ചേരമാന്‍ പെരുമാള്‍ സംഭവം


രണ്ടു പെരുമാള്‍മാര്‍ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തിയതായി ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്‌.ഇത്തരം കാര്യങ്ങളിൽ വിവിധ  ചരിത്രകാരന്മാർ വ്യത്യസ്ഥ അഭിപ്രായമാണ് പ്രകടിപ്പിയ്ക്കുന്നത്.

മത പരിവർത്തനം നടത്തിയ രണ്ടുപേരിൽ ആദ്യത്തെ, ശങ്കരവര്‍മ്മ പെരുമാള്‍, ഒരു ബുദ്ധവിഹാരം മുസ്ലീങ്ങള്‍ക്കു കൈമാറി, അതാണ്‌ പിന്നീട്‌ ചേരമാന്‍ മസ്‌ജിദായതെന്നാണ് ഇവരുടെ അഭിപ്രായം.

ഒരു നൂറ്റാണ്ടിനു ശേഷം മറ്റൊരു പെരുമാള്‍ അറേബ്യയിലേക്കു പോയി.പക്ഷേ യാത്രയ്‌ക്കിടയില്‍ അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചു.അദ്ദേഹവും തന്റെ സഹായികളായ അനുചരരോട്‌ നാട്ടിലെ പല പ്രദേശങ്ങളില്‍ മുസ്ലീം പള്ളികള്‍ പണിയാന്‍ സൗകര്യമൊരുക്കുന്നതിന്‌ നിര്‍ദ്ദേശിച്ചു.ഏഴാം നൂറ്റാണ്ടില്‍ കേരളത്തിലെത്തിയ ആദ്യത്തെ പ്രമുഖ മുസ്ലീം മത പ്രചാരകനായ മാലിക്‌ദിനാര്‍ ഈ ആഗ്രഹം സഫലമാക്കാനാണ്‌ പ്രവര്‍ത്തിച്ചതെന്ന്‌ ഇവര്‍ വിശ്വസിക്കുന്നു.

പെരുമാളിന്റെ രാജ്ഞിയുമായി ബന്ധപ്പെട്ടു മറ്റൊരു കഥ പ്രചാരത്തിലുണ്ട്‌.മന്ത്രിയായ കൃഷ്‌ണന്‍ മുഞ്ഞാടിനോട്‌ തന്റെ കിടക്ക പങ്കിടാന്‍ രാജ്ഞി ആവശ്യപ്പെടുന്നു.എന്നാല്‍ മന്ത്രി ഇത്‌ വിസമ്മിതിക്കുന്നു, ഇതോടെ രോക്ഷം പൂണ്ട രാജ്ഞി മന്ത്രി തന്നെ വശീകരിക്കാന്‍ ശ്രമിച്ചതായി രാജാവിനോട്‌ പരാതിപ്പെടുന്നു.കുപിതനായ രാജാവ്‌ മന്ത്രിക്ക്‌ വധശിക്ഷ വിധിക്കുന്നു.എന്നാല്‍ വധശിക്ഷയില്‍ നിന്ന്‌ മന്ത്രി അദ്‌ഭുതകരമായി രക്ഷപ്പെടുന്നു, `പെണ്‍ചൊല്ലു കേട്ട പെരുമാളെ, മക്കത്തു പോയി തൊപ്പിയിടൂ` എന്ന്‌ പറഞ്ഞാണ്‌ അദ്ദേഹം രക്ഷപ്പെടുന്നത്‌.എന്നാല്‍ പെരുമാളിനു പിന്നീട്‌ തന്റെ തെറ്റ്‌ മനസ്സിലാവുന്നു, കുറ്റബോധം കൊണ്ട്‌ തലകുനിഞ്ഞ രാജാവ്‌ രാജ്യം ഉപേക്ഷിച്ച്‌ ഇസ്ലാം വിശ്വാസം കൈക്കൊള്ളുന്നു.പശ്ചാത്താപത്താല്‍ അദ്ദേഹം മക്കയിലേക്കു തീര്‍ത്ഥാടകനായി പോകുന്നു.

കോഴിക്കോട്‌ രാജവംശത്തിലെ ഒരു സാമൂതിരി പിന്നീടൊരിക്കല്‍ മതംമാറിയെന്നൊരു കഥയും പ്രചാരത്തിലുണ്ട്‌.മുസ്ലീമായി മാറി അബ്ദുറഹ്മാന്‍ എന്നു പേരു സ്വീകരിച്ച അദ്ദേഹം ഒമാനിലെ സലാലയില്‍ വച്ച്‌ മരിച്ചു.സലാലയില്‍ ഏതായാലും മലബാറില്‍ നിന്നൊരു രാജാവിന്റെത്‌ എന്ന്‌ കരുതപ്പെടുന്ന ഒരു കല്ലറ ഇന്നും കാണാം, ഇത്‌ ഈ രാജാവിന്റെ കബറാണ്‌ എന്ന്‌ അന്നാട്ടുകാര്‍ വിശ്വസിക്കുന്നു.

