കുട്ടനാടന്‍ കായലിലെ 'വിശുദ്ധന്‍' എന്നറിയപ്പെട്ട സെന്റ് ജോര്‍ജ് ചുണ്ടന്‍, ക്രിസ്‌തീയ വിഭാഗത്തില്‍പ്പെട്ടവരുടെ ആദ്യ ചുണ്ടനാണ്. കുട്ടനാട്ടുകാരുടെ പ്രിയപ്പെട്ട വിശുദ്ധനായ സെന്റ് ജോര്‍ജ്ജിന്റെ പേരിലുള്ള ഈ ചുണ്ടന്‍ ചങ്ങംകരി നടുഭാഗം ക്രിസ്‌ത്യന്‍ യൂണിയന്റെ ഉടമസ്ഥതയിലാണ്. 1957-ല്‍ പുറത്തിറക്കിയ ഈ വള്ളം, അതിന്റെ വീതി കൊണ്ട് ഏറെ പ്രശസ്‌തമാണ്. സെന്റ് ജോര്‍ജ് ചുണ്ടന്‍ വള്ളം ഒരിക്കല്‍ മാത്രമേ നെഹ്‌റു ട്രോഫി നേടിയിട്ടുള്ളൂ. അത് 1964-ല്‍ ആയിരുന്നു. ചമ്പക്കുളം, നീരേറ്റുപുറം, കുമരകം, ഇന്ദിരാഗാന്ധി വള്ളംകളി എന്നിവയിലെല്ലാം വന്‍വിജയമായിരുന്നു എങ്കിലും രണ്ടാമത്തെ നെഹ്‌റു ട്രോഫി എന്നത് ഇന്നും അവരുടെ സ്വപ്‌നമാണ്. പഴകിയതിനാല്‍ 1974, 1984, 2002, 2007 എന്നീ വര്‍ഷങ്ങളില്‍ സെന്റ് ജോര്‍ജ്ജ് ചുണ്ടനില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി എങ്കിലും ഇതു കൊണ്ടും വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഈ ചുണ്ടനെ വില്‌ക്കാന്‍ തന്നെ ഉടമകള്‍ തീരുമാനിച്ചു. 2014-ല്‍ നീറ്റിലിറക്കിയ പുതിയ സെന്റ് ജോര്‍ജ്ജ് ചുണ്ടന്‍ ഭംഗിയേറിയ അമരത്തല കൊണ്ട് ശ്രദ്ധ നേടിയിരിക്കുന്നു. 123 അടി നീളവും 5 അടി വീതിയും ഉള്ള ചുണ്ടന് 85 തുഴക്കാരേയും 5 ചുക്കാന്‍ പിടിക്കുന്നവരേയും 9 സഹായകരേയും ഉള്‍ക്കൊള്ളാന്‍ സാധിക്കും.
ഈ പുതിയ ചുണ്ടന്‍ വള്ളം 2019-ലെ മാമ്മന്‍ മാപ്പിള ട്രോഫി കരസ്ഥമാക്കി. അടുത്തതായി തങ്ങള്‍ക്ക് നെഹ്‌റു ട്രോഫി ലഭിക്കണമെന്ന പ്രതീക്ഷയിലാണ് ഇന്നും ചങ്ങംകരി നിവാസികള്‍.