കേരളത്തിലെത്തിയ മാപ്പിളമാർ ഇവിടത്തെ സംസ്കാരവുമായി ഇഴുകി ചേർന്നാണ് നിലനിന്നത്. സംസ്കാരത്തിൻ്റെ വിവിധ കാര്യങ്ങൾ അവർ സ്വാംശീകരിച്ചു. അത് ആചാരങ്ങളിലും  സ്വത്ത് പിൻതലമുറ്യ്ക്ക് കൈമാറുന്ന രീതിയിലും വസ്ത്രധാരണത്തിലും എന്തിന് കല്യാണ ചടങ്ങുകളിൽ വരെ കാണാം. ഒരുവേള അനിസ്ലാമികമായ അന്ധ വിശ്വാസം പോലും അവരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.  മാപ്പിളമാരുടെ സാമൂഹിക ജീവിതത്തിലും ഇരു സമുദായങ്ങളും തമ്മിലുള്ള സാംസ്‌കാരിക പൊരുത്തം കാണാം. മാപ്പിളമാര്‍ അവരുടെ മതാചാരങ്ങളും, ദൈവ ശാസ്‌ത്രവും പിന്തുടരുമ്പോഴും ജീവിതശൈലിയില്‍ പലതും ഹിന്ദു സമുദായത്തില്‍ നിന്നു സ്വാംശീകരിച്ചു. മരുമക്കത്തായം എന്ന മാതൃദായകക്രമം മാപ്പിളമാര്‍ ഹിന്ദു പാരമ്പര്യങ്ങളില്‍ നിന്നു കടംകൊണ്ടതാണെന്നു ആര്‍.ഇ. മില്ലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്‌. എന്നാല്‍ മലബാറിലെ മാപ്പിളമാര്‍ക്കിടയിലെ ഈ മരുമക്കാത്തയ രീതി അറബ്‌ നാവികരുമായുള്ള വേഴ്‌ചകളുടെയും ഫലമാകാം എന്നും പറയുന്നുണ്ട്‌. അറേബ്യയുടെ തെക്കുഭാഗത്ത്‌ പ്രത്യേകിച്ചു യമനില്‍ മരുമക്കത്തായ സമ്പ്രദായം നിലവിലുണ്ട്‌. യമനില്‍ നിന്നുള്ള അറബ്‌ വണിക്കുകള്‍ മലബാറില്‍ സ്ഥിരമായി എത്താറുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ അറബ്‌ നാവികര്‍ക്ക്‌ പ്രാദേശിക രീതികളുമായി പെട്ടെന്ന്‌ ഇണങ്ങിച്ചേരാന്‍ സഹായകമായി. മാപ്പിള സമുദായത്തെ, ഇവിടത്തെ നാട്ടുരീതികളും മര്യാദകളും വളരെയേറെ സ്വാധീനിച്ചു. അവരുടെ എല്ലാ ആചാരങ്ങളിലും ചടങ്ങുകളിലും ഈ നാടന്‍ സ്വാധീനം കാണാം. കേരളത്തിലെ മറ്റ്‌ സമുദായക്കാര്‍ മാത്രം പിന്തുടരുന്ന ഒന്നാണ്‌ കല്ല്യാണത്തിന്‌ താലികെട്ടലും സ്‌ത്രീധനം നല്‍കലും. മറ്റിടങ്ങളില്‍ കാണാത്ത ഈ രീതി മുസ്ലീങ്ങളില്‍ കേരളത്തിലുണ്ട്‌. വസ്‌ത്ര ഭക്ഷണ ശൈലികളിലും അവര്‍ വ്യത്യസ്ഥരല്ല. എന്നാല്‍ ചില വ്യത്യാസങ്ങള്‍ കാണാം. പ്രദേശിക വേഷമായ മുണ്ട്‌ മുസ്ലീങ്ങള്‍ ഇടത്തോട്ടാണ്‌ മാടുന്നത്‌, എന്നാല്‍ മറ്റെല്ലാവരും വലത്തോട്ട്‌ ഉടുക്കുന്നു. നാടൻ ഭക്ഷ ഉല്പന്നങ്ങൾ സ്വന്തം ഭക്ഷണരീതിയുമായി കൂട്ടികലർത്തി. തേങ്ങാച്ചോറ് അതിന് മികച്ച ഉദാഹരണമാണ്.  ഇസ്ലാമിക പ്രമാണങ്ങളില്‍ അന്ധവിശ്വസങ്ങള്‍ പാടില്ല. എന്നാല്‍ മുസ്ലീങ്ങളില്‍ പലരും മന്ത്രവാദത്തിലും നിഗൂഢ ചടങ്ങുകളിലും വിശ്വസിക്കുന്നുണ്ട്‌. ഇതു പ്രാദേശിക ഹിന്ദു സമൂഹത്തില്‍ നിന്ന്‌ കടം കൊണ്ടതാണ്‌. ദുര്‍മന്ത്രവാദത്തില്‍ നിന്നും ദുഷ്ടാത്മാക്കളില്‍ നിന്നും രക്ഷതേടി ഇവര്‍ ഹിന്ദുമന്ത്രവാദികളെ സമീപിക്കാറുണ്ട്‌. കരിങ്കണ്ണ്‌ അല്ലെങ്കില്‍ കണ്ണുകിട്ടാതിരിക്കാന്‍ പുതിയ കെട്ടിടത്തിനു വീടുകള്‍ക്കും നിര്‍മ്മിതികള്‍ക്കും മുന്നില്‍ മുസ്ലീങ്ങളും നോക്കുകുത്തികള്‍ വയ്‌ക്കാറുണ്ട്‌. ഒടിവിദ്യ, ശകുനങ്ങള്‍, പ്രാദേശിക രക്ഷസ്സുകളായ മാടന്‍, മറുത എന്നിവയിലും വിശ്വസിക്കുന്നവരുമുണ്ട്‌.  കേരളത്തിൻ്റെ വടക്കൻ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിൽ തെയ്യം പ്രധാനപ്പെട്ട ഉത്സവമാണ്.  വടക്കന്‍ കേരളത്തിലെ ക്ഷേത്ര ഉല്‍സവങ്ങളിലെ തെയ്യം പ്രകടനങ്ങളില്‍ ഹിന്ദു മുസ്ലീം സാംസ്‌കാരിക സഹകരണത്തിന്റെ തെളിവുകള്‍ കാണാം. അലിതെയ്യം, ബീവി തെയ്യം, മുക്രി തെയ്യം എന്നിവയും ചിലയിടങ്ങളില്‍ ദൈവക്കോലങ്ങള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഈ മുസ്ലീം തെയ്യങ്ങള്‍ മുസ്ലീം വേഷം ധരിച്ച്‌ മാപ്പിള ശൈലിയില്‍ സംസാരിക്കും. സാംസ്‌കാരിക വിഭജനങ്ങളെ മറക്കുന്ന അവസരങ്ങളാണിവ.

ഉദ്‌ഗ്രഥനം : കേരളത്തിന്റെ മുസ്ലീം ചരിത്രം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