്ള 'കാട്ടി', നിലവില്‍ ഏറ്റവും നീളം കൂടിയ ചുണ്ടന് വള്ളമാണ്. 110 പേരെ ഉള്‍ക്കൊള്ളുന്ന ഈ ചുണ്ടന്, ചതുരംഗ കളങ്ങളാല്‍ നിര്‍മ്മിച്ച ആദ്യ വള്ളമാണ്. സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ്ബിലെ അംഗങ്ങളായിരുന്നു 'കാട്ടി' ചുണ്ടനില്‍ ആദ്യം മത്സരത്തിനായി ഇറങ്ങിയത്. അന്നവര്‍ക്ക് നെഹ്റു ട്രോഫി അവസാന മത്സരം വരെ എത്താനും സാധിച്ചു. 2016-ല്‍ ഈ ചുണ്ടനെ നയിച്ച കേരള പോലീസിനും അവസാന മത്സരം വരെ എത്തിക്കുവാന്‍ കഴിഞ്ഞു. 2022-ല്‍ നെഹ്റു ട്രോഫി നേടാന്‍ കാട്ടില്‍ തെക്കേതില്‍ ചുണ്ടനു സാധിച്ചു. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബായിരുന്നു അന്ന് ഈ ചുണ്ടന് വള്ളം തുഴഞ്ഞത്. ഈ വിജയത്തോടെ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് ഹാട്രിക് നേടി.ഇവിടെ തീരുന്നതല്ല 'ഗരുഡന്റെ' വിജയഗാഥ. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ 12 മത്സരങ്ങളില്‍ 8 എണ്ണം വിജയിച്ച് ഏറ്റവും മുമ്പിലെത്തിയിരിക്കുകയാണ് 'ഗരുഡന്'.
ആലപ്പുഴ ജില്ലയിലെ വീയ്യാപുരം പഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് മേല്‍പ്പാടം. വള്ളംകളിയോടു താല്പര്യമുള്ള ഈ പഞ്ചായത്തിലെ മിക്ക ഗ്രാമങ്ങള്‍ക്കും സ്വന്തമായ ചുണ്ടന് വള്ളങ്ങളുണ്ട്. അതിലൊന്നാണ് മേല്പാടം. ഒരു ചുണ്ടന് സ്വന്തമാക്കണമെന്ന സ്വപ്നമാണ് മേല്പാടം നിവാസികളുടേയും അവിടെ നിന്നും വിദേശത്തു ജോലി ചെയ്യുന്നവരുടേയും സഹകരണത്തോടെ മേല്പാടം ഗ്രാമം യാഥാര്‍ത്ഥ്യമാക്കിയത്. ഈ ഗ്രാമം പാരമ്പര്യ വിശ്വാസങ്ങളെ തകര്‍ത്തു കൊണ്ട് സ്ത്രീകളേയും ഇതില്‍ ഭാഗമാക്കി. ഓഹരി ഉടമകളായി ധാരാളം സ്ത്രീകളുള്ളതു കൂടാതെ രക്ഷാധികാരി സ്ഥാനത്തും മൂന്നു സ്ത്രീകളുണ്ട്. 2023 ജൂലായ് 14-ന് ആരംഭിച്ച വള്ളനിര്മ്മാണം 9 മാസം കൊണ്ട് പൂര്‍ത്തിയായി. 2024 ജൂലായ് 25-ന് ഇത് ഔദ്യോഗികമായി പുറത്തിറക്കി. മേല്പാടം ചുണ്ടന് ആദ്യമായി തുഴയാനെത്തിയത് കുമരകം ബോട്ട് ക്ലബ്ബ് സംഘമായിരുന്നു. 128 അടി നീളവും 64 ഇഞ്ച് വീതിയും ഇതിനുണ്ട്. 85 തുഴക്കാര്ക്കിരിയ്ക്കുവാന് സാധിക്കുന്ന ഈ ചുണ്ടന് 5 ചുക്കാന്‍ പിടിക്കുന്നവരേയും 7 പാട്ടുകാരേയും ഉള്‍ക്കൊള്ളാന്‍ സാധിക്കും.
