അപ്പര്‍ കുട്ടനാട്ടിലെ ഒരു ഗ്രാമമാണ് തലവടി. ഇവിടുത്തെ വള്ളംകളി ഭ്രമമുള്ള നാട്ടുകാര്‍ സ്വന്തം ഗ്രാമത്തിന്റെ പേരില്‍ ഒരു ചുണ്ടന്‍ വള്ളം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു. തലവടി ബോട്ട് ക്ലബ്ബ് മുന്‍കൈ എടുത്ത ഈ ശ്രമത്തിന് പല വിഭാഗങ്ങളില്‍ നിന്നും, വിദേശത്തുള്ള തലവടിക്കാരില്‍ നിന്നുമായി വലിയ പ്രോത്സാഹനമാണ് ലഭിച്ചത്. 2023 ജനുവരി 1-ന് പുറത്തിറങ്ങിയ ഈ ചുണ്ടന്‍ വള്ളത്തിന് 127 അടി നീളവും 5 അടി വീതിയും 83 തുഴക്കാരേയും 5 ചുക്കാന്‍ പിടിക്കുന്നവരേയും 9 ഗായകരേയും വഹിക്കുവാനുള്ള ശേഷിയുമുണ്ട്.
ഈ ചുണ്ടന്‍ വള്ളത്തിന്റെ മുന്‍ഭാഗം പന്തയക്കുതിരയുടെ രൂപത്തിലാണ്. ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ വച്ചു പവിത്രീകരിച്ച തേക്കിന്‍ തടിയിലാണ് കുതിരയുടെ രൂപം കൊത്തി എടുത്തു ചുണ്ടന്‍ വള്ളത്തില്‍ ഉറപ്പിച്ചത്. തലവടി ചുണ്ടന്റെ ഉദ്‌ഘാടന മത്സരമായ നീരേറ്റുപുറം വള്ളംകളിയില്‍ വിജയിച്ചതോടെ വള്ളംകളി രംഗത്തെ കറുത്ത കുതിരയാണെന്നു തെളിയിക്കാന്‍ ഇതിനു സാധിച്ചു.