ഉദ്ഗ്രഥനവും സാത്മീകരണവും
സംസ്ഥാനത്തിന്റെ സാമൂഹിക, സാംസ്കാരിക സാന്നിധ്യത്തിന്റെ അവിഭാജ്യമായ ഘടകമാണ് കേരളത്തിലെ മുസ്ലീം സമുദായം. ഹിന്ദു ഭൂരിപക്ഷവുമായി ഒന്നു ചേര്‍ന്നുള്ള നൂറ്റാണ്ടുകള്‍ നീളുന്ന സഹജീവനമാണ് ഇതിന്റെ അടിസ്ഥാന ഹേതു. പരസ്പര ബഹുമാനം, സാമ്പത്തികമായി പരസ്പരാശ്രയത്വം എന്നിങ്ങനെ വാണിജ്യം, കൃഷി, കൈത്തൊഴില്‍ എന്നീ മേഖലകളിലെ സഹപങ്കാളിത്തവും, സാമുദായിക സൗഹാര്‍ദ്ദവും ഇതിന് കരുത്തു പകര്‍ന്നു. സ്വന്തം മതവിശ്വാസത്തില്‍ മുറുകെ പിടിച്ചു തന്നെ പ്രാദേശിക ആചാരങ്ങളെയും ഉള്‍ക്കൊണ്ട് കേരളത്തിലെ മുസ്ലീങ്ങള്‍ തനതായ ഒരു വ്യക്തിത്വം സ്വയം ആര്‍ജ്ജിച്ചു. സ്വാമി അയ്യപ്പനും വാവരും തമ്മിലുള്ള ഐതിഹ്യ പ്രസിദ്ധമായ സൗഹൃദവും, പരസ്പരം ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കലും ഇതിനുദാഹരണങ്ങളാണ്. സാധാരണക്കാരും, സമൂഹത്തിലെ ഉന്നതരും ഒരേ പോലെ ഈ സഹവര്‍ത്തിത്വം പുലര്‍ത്തുന്നു. വൈവിധ്യപൂര്‍ണ്ണമായ സാക്ഷ്യങ്ങളുടേയും ശാന്തമായുള്ള സാത്മീകരണത്തിന്റെയും നിദര്‍ശനം തന്നെ ഈ സഹവര്‍ത്തിത്വം.
ആദ്യകാലത്തെ മുസ്ലീം പള്ളികളുടെ വാസ്തുശില്പ ശൈലി, മാപ്പിള സമുദായത്തിന്റെ കേരളീയ ജീവിതവുമായുള്ള ഇഴുകിച്ചേരലിനെ മാത്രമല്ല വിളിച്ചു പറയുന്നത്. ഇന്ത്യയില്‍ മറ്റിടങ്ങളിലെ മുസ്ലീം ജനവിഭാഗങ്ങളില്‍ നിന്ന് അവരെങ്ങനെ വ്യത്യസ്തരാകുന്നുവെന്നും പറയുന്നു. ചരിത്രകാരനായ ആര്.കെ. മില്ലര്‍ എഴുതിയിട്ടുണ്ട്. മുഗള്‍ ശൈലി പിന്തുടരാതെ ജൈനശൈലിയിലുള്ള വാസ്തുമാതൃകകളെ പിന്‍പറ്റുകയാണ് കേരളത്തിലെ മുസ്ലീങ്ങള്‍ ചെയ്തതെന്ന് മില്ലര്‍ നിരീക്ഷിക്കുന്നു. ചില പുരാതന പള്ളികള്‍ അമ്പലങ്ങളില്‍ നിന്ന് പുറംകാഴ്ചയില്‍ ഒട്ടും വ്യത്യസ്ഥമല്ല. എന്നാല്‍ അകത്ത് പ്രാര്‍ത്ഥനാ സങ്കല്പമായ മിഹ്റാബും പ്രഭാഷണ വേദിയും ഇസ്ലാമിന്റെ ശൈലിയില്‍ തന്നെയാകും.
ആദ്യകാലത്തെ പള്ളി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് ഹിന്ദു ആശാരിമാരും കൈവേലക്കാരും കൊത്തുപണിക്കാരും തന്നെയാകും. അവര്‍ക്ക് വശമാവുക ഹിന്ദു ശൈലിയിലുള്ള പണികള്‍ മാത്രവും. അതുകൊണ്ടുതന്നെ ചില പഴയ മുസ്ലീംപള്ളികളുടെ മുഖപ്പില്‍ ഹൈന്ദവ ശൈലിയിലുള്ള രൂപങ്ങളും ത്രിശൂലങ്ങളും വരെ കാണാം. കൂടാതെ പള്ളി പണിയാന്‍ സാമൂതിരി ധനസഹായം നല്‍കുകയും നടത്തിപ്പിന് വകയിരുത്തുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ മുച്ചുണ്ടി പള്ളിയില്‍ അത്തരമൊരു ഭൂമിദാനത്തിന്റെ രേഖകളുണ്ട്. പലയിടത്തും ചേര്‍ന്നു ചേര്‍ന്നു തന്നെ ക്ഷേത്രങ്ങളും മുസ്ലീം പള്ളികളും കാണാം.