പായിപ്പാട് ചുണ്ടന്റെ ചരിത്രവും വള്ളംകളിയുടെ ചരിത്രവും തമ്മില്‍ അഭേദ്യ ബന്ധമാണുള്ളത്. ആലപ്പുഴ ജില്ലയിലെ പായിപ്പാടു ഗ്രാമക്കാര്‍ നൂറു വര്‍ഷത്തിലേറെയായി സ്വന്തം ചുണ്ടനുമായി മത്സര രംഗത്തുണ്ട്. പായിപ്പാട് ആദ്യമായി വാങ്ങിയ ചുണ്ടന് 'ഗോപാല കൃഷ്ണന്' അധിക കാലം നിന്നില്ല. പിന്നീട് ഇവര്‍ ഒരു ചുണ്ടന് വള്ളം നിര്‍മ്മിച്ചു എങ്കിലും ഒരു നെഹ്റു ട്രോഫി പോലും വിജയിക്കാന്‍ കഴിയാത്തതിനാല്‍ അതിനെ വില്‍ക്കേണ്ടി വന്നു. പിന്നീടു നിര്‍മ്മിച്ച പുതിയ ചുണ്ടന് വള്ളം 2005, 2006, 2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നെഹ്റു ട്രോഫി കരസ്ഥമാക്കി ഹാട്രിക് നേടി. അടുത്ത വിജയത്തിനായി പായിപ്പാടന് 2018-വരെ കാത്തിരിക്കേണ്ടി വന്നു. 2023-ല്‍ പായിപ്പാട് പുതിയൊരു ചുണ്ടന് രൂപകല്പന കൊടുക്കുകയും 10 മാസം കൊണ്ട് പൂര്‍ത്തീകരിക്കുകയും ചെയ്തു. പായിപ്പാട് പുത്തന്‍ ചുണ്ടന് 126 അടി നീളവും 5 അടി വീതിയും 91 തുഴക്കാരേയും 5 ചുക്കാന്‍ പിടിക്കുന്നവരേയും 9 ഗായകന്മാരേയും ഉള്‍ക്കൊള്ളാനുള്ള സൗകര്യവുമുണ്ട്.
കുട്ടനാടന്‍ കായലിലെ 'വിശുദ്ധന്' എന്നറിയപ്പെട്ട സെന്റ് ജോര്‍ജ് ചുണ്ടന്, ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവരുടെ ആദ്യ ചുണ്ടനാണ്. കുട്ടനാട്ടുകാരുടെ പ്രിയപ്പെട്ട വിശുദ്ധനായ സെന്റ് ജോര്‍ജ്ജിന്റെ പേരിലുള്ള ഈ ചുണ്ടന് ചങ്ങംകരി നടുഭാഗം ക്രിസ്ത്യന്‍ യൂണിയന്റെ ഉടമസ്ഥതയിലാണ്. 1957-ല്‍ പുറത്തിറക്കിയ ഈ വള്ളം, അതിന്റെ വീതി കൊണ്ട് ഏറെ പ്രശസ്തമാണ്. സെന്റ് ജോര്‍ജ് ചുണ്ടന് വള്ളം ഒരിക്കല്‍ മാത്രമേ നെഹ്റു ട്രോഫി നേടിയിട്ടുള്ളൂ. അത് 1964-ല്‍ ആയിരുന്നു. ചമ്പക്കുളം, നീരേറ്റുപുറം, കുമരകം, ഇന്ദിരാഗാന്ധി വള്ളംകളി എന്നിവയിലെല്ലാം വന്‍വിജയമായിരുന്നു എങ്കിലും രണ്ടാമത്തെ നെഹ്റു ട്രോഫി എന്നത് ഇന്നും അവരുടെ സ്വപ്നമാണ്. പഴകിയതിനാല്‍ 1974, 1984, 2002, 2007 എന്നീ വര്‍ഷങ്ങളില്‍ സെന്റ് ജോര്‍ജ്ജ് ചുണ്ടനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി എങ്കിലും ഇതു കൊണ്ടും വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ ചുണ്ടനെ വില്ക്കാന് തന്നെ ഉടമകള്‍ തീരുമാനിച്ചു. 2014-ല്‍ നീറ്റിലിറക്കിയ പുതിയ സെന്റ് ജോര്‍ജ്ജ് ചുണ്ടന് ഭംഗിയേറിയ അമരത്തല കൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നു. 123 അടി നീളവും 5 അടി വീതിയും ഉള്ള ചുണ്ടന് 85 തുഴക്കാരേയും 5 ചുക്കാന്‍ പിടിക്കുന്നവരേയും 9 സഹായകരേയും ഉള്‍ക്കൊള്ളാന്‍ സാധിക്കും. ഈ പുതിയ ചുണ്ടന് വള്ളം 2019-ലെ മാമ്മന്‍ മാപ്പിള ട്രോഫി കരസ്ഥമാക്കി. അടുത്തതായി തങ്ങള്‍ക്ക് നെഹ്റു ട്രോഫി ലഭിക്കണമെന്ന പ്രതീക്ഷയിലാണ് ഇന്നും ചങ്ങംകരി നിവാസികള്‍.