എന്തായാലും ചേരമാന്‍ പെരുമാളിന്റെ കഥ യാഥാര്‍ത്ഥ്യമായാലും, ഐതിഹ്യവും കെട്ടുകഥയും മാത്രമായാലും കേരളത്തിലെ മുസ്ലീം സമുദായത്തിന്‌ വളരെ പ്രിയപ്പെട്ടതും സാംസ്‌കാരികവും, മതപരവുമായ പ്രാധാന്യം ഉള്ളതുമാണ്‌.ചരിത്രപരമായി തന്നെ ഇസ്ലാമിനെ തുറന്ന മനസ്സോടെ സ്വീകരിച്ച ഈ പ്രദേശത്തിന്റെ ആര്‍ജ്ജവത്തെ വെളിവാക്കുന്നതാണ്‌ ഈ കഥകളെല്ലാം.വലിയ അക്രമങ്ങളില്ലാതെ ശാന്തമായുള്ള മതപരിവര്‍ത്തനവും, ഇതില്‍ വാണിജ്യബന്ധങ്ങളും നയതന്ത്ര സമീപനങ്ങളും നല്‍കിയ പിന്തുണയും വെളിവാക്കുന്നതാണ്‌ ഈ ആഖ്യാനങ്ങള്‍.ചേരമാന്‍ പെരുമാളിനെ ചൊല്ലിയുള്ള ഈ ഐതിഹ്യം കേരളത്തിന്റെ സമ്പന്നവും, ബഹുമുഖവുമായ പൈതൃകത്തിന്റെ ഉജ്വലമായ നിദര്‍ശനം തന്നെ എന്നു പറയാം.

ഈ വിശ്വാസം കേരളത്തിലെ മതസൗഹാർദ്ദത്തിന്റെ വലിയൊരു അടയാളമാണ്.ഒരു ഹൈന്ദവ രാജാവ് പള്ളി പണിയാൻ അനുമതി നൽകിയതും, ആ പള്ളി ഇന്നും ഒരു ഹൈന്ദവ ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ ശൈലിയിൽ നിലനിൽക്കുന്നതും കേരളത്തിന്റെ സവിശേഷതയാണ്.

ചരിത്രകാരന്മാർക്കിടയിൽ ഈ സംഭവത്തിന്റെ കാലഗണനയെക്കുറിച്ച് തർക്കങ്ങളുണ്ടെങ്കിലും, ജനമനസ്സുകളിൽ ഈ ഐതിഹ്യം അടിയുറച്ചു നിൽക്കുന്നു..

ചേരമാൻ പള്ളിയിലെ ചില പുരാതന ശിലാശാസനങ്ങളിൽ പള്ളിയുടെ നിർമ്മാണത്തെക്കുറിച്ചും അത് സ്ഥാപിക്കാൻ സഹായിച്ച പ്രാദേശിക ഭരണാധികാരികളെക്കുറിച്ചും പരാമർശങ്ങളുണ്ട്.കൂടാതെ, ശൈഖ് സൈനുദ്ദീൻ മഖ്ദൂമിന്റെ 'തുഹ്ഫത്തുൽ മുജാഹിദീൻ' എന്ന വിശ്വപ്രസിദ്ധമായ ചരിത്രഗ്രന്ഥത്തിൽ പെരുമാളിന്റെ മതംമാറ്റത്തെയും മക്കയിലേക്കുള്ള യാത്രയെയും കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

 സാമൂതിരി രാജാക്കന്മാരുടെ സ്ഥാനാരോഹണ ചടങ്ങുകളിൽ ഇന്നും പെരുമാളിന്റെ ഈ ഐതിഹ്യം പ്രതിഫലിക്കുന്നുണ്ട്."മക്കത്തുപോയ അമ്മാവൻ വരുന്നത് വരെ രാജ്യം ഭരിച്ചുകൊള്ളാം" എന്നൊരു പ്രസ്താവന പഴയകാലത്തെ ചടങ്ങുകളുടെ ഭാഗമായിരുന്നു എന്ന് പറയപ്പെടുന്നു.

 പെരുമാളിന്റെ നിർദ്ദേശപ്രകാരം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 10 പള്ളികൾ നിർമ്മിക്കപ്പെട്ടുവെന്നാണ് ഐതിഹ്യം.കൊടുങ്ങല്ലൂർ കൂടാതെ കൊല്ലം, ചാലിയം, താനൂർ, പന്തലായനി (കൊയിലാണ്ടി), ധർമ്മടം, മാടായി, കാസർഗോഡ് (മാലിക് ദീനാർ പള്ളി), ശ്രീകണ്ഠപുരം എന്നിവടങ്ങളിലാണ് ഈ പള്ളികൾ സ്ഥാപിക്കപ്പെട്ടത്.

കേരളത്തിലെ മുസ്ലീങ്ങള്‍ - ചരിത്രം

ചിത്രങ്ങള്‍

ചിത്രങ്ങള്‍

വീഡിയോകള്‍

വീഡിയോകള്‍