മാപ്പിള മുസ്ലീങ്ങള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസത്തിന്റെ വിത്തുപാകിയവരില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് വക്കം മൗലവി, ചാലിലകത്ത് കുഞ്ഞിമുഹമ്മദ് ഹാജി, സനാനുള്ള മഖിതങ്ങള്‍ എന്നിവര്‍. ചാലിലകത്ത് സ്ഥാപിച്ച ദാരുള്‍ ഉലൂം പാരമ്പര്യരീതിയില്‍ നടന്നുവന്ന ദര്‍സ് വ്യവസ്ഥയില്‍ ആധുനിക പരിഷ്‌കാരങ്ങള്‍ വരുത്തി. 1904 ല്‍ ഓത്തുപള്ളികളില്‍ പ്രാദേശികഭാഷാ പഠനം നിര്‍ബന്ധമാക്കിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ അതിന് ആക്കം കൊടുത്തു. പരിഷ്‌കാരങ്ങള്‍ക്കായി രൂപീകരിച്ച ഐക്യസംഘത്തിന്റെ വരവോടെ സമുദായ നേതാക്കളെ പൊതുവിദ്യാഭ്യാസത്തിനുള്ള സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ പ്രേരണയായി. തിരുവിതാംകൂര്‍ മഹാരാജാവ് കേരളത്തിന്റെ തെക്കേയറ്റത്ത് ഇതിനായി പ്രത്യേക സമിതിക്ക് രൂപം കൊടുത്തു. മുസ്ലീം വിദ്യാര്‍ത്ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ പ്രത്യേക ഇളവുകളും പ്രഖ്യാപിച്ചു.
വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയുടെ നിര്‍ദ്ദേശപ്രകാരം തിരുവിതാംകൂറില്‍ മുഹമ്മദന്‍ സ്‌കൂളുകള്‍ സ്ഥാപിതമായി. വക്കം മൗലവി തന്നെ ഈ സ്‌കൂളുകളുടെ ആദ്യ ഇന്‍സ്‌പെക്ടറും ആയി. മൗലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി മുഹമ്മദന്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. മധ്യകേരളത്തില്‍ ആലപ്പുഴയിലെ ലജ്‌നാത്തുള്‍ മുഹമ്മദീയ ആധുനിക വിദ്യാഭ്യാസ പ്രചാരത്തിന് നേതൃത്വം നല്‍കി. 1911 ല്‍ എം.എം. കോയക്കുഞ്ഞി സ്ഥാപിച്ച മദ്‌നുള്‍ ഉലൂം കണ്ണൂര്‍ മേഖലയില്‍ ആധുനിക വിദ്യാഭ്യാസത്തിന് മുന്‍കൈയ്യെടുത്തു.
1925 ല്‍ മലബാര്‍ ഡിസ്‌ട്രിക്‌റ്റ് എഡ്യൂക്കേഷണല്‍ ബോര്‍ഡ് നിലവില്‍ വന്നു. പെണ്‍കുട്ടികള്‍ക്കായുള്ള പ്രത്യേക സ്‌കൂളുകള്‍ ഉള്‍പ്പെടെ മലബാറില്‍ നിരവധി സ്‌കൂളുകള്‍ തുറന്നു. മാപ്പിള സമുദായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാപ്പിള സ്‌കൂളുകളും ഇതിനിടെ തുടങ്ങി.