അപ്പര്‍ കുട്ടനാട്ടിലെ ഒരു ഗ്രാമമാണ് തലവടി. ഇവിടുത്തെ വള്ളംകളി ഭ്രമമുള്ള നാട്ടുകാര്‍ സ്വന്തം ഗ്രാമത്തിന്റെ പേരില്‍ ഒരു ചുണ്ടന് വള്ളം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. തലവടി ബോട്ട് ക്ലബ്ബ് മുന്‍കൈ എടുത്ത ഈ ശ്രമത്തിന് പല വിഭാഗങ്ങളില്‍ നിന്നും, വിദേശത്തുള്ള തലവടിക്കാരില് നിന്നുമായി വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. 2023 ജനുവരി 1-ന് പുറത്തിറങ്ങിയ ഈ ചുണ്ടന് വള്ളത്തിന് 127 അടി നീളവും 5 അടി വീതിയും 83 തുഴക്കാരേയും 5 ചുക്കാന്‍ പിടിക്കുന്നവരേയും 9 ഗായകരേയും വഹിക്കുവാനുള്ള ശേഷിയുമുണ്ട്.ഈ ചുണ്ടന് വള്ളത്തിന്റെ മുന്‍ഭാഗം പന്തയക്കുതിരയുടെ രൂപത്തിലാണ്. ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ വച്ചു പവിത്രീകരിച്ച തേക്കിന് തടിയിലാണ് കുതിരയുടെ രൂപം കൊത്തി എടുത്തു ചുണ്ടന് വള്ളത്തില്‍ ഉറപ്പിച്ചത്. തലവടി ചുണ്ടന്റെ ഉദ്ഘാടന മത്സരമായ നീരേറ്റുപുറം വള്ളംകളിയില്‍ വിജയിച്ചതോടെ വള്ളംകളി രംഗത്തെ കറുത്ത കുതിരയാണെന്നു തെളിയിക്കാന്‍ ഇതിനു സാധിച്ചു.
കേരളത്തില്‍ വളരെ പ്രസിദ്ധമായ ചുണ്ടന് വള്ളമാണ് വലിയ ദിവാന്‍ജി. ആലപ്പുഴ നഗരം രൂപകല്പന ചെയ്ത ദിവാന് രാജാകേശവദാസന്റെ ഓര്‍മ്മക്കായാണ് ഈ പേരു നല്‍കിയത്. 1928-ല്‍ നിര്‍മ്മിച്ച ഈ ചുണ്ടന് വള്ളത്തിന്റെ ഉടമസ്ഥാവകാശം നെടുമുടിയിലെ നായര്‍ സര്‍വ്വീസ് സൊസൈറ്റി (NSS) വിഭാഗത്തിനായിരുന്നു ഇപ്പോള്‍ ഇതിന്റെ അവകാശം ആയാപറമ്പിലെ NSS ഘടകത്തിനാണ്. 125 അടി നീളമുള്ള ഈ ചുണ്ടന് വള്ളത്തില്‍ 91 തുഴക്കാരും 5 അമരക്കാരും 11 ഗായകന്മാരുമടക്കം 107 പേര്‍ക്കുള്ള ഇടമാണുള്ളത്. തുടക്കം മുതല്‍ തന്നെ നെഹ്റു ട്രോഫി മത്സരത്തില്‍ വലിയ ദിവാന്‍ജി പങ്കെടുത്തു വരുന്നു. നെടുമുടി ഗ്രാമത്തിന്റെ ഉടമസ്ഥതയിലായതിനാല്‍ ഈ ചുണ്ടന് നെടുമുടി തെക്കേമുറി ചുണ്ടന് എന്നും അറിയപ്പെടുന്നു.വലിയ ദിവാന്‍ജി ആദ്യമായി നെഹ്റു ട്രോഫി നേടിയത് 1979-ലായിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്ത് 50 വര്‍ഷം പൂര്‍ത്തിയായ ശേഷം. 1981-ല്‍ വീണ്ടും ഈ വിജയം ആവര്‍ത്തിച്ചു. കൂടാതെ മറ്റു പല പ്രധാന മത്സരങ്ങളിലും വിജയിക്കാന്‍ വലിയ ദിവാന്‍ജി ചുണ്ടനു കഴിഞ്ഞിട്ടുണ്ട്. ചുണ്ടന്റെ പഴക്കം വര്‍ദ്ധിച്ചതോടെ വിജയ സാധ്യതകളും ഏറെ കുറഞ്ഞു. അതോടെ പുതിയ ചുണ്ടന് വള്ളം നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും 2016 ജൂലായ് മാസത്തില്‍ അത് നീറ്റിലിറക്കുകയും ചെയ്തു. 128 അടി നീളവും, 88 തുഴക്കാരേയും 5 അമരക്കാരേയും 7 ഗായകരേയും 2 ഇടിക്കാരേയും ഉള്‍ക്കൊള്ളുന്ന ഈ പുതിയ ചുണ്ടന്റെ ഭംഗിയും കൈവേലകളും ഏറെ പ്രശംസ നേടി.ചമ്പക്കുളം രാജപ്രമുഖന്‍ ട്രോഫി അടക്കം പല വിജയങ്ങളും കൊയ്ത വലിയ ദിവാന്‍ജി ലക്ഷ്യമിടുന്നത് അടുത്ത നെഹ്റു ട്രോഫിയാണ്.
ചുണ്ടന് വള്ളങ്ങളുടെ തലസ്ഥാനമായാണ് ആലപ്പുഴയിലെ വീയപുരം പഞ്ചായത്ത് അറിയപ്പെടുന്നത്. 2019-ല്‍ തുടക്കം കുറിച്ച വീയാപുരം ചുണ്ടനടക്കം അഞ്ചിലധികം ചുണ്ടന് വള്ളങ്ങളാണ് ഈ പഞ്ചായത്തിനുള്ളത്. വീയപുരം തെക്കും വടക്കും ഗ്രാമങ്ങളും പുത്തന്‍ തുരുത്തു നിവാസികളും വെങ്കിടച്ചിറ നിവാസികളും ഒന്നു ചേര്‍ന്നാണ് വീയപുരം ചുണ്ടന് നിര്‍മ്മിച്ചത്. ഇവരോടൊപ്പം NRI സംഘടനയായ 'നന്മ'യും എല്ലാ സഹായ സഹകരണങ്ങളും നല്കി ഒപ്പം ചേര്‍ന്നു. 121 അടി നീളവും 83 തുഴക്കാര്‍ക്കും 5 അമരക്കാര്ക്കും 7 ഗായകര്‍ക്കും കയറാന്‍ സൗകര്യമുള്ളതുമായ വീയപുരം ചുണ്ടന് മറ്റു ചുണ്ടന് വള്ളങ്ങളെ അപേക്ഷിച്ച് ചെറുതാണ്.ഉദ്ഘാടന വര്‍ഷം തന്നെ, ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മൂന്നാം സ്ഥാനം നേടാന്‍ വീയപുരത്തിനു സാധിച്ചു. നെഹ്റു ട്രോഫി മത്സരത്തില്‍ ചമ്പക്കുളം ചുണ്ടന്, സെക്കന്റിനു പിന്നാലെ ആയിപ്പോയ വീയാപുരം രണ്ടാമതായി.
ആലപ്പുഴയില്‍ വീയപുരം പഞ്ചായത്തിലെ വെള്ളംകുളങ്ങരയില്‍ നിന്നുള്ള പ്രശസ്തമായ ചുണ്ടന് വള്ളമാണ് ഇത്. ആദ്യകാലത്ത് 'നെപ്പോളിയന്' എന്നറിയപ്പെട്ടിരുന്ന വെള്ളംകുളങ്ങര ചുണ്ടന് 'വെള്ളിച്ചുണ്ടന്‍' എന്നും അറിയപ്പെടുന്നു.നെപ്പോളിയന് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാലത്ത് 1957, 1958, 1959 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നെഹ്റു ട്രോഫിയില്‍ ഹാറ്റ്ട്രിക് നേടി. 1961-ലും വീണ്ടും നെഹ്റു ട്രോഫി ചാമ്പ്യനായി.വെള്ളംകുളങ്ങരയിലെ നിവാസികള്‍ നെപ്പോളിയനെ വിലയ്ക്കു വാങ്ങുകയും 1975 മുതല്‍ വെള്ളംകുളങ്ങര ചുണ്ടന് എന്ന് പുനര്‍ നാമകരണം ചെയ്യുകയും ചെയ്തു. 1988-ലാണ് വെള്ളംകുളങ്ങര ചുണ്ടന് ആദ്യമായി നെഹ്റു ട്രോഫി നേടുന്നത്. 2001-ല്‍ ഈ ചുണ്ടനെ നവീകരിക്കുകയും അതിന്റെ ഫലമായി 2002-ല്‍ നെഹ്റു ട്രോഫി വീണ്ടും നേടുകയും ചെയ്തു. പ്രായാധിക്യം മൂലം ഈ ചുണ്ടന് വള്ളം 2010-ല്‍ വിരമിക്കുകയും, 2013-ല്‍ ഇതേ പേരില്‍ പുതിയതായി നിര്‍മ്മിച്ച ചുണ്ടന് പുറത്തിറങ്ങുകയും ചെയ്തു.