1921 ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് വടക്കന്‍ മേഖലയില്‍ വലിയ ദാരിദ്ര്യം പടര്‍ന്നുപിടിച്ചു. അനാഥകുട്ടികളുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടായി. ഇതോടെ പരോപകാരതത്‌പരരായ മനുഷ്യരും സംഘടനകളും സമുദായത്തിന്റെ സഹായത്തിന് മുന്നിട്ടിറങ്ങി. പഞ്ചാബില്‍ നിന്നുള്ള മൗലാന ഖുസുറി കോഴിക്കോട്ട് ജെ.ഡി.ടി.. ഇസ്ലാം എന്ന സ്ഥാപനം ആരംഭിച്ചു. 1922 ലാണിത്. 1923 ല്‍ തിരൂരങ്ങാടിയില്‍ എം.കെ. ഹാജി ഒരു അനാഥാലയത്തിന് തുടക്കമിട്ടു. കോളറ പടര്‍ന്നുപിടിച്ച അവസരത്തില്‍ ഈ അനാഥാലയം അഗതികള്‍ക്കു ആശ്വാസമൊരുക്കി. തിരൂരങ്ങാടിയിലും എടവണ്ണയിലും ഓറിയന്റല്‍ സ്‌കൂളുകള്‍ തുടങ്ങാന്‍ മുസ്ലീം സ്ഥാപനങ്ങളെ സര്‍ക്കാര്‍ സഹായവും പ്രോത്സാഹനവും നല്‍കി.
കോഴിക്കോടിനടുത്ത് ഫെറോക്കില്‍ അബ്ദുസബാഹ് അഹമ്മദ് അലി മൗലവിയുടെ ഉല്‍സാഹത്തില്‍ 1948 ല്‍ ഫറൂക്ക് കോളേജ് സ്ഥാപിച്ചതോടെ സമുദായത്തിനിടയില്‍ ആധുനിക വിദ്യാഭ്യാസത്തിന് വലിയൊരു മുന്നേറ്റം സാധ്യമായി. അലിഗഢ് മുസ്ലീം സര്‍വ്വകലാശാലയുടെ ഒരു ചെറുപതിപ്പ് മലബാറില്‍ വേണമെന്ന വാശിയാണ് ഈ കോളേജിന്റെ സ്ഥാപനത്തില്‍ കലാശിച്ചത്. ഇവിടെ പഠിച്ചവര്‍ക്ക് അലിഗഢില്‍ ഉന്നത പഠനത്തിനുള്ള അവസരം ലഭിച്ചു. കാലക്രമേണ മലബാറിലും കേരളത്തിലാകെയും ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ തുറന്ന് പുതിയ കോളേജുകള്‍ സ്ഥാപിതമായി. 1964 ല്‍ പി.കെ. അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ മുസ്ലീം എഡ്യുക്കേഷണല്‍ സൊസൈറ്റി രൂപീകരിച്ചത് മറ്റൊരു കാല്‍വയ്‌പ്പായി. മണ്ണാര്‍ക്കാട്, മമ്പാട്, കൊടുങ്ങല്ലൂര്‍, പൊന്നാനി, മാറംപിള്ളി, നെടുംകണ്ടം, വളാഞ്ചേരി എന്നിവിടങ്ങളില്‍ എയ്‌ഡഡ് കോളേജുകളും ഒട്ടേറെ സ്‌കൂളുകളും എം.ഇ.എസ്. ആരംഭിച്ചു.
പിന്നീട് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് പ്രോത്സാഹനം നല്‍കാന്‍ തുടങ്ങി. ഉന്നത വിദ്യാഭ്യാസത്തിന്, പ്രത്യേകിച്ചും എഞ്ചിനിയറിംഗ് മെഡിക്കല്‍ വിഭാഗത്തില്‍, അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചുവന്ന വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ തന്നെ ഇവ ലഭ്യമായപ്പോള്‍ അവിടെ ചേര്‍ന്നുതുടങ്ങി. കുറ്റിപ്പുറത്ത് എഞ്ചിനിയറിങ്ങ് കോളേജും, പെരിന്തല്‍മണ്ണയില്‍ മെഡിക്കല്‍ കോളേജും സ്ഥാപിച്ച് എം.ഇ.എസ്. ഇതിന് നേതൃത്വം നല്‍കി. കേരളത്തിലാകെ എഞ്ചിനിയറിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ച് ഈ മേഖലയില്‍ മറ്റ് സമുദായങ്ങളെ മുസ്ലീം സമുദായം പിന്നിലാക്കി.